Saturday, May 31, 2014

വോട്ടിംഗ്‌ ശതമാനം

കോണ്‍ഗ്രസ്‌, സി.പി.എം. വോട്ടുകളില്‍ കുറവ്‌; വോട്ടിംഗ്‌ ശതമാനം ഉയര്‍ത്തി ബി.ജെ.പി.
Story Dated: Sunday, May 18, 2014 01:36
തിരുവനന്തപുരം: പതിനാറാമതു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും വോട്ടുകളില്‍ വന്‍കുറവ്‌. എന്നാല്‍, രാജ്യവ്യാപകമായി ഉയര്‍ന്ന മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിംഗ്‌ ശതമാനം വര്‍ദ്ധിപ്പിച്ചു.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളായി 17 പേര്‍ മത്സരിച്ചു. ആകെ 64,34,486 വോട്ടുകള്‍ അവര്‍ നേടി. 46.47 ശതമാനം വോട്ടുകളാണു കോണ്‍ഗ്രസ്‌ നേടിയത്‌. ഇത്തവണ മത്സരിച്ച 15 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ 55,90,277 വോട്ടുകള്‍ നേടി. അവരിലൂടെ 31.1 ശതമാനം വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പക്കലെത്തി. പത്തനംതിട്ട, എറണാകുളം, കോട്ടയം, മാവേലിക്കര, ആലപ്പുഴ എന്നിവിടങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്‌ വ്യക്‌തമായ ഭൂരിപക്ഷം നേടി.
2009ല്‍ മത്സരിച്ച 14 സി.പി.എം. സ്‌ഥാനാര്‍ഥികള്‍ 48,87,333 വോട്ടുകള്‍ നേടി 35.29 ശതമാനമായി ശക്‌തി തെളിയിച്ചിരുന്നു. ഇത്തവണ പത്ത്‌ ഔദ്യോഗിക സ്‌ഥാനാര്‍ഥികളും അഞ്ചു സ്വതന്ത്രരുമാണു സി.പി.എമ്മിനുവേണ്ടി രംഗത്തിറങ്ങിയത്‌. 55,43,662 വോട്ടുകള്‍ അവര്‍ നേടി. 30.88 ശതമാനമാണ്‌ ഇത്തവണ സി.പി.എമ്മിന്റെ അക്കൗണ്ടിലുള്ളത്‌. ആറ്റിങ്ങല്‍, ആലത്തൂര്‍ എന്നിവിടങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫാണു മുന്നിട്ടു നിന്നത്‌.
ബി.ജെ.പിക്ക്‌ 2009 ല്‍ 7.31 ശതമാനം വോട്ടുകളാണു ലഭിച്ചത്‌. ഇത്തവണ 10.82 ശതമാനമായി അതു വര്‍ദ്ധിച്ചു. 20 മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടിംഗ്‌ ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. ഒ. രാജഗോപാല്‍ രണ്ടാം സ്‌ഥാനത്തെത്തിയ തിരുവനന്തപുരത്ത്‌ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുണ്ടായിരുന്നു.
കഴിഞ്ഞ തവണ നാലു സി.പി.ഐ സ്‌ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന്‌ 11,93,300 വോട്ടുകള്‍ കൈക്കലാക്കി. 8.62 ശതമാനമായിരുന്നു അവരുടെ 2009 ലെ വോട്ടിംഗ്‌. ഇത്തവണയും നാലു സി.പി.ഐ സ്‌ഥാനാര്‍ത്ഥികള്‍ അങ്കത്തിനിറങ്ങിയപ്പോള്‍ 7.59 ശതമാനമായി ചുരുങ്ങി.
മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ മത്സരിച്ച മുസ്ലീം ലീഗ്‌ സ്‌ഥാനാര്‍ത്ഥികള്‍ 2009 ല്‍ 4.6 ശതമാനം വോട്ടുകളാണു നേടിയത്‌. ഇത്തവണയും കളത്തിലിറങ്ങിയ ലീഗ്‌ സ്‌ഥാനാര്‍ത്ഥികളായ ഇ. അഹമ്മദും ഇ.ടി മുഹമ്മദ്‌ ബഷീറും 4.54 ശതമാനമായി ലീഗിന്റെ ആധിപത്യം നിലനിര്‍ത്തി.
കൊല്ലത്ത്‌ എം.എ ബേബിയെ തറപറ്റിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ആര്‍.എസ്‌.പിക്ക്‌ 2.27 ശതമാനം വോട്ടുകള്‍ സമ്മാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരവിപുരം, കുന്നത്തൂര്‍, ചവറ, അരുവിക്കര എന്നീ മണ്ഡലങ്ങളില്‍ ആര്‍.എസ്‌.പി സ്‌ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. അവര്‍ നാലുപേരുമായി 1.31 ശതമാനം വോട്ടാണു നേടിയത്‌.

- See more at: http://beta.mangalam.com/print-edition/keralam/184036#sthash.9ZWm41Wr.dpuf

No comments: