Monday, October 05, 2015

കള്ളനോട്ട്

കൈവശമുള്ള നോട്ടിനെ വിശ്വസിക്കാനാവാത്ത അവസ്ഥ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തുണിക്കടയിലോ ഹോട്ടലിലോ കയറി ബില്ലടയ്ക്കാൻ കൗണ്ടറിലെത്തുമ്പോൾ ഇതു കള്ളനോട്ടാണ്, ഇങ്ങോട്ടു മാറി നിൽക്കൂ, പൊലീസ് വന്നിട്ടു പോയാൽ മതിഎന്നു കേൾക്കുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കും? പണ്ടൊക്കെ മാറ്റാർക്കോ സംഭവിച്ചിരുന്ന ഇത്തരം അനുഭവം ഇന്നു നമ്മുടെ സ്വന്തം അനുഭവമാവുന്ന നിലയിലാണ്. അത്രയ്ക്കാണു കള്ളനോട്ട് വ്യാപകമായിരിക്കുന്നത്.
എടിഎമ്മിൽ നിന്നു പോലും കള്ളനോട്ട് ലഭിക്കുന്ന സ്ഥിതിയിലാണു കാര്യങ്ങൾ. ദിവസങ്ങൾക്കു മുൻപ് ആലുവയിൽ ഒരാൾ അടുത്തടുത്ത കടകളിൽ കയറി കുറഞ്ഞ തുകയ്ക്കു സാധനങ്ങൾ വാങ്ങി ആയിരത്തിന്റെ നോട്ടുകൾ മാറിയെടുക്കാൻ തുടങ്ങിയപ്പോഴാണു കള്ളനോട്ട് ആണെന്ന കാര്യം വ്യാപാരികൾ ശ്രദ്ധിച്ചത്. കള്ളനോട്ടുകൾ തടയാനായി എല്ലാ കറൻസി നോട്ടുകളിലും പുതിയ നമ്പറിങ് സംവിധാനവും ഏഴു പുതിയ സുരക്ഷാക്രമീകരണങ്ങളും ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രശ്നത്തിന്റെ ഗൗരവം വിളിച്ചു പറയുന്നുണ്ട്.
കള്ളനോട്ട് അബദ്ധത്തിൽ കയ്യിൽപ്പെട്ടാൽ നശിപ്പിച്ചു കളയുകയാണ് ആദ്യ മാർഗം. പൊലീസിൽ വിവരമറിയിക്കുകയാണു രണ്ടാമത്തെ മാർഗം. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകൾക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊലീസിനും ബാങ്കുകൾക്കും നോഡൽ ഓഫിസർമാരുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2011 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണു നോഡൽ ഓഫിസറെ നിയമിച്ചിരിക്കുന്നത്.
കള്ളനോട്ട് കയ്യിലെത്തിയാൽ അത്രയും പണം നഷ്ടപ്പെട്ടു എന്നു കരുതേണ്ടിവരും. ഈ നോട്ട് ബാങ്കിൽനിന്നു മാറിക്കിട്ടാനുള്ള സാധ്യത വിരളമാണ്. ബാങ്ക് കൗണ്ടർ വഴി നോട്ട് കൈപ്പറ്റുമ്പോൾ കള്ളനോട്ട് ആണെന്നു മനസ്സിലായാൽ അപ്പോൾത്തന്നെ മാറ്റി വാങ്ങാം. എടിഎം വഴി എടുക്കുന്ന മുഴുവൻ നോട്ടുകളും നമ്പർ കാണുന്നവിധം എടിഎം മെഷീനിലെ ക്യാമറയ്ക്കു മുന്നിൽ പിടിക്കണമെന്നാണു ബാങ്കുകൾ നിർദേശിക്കാറുള്ളത്.
കിട്ടിയതു കള്ളനോട്ടാണെന്നു പിന്നീടു മനസ്സിലായാൽ നോട്ട് സഹിതം ബാങ്കിലെത്തി പരാതി നൽകാം. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു ബോധ്യപ്പെട്ടാൽ നോട്ട് മാറ്റി നൽകും.
കള്ളനോട്ട് കണ്ടെത്താൻ
യഥാർഥ നോട്ടിൽ റിസർവ് ബാങ്ക് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സുരക്ഷാ സംവിധാനമെല്ലാം അതേപടി പകർത്താൻ ആർക്കും കഴിയില്ല. എങ്കിലും സാധാരണക്കാരന് ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിൽ സൂക്ഷമതയോടെ ചിലർ കള്ളനോട്ട് അച്ചടിക്കുന്നുണ്ട്.
തടിപ്പു തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഇന്റാഗ്ലിയോ അച്ചടി (കാഴ്‌ചശക്‌തി ഇല്ലാത്തവർക്കും നോട്ടിന്റെ മൂല്യം തിരിച്ചറിയാനുള്ള വഴിയാണിത്).
അച്ചടിക്കാത്ത ഭാഗത്തെ ഗാന്ധിജിയുടെ ജലരേഖാ ചിത്രം വെളിച്ചത്തിനു നേരെ പിടിച്ചാൽ കാണാൻ കഴിയും.
പല കോണുകളിൽ നോക്കിയാൽ നിറ വ്യത്യാസം തോന്നിപ്പിക്കുന്ന മഷിയിലാണു യഥാർഥ നോട്ടിന്റെ മൂല്യം അച്ചടിച്ചിരിക്കുന്നത്. (പച്ച, നീല നിറത്തിൽ ഇവ വായിക്കാൻ കഴിയും.)
അഞ്ചു രൂപയ്‌ക്കു മുകളിലുള്ള നോട്ടുകളിൽ സുരക്ഷാ ഇഴയുണ്ടാവും. പുതിയ നോട്ടുകളിൽ ഇടവിട്ടു തിളങ്ങുന്ന വെള്ളി രേഖ സുരക്ഷിതത്വ ഇഴയ്‌ക്കു മുകളിൽ ദൃശ്യമാകും. നോട്ട് വെളിച്ചത്തിനു നേരെ പിടിച്ചാൽ ധാര മുറിയാതെ രേഖ കാണാം.
അൻപതു മുതൽ 1000 വരെയുള്ള നോട്ടുകളിൽ രൂപയുടെ മൂല്യം മറഞ്ഞിരിക്കുന്ന പ്രതിബിംബമായി അച്ചടിച്ചിട്ടുണ്ടാവും.
യഥാർഥ നോട്ടിന്റെ ഇടതു ഭാഗത്തുള്ള ജലരേഖ ജാലകത്തിനടുത്തായി കാണപ്പെടുന്ന മൂല്യം എഴുതിയതു കൃത്യമായി വായിക്കാൻ പ്രകാശത്തിനു നേരെ പിടിച്ചുവായിക്കണം.
ക്രമനമ്പർ തിളക്കമുള്ള മഷിയിലാണു യഥാർഥ നോട്ടിൽ അച്ചടിക്കുക. അൾട്രാ വയലറ്റ് പ്രകാശത്തിൽ ഇതിലെ ഒപ്‌റ്റിക്കൽ നാരുകൾ തെളിഞ്ഞുകാണും.
യഥാർഥ നോട്ടുകൾ അച്ചടിക്കുന്നതു മേൽത്തരം റാഗ് പേപ്പറിലാണ്. ഒടിച്ചാൽ ഒടിയുകയും എണ്ണുമ്പോൾ പടപട ശബ്‌ദം കേൾക്കുകയും ചെയ്യുന്നതാണ് ഇത്തരം പേപ്പറുകളുടെ പ്രത്യേകത.
യഥാർഥ നോട്ട് കയ്യിലിരുന്നു മുഷിഞ്ഞാലും ഇതിലെ അച്ചടിക്കു മാറ്റം വരാറില്ല. നോട്ട് ചുരുട്ടിക്കൂട്ടിയാലും ഇതു സ്വയം നിവർന്നു വരും.
ഇ പെയ്മെന്റ് കൂടുന്നു
ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ച് ഇടപാടു നടത്താനാണ് ഇപ്പോൾ വ്യാപാരികളും ആഗ്രഹിക്കുന്നത്. ബസുകളിൽ ദിവസവും മൂന്നും നാലും കള്ളനോട്ടുകൾ ലഭിക്കാറുണ്ടെന്നാണു ജീവനക്കാർ പറയുന്നത്. നൂറിന്റെ കള്ളനോട്ടുകൾ ഇപ്പോൾ വ്യാപകമല്ലെങ്കിലും ഇതരസംസ്ഥാന തൊഴിലാളികൾക്കു കൂലി കള്ളനോട്ടായി നൽകുന്ന വൻറാക്കറ്റുകൾ കേരളത്തിൽ സജീവമായതോടെ നൂറിന്റെയും അൻപതിന്റെയും കള്ളനോട്ട് വ്യാപകമായിട്ടുണ്ട്.
ഓണക്കാലത്തു വിപണിയിൽ കള്ളനോട്ടുകൾ പ്രചരിക്കാനുള്ള സാധ്യത പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സഹകരണബാങ്കിങ് മേഖലയ്ക്കു പുറമേ സർക്കാരിന്റെ കാഷ് കൗണ്ടറുകളിലും കള്ളനോട്ടുകൾ കണ്ടെത്തുന്നുണ്ട്.
ട്രഷറിയിലും ആർടി ഓഫിസിലും മറ്റും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചു കള്ളനോട്ടുകൾ തിരിച്ചറിയുന്ന മാർഗമാണ് അവലംബിക്കുന്നത്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലും കടകളിലും ഇപ്പോൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
അടി പാഴ്സലായി വരുമെന്നപഴയ തമാശപ്രയോഗം കള്ളനോട്ടിന്റെ കാര്യത്തിൽ യാഥാർഥ്യമായിരിക്കുകയാണ്. കേരളത്തിലേക്ക് ഇപ്പോൾ കള്ളനോട്ട് എത്തുന്നതു കുറിയർ സർവീസ് വഴിയാണെന്ന പൊലീസിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കള്ളനോട്ടും ഹവാലയും കടത്തുന്നതു മുഖ്യ ബിസിനസായി കൊണ്ടുനടക്കുന്ന ഏജൻസികളെ ഇതര സംസ്ഥാന പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം കേരളാ പൊലീസും തുടങ്ങി.
മുൻകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വണ്ടികളിലും മാടു ലോറികളിലും കള്ളനോട്ട് കടത്തുന്നതാണു രീതിയെങ്കിൽ ഇന്നതു ചുരുക്കം ചില കുറിയർ സർവീസ് ഏജൻസികൾ ഏറ്റെടുത്തു കഴിഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ ആശ്വാസവിധി
കള്ളനോട്ട് കൈവശം വച്ചു എന്നതു കൊണ്ടു മാത്രം ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ കഴിയില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി സാധാരണക്കാരനു വലിയ ആശ്വാസമാണ്. കൈവശക്കാരനു തന്റെ പക്കലുള്ളതു കള്ളനോട്ടാണെന്ന് അറിയാമായിരുന്നുവെന്നു തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനും അന്വേഷണ ഏജൻസിക്കുമാണെന്ന കോടതിയുടെ തീർപ്പ് നിരപരാധികൾക്കു വലിയ ആശ്വാസമാണ്.
മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ച ഇത്തരമൊരു കേസിൽ പ്രതിക്കു സെഷൻസ് കോടതി വിധിച്ച അഞ്ചുവർഷം തടവുശിക്ഷ ഈ ഉത്തരവിന്റെ വെളിച്ചത്തിൽ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 489 (ബി), 489 (സി) വകുപ്പുകൾ പ്രകാരമാണു പ്രതിക്കു ശിക്ഷവിധിച്ചതെങ്കിലും വ്യാജകറൻസി കൈവശം വച്ചതു കൊണ്ടുമാത്രം ഇത്തരം ശിക്ഷാ നടപടി നീതിപൂർവമാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.
നിയമം പറയുന്നത്
നാലു കള്ളനോട്ട് വരെ ഒരാളുടെ പക്കൽ കണ്ടെത്തിയാൽ അത് ഇന്നസന്റ് പൊസഷൻ’ (നിഷ്കളങ്ക പ്രവർത്തി) ആയി കണക്കാക്കും. കള്ളനോട്ട് ആണെന്ന് അറിയാതെ കയ്യിൽ വയ്ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു എന്ന ആനുകൂല്യം ലഭിക്കും.

നേരത്തേ ഒരു കള്ളനോട്ട് എങ്കിലും കൈവശം വച്ചാൽ കേസെടുത്തിരുന്നു. ഇപ്പോൾ പ്രതിയുടെ നിഷ്കളങ്കത പൊലീസിനു ബോധ്യപ്പെട്ടാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടെന്നാണു നിർദേശം.

No comments: