·
വിചിത്രവും പ്രതിഷേധാര്‍ഹവുമായ
സംഭവങ്ങളാണ് കേരള വര്‍മ്മ കോളജില്‍ ഉണ്ടായിരിക്കുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിന്‍റെ
കീഴിലുളള ഈ കോളജ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും
പുരോഗമനപരമായ പാരമ്പര്യത്തിനും സ്വതന്ത്ര കലാലയാന്തരീക്ഷത്തിനും
പ്രസിദ്ധമായിരുന്നു. കുട്ടികളുടെയും മറ്റും വിശ്രമസങ്കേതമായിരുന്ന ആല്‍ത്തറയില്‍
അടുത്തകാലത്തായി ആദ്യം പ്രതിഷ്ഠയും പിന്നെ വളച്ചുകെട്ടി പൂജയുമെല്ലാം ആരംഭിച്ചു.
ഇതിന്‍റെ പേരില്‍ ഇപ്പോള്‍ മാംസാഹാരവും കോളജില്‍ നിഷിദ്ധമാക്കിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ
ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ നാട്ടുകാര്‍
തല്ലിക്കൊന്ന സംഭവവും തുടർന്ന് സംഘപരിവാർ പ്രമുഖർ പരസ്യമായി നടത്തിയ കൊലവിളിയും
രാജ്യമാസകലം ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷണത്തിന്‍റെ പേരിൽ വലിയ വർഗീയ കലാപങ്ങള്‍ക്കാണ്
അവര്‍ കോപ്പുകൂട്ടുന്നത്.
ഈ
പശ്ചാത്തലത്തിൽ തങ്ങള്‍ക്കിഷ്ടമുളള ഭക്ഷണം കഴിക്കാനുളള അവകാശത്തിനു വേണ്ടിയുളള
നിലപാട് ഒരു രാഷ്ട്രീയ നിലപാടായി മാറുന്നുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് കേരള വർമ്മ
കോളജിൽ എസ്എഫ്ഐ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എസ്എഫ്ഐ നേതാക്കളെ സസ്പെൻഡു
ചെയ്തുകൊണ്ടാണ് കോളജ് മാനേജ്മെൻറ് ആദ്യം സംഘപരിവാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഈ നടപടിയിലെ
അന്യായങ്ങള്‍ കോളജിലെ മലയാള അധ്യാപികയായ ദീപാ നിശാന്ത് ചൂണ്ടിക്കാണിച്ചു.
മാനേജ്മെൻറ് നടപടി ഉയർത്തുന്ന സാംസ്ക്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ അവർ
ഫേസ് ബുക്കിൽ തുറന്നെഴുതി. അതിന്‍റെ പേരിൽ ഈ അധ്യാപികയ്ക്കെതിരെ കാരണം കാണിക്കല്‍
നോട്ടീസ് നൽകിയിരിക്കുകയാണ് മാനേജ്മെന്‍റ്.
"കലാ ക്ഷേത്രത്തില്‍
ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുതെന്ന്
നാളെ പറഞ്ഞേക്കാം. അഹിന്ദുക്കള്‍ പുറത്ത് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടേക്കാം.
ഭൂതകാല ജീര്‍ണ്ണതകളെ വരും തലമുറകള്‍ അതേപടി ചുമക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
വലിച്ചെറിയേണ്ടവയെ വലിച്ചെറിയുക തന്നെ വേണം" എന്നാണ് ദീപാ നിശാന്ത് ഫേസ്
ബുക്കിലെഴുതിയത്. ഈ ധീരമായ അഭിപ്രായത്തിന്‍റെ പേരിൽ വാളെടുക്കുന്ന കോളജ്
മാനേജ്മെൻറും അധികാരികളും കോളജ് കാമ്പസിൻറെ സംഘപരിവാറിന്‍റെ രാഷ്ട്രീയശാഠ്യങ്ങള്‍ക്ക്
അടിയറവെയ്ക്കുകയാണ്.
കേരള വര്‍മ്മ
കോളജ് സംഭവത്തോടെ അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പ്രശ്നമായിക്കൂടി
വളർന്നിരിക്കുകയാണ്. തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അധ്യാപകർ
പ്രകടിപ്പിക്കാൻ പാടില്ല എന്ന മാനേജ്മെന്‍റിന്‍റെ ശാഠ്യം അംഗീകരിക്കാനാവില്ല.
സ്വകാര്യ കോളജ് മാനേജ്മെന്‍റുകളുടെ ഇത്തരത്തിലുളള സ്വേച്ഛാപരമായ നടപടികള്‍ക്ക്
പുരോഗമന അധ്യാപക പ്രസ്ഥാനവും വിദ്യാര്‍ത്ഥി പ്രസ്ഥാനവും ദശാബ്ദങ്ങള്‍ക്കു മുന്പ്
കടിഞ്ഞാണിട്ടതാണ്. ഓട്ടോണമസ് കോളജുകളുടെയും മറ്റും ആവിര്‍ഭാവത്തിന്‍റെ
പശ്ചാത്തലത്തില്‍ അത്യന്തം അപകടകരമായ ഒരു മാതൃകയാണ് കൊച്ചി ദേവസ്വം ബോര്‍ഡ്
പ്രസിഡന്‍റ് ഭാസ്കരന്‍ നായര്‍ സൃഷ്ടിച്ചിരിക്കുന്നത്.
എന്താണ്
പ്രശ്നത്തിൽ യുഡിഎഫിന്‍റെ നിലപാട്? കോണ്‍ഗ്രസ് നേതാവും
യുഡിഎഫ് നോമിനികളുമാണല്ലോ കൊച്ചി ദേവസ്വം ബോര്‍ഡു ഭരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരും
നിലപാട് വ്യക്തമാക്കണം. രാജ്യവ്യാപകമായി മാട്ടിറച്ചി നിരോധം ബിജെപി കൊണ്ടുവന്നാല്‍
ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന ദിഗ്വിജയ് സിംഗിന്‍റെ നിലപാടാണോ ഉമ്മന്‍ചാണ്ടിയ്ക്കും?
ഈ വർഗീയ
സ്വേച്ഛാധിപത്യപരമായ നിലപാടിനെ ചെറുക്കാൻ ദീപ എന്ന അധ്യാപികയും കേരള വർമ്മ കോളജിലെ
എസ്എഫ്ഐ പ്രവർത്തകരും സ്വീകരിച്ചിരിക്കുന്ന ഉറച്ച നിലപാടിനെ ഏവരും
പിന്തുണയ്ക്കേണ്ടതാണ്. കൊച്ചി ദേവസ്വം ബോർഡിൻറെയും കോളജ് മാനേജ്മെൻറിൻറെയും
നടപടികള് പിൻവലിക്കുകതന്നെ വേണം.
No comments:
Post a Comment