Tuesday, October 13, 2015

സിലിക്കൺ വാലിയെ കീഴടക്കി പ്രധാനമന്ത്രി മോദി




            .. പ്രതീക്ഷയുടെ    പിന്നാമ്പുറങ്ങളിൽ ദീ‌ർഘകാലം കഴിഞ്ഞ ഒരു ജനതയുടെ ജീവിതത്തെ സാങ്കേതിക വിപ്ലവത്തിലൂടെ മുന്നേറ്റത്തിലേക്ക് നയിക്കുകയാണ് ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. മുൻപ് 24 മണിക്കൂർ വേണ്ടിയിരുന്നത് ചെയ്യാൻ ഇപ്പോൾ 24 മിനിട്ട് മതി. അക്ഷമയോടെ മാറ്റം ആഗ്രഹിക്കുന്ന 35 വയസിൽ താഴെയുള്ള 80 കോടി ജനങ്ങളുള്ള ഇന്ത്യയ്‌ക്ക് മറ്റൊന്നും ചെയ്യാനാവില്ല.

ഇ ഗവേണൻസ് അല്ല, ഇനി മൊബൈൽ വഴിയുള്ള എം ഗവേണൻസിന്റെ കാലമാണ്. ഇന്ത്യയിലെ ഓഫീസുകളിൽ നിന്ന് കടലാസ് പൂർണമായും അപ്രത്യക്ഷമാകും. ഇന്ത്യയിലെ 125 കോടി ജനങ്ങളും ഡിജിറ്റൽ ശൃംഖലയിലെ കണ്ണികളാകുമെന്നും മോദി പറഞ്ഞു.
ന്യൂയോർക്കും ഡൽഹിയും പോലെ ഫേസ് ബുക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും ഇന്ന് ലോകത്തിന്റെ അയൽപക്കങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം കൊണ്ടുവരാനുള്ള ഡിജിറ്റൽ ഇന്ത്യ കാമ്പെയിന് സഹകരണം തേടി ലോകത്തിന്റെ ഡിജിറ്റൽ സിരാകേന്ദ്രമായ സിലിക്കൺ വാലിയിൽ എത്തിയ മോദി വൻകിട ഐ.ടി കമ്പനി സി..ഒ മാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
ഡൽഹിയിലും ന്യൂയോർക്കിലും നിങ്ങളെ കണ്ടു എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ ഫേസ് ബുക്കിലും ട്വിറ്ററിലും കണ്ടു എന്ന് പറയുന്നത്. ഗൂഗിൾ അദ്ധ്യാപകരെ നിഷ്‌പ്രഭരാക്കി. അപ്പനപ്പൂപ്പന്മാരെ കൂടുതൽ അലസരാക്കി. ട്വിറ്റർ ഓരോ മനുഷ്യനെയും റിപ്പോർട്ടറാക്കി. ഇന്ന് നിങ്ങളുടെ സ്റ്റാറ്റസ് ഉറക്കത്തിലാണോ ഉണർവിലാണോ എന്നതല്ല, ഓൺലൈൻ ആണോ, ഓഫ്‌ലൈൻ ആണോ എന്നതാണ്. യുവാക്കളുടെ ചിന്തയിൽ ആൻഡ്രോയിഡ് വേണ, വിൻഡോസ് വേണോ എന്നാണ്.
ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങളെ സ്വതസിദ്ധമായ വാഗ്‌വൈഭവത്തോടെ നർമ്മം കലർത്തി അവതരിപ്പിച്ച മോദിയുടെ പ്രസംഗം സദസിനെ കീഴടക്കി. ലോകത്ത് ഏറ്റവും അവസാനം സൂര്യൻ അസ്തമിക്കുന്ന സ്ഥലമാണ് സിലിക്കൺ വാലി, ഓരോ പ്രഭാതത്തിലും പുതിയ ആശയങ്ങൾ
പൊട്ടിവിടരുന്നതും ഇവിടെയാണെന്ന് മോദി പറഞ്ഞപ്പോൾ കൈയടികൾ ഉയർന്നു.
ഡിജിറ്റൽ സങ്കേതത്തിലൂടെ തന്റെ ഗവൺമെന്റ് ഇന്ത്യയിൽ ജനകീയ ശാക്തീകരണത്തിന്റെ പുതിയൊരു കാലം തുറന്നു. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന് ഇന്റർനെറ്റിന്റെയും മൊബൈൽഫോണിന്റെയും ശക്തി ഉപയോഗിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ 18 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് ഇന്ത്യൻ ജനത തുടങ്ങിയത്. ഇന്ന് ഒരു ഇന്ത്യൻ ഗ്രാമത്തിലെ കരകൗശല വിദഗ്ദ്ധന് ന്യൂയോർക്കിലെ മെട്രോയിൽ സഞ്ചരിക്കുന്ന ഉപഭോക്താവിന് തന്റെ ഉത്പന്നം വിൽക്കാം. പെൺകുഞ്ഞിന്റെ പാലനത്തിനായി ഹരിയാനയിലെ ഒരു പിതാവ് തുടക്കമിട്ട 'സെൽഫി വിത്ത് ഡോട്ടർ' ഒരു ആഗോള പ്രസ്ഥാനമായി.
മുൻപ് ഭരണഘടനകളാണ് ജനാധിപത്യത്തെ ശക്തമാക്കിയിരുന്നതെങ്കിൽ ഇന്ന് സാങ്കേതിക വിദ്യയാണ് അത് ചെയ്യുന്നത്- മോദി ഉപസംഹരിച്ചു.

No comments: