" ശ്രീ
കൃഷ്ണൻ ആർ എസ് എസ് കാരനാണോ ? " സിപിഎം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. തീർത്തും ന്യായമായ ചോദ്യം. പക്ഷേ ഈ
ചോദ്യം കേട്ടാൽ ഏതൊരു സാധാരണക്കാരന്റെയും മനസിൽ ഉയരുന്ന ചോദ്യം " ശ്രീ കൃഷ്ണൻ
സി പി എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറാണോ " എന്നായിരിക്കും.
സി പി എം ചരിത്രത്തിൽ ആദ്യമായി ഇത്തവണ ശ്രീ
കൃഷ്ണ ജയന്തി ആഘോഷിച്ചു. കണ്ണൂരിൽ മാത്രമായിരുന്നു പ്രധാന ആഘോഷം. മറ്റ് വടക്കൻ
ജില്ലകളിൽ ചിലയിടങ്ങളിൽ പേരിന് ചില ആഘോഷങ്ങൾ നടന്നു. ഈ നടപടിക്കെതിരെ സമൂഹ
മാധ്യമങ്ങളിൽ ശക്തമായ വിമർശനം ഉയർന്നതിനെ തുടർന്ന് പിണറായി വിജയൻ " ബാലസംഘം
ഘോഷയാത്രകൾ ശ്രീ കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടതല്ല " എന്നും, " ഓണാഘോഷത്തോടനണ്ഡിച്ച്
ബാലസംഘം നടത്തുന്ന ഘോഷയാത്രക്ക് മറ്റ് നിറം നൽകേണ്ടതില്ല '' എന്നും
ഉള്ള പ്രസ്താവനുമായി രംഗത്ത് വരികയുണ്ടായി. പക്ഷേ സി പി എം ഘോഷയാത്രകളിൽ നിരന്ന
കുട്ടി ശ്രീകൃഷ്ണൻ മാരുടെ ഫോട്ടോകൾ മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയും, സി പി എം നേതാവ് ശ്രീരാമകൃഷ്ണൻ മതേതര ശ്രീകൃഷ്ണ ജയന്തി ഉദ്ഘാടനം
ചെയ്യുകയും ചെയ്തതോടെ പിണറായിയുടെ പ്രസ്താവന പൊള്ളയാണെന്ന് തെളിയുകയായിരുന്നു .
സമൂഹമാധ്യമങ്ങളിൽ നിറയെ സി പി എമ്മിന്റെ
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളും കടുത്ത പരിഹാസങ്ങളുമായിരുന്നു.
" മതേതര ശ്രീകൃഷ്ണ ജയന്തി അഥവാ വെജിറ്റബിൾ ചിക്കൻ ബിരിയാണി, അല്ലെങ്കിൽ നോൺ ആൽക്കഹോളിക്
ബ്രാണ്ടി - എനിക്കൊന്നും മനസിലായില്ല. പാർടി ക്ലാസിൽ പോയ ആരെയെങ്കിലും
കിട്ടിയിരുന്നെങ്കിൽ ചോദിക്കാമായിരുന്നു'' ഒരു രസികന്റെ
വിമർശനം ഇങ്ങനെയായിരുന്നു. " ഇങ്കുലാബ് സിന്ദാബാദ്, ശ്രീകൃഷ്ണൻ
സിന്ദാബാദ്, പണ്ട് പണ്ടൊരു രാജ്യത്ത്, കംസൻ
എന്നൊരു ബൂർഷ്വാസിയെ, ഇടിച്ചു കൊന്നൊരു നേതാവേ, സഖാവ് കൃഷ്ണാ നേതാവേ, ധീരതയോടെ നയിച്ചോളൂ"
എന്ന് കുറിച്ചു മറ്റൊരു രസികൻ.
സി പി എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി എന്തു
കൊണ്ടാണ് അവർ ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ചത്? ഓണാഘോഷത്തോടനുബന്ധിച്ച്
ബാലസംഘം നടത്തിയ ഘോഷയാത്രയായിരുന്നു എന്ന വാദം നിലനിൽക്കുന്നതല്ല. കഴിഞ്ഞ മാസം
അവസാനമായിരുന്നു ഓണം. ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഘോഷയാത്ര എന്ന വാദം ബാലിശമാണ്.
തങ്ങളോടൊപ്പം നിൽക്കുന്ന മത വിശ്വാസികളെ , അവരുടെ മതപരമായ
ആചാരങ്ങൾ അനുഷ്ഠിക്കാൻ അവസരം നൽകി തങ്ങളിൽ തന്നെ ഉറപ്പിച്ച് നിർത്തുക
എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം എന്ന് വ്യക്തം.
പക്ഷേ എന്ത് കൊണ്ട് സി പി എം ഇപ്പോൾ
ഇത്തരമൊരു നടപടിക്കൊരുങ്ങി എന്ന് നാം ചിന്തിക്കണം. എല്ലക്കാലത്തും സിപിഎമ്മിൽ
അടിയുറച്ച് വിശ്വസിച്ചിരുന്നവരിൽ ഏറിയ പങ്കും, അഭ്യുദയകാംഷികളിൽ ബഹുഭൂരിപക്ഷവും വിവിധ
മതങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു. അന്നൊന്നും സിപിഎം ശ്രീകൃഷ്ണ ജയന്തി
ആഘോഷിച്ചിരുന്നില്ല. 1987ലും, 1996 ലും,
2006ലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം
അധികാരത്തിലെത്തിയത് തങ്ങളോടൊപ്പമുള്ള മത വിശ്വാസികളെ തൃപ്തിപ്പെടുത്തി അവരുടെ
ആചാരാനുഷ്ഠാനങ്ങൾ നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നില്ല. മറിച്ച്,
വിവിധ വിഭാഗം ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളേറ്റെടുത്ത് അവർക്ക് വേണ്ടി
സന്ധിയില്ലാ സമരം ചെയുന്ന, മതേതര മൂല്യങ്ങൾക്ക് വേണ്ടി
ആർജ്ജവത്തോടെ നിലകൊള്ളുന്ന, അതിശക്തമായ അഴിമതി വിരുദ്ധ
നിലപാടുകളുള്ള ഒരു വിപ്ളവ പാർട്ടിയുടെ നേത്രുതത്തിലുള്ള ഇടതുപക്ഷ മായിരുന്നു
കേരളത്തിലുണ്ടായിരുന്നത് എന്നത് കൊണ്ടായിരുന്നു.
ഇന്നത്തെ സി പി എമ്മിന്റെ അവസ്ഥയെന്താണ്? സമര സംഘടനയെന്ന ലേബൽ പോലും
ഇന്ന് സി പി എമ്മിന് നഷ്ടമായിരിക്കുന്നു. ഏറ്റെടുക്കുന്ന സമരങ്ങളെല്ലാം നിരന്തരം
തോൽക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നിരന്തരം പരാജയപ്പെടുന്നു. സി പി എമ്മിന്റെ മതേതര
നിലപാടുകൾ തീർത്തും കപSമാണെന്ന് ജനങ്ങൾ
തിരിച്ചറിഞ്ഞിരിക്കുന്നു. അഴിമതി സി പി എമ്മിനെ അർബുദം പോലെ അടിമുടി ബാധിച്ചതും
ജനം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആഴത്തിലുള്ള വിഭാഗീയത എല്ലാ സീമകളും ലംഘിച്ച്
സിപിഎമ്മിനെ ഏതാണ്ട് വിഭജിച്ച് കഴിഞ്ഞ അവസ്ഥയും സംജാതമായിരിക്കുന്നു. അതായത് സി പി
എം അടിമുടി ജീർണ്ണിച്ചിരിക്കുന്നു എന്നർത്ഥം. സി പി എമ്മിന്റെ വിപ്ളവ - മതേതര
പുറംമോടികളെല്ലാം അടർന്നു വീണ് കഴിഞ്ഞിരിക്കുന്നു.
സിപിഎമ്മിന്റെ ഈ ജീർണ്ണതയാണ് ബി ജെ പി
വളമാക്കുന്നത് എന്ന് അവർ തിരിച്ചറിയുന്നില്ല. അരുവിക്കരയിലുണ്ടായതും ഇത്
തന്നെയാണ്. സി പി എമ്മിന്റെ ജീർണ്ണതയും വിഭാഗീയതയുമാണ് ബി ജെ പി അരുവിക്കരയിൽ
മുതലെടുത്തത്,
അല്ലാതെ കടുത്ത ഹിന്ദുത്വ നിലപാടെടുത്തിട്ടായിരുന്നില്ല. സി പി
എമ്മിന്റെ കടുത്ത ജീർണ്ണതയോടുള്ള പക തീർക്കാനുള്ള സി പി എം അണികളുടെ നീക്കമാണ് ബി
ജെ പിയുടെ വോട്ടുകൾ കുത്തനെ വർദ്ധിക്കാനുള്ള കാരണം.
ഇതൊന്നും കാണാതെയോ, ഇതൊക്കെ മറച്ചു വച്ചു കൊണ്ടോ
സി പി എം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെയും മറ്റും പച്ചയായ മത പ്രീണനം
നടത്തുകയാണ് ചെയ്യുന്നത്. ജനങ്ങൾ ഇതൊന്നുമല്ല സിപിഎമ്മിൽ നിന്ന്
പ്രതീക്ഷിക്കുന്നത്. കർണ്ണാടകത്തിൽ യുക്തിവാദി നേതാവായിക്കുന്നകൽ ബുർഗിയുടെ
കൊലക്കെതിരെ ശബ്ദമുയർത്തുന്ന സി പി എമ്മാണ് കേരളത്തിൽ ശ്രീ കൃഷ്ണ ജയന്തി
ആഘോഷിക്കുന്നത്!
സി പി എമ്മിന്റെ ഇത്തരം
തലതിരിഞ്ഞ നീക്കങ്ങൾ ബി ജെ പി ക്ക് വളമാവുകയേ ഉള്ളു എന്ന് തിരിച്ചറിയാൻ ആ
പാർടിയുടെ നേതാക്കൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ബിജെപിയിലേക്കുള്ള ഇടതുപക്ഷ
അണികളുടെ ഒഴുക്ക് തടയാനാണ് സി പി എം ഇത്തരം നാടകങ്ങളൊക്കെ നടത്തുന്നത്. പക്ഷേ ഈ
നാടകങ്ങൾ ബി ജെ പിയിലേക്കുള്ള സി പി എം അണികളുടെ ഒഴുക്ക് വർദ്ധിക്കാൻ മാത്രമേ
സഹായിക്കൂ എന്ന് സി പി എം വൈകാതെ തിരിച്ചറിയുക തന്നെ ചെയ്യും.
No comments:
Post a Comment