Saturday, October 10, 2015

ഇന്ദ്രനെ മാംസപ്രിയനാക്കിയതിന് പിന്നില്‍….


BY ACHARYASRI RAJESH · AUGUST 20, 2015
ഇന്ദ്രനെ മാംസപ്രിയനാക്കിയതിന് പിന്നില്‍.
ഋഗ്വേദം 6.17.1 എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്നും അതിനാല്‍ വേദങ്ങള്‍ മാംസഭക്ഷണത്തെ അനുകൂലിക്കുന്നുവെന്നുമൊക്കെയുള്ള നുണപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ മന്ത്രത്തിന് ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.
മന്ത്രം കാണുക:

പിബ സോമമഭി യമുഗ്രതര്ദ ഊര്‌വ.
ഗവ്യം മഹി ഗൃണാന ഇന്ദ്ര
വി യോ ധൃഷ്‌ണോ വധിഷോ വജ്രഹസ്ത
വിശ്വാ വൃതമമിത്രിയാ ശവോഭിഃ

പ്രസ്തുത മന്ത്രത്തില്‍ ഉള്ള ഗവ്യംഎന്ന പദത്തിന് ഗോവില്‍ നിന്ന് ലഭിക്കുന്നത് എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ ഗോമാംസം എന്നൊന്നും അര്‍ത്ഥമില്ല. പാല്‍, നെയ്യ്, തൈര്, വെണ്ണ, ചാണകം, ഗോമൂത്രം എന്നിവയെല്ലാം പശുവില്‍നിന്നും ലഭ്യമാകുന്നു എന്നിരിക്കെ ഇതിന് ഗോമാംസം എന്ന അര്‍ത്ഥമെടുത്ത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല. ഇനി ഈ സൂക്തത്തിലെ തെറ്റിദ്ധാരണാജനകമായ അര്‍ത്ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുള്ള മറ്റൊരു മന്ത്രം കാണുക:

വര്ധാന്യം വിശ്വേ മരുതഃ സജോഷാഃ
പചച്ഛതം മഹിഷാം ഇന്ദ്ര തുഭ്യമ്
പൂഷ്വാ വിഷ്ണുസ്ത്രീണി സരാംസി
ധാവന്‌വൃത്രഹണം മദിരമംശുമസ്‌മൈ
(ഋഗ്വേദം 6.17.11)

ലൗകിക സംസ്‌കൃതം പഠിച്ചുകൊണ്ട് വേദഭാഷ്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നതറിയാന്‍ റാല്‍ഫ് ഗ്രിഫിത്തിന്റെ വേദഭാഷ്യത്തിലേക്ക് നോക്കുക.
‘He dressed a hundred buffaloes, O Indra, for thee whom all accordant Maruts strengthen. He, Pusan, Visnu, poured forth three great vessels to him, the juice that cheers, that slaughters Vrtra’
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട്
. ഇത്തരം വിവര്‍ത്തനമൊക്കെ പ്രമാണമാക്കിയാണ് ബുദ്ധിജീവികളെന്ന് സ്വയം കരുതുന്നവര്‍ ഇന്ദ്രന്‍ നൂറ് പോത്തുകളെ ശാപ്പാടാക്കി എന്നൊക്കെ പ്രചരിപ്പിക്കുന്നത്. The Myth of the Holy Cow എന്ന ഗ്രന്ഥത്തില്‍ ഒന്നാം അധ്യായത്തില്‍ ഡി.എന്‍. ഝാ ഇതേക്കുറിച്ച് വല്ലാതെ വാചാലനാകുന്നതു കാണാം. ശരീരമുള്ളവനേ ഭക്ഷണത്തിന്റെ ആവശ്യമുള്ളൂ. അങ്ങനെയെങ്കില്‍ നൂറു കാളകളെ ശാപ്പാടാക്കിയ ഇന്ദ്രനാരാ ദിനോസറോ മറ്റോ ആയിരുന്നോ? യാഥാര്‍ത്ഥ്യമെന്തെന്ന് നോക്കാം. സംഗതി ഇത്രയേ ഉള്ളൂഇന്ദ്രശബ്ദത്തിന് ഐശ്വര്യത്തിന് കാരണമാകുന്ന ഈശ്വരീയ ഗുണം എന്നാണ് അര്‍ത്ഥം (ഇദി പരമൈശ്വര്യേ). 6.17.11 മന്ത്രത്തിന്റെ ഋഷി ഭരദ്വാജോ ബാര്‍ഹസ്പത്യഃആണ്. ഭ്രിയ ഭരണേഎന്ന ധാതുവില്‍ നിന്നാണ് ഭരദ്വാജനെന്ന പദമുണ്ടായത്. ഭരിച്ച് പോഷിപ്പിക്കുന്നവനെന്നര്‍ത്ഥം. അതിനാല്‍ത്തന്നെ ഇന്ദ്ര ശബ്ദത്തിന് രാജാവ് എന്ന അര്‍ത്ഥം അനുയോജ്യമായി വരുന്നു. രാജാവ് ഭരിച്ച് പോഷിപ്പിക്കുന്നതിനാല്‍ ഭരദ്വാജനുമാണ്, പ്രജകളുടെ ഐശ്വര്യത്തിന് ഹേതുവാകയാല്‍ ഇന്ദ്രനുമാണ്.
ഇനി ഏറ്റവും വിവാദപൂര്‍ണ്ണമായ മഹിഷശബ്ദത്തിന്റെ അര്‍ത്ഥമെന്തെന്ന് നോക്കാം. ലൗകിക സംസ്‌കൃതത്തില്‍ പോത്ത് എന്നാണതിന് അര്‍ത്ഥം. എന്നാല്‍ അത് സ്വീകരിച്ചുകൊണ്ട് ഗ്രിഫിത്ത് എഴുതിയതുപോലുള്ള അര്‍ത്ഥം മന്ത്രത്തിനു കൊടുത്താല്‍ അത് പൂര്‍വ്വാപര മന്ത്രങ്ങളുടെ അര്‍ത്ഥങ്ങളോട് ചേരുന്നതല്ല, മാത്രമല്ല നേരത്തെ പറഞ്ഞ വേദങ്ങളുടെ അഹിംസാ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി ഭവിക്കുകയും ചെയ്യും. പിന്നെ എന്ത് അര്‍ത്ഥം സ്വീകരിക്കും? അത് അറിയണമെങ്കില്‍ വൈദിക സംസ്‌കൃതം പഠിച്ചേതീരൂ. മഹ പൂജായാംഎന്ന ധാതുവിനോട് ടിഷച്പ്രത്യയം ചേര്‍ത്തിട്ടാണ് മഹിഷശബ്ദം ഉണ്ടായത്. സേവിക്കാന്‍ യോഗ്യമായത്എന്നര്‍ത്ഥം. പ്രജകള്‍ രാജാവിനെയും രാജ്യത്തെയും ഉത്തമ പദാര്‍ത്ഥങ്ങള്‍കൊണ്ട് സേവിക്കുക. അതുപോലെ രാജാവ് തന്റെ പ്രജകളുടെ ഐശ്വര്യത്തിന് കാരണമായിത്തീരുകഎന്ന് ഈ മന്ത്രഭാഗത്തിന്റെ ഭാവാര്‍ത്ഥവും പറയാം. ഇതിനു സമാനമായി ഋഗ്വേദം 1.80.7ല്‍ രാജാവിന് കരം കൊടുത്തുകൊണ്ട് സ്വന്തം രാജ്യത്തെ പൂജിക്കാനായി പറയുന്നത് കാണാം.(അര്‍ച്ചന്നനു സ്വരാജ്യം). രാജ്യതന്ത്രത്തെ പ്രതിപാദിക്കുന്ന മന്ത്രത്തിനുപോലും ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചത് ഇത്തരക്കാരുടെ പാണ്ഡിത്യത്തെയും ഉദ്ദേശ്യ (അ)ശുദ്ധിയെയും തുറന്നുകാണിക്കുന്നു.
വധൂഗൃഹത്തിലെ
പശുവിനെ കൊല്ലല്‍
സൂര്യായാഃ വഹതുഃ പ്രാഗാത്സവിതാ യമവാസൃജത്.
അഘാസു ഹന്യന്തേ ഗാവോf ര്ജുന്യോഃ പര്യുഹ്യതേ

ഇതിന് ഗ്രിഫിത്ത് കൊടുത്ത അര്‍ത്ഥം ഇപ്രകാരമാണ്: The bridal pomp of Surya, which Savitar started, moved along. In Magha days are oxen slain, in Arjuris they wed the bride. ഋഗ്വേദം 10.85 സൂക്തം ആലങ്കാരികമായി അവതരിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരുടെ വിവാഹമാണ്. സൂക്തം മുഴുവന്‍ വായിച്ചാല്‍ ഇവിടെ വധുവിന്റെ വീട്ടില്‍ കാളകളെ കൊല്ലുന്നുഎന്ന അര്‍ത്ഥം അനുയോജ്യമല്ല എന്നു മനസ്സിലാകും. മാത്രവുമല്ല ആ അര്‍ത്ഥം ഗാ മാ ഹിംസി’ (ഗോവിനെ കൊല്ലരുത്) മുതലായ വേദവാക്യങ്ങള്‍ക്ക് വിരുദ്ധവുമാവും. സൂര്യനെയും ചന്ദ്രനെയും കുറിച്ച് പറയുന്നിടത്ത് കാളയെയും പശുവിനെയും കൊല്ലേണ്ട കാര്യമുണ്ടോ എന്നും സംശയം തോന്നിയേക്കാം. യാഥാര്‍ത്ഥ്യം എന്തെന്ന് നോക്കാം. ഗൗശബ്ദത്തെക്കുറിച്ച് നിരുക്തത്തില്‍പ്പറയുന്നത് കാണുക: സര്‍വ്വേപി രശ്മയോ ഗാവ ഉച്യന്തേഅതായത് രശ്മികളെയും ഗോ ശബ്ദത്താല്‍ അര്‍ത്ഥമാക്കുന്നുണ്ട്. ഹന്ശബ്ദത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്. ഹന് ഹിംസാ ഗത്യോഃ. ഗതേസ്ത്രയോf ര്ഥാഃ ജ്ഞാനം ഗമനം പ്രാപ്തിശ്ചേതി.കൊല്ലുക എന്ന സാമാന്യ അര്‍ഥത്തെക്കൂടാതെ ഹന് എന്നതിന് ഗതി എന്നും അര്‍ത്ഥമുണ്ട്. ഗതി എന്നതിനാകെട്ട ജ്ഞാനം, ഗമനം, പ്രാപ്തി എന്നും അര്‍ത്ഥമുണ്ട്. ഗമനം (സഞ്ചരിക്കുക) എന്ന അര്‍ത്ഥം ഇവിടെ അനുയോജ്യമാണ്. അങ്ങനെയെങ്കില്‍ മന്ത്രത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്ന് നോക്കാം. (സൂര്യായാഃ) സൂര്യയുടെ അഥവാ സൂര്യപ്രകാശത്തിന്റെ (വഹതുഃ) വിവാഹം (യം സവിതാ അവാസൃജത്) പിതാവായ സൂര്യന്‍ നടത്തിക്കൊടുക്കുന്നു. (അഘാസു) മാഘ മാസത്തില്‍ (ഗാവഃ) സൂര്യകിരണങ്ങള്‍ (ഹന്യന്തേ) സഞ്ചരിക്കുന്നു. കൂടാതെ സൂര്യപ്രകാശം (അര്‍ജുന്യോഃ) രാത്രിയില്‍ (പരി ഉഹ്യതേ) താമസിക്കുകയും ചെയ്യുന്നു. വധുവായ സൂര്യപ്രകാശം വരനായ ചന്ദ്രന്റെ ഗൃഹത്തില്‍ ചന്ദ്രനോടൊത്ത് താമസിക്കാന്‍ തുടങ്ങുന്നു എന്ന് പറയുന്നതില്‍ നിന്നും നമുക്ക് ചന്ദ്രന്‍ കൂടുതല്‍ സമയം ദൃശ്യമാകുന്നു എന്ന് സിദ്ധിക്കുന്നു. ചന്ദ്രന്‍ കൂടുതല്‍ നേരം ദൃശ്യമാവണമെങ്കില്‍ രാത്രിയുടെ അളവ് പകലിനെ അപേക്ഷിച്ച് കൂടുതലായിരിക്കണം. മാഘമാസത്തില്‍ (മകര മാസം) രാത്രിയുടെ അളവ് പകലിനെ അപേക്ഷിച്ച് വളരെ കൂടുതലാെണന്ന പ്രാപഞ്ചിക സത്യം വളരെ ആലങ്കാരികമായി പ്രതിപാദിക്കുന്ന വേദമന്ത്രമാണിതെന്നു വ്യക്തം.
ഗോമാംസ ഹവിസ്സിന്
വേദവിധി!
ഋഗ്വേദം 8.43.11 ഉദ്ധരിച്ചുകൊണ്ട് Vedic Index എന്ന പുസ്തകത്തില്‍ മക്‌ഡൊണലും കീത്തും പ്രസ്താവിക്കുന്നതു കാണുക. ‘‘The eating of flesh appears as something quite regular in the Vedic texts, which shows no trace of the doctrine of ahimsa or abstaining from injury of animals. For example, the ritual offering of flesh contemplates that the gods will eat it, and again the Brahmanas ate the offering.’’ (‘Vedic Index’, Volume 2, page 145)

ഋഗ്വേദം 8.43.11 മന്ത്രം ഇങ്ങനെയാണ്.
ഉക്ഷാന്നായ വശാന്നായ സോമപൃഷ്ഠായ
വേധസേ സ്‌തോമൈര് വിധേമാഗ്നയേ

ഇവിടെ ഉക്ഷാന്നായഎന്നതിന് കാളയെ ഭക്ഷണമാക്കുന്നവന്‍ എന്നും വശാന്നായഎന്നതിന് പശുവിനെ ഭക്ഷണമാക്കുന്നവനെന്നുമുള്ള അര്‍ത്ഥം എടുത്തുകൊണ്ടാണ് അഗ്നിയില്‍ അവയെ ഹോമിച്ച ബ്രാഹ്മണര്‍ അതിനുശേഷം മാംസം ഭക്ഷിച്ചിരുന്നതെന്നു മക്‌ഡൊണലും കീത്തും പ്രസ്താവിച്ചത്. ഇനി മന്ത്രാര്‍ത്ഥം അങ്ങനെയാണെന്നുതന്നെയിരിക്കട്ടെ, എന്നാല്‍ത്തന്നെ അഗ്നിക്കു ഭക്ഷണമാകുന്നതെല്ലാം ബ്രാഹ്മണര്‍ക്കും ഭക്ഷണമാകണമെന്ന് എന്താണ് നിര്‍ബന്ധം? ഋഗ്വേദം 8.44.26ല്‍ അഗ്നിയെ വിശ്വാദംഎന്നാണ് വിശേഷിപ്പിക്കുന്നത്. സര്‍വ്വവും ഭക്ഷിക്കുന്നവനെന്നര്‍ത്ഥം. അഗ്നി എല്ലാത്തിനെയും ദഹിപ്പിക്കാന്‍ പ്രാപ്തിയുള്ളവനാണന്നുള്ളതിനാലാണ് അങ്ങനെയൊരു വിശേഷണം വന്നു ചേര്‍ന്നത്. എന്നു കരുതി ബ്രാഹ്മണരെല്ലാം സര്‍വ്വവും- അതായത് കല്ലും മണ്ണുമെല്ലാം തിന്നണമെന്ന് അര്‍ത്ഥമുണ്ടോ? എന്തായാലും മക്‌ഡൊണലും കീത്തും പറയുംപ്രകാരം ഋഗ്വേദം 8.43.11 മന്ത്രം വേദങ്ങളിലെ അഹിംസാസിദ്ധാന്തത്തിനെതിരാണെങ്കില്‍ അതൊന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. വശശബ്ദത്തിന് ലൗകിക സംസ്‌കൃതത്തില്‍ മച്ചിപ്പശുഎന്നാണര്‍ത്ഥം. പാല്‍ ലഭിക്കാത്തതിനാല്‍ അത് ഉപയോഗശൂന്യമാണ് എന്നതിനാല്‍ത്തന്നെ അതിനെ കൊന്ന് മാംസം കഴിക്കാനാണ് ഈ മന്ത്രത്തില്‍ ഉപദേശിക്കുന്നതെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ അഥര്‍വവേദം 10.10.4ലെ വശാം സഹസ്രധാരാഎന്ന പ്രയോഗം കാണുക. ആയിരം ധാരകളിലായി പാല്‍ ചുരത്തുന്നവള്‍ എന്നര്‍ത്ഥം. അഥര്‍വ്വം 10.10 സൂക്തം, അഥര്‍വ്വം 12.4. സൂക്തം എന്നിവയിലെല്ലാം വശ ധാരാളം പാല്‍ തരുന്നതാണെന്ന് പലയിടങ്ങളിലായി പറയുന്നു. കാണുക.
അഥര്‍വ്വം 10.10
1. ശതം കംസാഃ ശതം ദോഗ്ധാരഃ ശതം ഗോപ്താരോ അധി പൃഷ്‌ഠേ അസ്യാഃ (4)
2. ഇരാക്ഷീരാ
. വശാ (6)
3. ഊധസ്‌തേ ഭദ്രേ പര്ജന്യഃ
. വശേ (7)
4. ധുക്ഷേ
. ക്ഷീരം വശേ ത്വമ് (8)
5. തേ
. പയഃ ക്ഷീരം. അഹരദ്വശേ (10)
6. തേ
.. ക്ഷീരം അഹരദ്വശേ.. ത്രിഷു പാത്രേഷു രക്ഷതി (11)
7. സര്‌വേ ഗര്ഭാതവേപന്ത
. അസൂസ്വഃ. സസൂവ ഹി താമാഹുര്‍വശേതി (23)
8. രേതോ അഭവദ്വശായാഃ
. അമൃതം തുരീയമ്. (29)
9. വശായാ ദുഗ്ധമപിബനസാധ്യാ വസവശ്ച വേ (30)
10. വശായാ ദുഗ്ധം പീത്വാ സാധ്യാ വസവശ്ച യേ.
തേ വൈ ബ്രധ്‌നസ്യ വിഷ്ടപി പയോ അസ്യാ ഉപാസതേ(31)
11. ഏനാമേകേ ദുഹേ ഘൃതമേക ഉപാസതേ (32)
അഥര്‍വവേദം 12.4
12. ഉഭയേന അസ്‌മൈ ദുഹേ (18)
13. സുദുധാ
. വശാ. ദുഹേ (35)
14. പ്രവീയമാനാ
. വശാ (37)
15. ഗോപതയേ വശാദദുഷേ വിഷം ദുഹേ (39)
16. വശായാസ്തത് പ്രിയം യദ്ദേവത്രാ ഹവിഃ സ്യാത് (40)

മോണിയര്‍ വില്യംസ് തന്റെ സംസ്‌കൃതം-ഇംഗ്ലീഷ് നിഘണ്ടുവില്‍ വശശബ്ദത്തിന് അര്‍ത്ഥം കൊടുത്തിരിക്കുന്നത് ‘will, wish, desire’ എന്നൊക്കെയാണ്. (Monier Williams’ Sanskrit-English Dictionary, page 929, column 2) ‘ഉക്ഷശബ്ദത്തില്‍നിന്നുണ്ടായ ഉക്ഷാന്നായഎന്നതിന് സേചനത്തിനുതകുന്നത് എന്നുമാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ ബീജവര്‍ദ്ധകങ്ങളായ ഔഷധങ്ങളെയും ഉക്ഷശബ്ദത്താല്‍ സൂചിപ്പിക്കുന്നു. ഇനി ആ മന്ത്രത്തിന് പണ്ഡിറ്റ് ജയദേവ ശര്‍മ്മ എഴുതിയ വ്യാഖ്യാനത്തിന്റെ മലയാള വിവര്‍ത്തനം കാണുക. അഗ്നിയ്ക്കു സമാനമായ (അഗ്നേ) അലൗകികമായ ആത്മാവിനെ (ആത്മാ) നമുക്ക് വേദമന്ത്രങ്ങളാല്‍ (സ്‌തോമൈഃ) സ്തുതിക്കാം. അത് പുനരുല്പാദ നക്ഷമമായ അന്നത്തെ (ഉക്ഷാന്നായ) സ്വീകരിക്കുന്നു. അത് അന്നത്തെ ഇച്ഛയ്ക്കനുസരിച്ച് (വശാന്നായ) ആസ്വദിക്കുന്നു. അതുതന്നെയാണ് ചേതനയുടെ പ്രകൃതവും (സോമപൃഷ്ഠായ). ഇനി പ്രസ്തുത മന്ത്രം ദ്രവ്യയജ്ഞത്തെക്കുറിക്കുന്നതാണെന്ന് ശഠിക്കുന്നവര്‍ക്കായി വേണമെങ്കില്‍ അങ്ങനെയും അര്‍ത്ഥം പറയാം. അതിനാദ്യം ലുപ്ത തദ്ധിത പ്രക്രിയയെക്കുറിച്ചറിയേണ്ടതുണ്ട്. ഒരു വസ്തുവിന്റെ ഏതെങ്കിലുമൊരു ഭാഗത്തെ സൂചിപ്പിക്കാനായി വസ്തുവിനെ മുഴുവനായും പറയുകയാണ് ഇതില്‍ ചെയ്യുക. ഉദാഹരണമായി ഋഗ്വേദം 9.46.4ല്‍ ഗോഭിഃ ശ്രീണിത മത്സരംഎന്നതു കാണുക. അതായത് സോമവും (മത്സരം) പശുക്കളും (ഗോഭിഃ) തമ്മില്‍ കൂട്ടിക്കലര്‍ത്തുക (ശ്രീണിത).എന്നാല്‍ ഇത് നിരര്‍ത്ഥകമായ വിവര്‍ത്തനമാണ്. യഥാര്‍ത്ഥ അര്‍ത്ഥം അറിയാന്‍ യാസ്‌കന്റെ നിരുക്തം 2.5 കാണുക.
അഥാപ്യസ്യാം താദ്ധിതേന
കൃതസ്‌നവന്നിഗമാ ഭവന്തി.
ഗോഭിഃ ശ്രീണിത മത്സരമിതിപയസഃ

ഇവിടെ ലുപ്ത തദ്ധിത പ്രക്രിയയുപയോഗിച്ചതിനാല്‍ ഗോഎന്നതിന് പശു എന്നല്ല, മറിച്ച് പാല്‍ എന്നാണ് അര്‍ത്ഥം സ്വീകരിക്കേണ്ടതെന്ന് യാസ്‌കന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് മക്‌ഡൊണലിനും കീത്തിനും അറിവുള്ള സംഗതിതന്നെ ആയിരുന്നുവെന്നത് ‘Vedic Index’, Volume I, പേജ് 234 കണ്ടാല്‍ മനസ്സിലാകും. അവിടെ ഇങ്ങനെ എഴുതിയതു കാണാം.
‘‘The term ‘go’ is often applied to express the products of the cow. It frequently means the milk, but rarely the flesh of the animal.’’
ഇതറിഞ്ഞുകൊണ്ടാണ് അവര്‍ ഋഗ്വേദം 8.43.11നെ ദുര്‍വ്യാഖ്യാനിച്ചത്. ഇനി മന്ത്രത്തിലേക്കു വരാം. ഇവിടെ മന്ത്രത്തിലെ വശാന്നഎന്നതിന് പാല്‍ എന്നും ഉക്ഷാന്നഎന്നതിന് കാളയുടെ സഹായത്താല്‍ ഉല്പാദിപ്പിച്ച ധാന്യമെന്നും അര്‍ത്ഥമെടുത്താല്‍ മതിയാകും. അരിയും പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാല്‍ച്ചോറ്യജ്ഞത്തില്‍ ഹോമിക്കുക എന്നത് സര്‍വ്വസാധാരണമാണ്. ഇതുപോലെത്തന്നെയാണ് ഋഗ്വേദം 10.91.14 നും പാശ്ചാത്യര്‍ കൊടുത്ത അര്‍ത്ഥം. പ്രസ്തുത മന്ത്രവും അതിന് ഗ്രിഫിത്ത് എഴുതിയ അര്‍ത്ഥവും താഴെക്കൊടുക്കുന്നു.

യസ്മിന്നശ്വാസ ഋഷഭാസ ഉക്ഷണോ
വശാ മേഷാ അവസൃഷ്ടാസ ആഹുതാഃ.
കിലാലപേ സോമപൃഷ്ഠായ വേധസേ
ഹൃദാ മതിം ജനയേ ചാരുമഗ്നയേ.

He in whom horses, bulls, oxen, and barren cows, and rams, when duly set apart, are offered up,— To Agni, Soma-sprinkled, drinker of sweet juice, Disposer, with my heart I bring a fair hymn forth. എന്നാല്‍ പശ്ചാത്തലം പോലും മനസ്സിലാക്കാതെയാണ് ഗ്രിഫിത്ത് അര്‍ത്ഥമെടുത്തിരിക്കുന്നത്. കാരണം ഇതിനു തൊട്ടുമുന്‍പുള്ള സൂക്തമാണ് പുരുഷ സൂക്തമെന്ന് പേരില്‍ പ്രസിദ്ധമായ സൂക്തം. അവിടെ സൃഷ്ടിയജ്ഞത്തെക്കുറിച്ചാണ് പറയുന്നത് എന്നതും സര്‍വ്വസമ്മതമാണ്. പുരുഷസൂക്തത്തിലെ പത്താം മന്ത്രത്തില്‍ സൃഷ്ടിയജ്ഞത്തില്‍ നിന്ന് അശ്വം, ഗോ, അജം തുടങ്ങിയവ ഉണ്ടായി എന്നു പറയുന്നു.

തസ്മാദശ്വാ അജായന്ത യേ കേ ചോ
ഭയാദതഃ ഗാവോ ഹ ജജ്ഞിരേ തസ്മാത്
തസ്മാജ്ജാതാ അജാവയഃ
(ഋഗ്വേദം 10.90.10)

സൃഷ്ടിക്കപ്പെട്ട അവകളുടെ അര്‍ത്ഥം എന്തുതന്നെയായാലും, അങ്ങനെ സൃഷ്ടിക്കപ്പെട്ടതെല്ലാം കല്പത്തിന്റെ അവസാനം തിരിച്ച് പ്രളയാഗ്നിയിലേക്ക് തന്നെ തിരിച്ചുപോകുന്നു എന്നുമാത്രമാണ് ഋഗ്വേദം 10.91.4ല്‍ പറയുന്നത്. അല്ലാതെ അത് ദ്രവ്യയജ്ഞത്തെക്കുറിച്ച് പറയുന്ന മന്ത്രമല്ല. ഇനി അത് ദ്രവ്യയജ്ഞമാണെന്ന് ശഠിച്ചാല്‍ത്തന്നെ ഗ്രിഫിത്തിന് ഇപ്രകാരം വേദങ്ങളിലെ അഹിംസാ സിദ്ധാന്തത്തിനു വിരുദ്ധമായി അര്‍ത്ഥം പറയേണ്ട കാര്യവുമില്ല. കാരണം അഥര്‍വ്വം 11.3.5 മന്ത്രം ഇങ്ങനെയാണ്. അശ്വാഃ കണാ ഗാവസ്തണ്ഡുലാ മശകാസ്തുഷാഃഇതിനു ഗ്രിഫിത്ത് കൊടുത്ത അര്‍ത്ഥം കാണുക. Horses are the grains; oxen are the winnowed rice grains; gnats the husks. അശ്വത്തിനും ഗോവിനുമെല്ലാം ധാന്യങ്ങളെന്നും അര്‍ത്ഥമുണ്ടെന്നറിയാമായിരുന്നിട്ടും, അതെല്ലാം മറച്ചുവെച്ചുകൊണ്ട് വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനിക്കുക മാത്രമാണ് ഗ്രിഫിത്ത് ചെയ്തതെന്നു വ്യക്തം. ഇന്റര്‍നെറ്റില്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വേദഭാഷ്യമാണ് റാല്‍ഫ് ഗ്രിഫിത്തിന്റേത്. ഇനിയും ഒട്ടേറെ മന്ത്രങ്ങള്‍ ഇപ്രകാരം ദുര്‍വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാംതന്നെ വിശകലനം ചെയ്യുക എന്നത് ഇവിടെ പ്രായോഗികമല്ല എന്നതിനാല്‍ അതിനു മുതിരുന്നില്ല. ചോറ് വെന്തോ എന്നറിയാന്‍ ഒന്നോ രണ്ടോ വറ്റെടുത്ത് പരിശോധിച്ചാല്‍ മതിയാകുമല്ലോ
.

No comments: