Saturday, October 10, 2015

ഓണത്തിന്റെ അടിവേര്


കേരളം ദ്രാവിഡന്മാരുടെ നാടായിരുന്നു എന്നും ഇവിടം ഭരിച്ചിരുന്ന ദ്രാവിഡചക്രവര്‍ത്തിയായിരുന്നു മഹാബലി എന്നുമാണ് ചില ബുദ്ധിജീവികളുടെ പുതിയ കണ്ടെത്തല്‍. അക്രമണകാരികളായ ആര്യന്മാരാല്‍ ഇവിടത്തെ ദ്രാവിഡര്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ ചിത്രീകരണമാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നതിലൂടെ പ്രതീകവല്‍ക്കരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇന്നും താഴ്ന്ന ജാതിയില്‍പ്പെട്ടവരെ ചവിട്ടിത്താഴ്ത്താനുള്ള ആഹ്വാനമാണ് ഇത് നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ കേരളത്തില്‍ ഓണം നിരോധിക്കണമെന്നു പറയുന്നവരുമുണ്ട്.
എന്നാല്‍ ഓണത്തിന്റെ അടിവേര് ചെന്നെത്തിനില്‍ക്കുന്നത് സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങളിലാണെന്നതാണ് സത്യം. ആ കഥയുടെ ആധ്യാത്മിക അര്‍ത്ഥത്തെ മനസ്സിലാക്കാന്‍ ഋഗ്വേദം 1.156.5 മന്ത്രത്തിന്റെ ഈ വ്യാഖ്യാനം ഉപകാരപ്പെട്ടേക്കും.
ആ യോ വിവായ സചഥായ ദൈവ്യ ഇന്ദ്രായ വിഷ്ണുഃ സുകൃതേ സുകൃത്തരഃ.
വേധാ അജിന്വത്ത്രിഷധസ്ഥ ആര്യമൃതസ്യ ഭാഗേ യജമാനമാഭജത്.
(ഋഗ്വേദം 1.156.5)
                   
ഇവിടെ ദൈവ്യഃ സുകൃത്തരഃ വിഷ്ണുഃഎന്നതില്‍ വിഷ്ണു ദേവന്മാര്‍ക്ക് ഹിതകാരിയാണെന്നു പറഞ്ഞിരിക്കുന്നു. ദേവന്മാര്‍ സദ്ഗുണങ്ങളെയും അസുരന്മാര്‍ ദുര്‍ഗുണങ്ങളെയും സൂചിപ്പിക്കുന്നു. ദേവന്മാര്‍ക്ക് അസുരന്മാരെ തോല്പിക്കണമെങ്കില്‍ ഈശ്വരകടാക്ഷം കൂടിയേതീരൂ. അതിനായി ഉപാസകന്‍ സര്‍വ്വവ്യാപകനും ഏകനുമായ ഈശ്വരനെ ധ്യാനിക്കുന്നു. യോഗദര്‍ശനത്തില്‍ ഉപാസനയിലെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഈശ്വരനെ ഏകതത്ത്വമായി മനസ്സിലാക്കി നിരന്തരം ധ്യാനിക്കാന്‍ പറയുന്നത് ഇതുകൊണ്ടാണ് ( തത് പ്രതിഷേധാര്‍ത്ഥമേകതത്വാഭ്യാസഃ യോഗദര്‍ശനം 1.32). ‘വിഷ്ണുഎന്നതിന് എങ്ങും വ്യാപിച്ചിരിക്കുന്നവന്‍ എന്നര്‍ത്ഥം. (വിഷ് വ്യാപ്തൗ) അങ്ങനെയിരിക്കുന്ന ആ പരേേമശ്വരന്‍ ഇന്ദ്രന് പ്രാപ്തമായി എന്നും മന്ത്രത്തില്‍ കാണാം. (ഇന്ദ്രായ ആവിവായ). യഥാര്‍ഥത്തില്‍ ഇന്ദ്രന്‍ എന്നത് ജിതേന്ദ്രിയത എന്ന ഗുണത്തെ സൂചിപ്പിക്കുന്ന പദമാണ്. കഥയില്‍ മഹാബലി എന്ന രാജാവിന് മാനുഷരെയെല്ലാം ഒരുപോലെ കാണാന്‍ കഴിഞ്ഞതും ആപത്തൊന്നും വരുത്താതെ എല്ലാവര്‍ക്കും ആമോദം നല്‍കാന്‍ കഴിഞ്ഞതും ഈയൊരു ഗുണത്താലാണ്. സ്വന്തം ഇന്ദ്രിയങ്ങളെ ജയിക്കുകഎന്നതാണ് ഒരു രാജാവിന് അടിസ്ഥാനമായി വേണ്ട ഗുണമെന്ന് രാജ്യതന്ത്രജ്ഞനായിരുന്ന ചാണക്യന്‍ അഭിപ്രായപ്പെട്ടു കാണുന്നു (രാജ്യമൂലം ഇന്ദ്രിയജയഃ-ചാണക്യസൂത്രം 4). ഈയൊരു വസ്തുത യജുര്‍വേദം 36.8 മന്ത്രത്തില്‍ വ്യക്തമായി കാണാവുന്നതാണ്.

ഇന്ദ്രോവിശ്വസ്യ രാജതി.
ശം നോ അസ്തു ദ്വിപദേ ചതുഷ്പദേ.

ഇന്ദ്രിയങ്ങളെ ജയിച്ച ഭരണാധികാരി ഭരിക്കുന്ന നാട്ടില്‍ ഇരുകാലികളും നാല്‍ക്കാലികളുമായ സകല ജീവികളും ശാന്തിയില്‍ കഴിയും എന്നാണ് ഈ മന്ത്രത്തിന് അര്‍ഥം. മഹാബലിയെ ഇന്ദ്രപദത്തിലേക്കുയര്‍ത്തിയത് അദ്ദേഹത്തിന്റെ ദാനമെന്ന ഗുണമാണ്. ദാനം ചെയ്യുമ്പോള്‍ സ്വാര്‍ത്ഥത ഇല്ലാതാകുകയും അത് വിഷയാസക്തികളില്‍ നിന്ന് ഉപാസകനെ രക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ കഥയില്‍ പറയുന്ന ഇന്ദ്രനും മഹാബലിയും ആധ്യാത്മിക അര്‍ത്ഥത്തില്‍ രണ്ടുപേരല്ല, മഹാബലി എന്ന മനുഷ്യന്റെ ജിതേന്ദ്രിയത എന്ന ഗുണമാണ് ഇന്ദ്രന്‍. കഥയില്‍ മഹാബലിയുടെ അരികില്‍ വാമനനായി വിഷ്ണുഭഗവാന്‍ എത്താന്‍ കാരണം ഇന്ദ്രനാണ്. അപ്രകാരം ഇന്ദ്രിയജയമാണ് ഒരു മനുഷ്യന് ഈശ്വരന്‍ പ്രാപ്തമാകാന്‍ കാരണം എന്ന് മന്ത്രം പറയുന്നു.

മന്ത്രത്തില്‍ ത്രിഷധസ്ഥഅഥവാ മൂന്നു ലോകത്തിലും സ്ഥിതി ചെയ്യുന്നവന്‍ എന്ന് ഈശ്വരനെ സ്തുതിക്കുന്നു. ഭൂലോകം, അന്തരീക്ഷലോകം, ദ്യുലോകം അഥവാ ശരീരം, മനസ്സ്, ബുദ്ധി എന്നിവയാണ് ഈ മൂന്നു ലോകങ്ങള്‍. സര്‍വവ്യാപകനായ (വിഷ്ണുവായ) പരമേശ്വരന്‍ തന്റെ ശരീരത്തിലും മനസ്സിലും ബുദ്ധിയിലും വ്യാപിച്ചിരിക്കുന്നതായി ഉപാസകന് അനുഭവത്തില്‍ വരുന്ന അവസ്ഥയാണിത്. രണ്ടടി അളന്നശേഷം മൂന്നാമത്തെ അടിക്കായി തന്റെ ശിരസ്സ് സമര്‍പ്പിച്ചതിലൂടെ മഹാബലി യഥാര്‍ത്ഥത്തില്‍ തന്റെ ബുദ്ധിയെ പ്രചോദിപ്പിക്കണേ (ധിയോ യോ നഃ പ്രചോദയാത്) എന്ന മഹത്തായ ആ ഗായത്രീമന്ത്രത്തെ സാക്ഷാത്കരിച്ച വിശ്വാമിത്രനായി- വിശ്വത്തിനും മിത്രനായി- മാറുകയായിരുന്നു.
ആ പുരുഷനെ ആര്യന്‍ എന്നു മന്ത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ആര്യന്‍ എന്നത് ഒരു വംശത്തിന്റെയോ വര്‍ഗത്തിന്റെയോ പേരല്ല. ആര്യശബ്ദത്തിന് ശ്രേഷ്ഠന്‍ എന്ന അര്‍ഥമേയുള്ളൂ. അങ്ങനെയുള്ള ആര്യനായ ഉപാസകനെ തന്റെ വിശേഷമായ നിയമത്തോട് ചേര്‍ത്തുകെട്ടുകയാണ് ഈശ്വരന്‍ ചെയ്യുന്നത്. മൃത്യുബന്ധനത്തില്‍നിന്നും അവനെ മോക്ഷമെന്ന അമൃതബന്ധനത്തിലാക്കുന്നു. കഥയിലാകട്ടെ, വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം, തിരുവോണനാളില്‍ തന്റെ പ്രജകളെ വന്നുകാണാനുള്ള അനുമതി വരമായി വാമനന്‍ നല്‍കുന്നു. മോക്ഷം നേടിയ മുക്താത്മാവിന് ഈശ്വരാനുഗ്രഹത്താല്‍ വീണ്ടും സംസാരത്തില്‍ ജന്മമെടുക്കാം എന്ന് ശാസ്ത്രം പറയുന്നതിന്റെ ആലങ്കാരിക വര്‍ണനയാണിത്. ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ താന്‍ ജന്മമെടുക്കുമെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞതും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്.


ഇത്തരത്തില്‍ മഹത്തായ വേദതത്ത്വത്തെ ആലങ്കാരികമായി അവതരിപ്പിക്കുന്ന ഒരു ഐതീഹ്യത്തെ വംശവെറിയുടെ ഭാഗമാക്കി മാറ്റുന്നത് ഒട്ടും ശരിയല്ല. മഹാബലിയെ ഇന്ദ്രപദത്തിലെത്തിച്ച ദാനത്തെ നമുക്കും സ്വീകരിക്കാം. മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നതിലൂടെ യഥാര്‍ത്ഥ ആനന്ദത്തെ അനുഭവിക്കാം. മാത്രമല്ല, സകലജീവജാലങ്ങള്‍ക്കും ശാന്തിയേകിയ ആ രാജാവിന്റെ ഓര്‍മയുണര്‍ത്തുന്ന ആഘോഷത്തെ ഒരു ജീവിയെയും വേദനിപ്പിക്കാതെ നമുക്കാഘോഷിക്കാം. അവയെ കൊന്നുകിട്ടുന്ന മാംസത്താല്‍ അപവിത്രമാകാതിരിക്കട്ടെ നമ്മുടെ ഓരോ ആഘോഷവും.

No comments: