Tuesday, October 13, 2015

മോദി എക്‌സ്പ്രസ്

Tuesday 13th of October 2015 12:32:59 PM
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുകെയില്‍ മോദി എക്‌സ്പ്രസ് പ്രയാണം ആരംഭിച്ചു. ഞായറാഴ്ചയാണ് മോദി എക്‌സ്പ്രസ് യാത്ര ആരംഭിച്ചത്. വെംബ്ലിയിലെ ഏലിങ് റോഡ് ആയിരുന്നു ആദ്യ സ്‌റ്റോപ്പ്. തുടര്‍ന്ന് ലണ്ടന്‍ മേയര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം ട്രഫാല്‍ഗര്‍ സ്‌ക്വയറിലും ബസ് എത്തി. 


വരുന്ന ഒരു മാസം യുകെയിലെ പ്രധാന പ്രവാസി ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ മോദി എക്‌സ്പ്രസ് എത്തും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പ്രചാരം നല്‍കുന്നതിനായിട്ടാണ് ലണ്ടനിലെ പ്രവാസി സമൂഹം ഈ ആശയം മുന്നോട്ടുവെച്ചത്. ഇന്ത്യയില്‍ ചായ് പേ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി ലണ്ടനില്‍ ബസ് പേ ചര്‍ച്ച നടത്തുമെന്നും സംഘാടകര്‍ പറയുന്നു. 

നാളീകേരം ഉടച്ചാണ് ബസ് നിരത്തിലിറക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശത്തില്‍ യുകെയിലെ രാഷ്ട്രീയപ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും യുകെ വെല്‍കംസ് മോദി എന്ന പേരില്‍ പ്രത്യേക പേജുകള്‍ ആരംഭിച്ചു കഴിഞ്ഞു. വെബ്സൈറ്റ് അടുത്ത ആഴ്ച നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചു. 

വെംബ്ലിയിലെ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക. മാഡിസണ്‍ സ്‌ക്വയറില്‍ മോദിക്ക് ലഭിച്ചതിനെക്കാള്‍ ഗംഭീര സ്വീകരണമാണ് ഇവിടെ ഒരുങ്ങുന്നത്.


No comments: