Tuesday, May 20, 2014

മാറ്റങ്ങളുടെ കാല്‍നൂറ്റാണ്ട്‌

കേരളരാഷ്‌ട്രീയം മാറ്റങ്ങളുടെ കാല്‍നൂറ്റാണ്ട്‌
Sunday, March 23, 2014 01:07



കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക്‌ വിധേയമായ ഒരു ചരിത്രഘട്ടമാണ്‌. സാര്‍വദേശീയരംഗത്ത്‌ പ്രത്യക്ഷമായ രാഷ്‌ട്രീയ ഗതിമാറ്റങ്ങള്‍ ഈ കാലയളവില്‍ കേരളത്തെ സര്‍വതല സ്‌പര്‍ശിയായിതന്നെ ബാധിച്ചു.

സോവിയറ്റ്‌ യുണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും 'സോഷ്യലിസ്‌റ്റ്' ഭരണകൂടങ്ങളുടെ കൊഴിഞ്ഞുപോക്കും ആ രാജ്യങ്ങളുടെതന്നെ ശിഥിലീകരണവും കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ മണ്ഡലങ്ങളെ തെല്ലൊന്നുമല്ല ഉലച്ചത്‌. ആധുനിക കേരളത്തിന്റെ പൊതുമണ്ഡലത്തെയും ബോധചക്രവാളത്തെയും രൂപപ്പെടുത്തിയ പ്രത്യയശാസ്‌ത്രത്തിനും അതിന്റെ രാഷ്‌ട്രീയ-സംഘടനാ രൂപങ്ങള്‍ക്കും വന്നുപെട്ട വിപര്യയം സൃഷ്‌ടിച്ച മോഹഭംഗം ഇപ്പോഴും അവശേഷിക്കുന്നു. 'സോഷ്യലിസ്‌റ്റ്' ലോകത്തിന്റെ തകര്‍ച്ച ഇന്ത്യയിലെ മറ്റു പല സമൂഹങ്ങളിലും ആനുകാലിക ചരിത്രത്തിലെ ഒരു ഏടുമാത്രമായിരുന്നെങ്കില്‍ കേരളത്തില്‍ അത്‌ ഒരു വിമോചന സ്വപ്‌നത്തിന്റെ/പ്രതീക്ഷയുടെ അന്ത്യംകൂടിയായി.
കേരള രാഷ്‌ട്രീയ മണ്ഡലത്തിന്റെ കേന്ദ്രസ്‌ഥാനമായ ഇടതുപക്ഷ ബോധ്യങ്ങളുടെ അധീശത്വത്തിന്‌ ഏറ്റ കനത്ത തിരിച്ചടിയായി 'സോഷ്യലിസ്‌റ്റ്' ലോകത്തിന്റെ പതനം. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടായ ഇടതുപക്ഷത്തിന്റെ പുത്തനുണര്‍വിനും തിരിച്ചുവരവിനും കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയാധീശത്വത്തിനേറ്റ തിരിച്ചടിക്ക്‌ മറുമരുന്നാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

'ഏകലോക'മെന്ന മുതലാളിത്ത സങ്കല്‌പത്തിന്‌ തടസമായിരുന്ന 'സോഷ്യലിസ്‌റ്റ്' രാഷ്‌ട്രസമുച്ചയം തിരോഭവിച്ചതോടെ ആഗോളീകരണത്തിന്റെ ചുവപ്പുപരവതാനി നിവര്‍ന്നു. അതേവരെ മുതലാളിത്തത്തില്‍നിന്നും വ്യത്യസ്‌തമായി ഒരു സാമൂഹ്യലോകം സ്വപ്‌നം കണ്ടിരുന്നവരെപ്പോലും അതിരുകളില്ലാത്ത ഉപഭോഗ തൃഷ്‌ണയുടെ അടിമകളാക്കാന്‍ ആഗോളീകരണകാലത്തെ മുതലാളിത്തത്തിനായി. ആഗോളീകരത്തിന്റെ ആധാരശിലയായ നവ-ഉദാരവാദം അതിന്റെ സഹസ്രഫണങ്ങളാല്‍ കേരള സമൂഹത്തെ ഭംശിച്ചു കീഴടക്കുന്നതിനും കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം സാക്ഷിയായി.
ആഗോളീകരണത്തിന്റെ/നവ ഉദാരവാദത്തിന്റെ ഉപകരണയുക്‌തി ഇടതു-വലതു ഭേദമില്ലാതെ കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യമണ്ഡലങ്ങളെ ആലിംഗനം ചെയ്‌തു. നമ്മുടെ പൊതുമണ്ഡലത്തിന്റെ ഏറിയ ഭാഗവും ഈ പരിരംഭണത്തില്‍ ഞെരിഞ്ഞമര്‍ന്നു. തത്‌ഫലമായി സമൂഹത്തിന്റെ സമസ്‌ത മേഖലകളില്‍നിന്നും ഭരണകൂടം നടത്തിയ പിന്മാറ്റം ആധുനിക കേരളം നേടിയ മികവുകളില്‍ മിക്കതും നഷ്‌ടപ്പെടുത്തി.
പുകള്‍പെറ്റ കേരളത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഏതാണ്ട്‌ പൂര്‍ണമായിതന്നെ കച്ചവടവല്‌ക്കരിക്കപ്പെട്ടു. സേവനത്തിനു പകരം കച്ചവടം മാനദണ്ഡമായപ്പോള്‍ ഒരു കാലത്ത്‌ പടിയടച്ചു
വിട്ട പകര്‍ച്ചവ്യാധികളും പുതുവ്യാധികളും കേരളത്തില്‍ നിത്യസന്ദര്‍ശകരായി. രോഗപ്രതിരോധത്തിന്‌ ഊന്നല്‍കൊടുത്തിരുന്ന ആരോഗ്യനയം കൈയൊഴിയപ്പെട്ടു. കൂണുപോലെ മുളച്ചുപൊന്തിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും/മെഡിക്കല്‍ കോളജുകളുമെല്ലാം പണംവാരിപ്പെട്ടികളായി മാറി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നടപ്പാക്കിയ 'സ്വാശ്രയനയം' സമൂഹത്തെ അരക്ഷിതവും നിരാലംബവുമാക്കി.

ആഗോളീകരണം സൃഷ്‌ടിച്ച വിഹ്വലതകള്‍, വിമോചന പ്രതീക്ഷയുണര്‍ത്തുന്ന രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളുടെ അഭാവത്തില്‍ യുക്‌തിബോധത്തിന്‌ ചരമക്കുറിപ്പെഴുതി ഭക്‌തിമാര്‍ഗമായി. നാനാജാതിമതസ്‌ഥരായ അരക്ഷിതാത്മാക്കളുടെ പെരുക്കം ഭക്‌തിമാര്‍ഗത്തെ ഏറ്റവും ആദായമുള്ള ഭക്‌തിവ്യവസായമാക്കി വളര്‍ത്തി. അത്ഭുതങ്ങള്‍ അപൂര്‍വമായിരുന്ന കാലങ്ങള്‍ക്കു അവധി നല്‍കി അവയെ അങ്ങാടിപ്പാട്ടാക്കി. ഭക്‌തികൂടാരങ്ങളിലെ വിചിത്ര വെളിപാടുകളിലും ആക്രോശങ്ങളിലും ചുറ്റിപ്പിണഞ്ഞ്‌ ആശ്വസിച്ചാലും പ്രതീക്ഷിച്ചും മലയാളികളില്‍ നല്ലൊരു ശതമാനം പേര്‍ തങ്ങളുടെ ജീവിതം ജീവിച്ചുതീര്‍ക്കുന്നു.
വരുംകാലങ്ങളിലെ സമത്വ സുന്ദരലോകത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ശിഥിലമായതോടെ വര്‍ത്തമാന ലോകത്തെ ജീവിക്കാനുതകുംവിധം പുതുക്കിപ്പണിയാനുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കംകൂടി. സമകാലിക ജീവിതത്തെ ജനാധിപത്യവല്‌ക്കരിക്കാനും 'വികസനം' എന്ന നവ-ബൃഹദാഖ്യാനത്തിന്റെ ആക്രമണങ്ങളെ ചെറുക്കാനുമുള്ള കേരള സമൂഹത്തിലെ സാരവത്തായ മുന്‍കൈയുകള്‍ ഈ പശ്‌ചാത്തലത്തിലാണ്‌ സജീവമായത്‌.


ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ ഭൂബന്ധങ്ങളെ വിപ്ലവകരമായി പുനര്‍നിര്‍വചിച്ച സമൂഹമെന്ന മലയാളികളുടെ ആത്മഗൗരവത്തെ ചോദ്യം ചെയ്‌തു. സമൂഹത്തിലെ ഏറ്റവും പിന്നണിയിലുള്ളവര്‍ക്ക്‌ കൂരവയ്‌ക്കാനും കൃഷി ചെയ്യാനുമുള്ള മണ്ണ്‌ ഇന്നും കിട്ടാക്കനിയാണെന്നുള്ളത്‌ പൊതുമണ്ഡലം വൈമനസ്യത്തോടെയാണെങ്കിലും അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. മുത്തങ്ങ, ചെങ്ങറ, ആറളം, അരിപ്പ തുടങ്ങിയ ഭൂസമരങ്ങള്‍ ഭൂസ്വത്തും ജാതി-സാമൂഹ്യനിലകളും തമ്മിലുള്ള ബന്ധത്തെ മറനീക്കി പുറത്തുകൊണ്ടുവന്നു.
ഭൂബന്ധങ്ങളെ മാത്രമല്ല, സാമൂഹ്യ മണ്ഡലത്തെയാകെ ബാധിച്ചിട്ടുള്ള ജാതിയുടെ നീരാളിപ്പിടുത്തത്തെ സുവ്യക്‌തമാക്കാനും പല തലങ്ങളിലുള്ള ദളിത്‌-ആദിവാസി സമരങ്ങള്‍ക്കായി. നവോത്ഥാനത്തിന്റേയും ആധുനികതയുടെയും ആഘോഷത്തിമര്‍പ്പില്‍ ചതഞ്ഞരഞ്ഞു എന്നു കരുതിയ ജാതിബോധങ്ങള്‍ എത്രമേല്‍ സജീവമായാണ്‌ കേരളത്തിന്റെ സമൂഹമനസില്‍ കുടികൊള്ളുന്നതെന്ന്‌ ആഗോളീകരണകാലം സ്‌പഷ്‌ടമാക്കി.


അതിജീവനത്തിന്‌ അത്യാവശ്യം പ്രകൃതിയുടെ നിലനില്‌പ് ആണെന്നുള്ള തിരിച്ചറിവ്‌ വ്യാപകമാവുകയും പ്രകൃതിസംരക്ഷണം ജീവലോകത്തിന്റെ തുടര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണെന്നുള്ള അറിവ്‌ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തിന്റെ പൊതുബോധത്തില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടു. സൈലന്റ്‌വാലി സംരക്ഷിക്കാന്‍ നടന്ന ഐതിഹാസിക സമരത്തിന്‌ ഈ കാലയളവില്‍ പലനിലകളിലും തുടര്‍ച്ചയുണ്ടായി.
പാടമശഖരങ്ങളും തണ്ണീര്‍ത്തടങ്ങളും കായല്‍പുറമ്പോക്കുകളും മലനിരകളും തീരദേശവും വിപാടനം ചെയ്യപ്പെടേണ്ടവയല്ല മറിച്ച്‌ പ്രകൃതി സമ്പത്തുക്കളാണെന്നും അതിനാല്‍തന്നെ ഭാവിതലമുറകള്‍ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണ വ്യാപകമാകുന്നതിനും അതിനായി നിയമനിര്‍മാണം നടത്തുന്നതിനും സാഹചര്യമുണ്ടായി. പ്ലാച്ചിമട, ആതിരപ്പള്ളി, ആറന്മുള സമരങ്ങള്‍ പൊതുബോധം എത്രമേല്‍ പാരിസ്‌ഥിതികോന്മുഖമായാലും നിരന്തരം പുലര്‍ത്തേണ്ട പാരിസ്‌ഥിതിക ജാഗ്രതതെ ഓര്‍മിപ്പിക്കുന്നു.


വര്‍ഗീയതയുടെ വളര്‍ച്ചയാണ്‌ ഈ കഴിഞ്ഞ കാല്‍നൂറ്റാണ്ട്‌ കാലത്തിനിടയില്‍ കേരള സമൂഹത്തിലുണ്ടായ മറ്റൊരു പ്രധാന പ്രശ്‌നം. വര്‍ഗീയമായ ചേരിതിരിവുകള്‍ അതിനു മുന്‍പ്‌ കേരളീയ സമൂഹത്തില്‍ ഉണ്ടായിരുന്നില്ല എന്നല്ല ഇവിടെ വിവക്ഷ. ഇടതുപക്ഷത്തിന്‌ കേരള സമൂഹത്തില്‍ കൈവന്ന നിര്‍ണായക സ്വാധീനം വര്‍ഗീയ-സാമുദായിക- ജാതി സ്വത്വബോധങ്ങളെ വര്‍ഗബോധമായി പരിണമിപ്പിക്കുകയും മതേതരമായ പൊതുമണ്ഡലം രൂപപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇടതുപക്ഷത്തിനുണ്ടായ അപചയവും ധൈഷണീക പ്രതിസന്ധിയും ജാതി-സമുദായ-വര്‍ഗീയ ബോധങ്ങളെ പൊതുമണ്ഡലത്തിലേക്ക്‌ പുനരാനയിക്കുന്നതിലേക്ക്‌ എത്തിച്ചേര്‍ന്നിരിക്കുന്നു. ബാബറിമസ്‌ജിദ്‌ തകര്‍ത്ത്‌ താണ്ഡവമാടിയ ഹിന്ദു വര്‍ഗീയതയുടെ വളര്‍ച്ചയും അനുബന്ധ പ്രശ്‌നങ്ങളും വര്‍ഗീയതയുടെ വ്യാപനത്തിന്‌ കാരണമായിട്ടുണ്ടെന്നുള്ളതും നിസ്‌തര്‍ക്കമാണ്‌. വര്‍ഗീയമായ ചേരിതിരിവുകള്‍ കേരളം കൈവരിച്ച രാഷ്‌ട്രീയ സാമൂഹ്യ നേട്ടങ്ങളെ പിന്നോട്ടടിക്കാനേ ഉതകൂ.
മേല്‍ വിവരിച്ചവണ്ണം കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയിലെ സങ്കീര്‍ണമായ രാഷ്‌ട്രീയ മാറ്റങ്ങള്‍ ഇടതുപക്ഷത്തിന്റെ അധീശത്വത്തിനും നിര്‍ണായകത്വത്തിനും ക്ഷതംവരുത്തിയിട്ടുണ്ട്‌ എന്നത്‌ നിസംശയമാണെങ്കിലും അതിന്റെ പ്രഭാവത്തെ പരിപൂര്‍ണമായി അസ്‌തമിപ്പിച്ചിട്ടില്ല. കേരളത്തിലെ രാഷ്‌ട്രീയ-സാമൂഹ്യ സംവാദ മേഖലകളില്‍ ഇടതുപക്ഷവും ഇതരപക്ഷങ്ങളും ഇപ്പോഴും കൊമ്പുകോര്‍ത്തുകൊണ്ടിരിക്കുന്നു. ഈ അന്യോന്യത്തില്‍ ആരും ഇതുവരെ പൂര്‍ണമായി കടന്നിരുന്നിട്ടില്ല എന്നുള്ളതാണ്‌ യാഥാര്‍ഥ്യം.


ഡോ. മാത്യു ജോസഫ്‌ സി
(ലേഖകന്‍ ന്യൂഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ അക്കാദമി ഓഫ്‌ ഇന്റര്‍നാഷണല്‍ സ്‌റ്റഡീസില്‍ അധ്യാപകനാണ്‌)
- See more at: http://beta.mangalam.com/print-edition/jubilee-special/162520#sthash.wZrPl5hp.d

No comments: