ജ്യോതിഷം
അന്ധവിശ്വാസമാണെന്നും അതു നിരോധിക്കണം എന്നും വാദിക്കുന്നവർ ഈയിടെ കൂടുതലായി
രംഗത്തുവരുന്നുണ്ട്. അന്ധവിശ്വാസം നിരോധിക്കണം എന്ന കാര്യത്തിൽ ആർക്കും
തർക്കമുണ്ടാകില്ല. ഈ പരിഷ്കൃതസമൂഹത്തിൽ പ്രത്യേകിച്ചും. എന്നാൽ ജ്യോതിഷം
ശാസ്ത്രമാണോ കപടശാസ്ത്രമാണോ വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്നൊക്കെയുള്ള
കാര്യത്തിലാണു തർക്കം.
ഏതായാലും, അന്ധവിശ്വാസം നിരോധിക്കാനുള്ള
നിയമം സർക്കാരിന്റെ പണിപ്പുരയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്. നല്ലതു തന്നെ.
മഹാരാഷ്ട്രയിൽ
നിലവിലുള്ള അന്ധവിശ്വാസ നിരോധന നിയമത്തിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും
ഇത്തരമൊരു നിയമം തയാറാക്കുക എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലും
സംസ്ഥാനത്തു വിവിധ പൊതുവേദികളിലും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന
പൊലീസിലെ ഇന്റലിജൻസ് വിഭാഗം എഡിജിപി അന്ധവിശ്വാസ നിരോധന ബിൽ സംബന്ധിച്ചു കരടു
തയാറാക്കുകയും ചെയ്തു. മഹാരാഷ്ട്ര മാതൃകയിൽ അന്ധവിശ്വാസ നിയന്ത്രണബില്ലിനു രൂപം
നൽകാൻ മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരനു നിർദേശം
നൽകുകയും ചെയ്തിരുന്നു. നിയമവകുപ്പിന്റെ കൂടി പരിഗണനയ്ക്കു ശേഷം മാത്രമേ
ഇതുസംബന്ധിച്ച കൂടുതൽ നടപടികൾ ഉണ്ടാകൂ എന്നറിയുന്നു. മലപ്പുറത്തും
പത്തനംതിട്ടയിലും കഴിഞ്ഞ വർഷം മന്ത്രവാദത്തിനിടയിൽ പെൺകുട്ടികൾ മരിച്ചതിനെ
തുടർന്നാണ് ഇത്തരമൊരു നിയമത്തിനു രൂപം നൽകാൻ സർക്കാർ തയാറായത്.
അഭ്യസ്തവിദ്യരുടെ
നാടായ കേരളത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാകാൻ പാടില്ല എന്ന കാര്യത്തിൽ
തർക്കമില്ല. അന്ധവിശ്വാസങ്ങളുടെ തുടർച്ചയായി സാമ്പത്തിക ചൂഷണങ്ങളും കൊലപാതകങ്ങൾ
പോലും നടക്കുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കാൻ ഒരു സർക്കാരിനും കഴിയുകയുമില്ല.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാട് എടുക്കേണ്ടതു
കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണ്. എന്നാൽ, ജ്യോതിഷം അന്ധവിശ്വാസമാണോ അതു
നിരോധിക്കപ്പെടേണ്ടതാണോ എന്നതാണ് ഇവിടത്തെ വിഷയം. യഥാർഥത്തിൽ, ജ്യോതിഷം എന്തെന്നു ശരിക്കു മനസ്സിലാക്കാത്തവരാണ് അത് അന്ധവിശ്വാസമാണ്
എന്നു വാദിക്കുന്നത്. യഥാർഥ ജ്യോതിഷം ദുർമന്ത്രവാദങ്ങളെയോ അതിന്റെ പേരിൽ
ആരെയെങ്കിലും പീഡിപ്പിക്കുന്നതിനെയോ കൊലപ്പെടുത്തുന്നതിനെയോ അംഗീകരിക്കുന്നില്ല.
ജ്യോതിസ്സുകളെ
സംബന്ധിച്ചത് എന്നു മാത്രമാണ് ജ്യോതിഷം എന്ന സംസ്കൃതവാക്കിന് അർഥം. പ്രപഞ്ചത്തിലെ
ജ്യോതിർഗോളങ്ങളെ സംബന്ധിച്ച പഠനമാണത്. ലോകത്തെ ആധുനികജ്യോതിശ്ശാസ്ത്രത്തിന്റെ
ചുവടു തന്നെ ഭാരതീയമായ ജ്യോതിശ്ശാസ്ത്ര അറിവുകൾ ആണെന്നു കൂടി ഓർക്കണം.
ലോകത്തിനു
തന്നെ വിസ്മയാവഹമായ അറിവു സമ്മാനിച്ച ഭാരതത്തിലെ ചതുർവേദങ്ങളുടെ ആറ് അംഗങ്ങളിൽ
ഒന്നാണു ജ്യോതിഷം. ‘‘ജ്യോതിഃ കൽപോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ ഛന്ദോവിചിതിരേതാനി ഷഡംഗാനി
വിദുഃ സ്മൃതേഃ’’ എന്നാണു വേദാംഗങ്ങളെക്കുറിച്ചു പറയുന്നത്.
ജ്യോതിഷം, കൽപം, നിരുക്തം, ശിക്ഷാ, വ്യാകരണം, ഛന്ദശ്ശാസ്ത്രം
എന്നിവയാണ് വേദത്തിന്റെ ആറ് അംഗങ്ങൾ എന്നർഥം. ഈ അംഗങ്ങൾ ഓരോന്നും എന്തെന്നും
എന്തിനെന്നും നമ്മുടെ പൂർവികഗ്രന്ഥങ്ങളിൽ വ്യക്തവും വിശദവുമായി പറഞ്ഞിട്ടുണ്ട്.
‘‘ജ്യോതിശ്ശാസ്ത്രം
വദത്യത്ര കാലം വൈദികകർമണാം...’’ എന്നാണു
ജ്യോതിഷത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. വൈദികകർമങ്ങളുടെ കാലനിർണയത്തിനുള്ള
ശാസ്ത്രമാണു ജ്യോതിഷം എന്ന്. ഇതുപോലെ കൽപത്തിനും നിരുക്തത്തിനും ശിക്ഷാശാസ്ത്രത്തിനും
വ്യാകരണത്തിനും ഛന്ദശ്ശാസ്ത്രത്തിനുമൊക്കെ അതിന്റേതായ ദൗത്യമുണ്ട്.
രവീന്ദ്രൻ കളരിക്കൽ
No comments:
Post a Comment