Tuesday, October 13, 2015

ഡിജിറ്റല്‍ ഇന്ത്യ

ഭാരതം ഡിജിറ്റല്‍ ഇന്ത്യയാക്കിയാല്‍ ഗ്രാമീണന്റെ വിശപ്പുമാറാന്‍ ഫേസ് ബുക്ക് മതിയോ എന്നു ചോദിക്കുന്നവരെക്കുറിച്ച് മൂക്കത്ത് വിരല്‍വെച്ച്, പണ്ട് രാമായണ കഥാപാത്രം വിഭീഷണന്‍ പറഞ്ഞതു പറയേണ്ടിവരും-  " എന്തറിഞ്ഞു വിഭോ!എന്ന്. മുമ്പ് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ, പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ ബോംബു പൊട്ടിച്ചാല്‍ വിശപ്പു മാറുമോഎന്നു ചോദിച്ചവര്‍തന്നെയാണ് ഇപ്പോഴും വിഭീഷണ വിശേഷണംചോദിച്ചു വാങ്ങുന്നവര്‍. പൊഖ്‌റാന്‍ പരീക്ഷണം ഭാരതത്തെ എത്രത്തോളം ലോകാംഗീകാരത്തിനു കാരണമാക്കിയോ അതിനൊപ്പമാണ് ഡിജിറ്റല്‍ ഇന്ത്യയെന്ന നരേന്ദ്ര മോദി പദ്ധതി. ചിലര്‍ സമ്മതിക്കാന്‍ തയ്യാറല്ലെന്നു മാത്രം. ശരിയാണ് മോദി സ്വയം പറയുന്നതുപോലെ, ഇതു മോദിയുടെ സ്വന്തം പദ്ധതിയൊന്നുമല്ല, മോദിയുടെ മാത്രം പദ്ധതിയുമല്ല. ഭാരതത്തില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കം കുറിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കൂട്ടാളിയായ ടെക്‌നോക്രാറ്റ് സാം പിട്രോദയുടെയും വിശാല ലക്ഷ്യം ഇതായിരുന്നു. പക്ഷേ, രാഹുലിന്റെ കാലമായിട്ടും മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ആ പദ്ധതി ഫലവത്തായില്ല! എന്നാല്‍ അത് പരിഷ്‌കരിച്ച് കോട്ടം തീര്‍ത്ത് പുനരവതരിപ്പിച്ച് പ്രഖ്യാപനം നടത്തി മൂന്നു മാസംകൊണ്ട് ലോകാംഗീകാരം നേടിയെടുക്കാനായതാണ് മോദിയുടെ നേട്ടം. തുടക്കത്തിലെ ചോദ്യം വീണ്ടും വരുന്നു, ഡിജിറ്റല്‍ ഇന്ത്യയിലെ ഫേസ്ബുക്ക് പട്ടിണി മാറ്റുമോ. ഉത്തരം ലളിതമായി പറഞ്ഞാല്‍ ഇതാണ്, ഡിജിറ്റല്‍ ഇന്ത്യ ട്വിറ്ററും ഫേസ്ബുക്കുമല്ല. അതിനപ്പുറമാണ്. എങ്ങനെയെന്നാവും? ഭാരതത്തിന്റെ മുഖച്ഛായ മാത്രമല്ല, ഭാവിയും മാറ്റുന്നതാണ് ഈ പദ്ധതി. തൊഴിലവസരം, അടിസ്ഥാന സൗകര്യ വികസനം, ആസൂത്രണം, നിര്‍വഹണം തുടങ്ങി വിവിധ മേഖലയുടെ ഏകോപനമാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. അത് ഒരു കമ്പനിയുടെ പ്രവര്‍ത്തനമോ, ഏതെങ്കിലും ഒരു പദ്ധതിയുടെ നടപ്പാക്കലോ, സോഷ്യല്‍ മീഡിയയുടെ പ്രചാരണപ്രവര്‍ത്തനമോ മാത്രമല്ല. ഒരു വമ്പന്‍ പാക്കേജ്. പുതിയ കാലത്തിന്റെ രീതിയില്‍ സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും തമ്മില്‍ സംഘര്‍ഷിച്ചു നില്‍ക്കുകയല്ല, മറിച്ച് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുകയും സ്വകാര്യമേഖലയുടെ സഹായത്തോടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് വേണ്ടത്. അതാണ് മോദി ചെയ്യുന്നത്. കൈവിട്ടു കളിക്കുകയല്ല, കൈയില്‍ ചരടുപിടിച്ച് നിയന്ത്രിച്ചും നിര്‍ദ്ദേശിച്ചും രാജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഡിജിറ്റല്‍ ഇന്ത്യ തൊഴിലവസരമുണ്ടാക്കുന്നു. യുവാക്കളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ, നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ലാതെ സ്ഥലവും കാലവും തടസങ്ങളാകാതെയുള്ള വളര്‍ച്ചയും വികസനവും ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെ വ്യാപിപ്പിക്കുകയാണ് ഈ പദ്ധതി. ഇന്ന് ഗ്രാമീണര്‍ തൊഴിലവസരങ്ങള്‍ തേടി നഗരങ്ങളിലേക്കു വരേണ്ടിവരുന്നു, അങ്ങനെ നഗരങ്ങളില്‍ പുതിയ പുതിയ ചേരികള്‍ ഉണ്ടാകുന്നു, ഗ്രാമങ്ങള്‍ വികസനം ഇല്ലാതെ പിന്തള്ളപ്പെടുന്നു, ഇങ്ങനെ ഗ്രാമ നഗര വിഭജനം വ്യാപകമാകുന്നു. ഇതൊഴിവാക്കാന്‍ എന്തുകൊണ്ട് ഗ്രാമങ്ങളില്‍ തൊഴിലവസരം ഉണ്ടാക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൂടാ. അതിന്റെ പ്രയോഗമാണ് ഡിജിറ്റല്‍ ഇന്ത്യ. ഗ്രാമീണ ജനത അവരുടെ ചുറ്റുവട്ടത്ത് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനു വിപണി ഒരുപക്ഷേ വിദേശത്താകാം. അതിലൂടെ അവനും ഗ്രാമത്തിനും നേട്ടമുണ്ടാകുന്നു. ഇതിന് മറ്റ് വ്യവസായ-ഉല്‍പ്പാദന മേഖലയ്ക്ക് ആവശ്യമുള്ള മികച്ച റോഡ്, വൈദ്യുതി, വെള്ളം, വെളിച്ചം എന്നിവ പോലെ മികച്ച ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വേണം. അതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ അടിസ്ഥാനാശയം. ആ സര്‍ക്കാര്‍ ഏകോപിത സൗകര്യത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ രംഗത്തെ വമ്പന്മാര്‍ സഹകരണവുമായി വരുന്നു. അതിനെ പക്ഷേ, കാര്യമറിയാത്തവര്‍ കാമ്പില്ലാത്ത വിമര്‍ശനംകൊണ്ട് തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; വിജയിക്കില്ലെന്നറിഞ്ഞും. ഐടി രംഗത്തെ വിശകലന വിദഗ്ദ്ധനായ വി. കെ. ആദര്‍ശ് ചോദ്യത്തിനു മറുപടിയായി പറയുന്നു, തമിഴ്‌നാട് ബിജെപിയും കോണ്‍ഗ്രസും പോലുള്ള വലിയ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്നിടമല്ല. പക്ഷേ അവിടെ ഗ്രാമീണ മേഖലയില്‍ ബിപിഒ എന്ന പദ്ധതി എത്രകാലമായി വിജയകരമായി നടപ്പിലുണ്ട്. അതൊരു പാഠമാണ്. ഗ്രാമവും നഗരവും തമ്മിലുള്ള തൊഴില്‍ വിടവ്-വികസന അന്തരം ഇല്ലാതാകുകയാണ് ഇത്തരം പദ്ധതിവഴി. ഡിജിറ്റല്‍ ഇന്ത്യക്കെതിരേയുള്ള വിമര്‍ശനം കാര്യം ശരിക്കറിയാതെ അടിസ്ഥാനമില്ലാതെ നടത്തുന്നതാണെന്നാണ് എന്റെ പക്ഷം. 
*******
കര്‍ഷകര്‍ക്ക് പട്ടിണി മാറുമോ?
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ചോദ്യം ശരിയാണ്, പക്ഷേ ചോദ്യത്തിലെ കാഴ്ചപ്പാട് ശരിയല്ല എന്നാണു മറുപടി പറയേണ്ടത്. ഡിജിറ്റല്‍ ഇന്ത്യ വ്യാപകമായാല്‍ പാടത്തിരിക്കുന്ന കര്‍ഷകര്‍ കമ്പ്യൂട്ടര്‍ മൗസ് പിടിക്കാനൊന്നും പോകുന്നില്ല. പക്ഷേ, കാര്‍ഷിക രംഗത്തെ ആഗോളവിവരങ്ങള്‍ മുതല്‍ വിപണിയിലെ ഉല്‍പ്പന്ന വില വരെ ലഭിക്കുന്ന വിജ്ഞാന വിപ്ലവത്തിന് അതു വഴിതെളിക്കും. ആരോഗ്യ രംഗത്ത്, ചികിത്സാ രംഗത്ത് ഈ വിപ്ലവം ഉണ്ടാക്കുന്ന മാറ്റം തൊഴില്‍- സാമ്പത്തിക മേഖലയ്ക്ക് വലിയ ഉത്തേജനമാകും. ഏതെങ്കിലും വ്യവസായം നേരിട്ട് പട്ടിണി മാറ്റുന്നുണ്ടോ? 
*********
കേരളത്തിലെ കാര്യമോ? 
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കേരളത്തില്‍ ഇടുക്കി ജില്ലയിലാണ് ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നടന്നത് എന്നതുതന്നെ കേരളത്തിന്റെ പ്രാധാന്യം ഈ രംഗത്ത് വ്യക്തമാക്കുന്നു. കേരളം ഏറെ തീരപ്രദേശമുള്ള സംസ്ഥാനമാണ്. മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് എവിടെ കൂടുതല്‍ മീന്‍ ഉണ്ടാകാമെന്ന് മുന്നറിയിപ്പു കിട്ടിയാല്‍, കടലിന്റെ കാലാവസ്ഥ എന്താണെന്ന് നേരത്തേ അറിയാന്‍ കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമാണോ. ഐഎസ്ആര്‍ഒ പത്തുവര്‍ഷമായി ഇത് ചെയ്യുന്നുണ്ട്. പക്ഷേ, അത് രാജ്യത്തെ എല്ലാവര്‍ക്കും മൊബൈല്‍ സ്‌ക്രീനില്‍ ഈ വിവരം കിട്ടിയാല്‍? അതാണ് ഡിജിറ്റല്‍ ഇന്ത്യാ വിപ്ലവം നല്‍കുന്ന പതിനായിരക്കണക്കിനു സേവനങ്ങളില്‍ ഒന്ന്. ആദര്‍ശ് സംശയം തീര്‍ക്കാന്‍ വീണ്ടും പറയുന്നു, “ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി സര്‍ക്കാര്‍ മാത്രമായി നടപ്പാക്കുന്ന ഒരു സംരംഭമല്ല. സര്‍ക്കാര്‍ വിവിധ പദ്ധതികളെ ഒരു ചരടില്‍ കോര്‍ക്കുന്നുവെന്നു മാത്രം. വിവരവാഹിനിക്കുഴലാണത്. അതിന്റെ നേട്ടം ഓരോ വ്യക്തികള്‍ക്കുമുണ്ടാകും. ഗ്രാമങ്ങള്‍ക്ക്, അതുവഴി രാജ്യത്തിനാകെ. അവിടെ സ്വകാര്യ മേഖലയുടെ സഹകരണമാണുള്ളത്. സര്‍ക്കാര്‍ ലഭ്യത ഉറപ്പാക്കുകയും നീതിപൂര്‍വമാണോ എന്നു നിരീക്ഷിച്ച്, വേണ്ടിവന്നാല്‍ നിയന്ത്രിക്കുകയും ചെയ്യണമെന്നേ ഉള്ളു. കേവലം ഫേസ്ബുക്കും ട്വിറ്ററും മാത്രമല്ല, ഡിജിറ്റല്‍ ഇന്ത്യ.അതാണ് ആദ്യമായും അവസാനമായും അറിയേണ്ടത്.

No comments: