Wednesday, October 14, 2015

അരുവിക്കര

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ ബിജെപിയുടെ മുന്നേറ്റം ഭയന്ന് മുന്നണി വിപുലീകരണത്തിന് വലയെറിഞ്ഞ് ഇടതുവലതു മുന്നണികള്‍. അരുവിക്കരയില്‍ ബിജെപിയുടെ സ്ഥാനം മൂന്നാമതാണ്. എന്നാല്‍ വോട്ടിംഗ് നിലയില്‍ ഒന്നാമതും. ഒരു ഘടകകക്ഷിയുടെയും പിന്തുണയില്ലാതെ ബിജെപി അഞ്ചിരട്ടിയായി വോട്ടു വര്‍ദ്ധിപ്പിച്ചതോടെ എല്‍ഡിഎഫും യുഡിഎഫും അങ്കലാപ്പിലായിരിക്കുകയാണ്. ഇതോടെ കയ്യില്‍ കിട്ടുന്നവരെയെല്ലാം കൂടെച്ചേര്‍ക്കാന്‍നെട്ടോട്ടമോടുകയാണ് ഇരുമുന്നണികളും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഐക്യമുന്നണിക്ക് നഷ്ടമായത് പത്തു ശതമാനം വോട്ടാണ്. ഇടതുപക്ഷത്തിനാകട്ടെ ഏഴു ശതമാനത്തിലധികവും ചോര്‍ന്നു. ബിജെപിക്കു 17.5 ശതമാനത്തിന്റെ വര്‍ധനയും. അടിത്തറയിളകിയതോടെയാണ് ഇരു മുന്നണികളും വിപുലീകരണത്തിന് തിടുക്കം കൂട്ടുന്നത്. സ്വാഭാവിക സഖ്യ കക്ഷിയാകാന്‍ സിപിഐയെ കിട്ടിയാല്‍ കൊള്ളാമെന്ന് കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ആഗ്രഹമുണ്ട്. മുസ്ലിംലീഗ് ഇതിനു മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസും സിപിഐയുടെ പിന്നാലെയാണ്. പത്തുവര്‍ഷക്കാലം സിപിഐയും കോണ്‍ഗ്രസും ഒരുമിച്ചായിരുന്നു. സി. അച്യുതമേനോനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ച് സിപിഐയെ വാലാക്കി നിര്‍ത്തിയ പാരമ്പര്യവുമുണ്ട്. ഈ ചരിത്രം ഓര്‍മിപ്പിച്ച് കോണ്‍ഗസ് മുഖപത്രം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇടതുകക്ഷികള്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. സിപിഐയെ ക്ഷണിച്ച് വീക്ഷണം മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന. അരുവിക്കരയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സിപിഐ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് തീര്‍ത്തു പറയാന്‍ ഇനിയും തയ്യാറായിട്ടില്ല. ആടിക്കളിച്ചിരുന്ന ജനതാദള്‍ സെക്കുലര്‍ അരുവിക്കര ഫലത്തോടെ യുഡിഎഫില്‍ പൊറുതി ഉറപ്പിക്കാന്‍ തീരുമാനിച്ചു. അരുവിക്കര ഫലത്തോടെ നിരാശയിലും തകര്‍ച്ചയിലുമായത് എല്‍ഡിഎഫാണ്. മുന്നണി വിപുലപ്പെടുത്തിയില്ലെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷം വേരറ്റുപോകുമെന്ന തിരിച്ചറിവില്‍ ഏത് പെരുന്നാനുമായും കൂട്ടുകൂടാന്‍ തയ്യാറായി നില്‍ക്കുകയാണ് സിപിഎം. കെ.എം. മാണിയെ വലയിലാക്കി യുഡിഎഫിനെ തകര്‍ക്കാനായിരുന്നു എല്‍ഡിഎഫിന്റെ നീക്കം. എന്നാല്‍ മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ വിവാദം സിപിഎമ്മിന് തിരിച്ചടിയായി. സിപിഐ വിട്ട മുന്‍ ജില്ലാസെക്രട്ടറി പി. രാമചന്ദ്രന്‍നായരെ സിപിഎം ജില്ലാകമ്മറ്റി അംഗമാക്കി. ആര്‍എസ്പിയോട് തിരിച്ചു വരാന്‍ അപേക്ഷ തുടങ്ങിയിട്ടു മാസങ്ങളായി. വല്യേട്ടന്‍ മനോഭാവം ഇനിയുണ്ടാകില്ലെന്നാണ് വാഗ്ദാനം. ജനതാദളിലും സിപിഎമ്മിന് പ്രതീക്ഷയുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പോടെ കെ.ആര്‍. ഗൗരിയമ്മയെയും കൂടെകൂട്ടി. യുഡിഎഫില്‍ നിന്ന് തല്ലിപ്പിരിഞ്ഞ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയെയും സിപിഎം കൂടെക്കൂട്ടിയെന്നതാണ് കൗതുകം. ഒരു രാഷ്ട്രീയ സദാചാരവുമില്ലാത്ത ഈ നീക്കത്തില്‍ ഒതുങ്ങുന്നതല്ല മുന്നണി വിപുലീകരണം. ജാതിമത സംഘടനകളെ പ്രീണിപ്പിക്കാനുള്ള നീക്കവും ഇരുമുന്നണികളും ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ച ഭയന്ന് കിട്ടാവുന്നവരെയെല്ലാം കൂടെ കൂട്ടാനാണ് ശ്രമവും.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍പ് ശക്തമായി പ്രതികരിച്ചിരുന്ന പിണറായി സുരേഷ് ഗോപി പ്രശ്‌നത്തില്‍ അദ്ദേഹത്തിന് അനുകൂലമായി പ്രതികരിച്ചതും ശ്രദ്ധേയമാണ്. പിള്ളയെ പിടിവള്ളിയാക്കി പെരുന്നയില്‍ കാലുറപ്പിക്കാനാണ് പിണറായിയുടെയും കോടിയേരിയുടേയും നീക്കം. ഇത്തരമൊരു നീക്കം തങ്ങള്‍ക്ക് ഭാവിയില്‍ വിനയാകുമെന്ന് മിക്ക എന്‍എസ്എസ് നേതാക്കളും കരുതുന്നു


No comments: