Sunday, June 01, 2014

ഗ്രഹനില

ഗ്രഹനില
   

കാലം (സമയം) അളക്കാന്‍ ഉപകരണം ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. ക്ലോക്കോ കലണ്ടറോ ഒന്നും ഇല്ലാത്ത ഒരു കാലം.വളരെ കാലങ്ങള്‍ക്ക് മുന്പ് സമയം അളക്കാന്‍ ഉപകരണങ്ങള്‍ ഇല്ലായിരുന്നു. ഒരാള്‍ ജനിച്ച സമയം രേഖപ്പെടുത്താന്‍ ഒരു മാര്‍ഗ്ഗം ഇല്ലായിരുന്നു. ഷിജു ജനിച്ചത് സതീശന്‍ ജനിച്ച് കുറച്ചു രാവും പകലും കഴിഞ്ഞ ശേഷം എന്ന രീതിയില്‍ ആയിരുന്നു കണക്കു കൂട്ടിയിരുന്നത്. പകല്‍ സമയത്ത് വെയിലും നിഴലും നോക്കി സമയം കണക്കാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് വാനനിരീക്ഷണത്തില്‍ (ജ്യോതിശാസ്ത്രം) കഴിവുള്ളവര്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചന്ദ്രന്റെയും നിലയും സഞ്ചാരവും അടിസ്ഥാനമാക്കി കാലത്തെ ഗണിക്കാന്‍ തുടങ്ങി. 365 രാവും പകലും കഴിയുമ്പോള്‍ ഭൂമി ഒരു പ്രാവശ്യം സൂര്യനെ വലം വെയ്ക്കുന്നു എന്ന അവര്‍ മനസിലാക്കി. അതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ജനിച്ചതിന്റെ ഗ്രഹനില രേഖപെടുത്തി അയാളുടെ വയസ് കണക്കാക്കാന്‍ തുടങ്ങി. കാലക്രമേണ വിദഗ്ദരായ ജ്യോതിശാസ്ത്രജ്ഞന്മാര്‍ (ജ്യോതിഷം അല്ല) ഭൂമിയുടെയും ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും സഞ്ചാരത്തെ അടിസ്ഥാനമാക്കി കലണ്ടരുകള്‍ക്ക് രൂപം നല്‍കി. വര്‍ഷവും മാസവും ആഴ്ചയും ദിവസവും ഒക്കെ ആക്കി കാലത്തെ വിഭജിച്ചു. സമയം അളക്കാന്‍ കൃത്യമായ മാര്‍ഗ്ഗം ഉണ്ടായി. അതോടെ, ഗ്രഹനിലകളും കണക്കുകൂട്ടലും ഒരു വരുമാനമാര്‍ഗ്ഗമായി കണ്ട് ജീവിച്ചിരുന്ന വാനനിരീക്ഷകര്‍ക്ക് അന്നം മുട്ടി. അവര്‍ക്ക് മറ്റു വഴി തേടേണ്ടി വന്നു. അങ്ങനെയാണ് ജ്യോതിശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിച്ചേര്‍ത്ത് ജ്യോതിഷം ഉണ്ടാകുന്നത്. ഒരാള്‍ ജനിക്കുംബോഴുള്ള ഗ്രഹനില പ്രകാരം അയാളുടെ ഭാവി നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് തെറ്റിദ്ധരിപ്പിച്ച് അവര്‍ കാശുണ്ടാക്കാന്‍ തുടങ്ങി. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ തിളങ്ങുന്ന ഗ്രഹമായി കാണപ്പെടുന്ന ശുക്രന്‍ ഭാഗ്യത്തിന്റെ മുദ്രയായി. യഥാര്‍ത്തത്തില്‍ ചുട്ടുപഴുത്തു നില്‍ക്കുന്ന ഗ്രഹമാണ് ശുക്രന്‍ എന്ന് പിന്നീട് ശാസ്ത്രം കണ്ടെത്തി. ഇരുണ്ട ഗ്രഹമായ ചൊവ്വ ഗ്രഹം ദോഷത്തിന്റെ ചിഹ്നമായി. എന്നാല്‍ ഇന്ന് ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുള്ള ഗ്രഹമായി ശാസ്ത്രം ചൊവ്വയെ കണ്ടെത്തിയിരിക്കുന്നു. ചൊവ്വയില്‍ മനുഷ്യനിര്‍മ്മിത വാഹനം (ക്യൂരിയോസിറ്റി) ഇറങ്ങി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നമ്മുടെ ജ്യോത്സ്യര്‍ ഈ അന്ധവിശ്വാസത്തെ ജനങ്ങള്‍ക്കിടയില്‍ കുത്തിയിറക്കിക്കൊണ്ടിരിക്കുന്നു. ഭൂമിയില്‍ നിന്നും കോടാനുകോടി പ്രകാശ വര്ഷം അകലെ നില്‍ക്കുന്ന ചൊവ്വയും ശുക്രനും ഒക്കെ ഭൂമിയിലെ കോടാനു കോടി ജീവികളില്‍ ഒരു ജീവി വര്‍ഗ്ഗമായ മനുഷ്യരില്‍, കോടിക്കണക്കിനു മനുഷ്യരില്‍ ഒരു മനുഷ്യന്‍ ആയ തന്നില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയാകനമോ നമ്മള്‍?

ഭാരതീയ ഇതിഹാസങ്ങളില്‍ എവിടെയും ജ്യോത്സ്യത്തെ കുറിച്ച് പറയുന്നില്ല. ശ്രീരാമന്‍ സീതയെ കല്ല്യാണം കഴിച്ചത് ജാതകം നോക്കിയിട്ടല്ല. കൃഷ്ണന്‍ രാധയെ, പരമശിവന്‍ പാര്‍വതിയെ, അര്‍ജുനന്‍ ദ്രൌപദിയെ കല്യാണം കഴിച്ചത് ജാതകം നോക്കിയിട്ടല്ല. എന്നിട്ടും ഇവരെയൊക്കെ ആരാധിക്കുന്നവര്‍ ജ്യോത്സ്യന്മാരുടെ പിന്നാലെ പോകുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ജ്യോത്സ്യന്‍ സമയം നോക്കിയിട്ടല്ല. (ഇന്ന് ചില വിഡ്ഢികള്‍ ജ്യോത്സ്യന്റെ എഴുത്ത് വാങ്ങി ആ സമയത്ത് ഓപ്പറേഷന്‍ ചെയ്യുന്നുണ്ട്) പിന്നീട് ആ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന ആളായി ജ്യോത്സ്യന്‍ മാറുന്നു. 
ഒരു കുഞ്ഞ് ജനിച്ചാല്‍ ആശുപത്രിയൊക്കെ വിട്ട് വീട്ടില്‍ വന്നു 28 ദിവസം ആയാല്‍ പാലുകൊടുക്കല്‍ എന്നൊരു ചടങ്ങുണ്ട്. ഈ ചടങ്ങിനു സമയം അറിയാന്‍ ജ്യോത്സ്യന്റെ അടുത്ത് പോകും. കുഞ്ഞിനു ആദ്യമായി ആ അമ്മ മുലപ്പാല് നല്‍കിയത് ജ്യോത്സ്യന്റെ അടുത്തു പോയി സമയം അറിഞ്ഞിട്ടാണോ? അമ്മയുടെ വയറിനു പുറത്ത് ഭൂമിയിലെ ആദ്യ ഭക്ഷണം നല്‍കിയത് കുഞ്ഞിനു ജ്യോത്സ്യന്റെ സഹായമില്ലാതെയാണ്. അതുകൊണ്ട് തുടര്‍ന്നും കുഞ്ഞിനു ഭക്ഷണം നല്‍കുന്നത് അങ്ങനെ തന്നെയായാല്‍ മതിയാകില്ലേ? 
പെണ്ണ് കാണാന്‍ ഇറങ്ങുന്നവര്‍ ആദ്യം പോകുക ജ്യോത്സ്യന്റെ അടുത്തേക്കാണ്. എന്റെ പെണ്ണ് ഏതു ദിക്കില്‍ ആണ് എന്നറിയാന്‍. ഏതു ദിക്കിലേക്ക് പോയാല്‍ എനിക്ക് പെണ്ണ് കിട്ടും എന്നറിയാന്‍. ജ്യോത്സ്യന്‍ കവടി നിരത്തി ദിക്ക് പറയും. ആ ദിക്കിലേക്ക് പോയാല്‍ ചിലപ്പോള്‍ കിട്ടും. ചിലപ്പോള്‍ കിട്ടില്ല. കിട്ടിയില്ലെങ്കില്‍ ജ്യോത്സനെതിരെ കേസ് കൊടുക്കാന്‍ വകുപ്പില്ലല്ലോ. എട്ട് പൊരുത്തവും ഒത്ത് കല്യാണ കഴിച്ചാല്‍ അവരുടെ ഭാവിക്ക് ജ്യോത്സ്യന്‍ ഒരു ഗ്യാരന്റിയും നല്‍കില്ല. അവര്‍ക്ക് ഭാവിയില്‍ കുഞ്ഞ് ഉണ്ടായില്ലെങ്കില്‍ ജ്യോത്സനെതിരെ കേസ് കൊടുക്കാന്‍ കഴിയില്ല. ഏഷ്യാനെറ്റ് ചാനലില്‍ സ്ഥിരമായി ഫലം പറയുന്ന ആറ്റുകാല്‍ രാധാകൃഷ്ണന്റെ മകനെ ഒരു ദിവസം കാണാതായി. രാധാകൃഷ്ണന്‍ നേരെ പോലീസ് സ്റെഷനില്‍ പോയി പരാതിപ്പെട്ടു. രാധാകൃഷ്ണന്‍ എന്തിനാണ് പോലീസ് സ്റെഷനില്‍ പോയത്? മകന്‍ പോയ ദിക്ക് കണ്ടുപിടിക്കാന്‍ കവടി നിരത്തിയാല്‍ പോരായിരുന്നോ? ഇത്രയേ ഉള്ളൂ ജ്യോതിഷം.
സ്വാമി വിവേകാനന്ദന്‍ മുതല്‍ മഹാത്മാ ഗാന്ധി വരെയുള്ള മഹാന്മാര്‍ ശക്തമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ഒന്നാണ് ജ്യോതിഷം. ഇനിയും ജ്യോത്സ്യന്റെ അടുത്ത പോയി സ്വയം വിഡ്ഢിയാകണമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.

No comments: