കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്ത്‌ചേരുന്ന
ഒരു ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഞാന്‍ ആ വീട്ടിലെത്തിയത്. മുന്‍ തലമുറയുടെ
പിന്‍ഗാമികളായ ഞങ്ങള്‍ പിന്‍ തലമുറയുടെ മുന്‍ ഗാമികളായതിനാല്‍ ഞങ്ങള്‍ക്ക്
മുമ്പുള്ള തലമുറയും ഞങ്ങള്‍ക്ക് ശേഷം വന്ന തലമുറയുമായി ബന്ധം സ്ഥാപിക്കുന്ന
പാലങ്ങളായി ഞങ്ങള്‍ വര്‍ത്തിച്ചു.. ഞങ്ങള്‍ക്ക് മുമ്പുള്ളവരെ വളരെ നാളുകള്‍ കൂടി
കണ്ടപ്പോള്‍ ഉപ്പുപ്പാ/ കൊച്ചാപ്പാ/ വല്യപ്പാ ‘ഇത് എന്റെ മകന്‍/ ഇത്
എന്റെ മരുമകന്‍/ ഇത് എന്റെ പേരക്കുട്ടി/ ഇത് മരുമകള്‍…’ എന്നൊക്കെ ഞങ്ങളുടെ പിന്‍ തലമുറയെ അവര്‍ക്ക്
പരിചയപ്പെടുത്താന്‍ ഞങ്ങള്‍ വെമ്പല്‍ കൊണ്ടു. എല്ലാവരും ഒരുമിച്ച് കൂടുന്ന ഇത്
പോലുള്ള ചടങ്ങുകളില്‍ വെച്ച് ആണല്ലോ പുതിയ തലമുറയും പഴയ തലമുറയും പരിചയപ്പെടുകയും
ബന്ധപ്പെടുകയും ചെയ്യുന്നത്. അങ്ങിനെ കുടുംബ ബന്ധങ്ങള്‍ പുതുക്കപ്പെടുന്നു.
പിന്നീട് എവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ഇത് എന്റെ പിതാവിന്റെ/മാതാവിന്റെ
ബന്ധു ആണെന്ന് നമ്മളും അവര്‍ ഇങ്ങോട്ടും മനസ്സിലാക്കി പെരുമാറുന്നു. കുടുംബം എന്ന
സ്ഥാപനം ഉണ്ടായ കാലം മുതല്‍ ഈ പരിചയപ്പെടാനുള്ള ത്വര സന്തോഷപൂര്‍വം മുന്‍
ഗാമികളിലും പിന്‍ ഗാമികളിലും നിലകൊണ്ടു.
എന്നാല്‍
ഇപ്പോള്‍ കാര്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. അപ്രകാരമുള്ള ഒരു പരിചയപ്പെടലിനോ
മറ്റെന്തെങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തികളിലോ ഏര്‍പ്പെടാന്‍ മടി കാണിക്കത്തക്ക
വിധം പുതു തലമുറ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. അവര്‍ വെറുതെ ഇരിക്കുകയല്ല, അവര്‍ കയ്യിലിരിക്കുന്ന മൊബൈലില്‍ ഇന്റര്‍ നെറ്റ് ലോകത്തിലെവിടെയോ ചുറ്റി
തിരിയുകയാണ്. അത് ഫെയ്‌സ് ബുക്ക് ആകാം, ട്വിറ്റര്‍ ആകാം,
ചാറ്റിംഗ് ആകാം , കമ്പ്യൂട്ടര്‍ ഗെയിമിലാകാം,
ഇതൊന്നുമല്ലെങ്കില്‍ ഏതോ നിയമ സഭ സാമാജികന്‍ നിയമ സഭ നടന്ന്
കൊണ്ടിരുന്നപ്പോള്‍ ആസ്വദിച്ച് രമിച്ചിരുന്ന ഇടങ്ങളില്‍ എവിടെയെങ്കിലുമാകാം.
ഏതായാലും അവര്‍ ഈ ലോകത്തിലെങ്ങുമില്ല.
ഈ വീട്ടിലെ
ചടങ്ങുകള്‍ക്കിടയിലും ഞാന്‍ ആ കാഴ്ച കണ്ടു. ഒരു സോഫായില്‍ നിരന്നിരുന്ന് പുതു
തലമുറ പെണ്‍ കുട്ടികളടക്കം നാലഞ്ചെണ്ണം മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയോ
തടവിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ അഥവാ കഞ്ചാവ്
അടിച്ച് കിറുങ്ങിയത് പോലെ അവരുടെ കണ്ണുകള്‍ മൊബൈലില്‍ മാത്രം കേന്ദ്രീകരിച്ചു.
ഇപ്രകാരം
അഭിരമിച്ചിരിക്കുന്നവരുടെ അടുത്ത് ചെന്ന് ‘മോനേ!/മോളേ! ദാ! ഇത്
എന്റെ കൊച്ചാപ്പാ/ ഇതെന്റെ അമ്മായീ…എന്ന്
പരിചയപ്പെടുത്താന്‍ മുതിര്‍ന്നാല്‍ അവര്‍ ഒന്ന് തലപൊക്കി നോക്കി കൊച്ചാപ്പായുടെയോ
അമ്മായിയുടെയോ മുഖത്ത് നോക്കിയിട്ട് ഹീ…ഈ..എന്നൊരു
ഇളി പാസ്സാക്കി വീണ്ടും മൊബൈലിലേക്ക് കണ്ണ് തിരിക്കും. വലിയ കാര്യത്തില്‍ നമ്മള്‍
വിളിച്ച് കൊണ്ട് വന്ന കൊച്ചാപ്പായുടെ/അമ്മായിയുടെ മുമ്പില്‍ നമ്മള്‍ ഇളിഭ്യരായി
തീരുകയും ചെയ്യും. അത് കൊണ്ട് പരിചയപ്പെടലിന് ആരും മുതിര്‍ന്നില്ല.
വീടുകളിലും
വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലും സമയം കിട്ടുമ്പോള്‍ ഇപ്പോള്‍ ഇത് തന്നെ അവരുടെ പണി.
കൂട്ടു കുടുംബങ്ങള്‍ അപ്രത്യക്ഷമായി പകരം വന്ന അണു കുടുംബത്തിലെ ഒറ്റപ്പെട്ട
അണുക്കളായി മാറിയിരിക്കുന്നു ഈ തലമുറ. വീട്ടില്‍ ആര് വന്നാലും ആര് ഇരുന്നാലും ആര്
പോയലും നാല് ചുറ്റും എന്ത് നടന്നാലും അവര്‍ അത് കാര്യമാക്കുന്നതേ ഇല്ല. മഴ
വരുന്നതും വെയില്‍ പരക്കുന്നതും നിലാവ് പെയ്യുന്നതും മഞ്ഞ് കുളിര്‍ പട്ര്‍ത്തുന്നതും
പൂവുകള്‍ പുഞ്ചിരിക്കുന്നതും കിളികള്‍ പാട്ട് പാടുന്നതും കുതുഹൂലത്തോടെ നോക്കി
കണ്ട് ആഹ്‌ളാദ പൂര്‍വം പ്രകൃതിയെ നെഞ്ചിലേറ്റുന്ന ആ തലമുറ ഇന്നില്ല. പകരം
മെഷീനുകളില്‍ കുത്തുകയോ തടവുകയോ വലിക്കുകയോ ചെയ്യുന്ന നാം സിനിമയില്‍ കാണുന്ന
ബാഹ്യാകാശ ജീവികളെ പോലെ (അവര്‍ നിലാവ് കാണുമ്പോള്‍ സന്തോഷിക്കുകയോ മഴയെ നിര്‍ന്നിമേഷരായി
നോക്കി നില്‍ക്കുകയോ ചെയ്യാറില്ലല്ലോ) ഈ തലമുറ മാറ്റപ്പെട്ടിരിക്കുന്നു എന്നത് ഒരു
ദു:ഖ സത്യം തന്നെയാണ്.
http://boolokam.com/archives/156590#sthash.QgRI4R5T.dpuf
No comments:
Post a Comment