ഒരു ആവറേജ് മലയാളി കേട്ടാല്‍ പേടിക്കുന്ന ഒരു വാക്കാണ് ചൊവ്വാദോഷം. ഇത്
കാരണം സമയത്ത് പെണ്ണ് കെട്ടാന്‍ കഴിയാത്ത പുരുഷന്മാരും കെട്ടാച്ചരക്കുകള്‍ എന്ന
ലേബലില്‍ പുരയും പറമ്പും പഞ്ചായത്തും വരെ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും
അനവധിയാണ്. എല്ലാവരും ചൊവ്വാദോഷം ചൊവ്വാദോഷം എന്ന്‍ പറഞ്ഞു
ഉടക്കുണ്ടാക്കുന്നതല്ലാതെ ഇവരൊക്കെ ഈ സംഗതി എന്താണെന്ന് അറിഞ്ഞിട്ടാണോ ബഹളം
വെക്കുന്നത് എന്നത് സംശയമാണ്. നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു
കലാപരിപാടിയാണ്, കറക്കം എന്നറിയുമോ? ഭൂമിയ്ക്ക് സ്വന്തം അച്ചുതണ്ടില്‍ ഒരു കറക്കം, പിന്നെ സൂര്യന് ചുറ്റും ഒരു കറക്കം, എല്ലാ
ഗ്രഹങ്ങള്ക്കും ഇതുപോലെ ഒരു സ്വയം കറക്കം പിന്നെ സൂര്യന് ചുറ്റുമുള്ള ഒരു കറക്കം,
ചന്ദ്രനു ഭൂമിയ്ക്ക് ചുറ്റും ഒരു കറക്കം… അങ്ങനെ ചുറ്റും നോക്കിയാല്‍ ആകെ കറങ്ങിപ്പോകുന്ന തരം കൂട്ടക്കറക്കം! ഈ
കറക്കത്തിന്റെ പേരും പറഞ്ഞാണ് കണ്ട ജോല്‍സ്യന്മാരും കൈനോട്ടക്കാരുമൊക്കെ നമ്മളെ
ഇട്ടു കറക്കുന്നത് എന്ന് നമ്മള്‍ ആദ്യം അറിയണം. അക്കൂട്ടത്തില്‍ നമ്മളെ ഏറ്റവും
കറക്കുന്ന ഒന്നായ ചൊവ്വാദോഷത്തിലെ നേരെ ചൊവ്വെ അല്ലാത്ത ദോഷങ്ങളെ പറ്റിയാണ് നമ്മള്‍
സംസാരിക്കാന്‍ പോകുന്നത്. ആദ്യം ഭൂമിയുടെ രണ്ടു പ്രധാന കറക്കങ്ങളെ നമ്മള്‍ ഒന്നു
വിശദമായി പരിചയപ്പെടണം. 1. സ്വയം കറക്കം ഉല്‍സവപ്പറമ്പിലൊക്കെ
കുഞ്ഞുങ്ങളെ കളിക്കാറിലോ പ്ലെയിനിലോ ഒക്കെ ഇരുത്തി
കറക്കി കളിപ്പിക്കുന്ന merry-go-around എന്ന
കളിപ്പാട്ടത്തില്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കുക. ചുറ്റുമുള്ളതെല്ലാം
നിങ്ങള്ക്ക് ചുറ്റും കറങ്ങുന്നതായി തോന്നും. ഭൂമി 24
മണിക്കൂര്‍ കൊണ്ട് ഒരു തവണ സ്വയം കറങ്ങുന്നതുകൊണ്ട് ആകാശത്തിലെ എല്ലാ വസ്തുക്കളും
ഈ സമയം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റും. ഇതാണ് ഉദയം-അസ്തമയം എന്നീ പ്രതിഭാസങ്ങളുടെ
സീക്രട്ട്. 2. സൂര്യനുചുറ്റുമുള്ള കറക്കം ഇത് കാരണം
സൂര്യന്‍ ഒരു വര്ഷം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റുന്നപോലെ തോന്നും. ഇത്രയും സ്ലോ ആയ
ചലനം എങ്ങനെ നമ്മള്‍ തിരിച്ചറിയും? വഴിയുണ്ട്. സൂര്യന്‍
കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം പോലും സൂര്യനെക്കാള്‍ 3 ലക്ഷം മടങ്ങ് (ഏകദേശം 40,000,000,000,000
കി.മീ.) ദൂരെയാണ് എന്നതുകൊണ്ട് വെറും 30 കോടി കി.മീ.
മാത്രം വ്യാസമുള്ള ഒരു വൃത്തത്തില്‍ കറങ്ങുന്ന ഭൂമിയെ സംബന്ധിച്ചു നക്ഷത്രങ്ങളുടെ
സ്ഥാനം മാറുന്നതേയില്ല. അതുകൊണ്ട് നക്ഷ്ത്രങ്ങളെ അപേക്ഷിച്ച് സൂര്യന് വരുന്ന
സ്ഥാനമാറ്റം നിരീക്ഷിച്ചാല്‍ ഈ ഒരു വര്‍ഷം കൊണ്ടുള്ള കറക്കം മനസിലാക്കാന്‍ കഴിയും
(ഇന്ന് രാത്രി 12 മണിക്ക് തലയ്ക്ക് മുകളില്‍ കാണുന്ന
നക്ഷത്രമാകില്ല ഒരു മാസം കഴിഞ്ഞു നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍ കാണുക എന്നര്‍ത്ഥം).
ഭൂമിയെപ്പോലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റി ഇതേ തലത്തില്‍ കറങ്ങുന്നതുകൊണ്ട്
ഇവരും ഭൂമിയെ ചുറ്റുന്നപോലെ നമുക്ക് കാണപ്പെടും. ഇതിന്‍റെയൊക്കെ ആകെത്തുക
എന്താണെന്നോ? ആകാശത്തേക്ക് നോക്കി സൂര്യനെ ഉള്‍പ്പെടുത്തി
തലയ്ക്ക് മുകളില്‍ കൂടി ഭൂമിയ്ക്ക് ചുറ്റും സൂര്യന്‍ ഉദിച്ചു അസ്തമിക്കുന്ന
ദിശയില്‍ ഒരു വലിയ റിബണ്‍ (അല്ലെങ്കില്‍ ബാന്‍ഡ്) സങ്കല്‍പ്പിച്ചാല്‍ ചന്ദ്രനും
മറ്റ് ഗ്രഹങ്ങളും എല്ലാം എല്ലാ സമയത്തും ഈ ബാന്‍ഡില്‍ എവിടെയെങ്കിലും തന്നെ കാണും.
ഈ ബാന്‍ഡിന്റെ പകുതി മാത്രമേ നമുക്ക് ഒരു സമയം കാണാന്‍ കഴിയൂ, മറ്റെ പകുതി ഭൂമിയുടെ മറുവശത്ത് ആയിരിയ്ക്കും. ഇനി ഈ ബാന്‍ഡിനെ
പന്ത്രണ്ടു തുല്യഭാഗങ്ങളായി വിഭജിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഓരോ
ഗ്രഹവും ഈ പന്ത്രണ്ടില്‍ ഏത് ഭാഗത്ത് എന്നു പറയുകവഴി അവയുടെ ആകാശത്തെ സ്ഥാനം പറയുക
എന്നതാണ് ഇങ്ങനെ വിഭജിക്കുന്നതിന് പിന്നിലെ ഉദേശ്യം. ഇത്രയുമാണ് ജോല്‍സ്യത്തിന്റെ
അടിസ്ഥാനം പഠിക്കാന്‍ വേണ്ട ആവശ്യ സങ്കല്‍പ്പങ്ങള്‍.
നമ്മള്‍ പറഞ്ഞ ഈ ആകാശ ബാന്‍ഡിനെയാണ്
രാശിചക്രം (zodiac) എന്നു പറയുന്നത്. അതിന്റെ പന്ത്രണ്ടു
ഭാഗങ്ങള്‍ ആണ് പന്ത്രണ്ടു രാശികള്‍ (zodiac signs). ഈ
ഭാഗങ്ങളെ തമ്മില്‍ തിരിച്ചറിയാന്‍ എന്താ വഴി? തീര്‍ച്ചയായും
ആകാശത്തു സ്ഥാനം മാറാതെ നില്‍ക്കുന്ന നക്ഷത്രങ്ങളെയാണ് അതിനു ഉപയോഗിക്കുന്നത്. ഓരോ
രാശിയിലും കാണുന്ന കുറെ തിളക്കമുള്ള നക്ഷത്രങ്ങളെ തമ്മില്‍ യോജിപ്പിച്ച് ഓരോ രൂപം
സങ്കല്‍പ്പിച്ച് അതിനൊക്കെ ഓരോ പേരും കൂടി ഇട്ടാല്‍ രാശികളെ തമ്മില്‍
തിരിച്ചറിയാന്‍ ഉള്ള മാര്‍ഗമായില്ലെ? ചുരുക്കിപ്പറഞ്ഞാല്‍
ആകാശത്തില്‍ വിവിധ ഗ്രഹങ്ങള്‍ കാണപ്പെടുന്ന സ്ഥലങ്ങളെ തമ്മില്‍ തിരിച്ചറിയുവാന്‍
ഉപയോഗിയ്ക്കുന്ന indicators ആണ് സിംഹം, തേള്‍, ഞണ്ട് തുടങ്ങിയ രൂപങ്ങളില്‍ നമ്മള്‍
കാണുന്ന zodiac signs. ഇനി അറിയേണ്ട ഒരു സംഗതിയാണ്
ഗ്രഹനില അഥവാ horoscope. പേര് സൂചിപ്പിക്കും പോലെ അത്
ഗ്രഹങ്ങളുടെ നില അല്ലെങ്കില്‍ സ്ഥാനം ആണ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേകസമയത്തെ
ഗ്രഹനില സൂചിപ്പിക്കുന്നത് ആ സമയത്ത് ഗ്രഹങ്ങളൊക്കെ ഏത് രാശികളില്‍ നില്‍ക്കുകയായിരുന്നു
എന്നാണ്. നിങ്ങള്‍ ഒരു ഗ്രഹനില (horoscope) എടുത്തുനോക്കിയാല്‍
അതില്‍ 12 കളങ്ങള്‍ കാണാം. ഇതില്‍ ഓരോ കളവും മേടം,
ഇടവം, മിഥുനം എന്നിങ്ങനെ ഓരോ രാശികളെ
സൂചിപ്പിക്കുന്നു. അതിലൊക്കെ ഗു, കു, ശു, എന്നിങ്ങനെ ചില തമാശ ചിഹ്നങ്ങളും
എഴുതിയിട്ടുണ്ടാവും അല്ലേ? അതെല്ലാം ഗ്രഹങ്ങളെ
സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍ ആണ്. അതില്‍ ഗു എന്നത് വ്യാഴവും (ഗുരു), ശു ശുക്രനും, ബു ബുധനും കു ചൊവ്വയും (കുജന്‍),
ച ചന്ദ്രനും, ര സൂര്യനും (രവി) സ
രാഹുവും (സര്‍പ്പം) ശി കേതുവും (ശിഖി) മ ശനിയും
(മന്ദന്‍) ആണ്. ഇപ്പോ ഒരു കുട്ടിയുടെ ഗ്രഹനിലയില്‍ ര, ബു,
ശു എന്നീ ചിഹ്നങ്ങള്‍ ഒരേ കളത്തില്‍ കാണുന്നു എന്നു വെക്കുക. ആ
കുട്ടി ജനിക്കുമ്പോള്‍ സൂര്യനും ബുധനും ശുക്രനും ഒരേ രാശിയില്‍ ആയിരുന്നു എന്നാണ്
അതിന്റെ അര്‍ത്ഥം. ഗ്രഹനിലയില്‍ ഒരു രാശിയില്‍ ‘ല’
എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ടോ? ലഗ്നം എന്ന ഇത് ഒരു ഗ്രഹമല്ല, മറിച്ച് ഒരു indicator
മാത്രമാണ്. ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍
തൊട്ടു നിന്ന (അതായത് ജനനസമയത്ത് ഉദിച്ച് കൊണ്ടിരിക്കുകയായിരുന്ന) രാശിയാണ്,
ലഗ്നരാശി. ഇതിനെ ഒന്നാം ഭാവം എന്നും പറയും. ലഗ്നത്തിന്റെ
കളത്തില്‍ നിന്നും പ്രദക്ഷിണദിശയില്‍ ഗ്രഹനിലയിലെ
കളങ്ങളെ രണ്ടാം ഭാവം, മൂന്നാം ഭാവം എന്നിങ്ങനെ
കണക്കാക്കും.അതായത് ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കിഴക്ക് ഉദിച്ചുകൊണ്ടിരുന്നത് മകരം
രാശിയാണെങ്കില്‍ മകരമായിരിക്കും അവന്‍റെ ലഗ്നം അല്ലെങ്കില്‍ ഒന്നാം ഭാവം (ചിത്രം
കാണുക). അവിടെനിന്നും കുംഭം രണ്ടാം ഭാവം, മീനം മൂന്നാം
ഭാവം എന്നിങ്ങനെ മറ്റു ഭാവങ്ങള്‍ കണക്കാക്കും. മലയാളമാസങ്ങള്‍ക്ക് പേര്
കൊടുത്തിരിക്കുന്നത് ആ മാസത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശി നോക്കിയാണ്.
നിങ്ങളുടെ ഗ്രഹനിലയില്‍ ‘ര’ രേഖപ്പെടുത്തിയിരിക്കുന്നത്
ഇടവം രാശിയിലാണെന്ന് വെക്കുക, നിങ്ങള്‍ ഇടവമാസത്തില്‍
ജനിച്ച ആളാണെന്നാണ് അതിനര്‍ത്ഥം (ചിത്രത്തില്‍ ഉള്ളത് കന്നിമാസത്തിലെ
ഗ്രഹനിലയാണ്). ഇനി ‘ര’ യും ‘ല’ യും ഒരേ രാശിയിലാണ്
അടയാളപ്പെടുത്തിയിരിക്കുന്നത് എന്നിരിക്കട്ടെ. എന്താണ് അതിനര്‍ത്ഥം? നിങ്ങള്‍ ജനിച്ചപ്പോള്‍ കിഴക്ക് ഉദിച്ചുകൊണ്ടിരുന്ന രാശിയില്‍ സൂര്യനും
ഉണ്ടായിരുന്നു. അതായത് നിങ്ങള്‍ ജനിച്ചത് സൂര്യോദയത്തോട് അടുത്ത ഒരു സമയത്ത്
ആയിരുന്നു എന്ന് അതില്‍ നിന്നും മനസിലാക്കാം. (ഇതുപോലെയുള്ള അര്‍ത്ഥത്തില്‍
പഴയകാലത്തെ മഹാന്മാര്‍ ആവിഷ്കരിച്ച അതിവിദഗ്ദമായ ഒരു കണ്ടുപിടിത്തമാണ് ഗ്രഹനില.
അതിന്റെ വിശദാംശങ്ങള്‍ മറ്റൊരിക്കല്‍ ആകട്ടെ)
നമുക്ക് നമ്മുടെ പ്രധാന
പ്രശ്നത്തിലേക്ക് വരാം, ചൊവ്വാദോഷം. ഗ്രഹനിലയില്‍ ഏഴാം
ഭാവത്തിലോ എട്ടാം ഭാവത്തിലോ ചൊവ്വാഗ്രഹം നിന്നാല്‍ (ജ്യോല്‍സ്യന്‍റെ ഭാഷയില്‍
കുജന്‍ ഏഴിലോ എട്ടിലൊ നിന്നാല്‍) ആ ഗ്രഹനിലയുടെ ഉടമയ്ക്ക് ചൊവ്വാദോഷം ഉണ്ടെന്ന്
പറയും. എന്താണ് ഇതിലെ ദോഷം? മൊത്തം പന്ത്രണ്ട് രാശികള്‍.
അപ്പോള്‍, ഒരു സമയത്ത് ആറെണ്ണമേ ആകാശത്തു ഉണ്ടാവൂ. ബാക്കി
ഭൂമിയുടെ മറുവശത്ത് ആയിരിക്കുമല്ലോ(അത് ഇന്നത്തെ അറിവ്. അന്നത്തെ കാലത്ത് പരന്ന
ഭൂമിയ്ക്ക് മറുവശം ഇല്ലായിരുന്നു എന്നോര്‍ക്കണം). കുഞ്ഞ് ജനിക്കുന്ന സമയത്ത്
കിഴക്ക് ചക്രവാളത്തില്‍ ഉള്ള രാശി ഒന്നാം ഭാവം, അതായത്
ആറാം ഭാവം ആ സമയത്ത് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കുകയായിരിക്കും. ഏഴും
എട്ടും ഭാവങ്ങള്‍ തൊട്ടു മുന്പ് അസ്തമിച്ചു കഴിഞ്ഞ രാശികള്‍ ആണ്. ഒരു ദിവസംകൊണ്ട്
പന്ത്രണ്ട് രാശികള്‍ ഉദിച്ച് അസ്തമിക്കും എന്ന് നേരത്തെ മനസിലാക്കിയല്ലോ. അപ്പോ
ഒരു രാശി പൂര്‍ണമായി അസ്തമിക്കാന്‍ 24/12=2 മണിക്കൂര്‍
എടുക്കും. ഇതൊക്കെ ചേര്‍ത്ത് വളച്ചുകെട്ടില്ലാതെ നേരെ ചോവ്വെ അങ്ങ് പറഞ്ഞാല്‍ ഒരു
സ്ഥലത്ത് ചൊവ്വ അസ്തമിച്ചശേഷം ഏതാണ്ട് 2 മുതല്‍ 4 മണിക്കൂറിനുള്ളില്‍ ജനിച്ചവര്‍ ആണ് ജ്യോല്‍സ്യന്‍റെ കണ്ണില്‍
ചൊവ്വാദോഷം ബാധിച്ച കുഴപ്പക്കാര്‍!! ഇവിടെ വേറൊന്നുകൂടി ഓര്‍ക്കണം. ഈ ലഗ്നം എന്ന്
പറയുന്നത് ഒരു സമയത്ത് പല സ്ഥലത്തും പലതായിരിക്കും. ഉദാഹരണത്തിന് തിരുവനന്തപുരത്ത്
12.10.2012 രാവിലെ 7 മണിക്ക്
കന്നിരാശിയാണ് ലഗ്നം. ഇതേസമയത്ത് അങ്ങ് സൌത്ത് ആഫ്രിക്കയില്‍ കര്‍ക്കിടകരാശിയും
വെനിസ്വേലയില്‍ മേടരാശിയും ആണ് ലഗ്നം. അതായത് ഏത് സമയം എടുത്താലും ലോകത്ത്
എവിടെയെങ്കിലുമൊരു സ്ഥലത്ത് അപ്പോള്‍ ചൊവ്വ ഏഴിലോ എട്ടിലൊ ആയിരിക്കും. ഏഴും എട്ടും
എന്നിങ്ങനെ പന്ത്രണ്ടില്‍ രണ്ട് ഭാവങ്ങള്‍ എന്ന കണക്ക് വെച്ച് നോക്കിയാല്‍ ലോകത്ത്
ജനിക്കുന്നവരില്‍ 16.7% (2/12) ആളുകള്‍ ചൊവ്വാദോഷം
ഉള്ളവര്‍ ആണ്. ഇവരില്‍ ലോകജനസംഖ്യയുടെ 17.18% ഉള്‍ക്കൊള്ളുന്ന
ഇന്ത്യയില്‍ ഈ 17.18 ന്റെ 80% (അതായത്
ലോകജനസംഖ്യയുടെ 2.29%) വരുന്ന ഹിന്ദുക്കള്‍ക്കു
മാത്രമേ ചൊവ്വ എന്തെങ്കിലും കുഴപ്പമുണ്ടാക്കുന്നുള്ളൂ എന്നത്
ചൊവ്വയുടെ സ്വഭാവം അത്ര ചൊവ്വുള്ളതല്ല എന്നതാണോ കാണിക്കുന്നത്? അല്ലെങ്കില്‍ എന്തിനാണ് ഈ പക്ഷപാതം? പാത്ത്
ഫൈണ്ടറും ഓപ്പര്‍ചൂനീട്ടിയും ക്യൂറിയോസിറ്റിയുമൊക്കെ എയ്തുവിട്ടു ഉപദ്രവിക്കുന്ന
അമേരിക്കയിലെ ആളുകളെ വെറുതെ വിട്ടു പാവം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ കല്യാണം
മുടക്കുന്നതിലേ ന്യായം എന്താണ്? ഇന്ത്യയുടെ അടുത്ത
ചൊവ്വാപര്യവേഷണത്തിന്റെ ഭാഗമായി നമ്മുടെ മംഗല്‍യാന്‍ കൂടി അങ്ങ് ചെന്നാല്‍
ഇന്ത്യക്കാരോടുള്ള ചൊവ്വയുടെ ദേഷ്യം കൂടുമോ? ഓര്‍ക്കുമ്പോള്‍
തന്നെ പേടിയാവുന്നു - See more at:
No comments:
Post a Comment