Tuesday, May 20, 2014

നോട്ട

നോട്ട ഹിറ്റായി: കന്നിയങ്കത്തില്‍ 60 ലക്ഷം വോട്ട്‌


വോട്ടിങ് മെഷീനിലെ പുതിയ സാന്നിധ്യമായ നോട്ടയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ മികച്ച സ്വീകരണം. ആദ്യമായി നിഷേധ വോട്ടിനും അവസരം ലഭിച്ച 16 ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടുമായി 60 ലക്ഷത്തോളം പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 59, 78,208 വോട്ട്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 1.1 ശതമാനം വരുമിത്. 

ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയുടെ അക്കൗണ്ടില്‍ വീണത് പോണ്ടിച്ചേരിയിലാണ്. 22, 268 വോട്ട്. ഇവിടെ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ മൂന്നു ശതമാനവും നിഷേധവോട്ടായി. സംസ്ഥാനം തിരിച്ചുള്ള കണക്കില്‍ രണ്ടാമത് മേഘാലയയും(30,145 വോട്ട്-2.8 ശതമാനം) മൂന്നാം സ്ഥാനത്ത് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്താണ്. അവിടെ ആകെ 4,54,880 വോട്ട് നോട്ടയില്‍ വീണു. ചത്തീസ്ഗഢില്‍ 2,24,889 ഉം വോട്ട് നോട്ടയ്ക്ക് പോയി. ദാദര്‍ നഗര്‍ ഹവേലി, ഒഡീഷ, ബിഹാര്‍, മിസോറാം, ജാര്‍ഖണ്ഡ്, ഡാമന്‍ ഡ്യു, മധ്യപ്രദേശ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, കേരളം, ഗോവ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്. ബംഗാള്‍, അരുണാചല്‍, ആസാം എന്നിവടങ്ങളിലും നോട്ടയ്ക്ക് ഒരു ശതമാനത്തിലധികം വോട്ട് ലഭിച്ചു. 

കേരളത്തില്‍ മൊത്തം പോള്‍ ചെയ്ത വോട്ടില്‍ 1.2 ശതമാനമാണ് നോട്ടയ്ക്ക് പോയത്. വോട്ടിന്റെ എണ്ണക്കണക്ക് നോക്കിയാല്‍ കേരളത്തില്‍ 2,10,561 നിഷേധ വോട്ടുണ്ടായി. കേരളത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരത്താണ് നോട്ടയ്ക്ക് ഏറ്റവും കുറച്ച് വോട്ട് ലഭിച്ചത്. 3346. അതേസമയം ഇ അഹമ്മദ് റെക്കോഡ് ഭൂരിപക്ഷം കുറിച്ച മലപ്പുറത്ത് നോട്ടയുടെ കാര്യത്തിലും ഒന്നാമതെത്തി. 21,829 വോട്ടാണ് ഇവിടെ നോട്ടയ്ക്ക് കിട്ടിയത്. ആലത്തൂരാണ് നോട്ടയില്‍ രണ്ടാം സ്ഥാനത്ത്. അവിടെ 21,417 വോട്ട് നോട്ടയില്‍ വീണു. ആലത്തൂര്‍ മണ്ഡലത്തിലെ ചിറ്റൂരിലെ ചില പഞ്ചായത്തുകളില്‍ നിഷേധ വോട്ട് ചെയ്യാനുള്ള ആഹ്വാനമുണ്ടായിരുന്നു. ഇതാണ് നോട്ടയില്‍ പ്രതിഫലിച്ചത്. ഇത് ആലത്തൂരിലെ ഫലത്തിലും നിര്‍ണായകമായി. കഴിഞ്ഞ തവണ അവിടെ യു.ഡി.എഫി സ്ഥാനാര്‍ഥിക്ക് കാല്‍ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടിയിടത്ത് ഇത്തവണ സി.പി.എമ്മിലെ പി.കെ ബിജുവിന് 6497 വോട്ടിന്റെ ലീഡ് കിട്ടി.

No comments: