Monday, October 05, 2015

സൈറ്റുകളുടെ നിരോധനം


അശ്ലീല ഉള്ളടക്കമുള്ള സൈറ്റുകളുടെ നിരോധനം സംബന്ധിച്ച ചർച്ചകൾക്കിടയിൽ മുങ്ങിപ്പോയത് സാമൂഹ്യ സുരക്ഷ മുൻനിർത്തിയുള്ള കേന്ദ്രസർക്കാരിന്റെ ചില നീക്കങ്ങൾ കൂടെയായിരുന്നു എന്നാണ് പുതുതായി ലഭിച്ച ചില സൂചനകൾ വിരൽ ചൂണ്ടുന്നത്. ഏകദേശം ഒരു മാസം മുൻപ് തന്നെ കേന്ദ്ര ടെലകോം വകുപ്പ് 857 അശ്ലീല സൈറ്റുകൾ നിരോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇവയിൽ മിക്ക സൈറ്റുകളും അശ്ലീലത്തിന്റെ മറപറ്റി നെറ്റിലൂടെ മയക്കു മരുന്നു വിൽപ്പനയും ,ആയുധ കടത്തും , വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന വീഡിയോകളുകളും കൈമാറ്റവും നടത്തുന്ന ഓണ്‍ലൈൻ ചന്തകളിലേക്കുള്ള ലിങ്കുകൾ പേറുന്നവയാണ് എന്ന കണ്ടെത്തലായിരുന്നു ഈയൊരു നിർദ്ദേശത്തിനു പിന്നിൽ.
ജൂണ്‍ 12 നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഓണ്‍ലൈൻ കരിഞ്ചന്തകളായ സിൽക്ക് റോഡ്‌, ആഗോറ എന്നിവയിലേക്കുള്ള പ്രവേശനം പൂർണമായും ബ്ലോക്ക്‌ ചെയ്യാൻ സർക്കാർ കർശനമായി നിർദ്ദേശിച്ചിരുന്നു. നിരോധിത മരുന്നുകൾ ഉൾപ്പടെയുള്ള കച്ചവടങ്ങൾക്ക് ഇടനിലക്കാരായി വർത്തിക്കുന്ന സൈറ്റാണ് സിൽക്ക് റോഡ്‌, 2011 ഫെബ്രുവരിയിൽ സ്ഥാപിതമായ ഈ സൈറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഈയിടെ വരെ ഈ സൈറ്റ് യാതൊരു നിയന്ത്രണവുമില്ലാതെ ലഭിച്ചിരുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. 2014 നവംബറിൽ ആഗോള സുരക്ഷാ ഏജൻസികളുടെ ഇടപെടലിലൂടെ ഈ സൈറ്റ് ലോകത്താകെ ബ്ലോക്ക് ചെയ്യപ്പെട്ടുവെങ്കിലും 'സിൽക്ക് റോഡ്‌ റീലോഡഡ്' എന്ന പേരിൽ 2015 ജനുവരിയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇൻവിസിബിൾ ഇന്റർനെറ്റ്‌ പ്രോടോകോൾ (ഐ2പി) അധിഷ്ഠിതമായി തിരിച്ചെത്തിയ സിൽക്ക് റോഡ്‌ എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന ബ്ലോഗുകളിലെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം തന്നെ ഈ സൈറ്റുകളുടെ മേലുള്ള നിരോധനം ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങൾക്ക് ആക്കം കൂട്ടി. ഇത്തരത്തിൽ 8 സൈറ്റുകളാണ് അടിയന്തിരമായി ബ്ലോക്ക് ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചത് . അനോണിമസ് ബ്രൌസിംഗ് സാധ്യമാക്കുന്ന ഒണിയൻ പോലുള്ള ഡൊമൈൻ നാമങ്ങളിൽ സിൽക്ക് റോഡ്‌ ഇന്ത്യയിലും 2015 ന്റെ ആദ്യ പകുതികളിൽ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിറ്റ് കോയിൻ പോലുള്ള ക്രിപ്ടോ-കറൻസി സേവനത്തിലായിരുന്നു ഇത്തരം സൈറ്റുകൾ പ്രവർത്തിച്ചു പോന്നത് എന്നതിനാൽ ഇന്റർനെറ്റ് ബാങ്കിംഗ് നടത്തുന്നത് വഴിയുള്ള തിരിച്ചറിയൽ പോലും ഈ സൈറ്റുകളിലെ ക്രയവിക്രയങ്ങൾക്ക് സാധ്യമായിരുന്നില്ല. സർക്കാർ സദാചാര പോലീസ് ചമയുന്നുവെന്ന ആരോപണ ങ്ങൾക്കിടെ കുട്ടികൾ ഉള്പ്പെടുന്ന ലൈംഗിക വീഡിയോകൾ നിലവിലുള്ള സൈറ്റുകളിലേക്ക് നിരോധനം ചുരുക്കാൻ സർക്കാർ നിർബന്ധിതരാകുകയും ചെയ്തു.ഈ സൂചനകളുടെ വെളിച്ചത്തിൽ കേന്ദ്രം നടക്കിയ നീക്കം സദുദ്ദേശപരമാണെന്ന് വേണമെങ്കിൽ കരുതാം. രാജ്യസുരക്ഷയും വ്യക്തിസ്വാതന്ത്ര്യവും ഒരേ പ്രാധാന്യത്തോടെ പരിഗണിച്ചു കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും നെറ്റിലൂടെയുള്ള ഇത്തരം അദൃശ്യ നുഴഞ്ഞു കയറ്റങ്ങൾ നിയന്ത്രിക്കാനുമുള്ള നീക്കങ്ങളാണ് ഇനി സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്.

No comments: