ഒരു
ഇ– മെയിൽ
വരുന്നുെണ്ടന്ന ക്രമാതീതമായ തോന്നലുണ്ടോ? ഇ– മെയിലും ഫെയ്സ്ബുക്കും വാട്സ്ആപ്പുമെല്ലാം എപ്പോഴും റിഫ്രഷ് ചെയ്യാനുള്ള
പ്രവണതയുണ്ടോ? ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാത്ത സമയം കടുത്ത
അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? അതുമൂലം കോപം വർധിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ, ഒബ്സസീവ് കംപൽസീവ് റിഫ്രഷ്
ഡിസോഡർ (ഒസിആർഡി) എന്ന ആ മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് ഉറപ്പാക്കാം. അതെ, ഇന്റർനെറ്റ് അഡിക്‌ഷൻ ഡിസോഡർ (ഐഎഡി) എന്ന അഡിക്ടീവ് ഡിസോഡറിലുൾപ്പെടുന്ന
മാനസിക വൈകല്യങ്ങൾ കേരളത്തെ കാർന്നുതിന്നുകയാണ്. പ്രോബ്ലമെറ്റിക് ഇന്റർനെറ്റ് യൂസ്
(പിഐയു) അഥവാ കംപൽസീവ് ഇന്റർനെറ്റ് യൂസ് (സിഐയു) എന്നൊക്കെ അറിയപ്പെടുന്നതാണ് ഈ
മാനസിക പ്രശ്നം. ഗെയിമിങ്, സോഷ്യൽ നെറ്റ്‌വർക്കിങ്, ബ്ലോഗിങ്, ഇ–മെയിൽ, ഇന്റർനെറ്റ് പോണോഗ്രഫി, ഇന്റർനെറ്റ് ഷോപ്പിങ്
തുടങ്ങിയവയോടുള്ള ഭ്രമം ഐഎഡിയിൽ ഉൾപ്പെടും. മസ്തിഷ്കത്തിലെ പ്രധാന
ന്യൂറോട്രാൻസ്മിറ്ററായ സിറോടോണിനുണ്ടാവുന്ന താഴ്ചകൾ വിഷാദത്തിനു കാരണമാവുന്നു. ഈ
വിഷാദം അഥവാ ഡിപ്രഷൻ, ഇന്റർനെറ്റ് അഡിക്‌ഷനു കാരണമാവാം.
വിഷാദവും ഉന്മാദവും ഇടകലർന്ന മാനസികാവസ്ഥയുടെ പരിണതഫലമാണു വികസ്വര രാജ്യങ്ങളിലെ
ഐഎഡിയുടെ പിന്നിലെന്നു പഠനങ്ങൾ തെളിവേകുന്നു.
പുതിയ
യുഗം സൈബർ യുഗമാണെന്നതിൽ സംശയമില്ല. പക്ഷേ, മദ്യവും ലഹരിമരുന്നും ഒരാളിലുണ്ടാക്കുന്ന
ആസക്തിയെക്കാൾ നാലു മടങ്ങു കൂടുതലാണ് ഇന്റർനെറ്റ് ആസക്തിയുടെ തീവ്രതയെന്നു
മനഃശാസ്ത്രജ്ഞർ പറയുന്നു. ലഹരിമരുന്നു സൈക്കോസിസിലേക്കു വ്യക്തിയെ നയിക്കുമെങ്കിൽ
കഠിനമായ ന്യൂറോസിസിലേക്കാവും സൈബർ അഡിക്‌ഷൻ ആളുകളെ കൊണ്ടെത്തിക്കുന്നത്. വിശപ്പും
ദാഹവും നഷ്ടപ്പെടുന്ന അനോറക്സിയ നെർവോസ, അമിത ഉത്കണ്ഠ
തുടങ്ങിയവയ്ക്കെല്ലാം സൈബർ അഡിക്‌ഷൻ കാരണമാവുന്നു.
തലച്ചോറിലെ
ലിംബിക് സംവിധാനത്തിൽ, എന്നും ഉറങ്ങിക്കിടക്കേണ്ട ചില ന്യൂറോണുകളുടെ ഉണർവിനു കാരണമാവുകയും
ആത്മഹത്യ, കൊലപാതകം തുടങ്ങിയവയിലേക്കു കൊണ്ടെത്തിക്കുകയും
ചെയ്യും. അകാരണമായ ദേഷ്യം, ആക്രമണോത്സുകത, സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കാനുള്ള ത്വര തുടങ്ങിയവ ഉൾച്ചേർന്ന
ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോഡർ (IED) സൈബർ അഡിക്‌ഷന്റെ
പ്രശ്നാധിഷ്ഠിതമായ മുഖമാണ്.
ഇന്റർനെറ്റ്
ദൗർബല്യം മുതലാക്കാൻ, ‘വല’യ്ക്കു പിന്നിൽ ലക്ഷങ്ങളും കോടികളും
തട്ടിയെടുക്കുന്ന സംഘങ്ങളുണ്ട്. വീട്ടമ്മമാരുടെയും വിദ്യാർഥിനികളുടെയും മാനത്തിനു
വിലപറയുന്ന വിരുതന്മാരുണ്ട്. ജോലിയും സമ്മാനങ്ങളും വാഗ്ദാനം ചെയ്തു തട്ടിപ്പു
നടത്തുന്നവരുണ്ട്. ടച്ച്സ്ക്രീനിന്റെ മിനുപ്പിൽ വെറുതെയും അല്ലാതെയും
വിരലോടിക്കുമ്പോൾ ഓർക്കേണ്ടത് ഇതാണ്, ഒരു സ്പർശം കൊണ്ടു
ചിലപ്പോൾ സ്മാർട്ടായ സേവനം സൈബർ ലോകം തന്നേക്കാം; ചിലപ്പോൾ
മറിച്ചും.
ഫെയ്സ്ബുക്കിൽ
ഉണ്ട്, ഉറങ്ങി
ഹിരൺമയി
തിരുവനന്തപുരത്തെ
മാനസികാരോഗ്യകേന്ദ്രം കരുണാസായിയിൽ നിന്നു ഡിസ്ചാർജ് വാങ്ങി പോകുമ്പോൾ കുഞ്ഞിനെ
ഹിരൺമയി വഴിയിലെങ്ങാൻ ഉപേക്ഷിക്കുമോ എന്ന പേടിയുണ്ടായിരുന്നു.
പ്രസവത്തോടനുബന്ധിച്ചു ചിലർക്കുണ്ടാകുന്ന പോസ്റ്റ്പാർട്ടം സൈക്കോസിസാണെന്നു
കരുതിയാണു കരുണാസായിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനോട് അത്ര വെറുപ്പും
ദേഷ്യവുമായിരുന്നു അവൾക്ക്. ഭർത്താവ് ഹരിഗോവിന്ദനോടു ചോദിച്ചപ്പോഴാണു കാര്യങ്ങൾ
വ്യക്തമായത്.
പ്ലസ്
ടു പഠനകാലത്തു ഹിരൺമയി ഫെയ്സ്ബുക്കിന് അടിപ്പെട്ടു. ഫെയ്സ്ബുക്ക് തുറക്കാൻ കഴിയാതെ
വരുന്ന ദിവസം അവൾ അക്രമാസക്തയായി. ഈ ആസക്തിയെ എതിർത്ത അമ്മയോട് അവൾ പകരം വീട്ടിയത്
അമ്മ വസ്ത്രം മാറുന്ന ചിത്രമെടുത്തു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ്. ഇതറിഞ്ഞ്
അമ്മ ആത്മഹത്യ ചെയ്തു. ഒരു രാത്രി ഹിരൺമയി ഫെയ്സ്ബുക്ക് സുഹൃത്തായ
ഹരിഗോവിന്ദനോടൊപ്പം ജീവിക്കാൻ തുടങ്ങി. ഹിരൺ നല്ല പങ്കാളിയാവുമെന്നു കരുതിയ
ഹരിക്കു തെറ്റി. ഹിരണിനു വർത്തമാനം പറയാൻ പോലും സമയമുണ്ടായിരുന്നില്ല. മുഴുവൻ സമയം
ഫെയ്സ്ബുക്കിലായിരുന്നു അവൾ. ഇതു ചോദ്യം ചെയ്തതോടെ അവൾ അക്രമാസക്തയായി.
ഇന്റർനെറ്റ്
ലഭിക്കാത്ത ഒരു ദിവസം ഹരിയുടെ അമ്മയെ അവൾ അലമാരയോടു ചേർത്തു കെട്ടിയിട്ടു.
രോഗിയായി തളർന്നു കിടക്കുകയായിരുന്ന അച്ഛനെ കട്ടിലിൽ നിന്നു വലിച്ചു താഴെയിട്ടു.
ഉന്മാദാവസ്ഥയിലായിരുന്നു അവൾ എന്നു ഹരി കൗൺസലിങ്ങിനിടെ ഡോ. എൽ.ആർ. മധുജനോടു
പറഞ്ഞു. പ്രസവത്തിനു ശേഷം കുഞ്ഞിനെ നോക്കുന്നില്ലെന്നു കണ്ടപ്പോഴാണു
ഗൈനക്കോളജിസ്റ്റ് കരുണാസായിയിലേക്കു ഹിരൺമയിയെ അയച്ചത്.
(പേരുകൾ
യഥാർഥമല്ല)
അഞ്ചു
മണിക്കൂർ മുൾമുനയിൽ; പോയത് 9000 പൗണ്ട്
യുകെയിൽ
പഠിക്കാൻ പോയതാണു തൃശൂർ പഴുവിൽ സ്വദേശിയായ യുവാവ്. അവിടെ എത്തിയതിന്റെ അടുത്ത
ദിവസം മൊബൈൽ ഫോണിലേക്കു ഫോൺ. ഇന്ത്യയിൽ നിങ്ങൾക്കെതിരെ ഒരു കേസ് ഉണ്ടെന്നും
വിവരങ്ങൾ മറച്ചുവച്ചു വീസ സംഘടിപ്പിച്ചതിന് ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു
സംഭാഷണം. നമ്പർ പരിശോധിച്ചപ്പോൾ യുകെയിലെ ക്രൈം സ്റ്റോപ്പർ സെല്ലിന്റേതു തന്നെ.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു കോൾ. ഇതേ സംഭാഷണം. കേസിൽനിന്ന്
ഒഴിവായില്ലെങ്കിൽ ഇംഗ്ലണ്ടിൽ നിന്നു നാടുകടത്തുമെന്നായി ഭീഷണി. മറ്റാരോടെങ്കിലും
പറഞ്ഞാൽ, ഉടൻ താമസസ്ഥലത്തു പൊലീസ് എത്തുമെന്നും പറഞ്ഞു.
‘കേസിൽ’
നിന്ന് ഒഴിവാകുകയല്ലാതെ യുവാവിനു മറ്റു മാർഗമില്ലായിരുന്നു. ക്രൈം
സ്റ്റോപ്പറിൽ നിന്നു നിർദേശിച്ചതു പോലെ, ഇന്ത്യയിലെ ചില
അക്കൗണ്ട് നമ്പറുകളിലേക്ക് അഞ്ചു തവണയായി 9000 പൗണ്ട്
(ഏകദേശം ഒൻപതു ലക്ഷം രൂപ) നൽകി. യുവാവിനെ നാലു മണിക്കൂർ ഫോൺ വിച്ഛേദിക്കാൻ പോലും
അനുവദിക്കാതെ, മുൾമുനയിൽ നിർത്തിയായിരുന്നു തട്ടിപ്പ്. ഇനി
നൽകാൻ പണമില്ലെന്നു പറഞ്ഞപ്പോഴാണു ഭീഷണി അവസാനിപ്പിച്ചത്. തട്ടിപ്പുവിളിയാണു
വന്നത് എന്നു പിന്നീടു മനസ്സിലായ യുവാവു യുകെ നാഷനൽ ഫ്രോഡ് ആൻഡ് സൈബർ ക്രൈം
റിപ്പോർട്ടിങ് സെന്ററിൽ പരാതി നൽകിയിരിക്കുകയാണ്.
No comments:
Post a Comment