Saturday, October 10, 2015

വേദം എന്നെ ഞാനാക്കിയ ആത്മവിശ്വാസം




വേദം എന്നെ ഞാനാക്കിയ ആത്മവിശ്വാസം
ഹരിദാസന്‍. പി
വേദത്തെപ്പറ്റിയും യജ്ഞത്തെപ്പറ്റിയുമൊക്കെ അറിയണമെന്ന് വളരെ മുമ്പ് തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ക്കു തന്നെ ആധ്യാത്മികതയിലും വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കുക, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ കേള്‍ക്കുക, കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കുക, വൃതങ്ങള്‍ നോല്‍ക്കുക ഇതൊക്കെ എനിക്ക് താല്പര്യമുള്ള വിഷയങ്ങളായിരുന്നു. എന്നാല്‍ ഭാരതീയ സംസ്‌കാരത്തെപ്പറ്റിയും ആചരണങ്ങളെപ്പറ്റിയുമൊക്കെ ഒരുപാട് സംശയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടി ഗുരുനാഥനെ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അറിവും ജ്ഞാനവും ഉണ്ടാകണമെന്ന് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഇതിന്റെ ഫലമായിരിക്കാം അറിവാകുന്ന വേദം എന്നില്‍ പ്രകാശിപ്പിക്കുന്നതിന് ഗുരുനാഥന്റെ അടുത്ത് ഞാന്‍ എത്തിയത്.

2006-ലെ കര്‍ക്കിടക മാസത്തില്‍ പേരാമ്പ്ര എളമാരന്‍ കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് രാമായണ പാരായണം ശ്രവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സുഹൃത്ത് എന്റെ കയ്യില്‍ ഒരു നോട്ടീസ് തന്നു. പേരാമ്പ്രയില്‍ വേദപഠനക്ലാസ് ആരംഭിക്കുന്നു എന്നറിയിക്കുന്ന നോട്ടീസ് ആയിരുന്നു അത് ആ നോട്ടീസ് എന്നെ വളരെ ആകര്‍ഷിച്ചു. കാരണം വേദം പഠിപ്പിക്കുന്ന ആചാര്യന്റെ ഫോട്ടോ അതിലുണ്ടായിരുന്നു. പേര് ഡോ: എം. ആര്‍. രാജേഷ്. ടീഷര്‍ട്ട് ധരിച്ച് ഒരു യുവാവ്. സാധാരണ ഇത്തരം ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നവര്‍ കാഷായ വസ്ത്രം ധരിച്ചവരും രുദ്രാക്ഷ മാല ധരിച്ചവരുമൊക്കെയായിരിക്കും. എന്നാല്‍ ആചാര്യനെ സാധാരണ വേഷത്തിലാണ് ആ ഫോട്ടോയില്‍ കണ്ടത്.

പേരാമ്പ്രയില്‍ ക്ലാസ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ ആചാര്യന്റെ പ്രഭാഷണം കേട്ടു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രഭാഷണ ശൈലി ആയിരുന്നു. ഓരോ വക്കുകളിലും ജ്ഞാനം അടക്കിവെച്ചിട്ടുള്ളതുപോലെ എനിക്ക് തോന്നി. ഞാന്‍ ക്ലാസില്‍ ചേരുകയും പഠനം ആരംഭിക്കുകയും ചെയ്തു. സന്ധ്യാവന്ധനവും അഗ്നിഹോത്രവും പേരാമ്പ്ര ക്ലാസില്‍ വെച്ച് പഠിച്ചു. പിന്നീട് ബാലുശ്ശേിയിലും കോഴിക്കോടുമുള്ള പാഠശാലയില്‍ നിന്ന് പഠനം തുടര്‍ന്നു. ബാലുശ്ശേരിയില്‍ പഠിക്കുമ്പോള്‍ ആചാര്യനെ കണ്ട് നമസ്‌കരിക്കുന്നതിന് വേണ്ടി ആചാര്യന്റെ വീട്ടില്‍ ഒരു ദിവസം പോയി. ഗുരുനാഥനോട് എങ്ങനെ പെരുമാറണമെന്നോ എന്ത് സംസാരിക്കണമെന്നോ എന്ന് എനിക്കറിയില്ലായിരുന്നു. മാത്രമല്ല സന്ധ്യാവന്ദനം പഠിച്ചെങ്കിലും കൃത്യമായി ചെയ്യാറുണ്ടായിരുന്നില്ല. എന്നെക്കണ്ടപ്പോള്‍ തന്നെ ആചാര്യന് കാര്യം മനസ്സിലായി. എന്നെ നന്നായി ശകാരിച്ചു. നല്ലവണ്ണം സാധന ചെയ്യൂ ഹൃദയം വികസിക്കട്ടെ.എന്ന് ഉപദേശിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച എന്റെ ജീവിതത്തിലെ ഒരു വഴിത്തിരവായിരുന്നു. ജന്മജന്മാന്തരങ്ങളായി കട്ടപിടിച്ച ആത്മാഭിമാനം(ഋഴീ) തകര്‍ന്നില്ലാതാവുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞു. കൃത്യമായി സാധന ചെയ്യാന്‍ ആരംഭിച്ചു. രണ്ടു മാസത്തിനു ശേഷം ഞാന്‍ വീണ്ടും ആചാര്യനെ കാണാന്‍ ചെന്നു. എന്നെ കണ്ടപ്പോള്‍ തന്നെ അടുത്ത് വിളിച്ച് തലയില്‍ കൈവെച്ച് നന്നായി വരും എന്ന് അനുഗ്രഹിച്ചു ആചാര്യന്റെ അനുഗ്രഹം എന്നില്‍ വലിയ മാറ്റമുണ്ടാക്കി. ആദ്ധ്യാത്മികത എന്താണ് എന്ന് ഞാന്‍ മനസ്സിലാക്കിത്തുടങ്ങി
. ആദ്ധ്യാത്മിക ഗ്രന്ഥങ്ങല്‍ വായിച്ചതുകൊണ്ടോ പ്രഭാഷണങ്ങള്‍ കേട്ടതുകൊണ്ടോ സ്‌തോത്രങ്ങള്‍ ഉരുവിട്ടതുകൊണ്ടോ മാത്രം ആത്മജ്ഞാനം ഉണ്ടാവുകയില്ല. അത് അറിവും അനുഭവവുമുള്ള ഒരു ഗുരുനാഥന്‍ പകര്‍ന്നു നല്‍കേണ്ടതാണ്. ആ ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗുരുനാഥനെ ലഭിച്ചു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആചാര്യന്റെ ഓരോ വാക്കുകളും സൂക്ഷ്മമായി മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു അത് എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളെ ദൂരീകരിക്കുന്നതും ആത്മപ്രകാശം നല്‍കുന്നവയുമായിരുന്നു. എന്തെങ്കിലും സംശയം തോന്നിയാല്‍ അടുത്ത ക്ലാസില്‍ ചോദിക്കാതെ തന്നെ ഉത്തരം ലഭിക്കുമായിരുന്നു.

ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശില വേദങ്ങളാണെന്നും വേദപഠനത്തിലൂടെയും വൈദിക ആചരണങ്ങളിലൂടെയും മാത്രമേ ആ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ എന്നും ആചാര്യന്‍ പഠിപ്പിക്കുന്നു. വേദം എന്നത് ഈശ്വര വാണിയാണ്. മനുഷ്യ ധര്‍മ്മത്തെ പ്രതിപാദിക്കുന്ന ഈശ്വരീയമായ അറിവിന്റെ സമാഹാരമാണ്. പഞ്ചമഹായജ്ഞങ്ങളാണ് മനുഷ്യന്‍ അനുഷ്ഠിക്കേണ്ടതെന്ന് വൈദിക ഋഷിമാര്‍ നിര്‍ദ്ദേശിക്കുന്നു. ആചരണങ്ങള്‍ ചെയ്യുമ്പോള്‍ വ്യക്തിയോടൊപ്പം സമൂഹവും പരിഷ്‌കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ സാമൂഹ്യ പരിഷ്‌കരണമാണ് വേദപഠനത്തിലൂടെ സംഭവിക്കുന്നത്. ഇത് ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ ജീവിതവിജയമുണ്ടാവുമെന്ന് ഞാന്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നു. വേദപഠനം എന്റെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

എന്റെ ജോലികള്‍ കൃത്യമായി ചെയ്യാന്‍ എനിക്ക് സാധിക്കുന്നു. എന്റെ കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സമൂഹത്തോടുമുള്ള കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടായി. ഞാന്‍ ആരോടും കലഹിയ്ക്കുന്നില്ല. അങ്ങനെ ഒരു സാഹചര്യം ഇപ്പോള്‍ എനിക്കുണ്ടാവുന്നില്ല. വിചാരിച്ചതിലും പെട്ടെന്ന് എന്റെ കാര്യങ്ങള്‍ നടക്കുന്നു. ആളുകള്‍ക്ക് സമാധാനം നല്‍കുന്ന വാക്കുകള്‍ പറയാന്‍ എനിക്ക് സാധിക്കുന്നു. യാത്രയിലും മറ്റും കണ്ടുമുട്ടുന്നവര്‍ വളരെ സന്തോഷത്തോടെ യാത്ര പറയുന്നു. ആരോഗ്യപരമായി ഞാന്‍ വളരെ പുരോഗമിച്ചിരിക്കുന്നു. എന്റെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും ഞാന്‍ അനുഗ്രഹീതനാണ്. ജോലി സംബന്ധമായ പ്രശ്‌നങ്ങളോ വ്യക്തിപരമായ പ്രശ്‌നങ്ങളോ എന്നെ അലട്ടുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സമചിത്തതയോടെ നേരിടാനുള്ള ആത്മബലം ഇപ്പോല്‍ എനിക്ക് ഉണ്ട്. ഞാന്‍ ശിരസ്സില്‍ കൊണ്ടുനടക്കുന്ന ഗുരുപരമ്പരയുടെ പാദങ്ങള്‍ എന്റെ അഹങ്കാരം ഭയക്കുന്നു. ഈശ്വരനെ എങ്ങനെ അനുഭവിക്കാം എന്ന് ആചാര്യന്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ എപ്പോഴും സന്തുഷ്ടനായി ഇരിക്കുന്നു. ദുഃഖം എന്നെ സ്പര്‍ശിക്കുന്നില്ല. ഉറങ്ങുമ്പോള്‍ ശിവസങ്കല്പ സൂക്തം ജപിക്കുന്നതിലൂടെ നന്നായി ഉറങ്ങാന്‍ എനിക്ക് സാധിക്കുന്നു. ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കടന്നുവരുന്നില്ല. ദിവസം മുഴുവനും ഈശ്വരനെ അനുഭവിക്കന്‍ എനിക്ക് സാധിക്കുന്നു.

ഒരു യാത്രയയപ്പ് ചടങ്ങില്‍പ്പോലും രണ്ടുവാക്ക് സംസാരിക്കാന്‍ സഭാകമ്പം ഉള്ള എനിക്ക് സത്സംഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ മുന്നില്‍ തന്നിട്ടുള്ള വിഷയത്തെപ്പറ്റി സംസാരിക്കാന്‍ ഇന്ന് സാധിക്കുന്നുണ്ട്. സത്സംഗങ്ങളില്‍ ക്ലാസെടുക്കാന്‍ എന്നെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാലും ഞാന്‍ ശ്രമിച്ചുനോക്കാം. അപ്പോള്‍ ആചാര്യന്‍ പറഞ്ഞു :
നിങ്ങള്‍ ചെയ്യുന്നത് വേദപ്രചരണമാണ്. അത് ഈശ്വരീയമായ ഒരു കാര്യമാണ്. അത് നിങ്ങള്‍ക്ക് വേണ്ടിചെയ്യുന്ന പ്രവൃത്തിയല്ല. സമൂഹത്തിന് വേണ്ടി ചെയ്യുന്നതാണ്. എല്ലാം ഈശ്വരനിലും ഗുരുപരമ്പരയിലും അര്‍പ്പിച്ചുകൊണ്ട് ചെയ്യുക. നിങ്ങള്‍ക്ക് സാധിക്കും.ആ വാക്കുകള്‍ എനിക്ക് ശക്തി തന്നു. പതിനഞ്ചോളം സത്സംഗങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഞാന്‍ സംസാരിച്ചു ഓരോ സത്സംഗത്തിലിരിക്കുമ്പോഴും ഗുരുനാഥന്റെ വാക്കുകള്‍ സ്മരിച്ചുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. 20 മുതല്‍ 25 മിനുട്ട് വരെ തന്നിട്ടുള്ള വിഷയങ്ങളില്‍ സംസാരിക്കാന്‍ എനിക്ക് സാധിച്ചു. ഒരു വിഷയം എങ്ങനെ മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാമെന്ന് ആചാര്യന്റെ അടുത്ത ശിഷ്യനായ അരുണ്‍ പ്രഭാകരിന്റെ ക്ലാസുകളില്‍ നിന്ന് ഞാന്‍ പഠിക്കുകയായിരുന്നു. ഇത് ഞാന്‍ ഏര്‍പ്പെടുന്ന മറ്റു പ്രവൃത്തികളിലും എനിക്ക് സഹായകമായി. ഇന്ന് ഞാന്‍ മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വേദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കടന്നുവരുന്നു. അത് അവര്‍ക്ക് സന്തോഷം ഉണ്ടാക്കുകയും എന്നോടുള്ള കാഴ്ചപ്പാട് മാറുകയും ചെയ്യുന്നു. വെറുതെയിരിക്കുന്ന സമയങ്ങളില്‍ അനാവശ്യമായ ചിന്തകള്‍ ഇപ്പോള്‍ ഉണ്ടാവുന്നില്ല. അനാവശ്യമായ സംസാരങ്ങള്‍ ഉണ്ടാവുന്നില്ല മനഃശുദ്ധീകരണത്തിന് ഏറ്റവും അത്യാവശ്യം ഇതു രണ്ടുമാണല്ലോ.

എന്റെ കൂടെ ജോലി ചെയ്ത ഒരാള്‍ ഇപ്പോള്‍ ബാങ്കിന്റെ സീനിയര്‍ മാനേജരാണ്. ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. കുറച്ചുനേരം ഞങ്ങള്‍ പതതും സംസാരിച്ചു. എന്റെ സംസാരത്തില്‍ ഇടയ്ക്കിടയ്ക്ക് ആചാര്യന്റെ വാക്കുകളും വേദത്തെപ്പറ്റിയുള്ള കാര്യങ്ങളും കടന്നുവരുന്നുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: എവിടെ നിന്നാണ് ഇത്തരം കാര്യങ്ങള്‍ പഠിച്ചത്. ഞാന്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനെ പറ്റിയും ആചാര്യനെപ്പറ്റിയും പരിചയപ്പെടുത്തി അദ്ദേഹം പറഞ്ഞു. താങ്കള്‍ ഇപ്പോള്‍ ഞങ്ങളെക്കാളുമൊക്കെ ഉയരത്തിലാണ് എന്ന്. ഒരു സീനിയര്‍ മാനേജര്‍ ഒരു ക്ലര്‍ക്കിനോട് പറയുന്നു താങ്കള്‍ ഞങ്ങളെക്കാള്‍ ഉയരത്തിലാണ് എന്ന് ഇത് എനിക്ക് നല്‍കിയത് വേദമാണ്.

അഗ്നിഹോത്രം പഠിക്കുന്ന കാലത്ത് എങ്ങിനെയാണ് ഇത്രയും മന്ത്രം ചൊല്ലി അഗ്നിഹോത്രം ചെയ്യുക എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അഗ്നി ജ്വലിക്കണം, മന്ത്രം ചൊല്ലണം ഇതൊക്കെ എങ്ങനെ സാധിക്കും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യജുര്‍വേദയജ്ഞം പോലുള്ള യജ്ഞങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എതെല്ലാം എിക്ക് സാധിക്കുന്നത് നിരന്തരം വേദപ്രചരണം നടത്തുന്നതുകൊണ്ടാണ്.
ഒരു സംഭവം ഇവിടെ പറയട്ടെ. എന്റെ അമ്മയുടെ മരണം എന്നെ വളരെയധികം ദുഃഖത്തിലാഴ്ത്തിയിരുന്നു. ആ സമയത്ത് സന്ധ്യാവന്ദനം മുടക്കരുതെന്ന് ആചാര്യന്‍ നിര്‍ദ്ദേശിച്ചു. അതു പ്രകാരം ഞാന്‍ രണ്ടുനേരവും സന്ധ്യാവന്ദനം ചെയ്തു. എന്റെ മനസ്സിന്റെ ഭാരം ഇല്ലാതാവുന്നതുപോലെ അനുഭവപ്പെട്ടു. ഉയരത്തില്‍ നിന്നും താഴോട്ടുപതിക്കുന്ന എന്നെ ആരോ താങ്ങിനിര്‍ത്തുന്നതുപോലെ എനിക്ക് തോന്നി. ഇത് ആചാര്യന്റെ അനുഗ്രഹം കൊണ്ടാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

വൈദിക ആചരണങ്ങള്‍ ചെയ്യുന്നതുകൊണ്ട് എന്റെ കുടുംബത്തിലും മാറ്റമുണ്ടാവുന്നുണ്ട്. മേധാസൂക്തവും, സരസ്വതീസൂക്തവും ജപിക്കുന്നതുകൊണ്ട് എന്റെ മകന്റെ പഠിത്തത്തില്‍ പുരോഗതിയുണ്ടാവുന്നു.

വേദമാതാവ് വരദായിനിയാകുന്നു. ഉപാസകന്മാരെ ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന് രക്ഷിച്ച് സന്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു. ഈ ലോകത്ത് ഉപാസകന് ആവശ്യമായ ആയുസ്സ്, സന്താനം, ഐശ്വര്യം, ധനം, സമ്പത്ത്, കീര്‍ത്തി, യശസ്സ്, എന്നിവയെല്ലാം വേദമാതാവ് നമുക്ക് സമ്മാനിക്കുന്നു. ഏറ്റവും ഒടുവില്‍ ബ്രഹ്മസാക്ഷാത്കാരം എന്ന മുക്തിയേയും വേദമാതാവ് നമുക്ക് തരുന്നു. (അഥര്‍വവേദം) ഒരു സംഭവം കൂടി പറയട്ടെ ബാങ്കിന്റെ ഒരു ട്രെയിനിംഗ് ക്ലാസില്‍ ഞാന്‍ പങ്കെുത്തിരുന്നു. 55 ഓളം ബാങ്കുദ്യോഗസ്ഥര്‍മാര്‍ പങ്കെടുത്ത ഒരു ബാച്ച് ആയിരുന്നു. പരിചയപ്പെടല്‍ ചടങ്ങില്‍ എല്ലാവരും അവരവരുടേതായതാല്പര്യങ്ങളെ പറയണമെന്നുണ്ടായിരുന്നു. ഭൂരിഭാഗം ആളുകള്‍ പറഞ്ഞത് ബാങ്കുജോലികഴിഞ്ഞാല്‍ ടി.വി. കാണുകയാണ് അവരുടെ ഹോബി എന്നാണ്. ഞാന്‍ പറഞ്ഞു കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദപ്രചരണത്തില്‍ സഹായിക്കുക എന്നതാണ് എന്റെ ബാങ്കിംഗ് ഇതരപ്രവര്‍ത്തനം എന്ന്. അവിടെ ക്ലാസ് എടുക്കാന്‍ വന്ന മാഡം ചോദിച്ചു. ഡോ: എം.ആര്‍. രാജേഷിന്റെയല്ലേ എന്ന്. വേദം എന്ന് പറയുമ്പോള്‍ ആചാര്യന്റെ പേരാണ് ഇന്ന് ആളുകളുടെ നാവില്‍ വരുന്നത്.
എല്ലാവരും വേദം പഠിക്കുകയും ആചരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ വേദം സംരക്ഷിക്കപ്പെടുന്നുള്ളൂ.
വേദം പഠിക്കാനും ആചരിക്കാനും പ്രചരണം നടത്താനും എനിക്ക് സാധിക്കുന്നത് ആചാര്യന്റെ അനുഗ്രഹവും മുന്‍ജന്മ സുകൃതവുമാണ്. ഇന്ന് എനിക്ക് ഇപ്പോള്‍ ഒരു തരത്തിലുള്ള ഭയവുമില്ല. മുന്നില്‍ നിന്ന്് ആദിത്യനും വലതുഭാഗത്ത് നിന്ന് ഇന്ദ്രനും പിന്‍ഭാഗത്ത് നിന്ന് വരുണനും ഇടതുഭാഗത്തുനിന്ന് സോമനും അടിയില്‍ നിന്ന് വിഷ്ണുവും മുകളില്‍ നിന്ന് ഗുരുനാഥനും എന്നെ എപ്പോഴും രക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

ഈ ഭാഗ്യം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ വാക്കുകള്‍ ആചാര്യ പാദത്തില്‍ സമര്‍പ്പിക്കുന്നു.

Acharyasri Rajesh


An ardent follower of Swami Dayananda Saraswati and a Vedic Scholar teaching Vedas to all irrespective of caste, creed or gender. Kulapathi of Kasyapashram.

No comments: