ചന്ദ്രനിൽ
മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നു മാത്രമല്ല; ശാസ്ത്രം ഇതുവരെ വികസിപ്പിച്ചെടുത്ത
സാങ്കേതികവിദ്യകൾകൊണ്ട് ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താൻ
കഴിയില്ലെന്ന പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ കണ്ടെത്തലിന്
നാസയുടെ ഇന്ത്യയിലെ ഒരേയൊരു റിസോഴ്സ് പേഴ്സണായ ഗഫൂർ മാസ്റ്ററുടെ മറുപടി.
വർഷങ്ങളായി
നാസയുടെ ചാന്ദ്രയാത്രാ പര്യവേക്ഷണത്തിന്റെ സകലവിവരങ്ങളും ചിത്രങ്ങളും മുഴുവൻ
യാത്രകളുടെയും വിവരങ്ങൾ ശേഖരിച്ച ഏക ഇന്ത്യക്കാരനായ തനിക്ക് ഇതിനുള്ള മറുപടി
നൽകാനാകും എന്നറിയിച്ചുകൊണ്ടാണ് അദ്ദേഹം ഒരോ വാദത്തിനും കൃത്യമായ മറുവാദം
കുറിച്ചിരിക്കുന്നത്.
മനുഷ്യൻ
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയിട്ട് 46 വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ചാന്ദ്രയാത്ര
ഒരു തട്ടിപ്പായിരുന്നുവെന്ന് പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയമായ
വാദഗതികൾ എന്നതിനുപരിയായിട്ട് മറ്റു പല വികാരങ്ങളുമാണ് ഇത്തരക്കാരെ നയിക്കുന്നത്
എന്നതാണ് രസകരം. മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്നതിനെ ചോദ്യം ചെയ്യുന്ന ഏതാനും
വാദങ്ങളും അവയ്ക്കുള്ള മറുപടിയും താഴെ ചേർക്കുന്നു.
ചന്ദ്രനിൽ വായുവില്ല, എന്നിട്ടും അവിടെ നാട്ടിയ അമേരിക്കൻ പതാക
പാറുന്നതായി കാണപ്പെടുന്നു?
∙ പതാകയുടെ മുകളിൽ '┐'ആകൃതിയിൽ ഒരു കമ്പി
ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പതാക നിവർന്നിരിക്കുന്നത്. പതാകയുടെ ചുരുളുകൾ
നിവരാതെ കാണപ്പെടുന്നത് അതു നിർമിച്ചിരിക്കുന്ന പദാർഥത്തിന്റെ പ്രത്യേകതകൊണ്ടാണ്.
തുണിയല്ല മെഷ് ആണ് ഉപയോഗിക്കുന്നത്.
ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ എപ്പോഴും ഇരുണ്ട
ആകാശമാണ്. നക്ഷത്രങ്ങൾ എപ്പോഴും ദൃശ്യമാകും. എന്നാൽ ചന്ദ്രനിൽ നിന്നെടുത്ത ഒരു
ചിത്രത്തിലും നക്ഷത്രങ്ങൾ കാണുന്നില്ല?
∙ ‘മിർ’, ‘അന്താരാഷ്ട്ര
ബഹിരാകാശ നിലയം’ എന്നിവയിൽ നിന്നുമെടുത്ത നൂറുകണക്കിന്
ചിത്രങ്ങളിലും നക്ഷത്രങ്ങൾ ദൃശ്യമല്ല. കൂടിയ ഷട്ടർ സ്പീഡിൽ ക്യാമറ ചിത്രങ്ങൾ
പകർത്തുന്നതുകൊണ്ടാണിത്. താരതമ്യേന മങ്ങിയ വെളിച്ചമുള്ള നക്ഷത്രങ്ങൾ കൂടുതൽ
വേഗതയുള്ള ഷട്ടർ സ്പീഡിൽ എടുത്ത ചിത്രങ്ങളിൽ കാണാനാകില്ല.
ചന്ദ്രനിൽ നിന്നും കൊണ്ടുവന്നു എന്നു പറയുന്ന പാറക്കഷണങ്ങൾ, അന്റാർട്ടിക്കയിൽ നിന്നും
പര്യവേഷകർ ശേഖരിച്ചതിനു സമാനമാണ്?
∙ 1970 കളിൽ മാത്രമാണ് അമേരിക്കൻ
സംഘം അന്റാർട്ടിക്കയിൽ വിദഗ്ധ പര്യവേക്ഷണം ആരംഭിക്കുന്നത്. മാത്രമല്ല, അന്റാർട്ടിക്കയിൽ നിന്നും ഇതേവരെ ലഭിച്ച ഉൽക്കാശിലകൾ എല്ലാം കൂടി 2.5
കിലോഗ്രാമേ വരൂ. എന്നാൽ ചന്ദ്രനിൽ നിന്നും 382 കിലോഗ്രാമോളം പാറക്കഷണങ്ങൾ ആറ് അപ്പോളോ പര്യവേക്ഷണങ്ങളിൽ കൂടി
ഭൂമിയിലെത്തിച്ചിട്ടുണ്ട്. മാത്രമല്ല ഇവ എല്ലാ പ്രമുഖ വിദേശ രാജ്യങ്ങളുടേയും
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേയ്ക്ക് പരീക്ഷണത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അവർ
പരിശോധിച്ചുപറയുന്നത് ഇത് കൃത്രിമമായിട്ടുപോലും ഭൂമിയിൽ നിർമ്മിക്കാൻ സാധ്യമല്ല
എന്നാണ്.
ചന്ദ്രനിൽ നിന്നുമെടുത്ത ചിത്രങ്ങളിലെ നിഴലുകളെക്കുറിച്ച്?
∙ ചന്ദ്രനിൽ നിന്നുമെടുത്ത എല്ലാ
ചിത്രങ്ങളിലും ഒരു വസ്തുവിന് ഒരു നിഴൽ മാത്രമെ കാണൂ. ഒന്നിലധികം പ്രകാശ സ്രോതസ്
ഉണ്ടായിരുന്നെങ്കിൽ ഒന്നിലധികം നിഴലുകൾ കാണുമായിരുന്നു.നിഴലുകൾക്ക് സഞ്ചരിക്കുവാൻ
മാധ്യമം വേണ്ട. ശൂന്യതയിൽ കൂടിയും നിഴലുകൾ സഞ്ചരിക്കുന്നു. ഭൂമിയിൽ ഗ്രഹണങ്ങൾ
അനുഭവപ്പെടുന്നതും ശൂന്യതയിൽ കൂടി നിഴൽ സഞ്ചരിച്ചിട്ടാണല്ലോ?
ബഹിരാകാശത്തെ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എങ്ങനെ
മുറിച്ചുകടന്നു?
∙ വാൻ അലൻ ബെൽറ്റ് മുറിച്ചു
കടക്കാൻ അപ്പോളോ വാഹനത്തിന് ഒന്നരമണിക്കൂർ വേണം. ഈ സമയം കൊണ്ട് പരമാവധി രണ്ട് REM(Radiation
Emission Man)റേഡിയേഷൻ മാത്രമെ ഏൽക്കാൻ സാധ്യതയുള്ളൂ. റേഡിയേഷൻ
മൂലമുള്ള അസുഖങ്ങൾ പിടിപ്പെടാൻ ചുരുങ്ങിയത് 25 REM വേണം.അപ്പോളോ
വാഹനത്തിന്റെ വേഗത മണിക്കൂറിൽ 25000 കി, മീറ്ററാണ്.
ചന്ദ്രനിൽ ഉപയോഗിച്ച ഫോട്ടോഫിലിം അവിടത്തെ കൂടിയ ചൂടിൽ
ഉരുകില്ലേ?
∙ കൊഡാക് കമ്പനി നിർമ്മിച്ചുനൽകിയ
ഹസൽ ബാഡ് ക്യാമറയും ഫിലീമും ആണ് ചാന്ദ്രയാത്രികർ ചന്ദ്രോപരിതലത്തിൽ ഉപയോഗിച്ചത്. 150
ഡിഗ്രി ചൂടിൽ മാത്രം ഉരുകുന്ന ഫിലീമാണ് ഇത്. ചന്ദ്രനിലെ ഉപരിതല
ഊഷ്മാവ് രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ 137 ഡിഗ്രിയാണ്.
ഉപരിതല ഊഷ്മാവിനെക്കാളും വളരെ കുറവാണ് അന്തരീക്ഷ ഊഷ്മാവ്. മാത്രമല്ല
ചാന്ദ്രയാത്രികർ ഉപയോഗിച്ച ഫിലിം ഒരിക്കലും പുറത്ത് എടുക്കേണ്ടതില്ല. ഫിലിം കെയ്സ്
ഒന്നാകെ ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്.
ചുരുക്കത്തിൽ
മനുഷ്യന്റെ ചാന്ദ്രയാത്ര ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ
നേട്ടങ്ങളിലൊന്നായിരുന്നു. അപ്പോളോ 11 ചന്ദ്രനിൽ സ്ഥാപിച്ച Apollo Lunar
Retro Package ലോകമെമ്പാടുമുള്ള വാനനിരീക്ഷകർ നാസയുടെ അനുമതിയോടെ
ഇന്നും ഉപയോഗിക്കുന്നു. ലേസർ രശ്മികൾ ഉപയോഗിച്ച് ചന്ദ്രനും ഭൂമിയും തമ്മിലുള്ള
അകലം കണ്ടുപിടിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.
മനുഷ്യന്റെ
ആദ്യ ചാന്ദ്രയാത്രയിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ
സ്ഥാപിച്ച ലോക രാഷ്ട്രതലവൻമാരുടെ സന്ദേശങ്ങളടങ്ങിയ ഫലകത്തിൽ ഇന്ത്യൻ
പ്രസിഡന്റായിരുന്ന വി വി ഗിരിയുടെ സന്ദേശവുമുണ്ടായിരുന്നു. ‘ ലോക നന്മ കൈ വരാൻ മനുഷ്യന്റെ
ചാന്ദ്ര യാത്രയ്ക്കു കഴിയട്ടെ’ എന്ന രൂപത്തിൽ.....
നീല്‍ ആംസ്ട്രോങ്ങുമായി 20 വര്‍ഷത്തോളം സൗഹൃദബന്ധം തുടർന്ന
വ്യക്തിയാണ് ലേഖകനായ മലപ്പുറം പാണക്കാട്ടെ ഗഫൂര്‍ മാസ്റ്റര്‍. അമേരിക്കന്‍
ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഇന്ത്യയിലെ ഒരേയൊരു റിസോഴ്സ് പേഴ്സൻ കൂടിയാണ്
ഗഫൂര്‍
No comments:
Post a Comment