Tuesday, October 13, 2015

വാതത്തോടു സന്ധിവേണ്ട


Monday 12 October 2015 05:24 PM IST
by പി. വി. അരുൺദേവ്

ഒക്ടോബർ 12 – ലോക ആർത്രൈറ്റിസ് ദിനം.
വാതരോഗത്തിന്റെ വേദന അറിഞ്ഞവരെ ആശ്വസിപ്പിക്കാനും ബോധവൽക്കരിക്കാനും നമുക്ക് ഈ ദിവസം മാറ്റിവയ്ക്കാം. IT'S IN YOUR HANDS, TAKE ACTION എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. രോഗത്തെക്കുറിച്ച് അവബോധം നൽകലാണ് പ്രധാന ലക്ഷ്യം. അത് രോഗികൾക്കു മാത്രമല്ല, അവരെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും പരിചരിക്കുന്ന ബന്ധുക്കൾക്കും. ഒന്നു മനസ്സുവച്ചാൽ, തുടക്കത്തിലേ കണ്ടെത്തി ആധുനിക രീതിയിലുള്ള ചികിൽസ നൽകിയാൽ വാതരോഗികൾക്കു സാധാരണ ജീവിതം നയിക്കാവുന്നതേയുള്ളൂ.
ആർത്രോ എന്നാൽ സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. പ്രായമായവർക്കു മാത്രമാണ് വാതരോഗം പിടിപെടുക എന്നതു തെറ്റായ ധാരണയാണ്. കുട്ടികളിലും കൗമാരക്കാരിലുമെല്ലാം പലതരം വാതരോഗങ്ങൾ സാധാരണമാണ്. കുട്ടികളിലുണ്ടാകുന്ന രോഗം ഭാവിയിൽ മറ്റു പല അസുഖങ്ങൾക്കും കാരണമാകും എന്നതിനാൽ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ഉചിതമായ ചികിൽസ നൽകണം. മുതിർന്നവരിൽ പലപ്പോഴും ഓട്ടോ ഇമ്യൂൺ അസുഖങ്ങളും ജീവിതശൈലീ പ്രശ്നങ്ങളും കാരണമാണു വാതരോഗം വരുന്നത്.
സന്ധിവാത രോഗം വന്നാൽ ചികിൽസിച്ചു മാറ്റാനാവില്ല എന്ന മിഥ്യാധാരണ മാറ്റേണ്ട കാലമായി. പല വാതരോഗങ്ങളും പൂർണമായി മാറ്റാനും മറ്റു ചിലതിനെ നിയന്ത്രിച്ചു നിർത്താനും ആധുനിക വൈദ്യശാസ്ത്രത്തിനു കഴിയുന്നു. സന്ധിവാതം എന്നു പറയുന്നത് ഒറ്റ രോഗമല്ല. പലതരം രോഗങ്ങളുണ്ട് ഈ വിഭാഗത്തിൽ. ചലനത്തെ സഹായിക്കുന്ന വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥികൾ, തരുണാസ്ഥികൾ, സ്നായുക്കൾ, കശേരുക്കൾ, ചലനവള്ളികൾ, അനുബന്ധ പേശികൾ തുടങ്ങിയവയെ. വേദനയും നീർക്കെട്ടുമാണ് ആദ്യം ഉണ്ടാകുക. ക്രമേണ കാഠിന്യം കൂടി സന്ധികളെ കീഴ്പ്പെടുത്തും. ചലനത്തെ ബാധിക്കും, മറ്റു വൈകല്യങ്ങൾ വരും. ഇക്കൂട്ടത്തിൽ പലതും പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അതായത് ഓട്ടോ ഇമ്യൂൺ രോഗങ്ങൾ. ശരീരത്തിന്റെ കാവൽക്കാരായ പ്രതിരോധ വ്യവസ്ഥ ആന്റി ബോഡികൾ ഉണ്ടാക്കി സ്വന്തം ശരീരകോശങ്ങളെ തന്നെ ആക്രമിക്കുന്നതാണു കാരണം. പലതരം സന്ധിവാത രോഗങ്ങളുണ്ട്. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, സീറോ നെഗറ്റീവ് ആർത്രൈറ്റിസ്, ഗൗട്ട്, ലൂപ്പസ് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
ഓസ്റ്റിയോ ആർത്രൈറ്റിസ്
പൊതുവെ വ്യാപകമായി കാണുന്ന സന്ധിവാതരോഗമാണ് ഓസ്‌റ്റിയോ ആർത്രൈറ്റിസ് (സന്ധിതേയ്‌മാനം). പ്രായമായവരിലാണു സന്ധിതേയ്‌മാനം ഉണ്ടാകുന്നത്. സന്ധികൾക്കുള്ളിൽ എല്ലുകളെ പൊതിഞ്ഞുള്ള തരുണാസ്‌ഥിക്കു തേയ്‌മാനം ഉണ്ടാകുമ്പോൾ വേദനയുണ്ടാകും. ശരീരഭാരം താങ്ങുന്ന സന്ധികൾ കാൽമുട്ടുകൾ, കണങ്കാലിലെ സന്ധികൾ, ഇടുപ്പിന്റെ സന്ധികൾ, നട്ടെല്ലിന്റെ കശേരുക്കളുടെ സന്ധികൾ തുടങ്ങിയവയിൽ വേദനയും വീക്കവും ഉണ്ടാകും. ഓസ്‌റ്റിയോ ആർത്രൈറ്റിസ് ഉള്ള രോഗികളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ വേദന ഉണ്ടാവില്ല. എന്നാൽ, നടക്കുകയോ ജോലി ചെയ്യുമ്പോഴോ കടുത്ത വേദന ഉണ്ടാവും.
ആമവാതം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്)
എല്ലുകളെ പൊതിയുന്ന സൈനോവിയൽ സ്തരത്തിലുണ്ടാകുന്ന നീർ‌ക്കെട്ടാണിത്. കാലക്രമേണ തരുണാസ്ഥികളെയും സന്ധികളെയും ബാധിച്ച് വൈകല്യങ്ങളിലേക്ക് എത്തിപ്പെടും. അപൂർവം ചിലരിൽ ഇതു ഹൃദയം, വൃക്ക, ശ്വാസകോശം, കണ്ണ് എന്നിവയെ ബാധിക്കാം. ചെറുപ്പക്കാരിലും ഈ രോഗം വ്യാപകമാണ്. സ്ത്രീകളിലാണു കൂടുതലായും രോഗം കണ്ടുവരുന്നത്. ചെറുതും വലുതുമായ സന്ധികളെ ബാധിക്കും. സന്ധികളിൽ നീർക്കെട്ട്, വീക്കം എന്നിവ ഉണ്ടാകും. ആമവാതം ഉള്ളവർക്കു രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകൾക്ക് കടുത്ത വേദനയുണ്ടാവും.
ലൂപ്പസ് (SLE)
രോഗാണുക്കളെ തടഞ്ഞു ശരീരത്തെ രോഗത്തിൽനിന്നു രക്ഷിക്കുന്ന പ്രതിരോധ സംവിധാനത്തിലെ തകരാറുമൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്യൂണൽ രോഗമാണ് സിസ്‌റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് (SLE). ജീവനു തന്നെ ഭീഷണിയാകാവുന്ന വാതരോഗമാണിത്.
ഇതുമൂലം വിളർച്ച ഉണ്ടാകാം. പനി, സന്ധിവേദന, മുടികൊഴിച്ചിൽ, മുഖത്തും ശരീരഭാഗങ്ങളിലും ഉള്ള ചുവന്ന പാടുകൾ, വായ്പുണ്ണ് തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. ലൂപ്പസ് തലച്ചോറ്, ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയെയെല്ലാം ബാധിക്കാം. വളരെ ഗൗരവമായി കാണേണ്ട വാതരോഗമാണിത്.
ഗൗട്ട്
രക്‌തത്തിലെ യൂറിക് ആസിഡിന്റെ അളവുകൂടുമ്പോൾ യൂറിക് ആസിഡ് ക്രിസ്‌റ്റലുകൾ (പരലുകൾ) സന്ധികൾക്കുള്ളിൽ അടിഞ്ഞുകൂടി വീക്കമുണ്ടാകുന്നതാണ് ഗൗട്ട്. 20നും 60നും ഇടയിൽ പ്രായമുള്ള പുരുഷൻമാരിലാണ് ഇതു കണ്ടുവരുന്നത്. കാലിന്റെ പെരുവിരലിന്റെ (തള്ളവിരൽ) ചുവട്ടിലുള്ള സന്ധികളിലും കാലിന്റെ മറ്റു സന്ധികളിലുമാണു രോഗം തുടങ്ങുക. പിന്നീട് കൈവിരലുകളിലെ സന്ധികളിലേക്കും വ്യാപിക്കാം. ശക്‌തിയായ വേദനയും ചുവപ്പുനിറവും പനിയും ഉണ്ടാവും. ചിലർക്കു ചെവിക്കിടയിലും സന്ധികൾക്കു ചുറ്റിലും യൂറിക് ആസിഡ് പരലുകൾ അടിഞ്ഞുകൂടി മുഴകൾ പ്രത്യക്ഷപ്പെടാം. യൂറിക് ആസിഡ് കല്ലുകൾ കിഡ്‌നിയിലുമുണ്ടാകാം.
പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലമാണ് യൂറേറ്റ് പരലുകൾ അടിയുന്നത്. അമിത മദ്യപാനം, റെഡ് മീറ്റ് എന്നിവയുടെ ഉപയോഗവും കാരണമാകാം. മൂത്രക്കല്ല്, രക്തസമ്മർദം ഉയരൽ, വൃക്ക തകരാർ എന്നിവ ഇതിനൊപ്പം ഉണ്ടാകാം. ഇതിനു പുറമെ അപൂർവമായി കണ്ടുവരുന്ന വാതരോഗമാണു വാസ്കുലൈറ്റിസ് (രക്തക്കുഴലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട്).
കുട്ടികളെയും ബാധിക്കും
പ്രായമായവരിൽ മാത്രമല്ല, കുട്ടികളിലും വാതരോഗം പിടിപെടാം. രക്തവാതം (റുമാറ്റിക് ഫീവർ), കാവസാക്കി രോഗം, ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് (JIA) എന്നിവയാണ് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നത്.
രക്തവാതം (റുമാറ്റിക് ഫീവർ)
അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണു രക്‌തവാതം ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ആണു രോഗം ഉണ്ടാക്കുന്നത്. സന്ധിവീക്കവും പനിയും തൊണ്ടവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. രണ്ടോ, മൂന്നോ ആഴ്‌ച കഴിയുമ്പോൾ കൈമുട്ട്, കാൽമുട്ട്, കണങ്കാൽ തുടങ്ങിയ സന്ധികളിൽ ശക്‌തിയായ വേദനയും ചുവപ്പുനിറവുമുണ്ടാകും. റുമാറ്റിക് ഫീവർ ആരംഭത്തിൽ തന്നെ ചികിൽസിച്ചില്ലെങ്കിൽ ഹൃദയവാൽവുകൾക്ക് ലീക്കോ, ചുരുക്കമോ ഉണ്ടാകാം. ഹൃദയത്തിന്റെ പമ്പിങ് തകരാറിലാകുകയും ചെയ്യും. അപൂർവമായി ഈ രോഗം തലച്ചോറിനെയും ബാധിക്കാം.
സീറോ നെഗറ്റീവ് ആർത്രൈറ്റിസ്
ഇത് ഒരു പൊതുവായ പേരാണ്. നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികൾ, ഇടുപ്പ് എന്നിവയെ ബാധിക്കുന്നതാണിത്. ആങ്കലോസിങ് സ്പോണ്ടലൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, റിയാക്ടീവ് ആർത്രൈറ്റിസ് തുടങ്ങിയവ ഇതിൽപ്പെടുന്നു. യുവാക്കളിലാണ് ഈ രോഗങ്ങൾ കൂടുതലും കാണുന്നത്.
മെച്ചപ്പെട്ട ചികിൽസ
വാതരോഗത്തിനു കൃത്യമായ ചികിൽസ ഇല്ല എന്ന തെറ്റിദ്ധാരണയാണ് പലർക്കും. ആധുനിക ചികിൽസാ രീതികളിലൂടെ വാതരോഗത്തെ പൂർണമായും അകറ്റിനിർത്താൻ കഴിയും. മുൻപത്തെ വേദനസംഹാരികളും സ്റ്റിറോയ്ഡുകളും മാത്രം ഉപയോഗിച്ചുള്ള ചികിൽസയിൽനിന്ന് ഇന്ന് ആരോഗ്യരംഗം ഏറെ മാറിക്കഴിഞ്ഞു. തൻമാത്രാ ചികിൽസ (Biologics വിഭാഗത്തിൽപ്പെട്ട മരുന്നുകൾ) ഇന്ന് ഏറെ ഫലപ്രദമാണ്. അസുഖത്തിന്റെ ഗതിയെ നിയന്ത്രിച്ചു നിർത്തി വാതരോഗിയെ സാധാരണ നിലയിലേക്കു കൊണ്ടുവരാൻ കഴിയുമെന്ന് ചുരുക്കം.
ലക്ഷണങ്ങൾ പലതരം
ഓരോ തരം വാതരോഗങ്ങളും ശരീരത്തിന്റെ പല അവയവങ്ങളെയും പലരീതിയിൽ ബാധിക്കുന്നു എന്നതിനാൽ പൊതുവായ ലക്ഷണങ്ങൾ പറയാൻ കഴിയില്ല, എങ്കിലും സ്ഥിരമായി സന്ധികളിൽ വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന എന്നിവ ഉണ്ടെങ്കിൽ വിദഗ്ധ ഡോക്ടറെ കണ്ട് ഉപദേശം തേടാവുന്നതാണ്. സന്ധികളിൽ വേദന, വീക്കം, ചുവപ്പുനിറം തുടങ്ങിയവ പൊതുവെയുള്ള ലക്ഷണങ്ങളായി പറയാമെങ്കിലും രോഗം ഏതാണെന്നു തിരിച്ചറിയണമെങ്കിൽ രക്‌തപരിശോധന ആവശ്യമാണ്. സന്ധിവാത രോഗികൾക്കു വരാനിടയുള്ള മറ്റ് അസുഖങ്ങളാണ് രക്‌തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ.
വിവരങ്ങൾക്ക് കടപ്പാട്:

ഡോ. രമേഷ് ഭാസി, റുമറ്റോളജി വിഭാഗം മേധാവി, മിംസ് ഹോസ്‌പിറ്റൽ, കോഴിക്കോട്. (ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്‌റ്റർ സെക്രട്ടറിയാണ്)

No comments: