Monday, October 05, 2015

നന്ദവനം

നന്ദാദേവി പർവതനിരകളുടെ മോഹിപ്പിക്കുന്ന പച്ചപ്പിനുമേൽ തെളിവെയിലിന്റെ തിളക്കം. ആ പച്ചപ്പിനു താഴെയാണ് പൂക്കൾ തീർക്കുന്ന വർണപ്രപഞ്ചം. ചെടികൾക്കിടയിലൂടെ ഒഴുകുന്ന പുഷ്പവതി എന്ന ചെറിയ നീരൊഴുക്കിന്റെ ലളിതസംഗീതം. താഴെ ലക്ഷ്മണഗംഗയോടു ചേരാനുള്ള തിരിക്കിലാണവൾ. പൂക്കളുടെ താഴ്‌വര! ഫ്രാങ്ക് എസ്. സ്മിത്ത് എന്ന സായ്പ് ആ പേരിട്ടാണ് ഈ താഴ്‌വരയെ വിളിച്ചത്.
വട്ടമിട്ടുനിൽക്കുന്ന മലനിരകൾക്ക് ഒരു പൂപ്പാത്രത്തിന്റെ ഛായ. പറഞ്ഞാൽ തീരാത്തത്ര വർണങ്ങളും പൂക്കളുംകൊണ്ടു ഹിമവാൻ ആ കുമ്പിൾ നിറച്ചുപിടിച്ചിരിക്കുന്നു. ഹിമവാന്റെ ഏറ്റവും ശാലീനവും സൗമ്യവുമായ രൂപമാണു നേർമുന്നിൽ. ഒരു പൂവുപോലും ഇറുത്തിട്ടില്ല. ഒരു ഇലപോലും വാടിയിട്ടുമില്ല. പൂന്തോട്ടം അപ്പാടെ കൈക്കുമ്പിളിൽ പിടിച്ചിരിക്കുന്നു. പത്തുകിലോമീറ്റർ നീളത്തിലും രണ്ടുകിലോമീറ്റർ വീതിയിലും എത്രമാത്രം നിറങ്ങളാണു വാരിവിതറിയിരിക്കുന്നത്! അതും ചെടികളെ യഥേഷ്ടംവളരാൻ വിട്ടുകൊണ്ട്. താഴെ, ഇങ്ങോട്ടുള്ള പാത തുടങ്ങുന്നിടം മുതൽ അങ്ങുമുകളിൽ മുടിക്കെട്ടുവരെ പൂക്കളെ പരിപാലിക്കുകയാണു ഹിമവാൻ.
നിറങ്ങൾക്കു മിഴിവേകുന്നതു വെളുപ്പാണല്ലോ. പൂക്കളുടെ സൗന്ദര്യത്തിനു പൂർണതനൽകുന്നതു പച്ചപ്പും. രണ്ടും യഥേഷ്ടം വാരിവിതറിയിട്ടുണ്ട് ഹിമവാൻ. സൗന്ദര്യത്തിന്റെ ലഹരിക്കൊപ്പം മദിപ്പിക്കുന്ന ഗന്ധം. അഭൗമമായൊരു ഉന്മാദം സിരകളിലേക്ക് അരിച്ചു കയറുന്നു. ആകപ്പാടെ ഒരു മന്ദിപ്പ്. ആർക്കോവേണ്ടി ഈ പൂക്കൾ കരുതിവച്ചിരുന്ന ഗന്ധങ്ങളുടെ ചെപ്പ് പൊടുന്നനെ തുറന്നതുപോലെ. ഈ മലനിരകളിലെവിടെയെങ്കിലും ശ്രീഹനുമാൻ തപസ്സ് ചെയ്യുന്നുണ്ടാവും. കല്യാണസൗഗന്ധികം തേടിയുള്ള വനയാത്രയിൽ, ഭീമന്റെ അഹംഭാവമടക്കി ഹനുമാൻ അനുഗ്രഹിച്ചത് ഈ പർവതസാനുക്കളിലെ കദളീവനത്തിൽ വച്ചാണ്. നിന്റെ പ്രിയതമ ആഗ്രഹിച്ച പൂവ് മലമുകളിൽ കുബേരോദ്യാനത്തിലെ സൗഗന്ധികപ്പൊയ്കയിലുണ്ടെന്നുവഴിപറഞ്ഞുകൊടുത്തതും ഹനുമാനാണ്. ആ പൂവത്രെ ബ്രഹ്മകമലം. കൊടുംതണുപ്പിൽ വിരിയുന്ന പുഷ്പം. ശിവനും ഗണപതിക്കും വിഷ്ണുവിനും പ്രിയപ്പെട്ടത്. ലങ്കയിൽവച്ച് ഇന്ദ്രജിത്തിന്റെ അമ്പേറ്റുവീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുപോയതും ഈ മലനിരകളിൽ നിന്നാണത്രെ.
ഗന്ധമാദന പർവതം, കുബേരോദ്യാനം, സൗഗന്ധികപ്പൊയ്ക. ഭീമന്റെ വഴിയേതന്നെയാണ് ഈ യാത്ര. ലങ്കയിൽനിന്നു രാവണൻ തോൽപിച്ചോടിച്ച കുബേരനു ഹിമവാൻ ഒരുക്കിക്കൊടുത്ത ഉദ്യാനമാണിത്. പുഷ്പസമ്പത്തിന്റെ കാര്യത്തിൽ ഇതു കുബേരോദ്യാനം തന്നെ. എന്തെല്ലാം തരം പൂക്കളാണിവിടെ വിരിയുന്നത്! ആയിരത്തിലേറെ എന്നു സസ്യശാസ്ത്ര വിദഗ്ധരുടെ കണക്ക്. കമലങ്ങൾതന്നെ അഞ്ചു തരം: ബ്രഹ്മ കമലം, നീല കമലം, ഫേന കമലം, ശ്വേത കമലം, അരുണ കമലം. പത്തിവിരിച്ചു നിൽക്കുന്ന മൂർഖനെപ്പോലെ നാഗപുഷ്പം. കൊത്താൻ ആഞ്ഞുനിൽക്കുന്ന പാമ്പിനെപ്പോലെ കോബ്രാലില്ലി. രാത്രിയിൽ വെളിച്ചം പരത്തുന്ന പൂക്കൾ. തൊട്ടാൽ ചിരിക്കുന്നവ വേറെ. ഒരേ ചെടിയിൽത്തന്നെ വിഭിന്ന നിറത്തിലും വിഭിന്ന ഗന്ധം പരത്തുന്നതുമായ പൂക്കൾ.


സസ്യസ്നേഹികളുടെ സ്വർഗമാണിവിടം. ജൈവവൈവിധ്യത്തിന്റെ വൻ കലവറ. ഇവർ കയ്യിൽ കരുതിവച്ചിരിക്കുന്ന ഔഷധഗുണങ്ങൾ അമൂല്യം. മിക്കവയും കൊടുംതണുപ്പിൽ കാടിന്റെ വിജനതയിൽ വിരിയും. ഈ കാലാവസ്ഥയിലേ വിരിയൂ. പ്രകൃതിയെ നോക്കി ചിരിക്കും. പിന്നെ കൊഴിയും. മഞ്ഞുമല ഉരുകുന്ന സമയത്താണു ചെടികൾ മണ്ണിനടിയിൽനിന്നു തലയുയർത്തുക. അത് ഏതാണ്ട് ഏപ്രിൽ മാസത്തോടെയായിരിക്കും. ജൂലൈ അവസാനത്തോടെ പൂക്കൾ വിരിഞ്ഞുതുടങ്ങും. ഓഗസ്റ്റ് സെപ്റ്റംബർ പൂക്കാലമാണ്. ഓക്ടോബറോടെ കൊഴിയും. മഞ്ഞുകാലമായാൽ വിത്തുകൾ മഞ്ഞിനടിയിൽ സമാധിയിരിക്കുകയായി, അടുത്ത സീസണിൽ ചെടികളായി ഉയിർത്തെഴുന്നേൽക്കാനുള്ള തപസ്സ്.
മനുഷ്യന്റെ കടന്നാക്രമണം ഇവിടേക്ക് ഇതുവരെ കാര്യമായി എത്തിയിട്ടില്ല. താമസസൗകര്യമോ ഹോട്ടലോ കാപ്പിക്കടയോ ഒന്നും ഇവിടെ ഇല്ലതാനും. കയറിവരുന്നവർ മൂന്നുമണിക്കു മുൻപു മലയിറങ്ങിയേ പറ്റൂ. ഏതുസമയവും മഞ്ഞുവീഴാം. മഴപെയ്യാം. രണ്ടായാലും പിന്നെ തിരിച്ചിറക്കം വിഷമമാകും. കഷ്ടിച്ചു മൂന്നടിവീതിയേയുള്ളൂ പാതയ്ക്ക്. മഞ്ഞിറങ്ങിയാൽ പിന്നെ ഒന്നും കാണാനാവില്ല. ഹിമപ്പുലികളും ഹിമാലയൻ കരടിയുമൊക്കെ ഇറങ്ങിയെന്നും വരും. അതിനുമുൻപു മലയിറങ്ങിയിരിക്കണം.
കല്ലുപാകിയും കോൺക്രീറ്റ് ചെയ്തും ഉറപ്പിച്ച മൂന്നടിപ്പാതയിലൂടെയാണു യാത്ര. താഴ്‌വരയിലെ പൂക്കളെക്കാൾ സുന്ദരം ഈ യാത്രയിലെ കാഴ്ചകളാണെന്നു പറഞ്ഞാലും തെറ്റില്ല. ഹിമവാനെ മെരുക്കി നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണല്ലോ എവിടെയും. ഋഷികേശിൽനിന്നു മലമ്പാതകൾ താണ്ടിയുള്ള യാത്രയിൽ ഉടനീളം കണ്ടത് അതാണ്. പ്രകൃതിയെ വരുതിയിൽ നിർത്താനുമുള്ള മനുഷ്യന്റെ ഭ്രാന്തമായ ആവേശം മലനിരകളെ കീറിമുറിക്കുന്നു. കോൺക്രീറ്റ് കാടുകളും കരിങ്കൽ കോട്ടകളും ഉയർന്നുവരുന്നു. ഹിമവാന്റെ മെയ്യാഭരണങ്ങളായ പാലരുവികൾ പോലും അപ്രത്യക്ഷമാകുന്നു. മലകയറി വരുമ്പോൾ അപ്പുറത്തെ മലകളിലൂടെ ഒഴുകിയിറങ്ങുന്ന തൂവെള്ള അരുവികൾ വെയിലിൽ തിളങ്ങുന്ന കാഴ്ച അവാച്യമായ അനുഭൂതി പകരും. അഞ്ചുവർഷത്തിനു മുൻപു കണ്ടതിന്റെ നാലിലൊന്നുപോലും പക്ഷേ, ഈ യാത്രയിൽ കണ്ടില്ല.
മലമടക്കുകളിലെ ചെറുഗ്രാമങ്ങൾ പലതും ടൗൺഷിപ്പിലേക്ക് അതിവേഗം വളരുന്നു. എങ്ങും പ്രകൃതിയോടുള്ള മനുഷ്യന്റെ മൽസരം. അത് ഈ താഴ്‌വരയിലേക്കും കടന്നുവരാൻ ഇനിയെത്രനാൾ വേണ്ടിവരുമെന്ന് അറിയില്ലല്ലോ. ഋഷികേശിൽനിന്നു ബദരിയിലേക്കുള്ള യാത്രയിൽ ജോഷിമഠിന് ഇരുപതുകിലോമീറ്ററോളം മുകളിലായുള്ള ഗോവിന്ദ്ഘട്ടിൽ നിന്നാണു പൂക്കളുടെ നാട്ടിലേക്കുള്ള യാത്ര തുടങ്ങുന്നത്. അളകനന്ദാനദിയുടെ തീരത്തെ ചെറിയൊരു ഗ്രാമമാണ് ഗോവിന്ദ്ഘട്ട്. അത്യാവശ്യം ഹോട്ടലുകളും കടകളും താമസസൗകര്യവുമുള്ള സ്ഥലം. അവിടെനിന്ന് ഇരുപതുകിലോമീറ്റർ മുളിലെത്തണം. പതിനാലു കിലോമീറ്റർ കയറിയാൽ ഖങ്‌ഗാരിയ എന്ന ഗ്രാമം. പൂക്കളുടെ താഴ്‌വരയിലേക്കും സിഖ് തീർഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബിലേക്കും വഴിപിരിയുന്നത് അവിടെനിന്നാണ്. അവിടെയും ഹോട്ടലുകളും താമസസൗകര്യവും കിട്ടും. ഗോവിന്ദ്ഘട്ടിൽനിന്ന് ഖങ്ഗാരിയവരെ കുതിരയെ കിട്ടും. ആരോഗ്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ നടന്നും പോകാം. കുതിരപ്പുറത്തായിരുന്നു ഞങ്ങളുടെ യാത്ര.
പണംമുടക്കാൻ തയാറെങ്കിൽ ഹെലികോപ്റ്ററും തയാറായിരുന്നു. ഖങ്‌ഗാരിയയിൽനിന്നുള്ള ആറുകിലോമീറ്റർ നടന്നേ പറ്റൂ. കുതിരകൾക്ക് അനുവാദമില്ല. ആ ദൂരമത്രയും അതികഠിനമായ കയറ്റം തന്നെ. 12000 അടി മുകളിലേക്കാണു കയറ്റം. ലക്ഷ്മണഗംഗ കൂട്ടിനുണ്ടാകും. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ഷേർപ്പമാരുടെ സഹായം സ്വീകരിക്കാം. ക്ഷീണംതോന്നിയാൽ അവർ കുട്ടപോലുള്ള ട്രോളിയിൽ നമ്മളെ ചുമന്ന് മലകയറ്റിക്കൊള്ളും. നടക്കുമ്പോഴും അവർ സംരക്ഷകരായി ഒപ്പമുണ്ടാകും. വിലപേശി കൂലി ഉറപ്പിച്ചു കൂടെക്കൂട്ടാം. എത്ര പേശിയാലും ഷേർപ്പയെ വിശ്വസിക്കാം. അവർ പറ്റിക്കില്ല. കരാർ ഉറപ്പിക്കുന്ന നിമിഷംമുതൽ നമ്മൾ അവരുടെ സംരക്ഷണയിലായിക്കഴിഞ്ഞു.
വാലിയിൽ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. പൂക്കളോടൊപ്പം അങ്ങനെ സഞ്ചരിക്കാം. പക്ഷേ, പൂക്കളിലോ ചെടികളിലോ തൊടരുതെന്നു താഴെനിന്നു തന്നെ നിർദേശമുണ്ടായിരുന്നു. അവയ്ക്കിടയിൽ വിഷച്ചെടികളും വിഷപുഷ്പങ്ങളുമുണ്ടാകാം. മൂന്നു മണിക്കപ്പുറം അവിടെ തങ്ങരുതെന്നും നിർദേശമുണ്ടായിരുന്നു.
മടങ്ങുംമുൻപു പൂക്കളുടെ ചാഞ്ചാട്ടത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി. കമലങ്ങൾ അഞ്ചാണെന്നല്ലേ പറഞ്ഞത്. ഇവിടെ, ഈ പൂക്കളുടെകൂടെ നിൽക്കുമ്പോൾ ആറാമതൊരു കമലം കൂടി വിരിയുന്നു. ഉള്ളിൽ നിറഞ്ഞ സംതൃപ്തിയും സന്തോഷവും ഇതൾവിടർത്തുന്ന മാനസ കമലം
byകെ.എൻ.ആർ. നമ്പൂതിരി

No comments: