Monday, June 16, 2014

ട്രാൻസ്പോർട്ട് കമ്മിഷണർ


വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ്‌ പൊലിയുന്നത്‌. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക്‌ പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരുണ്ട്‌. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച്‌ വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച്‌ കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു കുടുംബത്തിന്‌ വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ്‌ ചെയ്യുന്നത്‌. അംഗഭംഗം സംഭവിച്ച്‌ കഴിയുന്ന വ്യക്തിക്ക്‌ കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത്‌ അയാളുടെ ആജീവനാന്തകാല ചികിത്സക്ക്‌ പോലും തികയില്ല.

ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ്‌ ഇന്ന് നമ്മുടെ രാജ്യത്ത്‌ ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്‌. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണിതിനുള്ള കാരണങ്ങള്‍? ആരാണിതിനെല്ലാം ഉത്തരവാദികള്‍? അപകടങ്ങള്‍ വെറും യാദൃശ്ചികമായി അപകടങ്ങള്‍ മാത്രമാണോ? നമ്മുടെ അശ്രദ്ധയും തിരക്കും തിടുക്കവുമെല്ലാം ഇതിനു കാരണമല്ലേ?

വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്‌. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ്‌ വികസനം നടക്കുന്നില്ല എന്നത്‌ നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനം, ഓഫീസ്‌/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ്‌ റാപ്പിഡ്‌ ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ്‌ ആവിഷ്കരിക്കാത്തത്‌ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ വളരെ കാരണമായിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ. 
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക്‌ പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച്‌ അത്‌ വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത്‌ മിക്ക മദ്ധ്യവര്‍ഗ്ഗ/ഉന്നതവര്‍ഗ്ഗ വീടുകളിലും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഉണ്ട്‌. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഇത്‌ ഇനിയും കൂടുകയേ ഉള്ളൂ. ഒരേ സമയം ഈ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ. പട്ടണങ്ങളില്‍ പലയിടങ്ങളിലും വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പര്യാപ്തമായ സൗകര്യം കിട്ടുകയില്ല. ഇവിടെയാണ്‌, തിരക്കുള്ള (ഓഫീസ്‌/സ്കൂള്‍) സമയങ്ങളില്‍ യാത്ര ചെയ്യാന്‍ മതിയായ പബ്ലിക്ക്‌ ട്രാന്‍‍സ്പോര്‍ട്ട്‌ സിസ്റ്റമോ കാര്‍ പൂളിംഗിന്റേയോ ആവശ്യകത വരുന്നത്‌.

അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്‌/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്‌. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട്‌ ഓടുമ്പോള്‍ മണ്ണ്‌/മണല്‍ എന്നിവ കടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ മരണം വിതച്ചുകൊണ്ട്‌ ആരെയും കൂസാക്കാതേയുള്ള പാച്ചിലാണ്‌. മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുന്ന പാണ്ടി ലോറി, ടാങ്കര്‍, കണ്ടെയിനര്‍ ഡ്രൈവര്‍മാരും അപകടം വരുത്തിവെക്കുന്നതിലേക്ക്‌ വഴിതെളിക്കുന്നു. ഈ വാഹനങ്ങളെ മറികടക്കാനായി വെമ്പുന്ന ന്യൂ ജനറേഷന്‍ കാറുകള്‍. ഇവരുടെയെല്ലാം മല്‍സരപ്പാച്ചിലില്‍ പെട്ട്‌ പോകുന്നത്‌ മിക്കവാറും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. ഇതില്‍ മിക്കവരും ഹെല്‍മറ്റ്‌ ധാരികളല്ലാത്തതുകൊണ്ട്‌, റോഡില്‍ തന്നെയോ ആശുപത്രീമദ്ധ്യേയോ, ഗുരുതരമായി പരുക്കേറ്റ ഇവരുടെ മരണം സംഭവിക്കുന്നു. ഒരു അപകടം നടന്നാല്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പലരും പോലീസ്‌ വരുന്നതുവരെ നോക്കിനില്‍ക്കുകയോ, വാഹനത്തില്‍നിന്നും നോക്കിയിട്ട്‌ കടന്നുപോവുകയോ ആണ്‌ ചെയ്യുന്നത്‌. പോലീസ്‌, കേസ്‌, സാക്ഷി തുടങ്ങിയ 'പൊല്ലാപ്പു'കളില്‍ ചെന്നുപെടാതിരിക്കാനായി ഇങ്ങനെ ചെയ്യുന്നതായിരിക്കാം. അങ്ങനെ നമ്മുടെ റോഡുകള്‍ നമ്മുടെ തന്നെ കുരുതിക്കളങ്ങളായി മാറുകയാണ്‌. വീതികുറഞ്ഞ പാതകളും കാഴ്ചമറയ്ക്കുന്ന വളവുതിരിവുകളും ഉള്‍നാടന്‍ റോഡുകളില്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതിലൊന്നാണ്‌. 

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍/അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യണം:
I.
1.
സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മല്‍സര ഓട്ടവും നിയന്ത്രിക്കുക. തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സ്‌ അനുവദിക്കുക. ബസ്സ്‌ യാത്രാ സമയപട്ടിക കര്‍ശനമായി പാലിക്കുക.

2.
മണല്‍/മണ്ണ്‌ കടത്തുന്ന ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കുക. അനിയന്ത്രിതമായുള്ള മണ്ണ്‍/മണല്‍ ഖനനം തടയുക. വീഴ്ചവരുത്തുന്നവരുടെ ലൈസന്‍സ്‌ റദ്ദാക്കി വണ്ടി കണ്ട്‌കെട്ടുക.

3.
മദ്യപിച്ചും, അശ്രദ്ധയോടും, അമിതവേഗത്തിലും വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക.

4.
അപകടത്തിന്‌ കാരണമായ വണ്ടിയുടെ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കുകയും കനത്ത ശിക്ഷ/പിഴ ചുമത്തുകയും ചെയ്യുക. അപകടകാരണമായ ബസ്സിന്റെ റൂട്ട്‌ ലൈസന്‍സ്‌ റദ്ദാക്കുക, പുതിയവ നല്‍കാതിരിക്കുക.

5.
ഇരുചക്രവാഹനമോടിക്കുന്നവരെ ഹെല്‍മറ്റ്‌ ധരിക്കാന്‍ പ്രേരിപ്പിക്കുക/ബോധവല്‍ക്കരണം നടത്തുക.

6.
വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പുതുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമായി നടത്തിമാത്രം അനുവദിക്കുക. വളരെ പഴക്കം ചെന്ന വാഹനങ്ങള്‍ പ്രത്യേകിച്ചും വായു/ശബ്ദ മലിനീകരണമുണ്ടാക്കുന്നത്‌ പ്രധാന നിരത്തുകളില്‍ ഓടുന്നത്‌ നിയന്ത്രിക്കുക.



II. റോഡുകളുടെ ശോച്യാവസ്ഥയും ഒരു പരിധിവരെ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാല്‍‍:

7.
ഭാവിയിലെ വാഹനപ്പെരുപ്പവും കൂടി കണക്കിലെടുത്ത്‌ റോഡ്‌ നിര്‍മ്മാണം, വീതികൂട്ടല്‍, പാലം പുതുക്കിപണിയല്‍, മേല്‍പ്പാലങ്ങള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനങ്ങള്‍ എന്നിവ അതിവേഗം നടപ്പിലാക്കേണ്ടതുണ്ട്‌.

8.
ട്രാഫിക്ക്‌ നിയമം അനുസരിക്കാന്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുക.

9.
തിരക്കുള്ള സമയങ്ങളില്‍ ഹൃസ്വദൂര പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.

10.
കായലോര സ്ഥലങ്ങളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ബോട്ട്‌ സര്‍വീസുകള്‍ തുടങ്ങുക.

നാം വിചാരിച്ചാല്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ സാധിക്കും.
http://krish9.blogspot.in/2008/02/why-road-accidents-increase.html
sarvajith said...
ഇതു ചൊവ്വകുവാന്‍ ഒരു പ്രയാസവുമില്ല. വാഹനാപകടത്തില്‍ ആളപായം ഉണ്ടായാല്‍ ഡ്രൈവറുടെ അശ്രദ്ധ ആണെന്ന് തെളിഞ്ഞാല്‍ പതിനഞ്ച് വര്ഷം തടവു ശിക്ഷ കൊടുക്കണം.
ഡ്രൈവര്‍ ശിക്ഷി ക്കപ്പെടുന്ന കേസില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ഇന്‍ഷുറന്‍സ് തുക കൂടാതെ സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം കൊടുക്കണം.നക്കപ്പിച്ചക്ക് സാക്ഷികളെ വിലക്ക് വാങ്ങാതിരിക്കാന്‍ ആണ് ഇതു .ഇതിനുള്ള ഫണ്ട് ഡ്രൈവര്‍ ലൈസന്‍സ്‌ ഉള്ളവരില്‍ നിന്നും ലേവി ആയി പിരിക്കാവുന്നതാണ് .ഇരുമ്പുലക്ക വിഴുങ്ങിയ സ്ഥിതിക്ക് ചുക്കുവെള്ളം കുടിച്ചാല്‍ എന്ത് അവാന?


വാഹനാപകടങ്ങള്‍ പെരുകുമ്പോഴും

കേരളത്തില്‍ വാഹനാപകടം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടിവരികയാണ്.
വാര്‍ദ്ധക്യജന്യ അസുഖങ്ങളും ജീവിത ശൈലീ രോഗങ്ങളും മാറ്റി നിറുത്തിയാല്‍ എറ്റവും അധികം ജനങ്ങള്‍ മരിക്കുന്നത് റോഡപകടങ്ങള്‍ മൂലമാണ്.
ഹൃദ്രോഗത്തിനും അധിക രക്തസമ്മര്‍ദ്ദത്തിനും കാന്‍സറിനും പിറകേ മരണകാരണങ്ങളില്‍ നാലാം സ്ഥാനമാണ് ഇന്ന് റോഡപകടങ്ങള്‍ക്ക് ഉള്ളത്.
മേല്‍പ്പറഞ്ഞ മൂന്ന് അസുഖങ്ങള്‍ മൂലം മരിക്കുന്നവരില്‍ ഏറിയപങ്കും 60 വയസിനു മുകളിലാണെങ്കില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 80 ശതമാനവും 20 വയസിനും 60 വയസിനും ഇടയിലുള്ളവരാണ്.
അതായത് ജീവന്‍ അപഹരിക്കപ്പെടുന്നവരില്‍ സിംഹഭാഗവും കുടുംബത്തില്‍ വരുമാനമുണ്ടാക്കുന്നവരും രാജ്യത്തിന്റെ പുരോഗതിയില്‍ ഏറ്റവുമധികം സംഭാവന നല്കുന്നവരുമാണ്.
റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 40 ശതമാനം പേരും കാല്‍നടയാത്രക്കാരാണ്.
ഇതില്‍ത്തന്നെ ഏറിയപങ്കും വൃദ്ധജനങ്ങളാണ്.
മരണമടയുന്നതില്‍ പിന്നെ ഏറിയപങ്കും വിദ്യാര്‍ത്ഥികളും തൊഴിലാളികളുമാണ്.
പൊതുവേ സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്നവര്‍ക്കാണ് ഏറ്റവുമധികം അപകടങ്ങള്‍ പിണയുന്നത്.
കാല്‍നടക്കാരെ മാറ്റിനിറുത്തിയാല്‍ പിന്നെ അപകടങ്ങളില്‍പ്പെടുന്നത് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ്.
ബസില്‍ യാത്ര ചെയ്യുന്നവരാണ് ഏറ്റവും കുറച്ച് അപകടങ്ങളില്‍പ്പെടുന്നത്.
അപകടങ്ങള്‍ ഉണ്ടാക്കുന്ന വാഹനങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ നേരെ മറിച്ചാണ്.
അപകടങ്ങള്‍ ഏറെയുണ്ടാക്കുന്നത് ബസുകളാണ്.
അതായത് വലിയ വാഹനങ്ങള്‍ ചെറിയ വാഹനങ്ങളെയും റോഡിലൂടെ നടക്കുന്നവരെയും ഇടിച്ചിടുന്നു.
ഇത് മോശമായ റോഡ് സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്.
ബലമുള്ളവര്‍ ബലമില്ലാത്തവരെ ബഹുമാനിക്കുകയും, അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുകയുമാണ് നല്ല സംസ്‌കാരമെങ്കില്‍ നമ്മുടെ റോഡുകളില്‍ നടക്കുന്നത് ഇതിനു കടകവിരുദ്ധമായ കാര്യങ്ങളാണ്.
റോഡിലൂടെ നടക്കുന്നവരെ ഒട്ടും ഗൗനിക്കാതെയാണ് വണ്ടികള്‍ ഓടുന്നതെന്ന് കണക്കുകള്‍ പറയുന്നു.
പ്രത്യേകിച്ച് വൃദ്ധര്‍ നടന്നാല്‍ അവരെ കണിശമായും ഇടിച്ചിടുമെന്ന മട്ടിലാണ് പോക്ക്.
വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അവര്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന ധാരണ മാറ്റിയില്ലെങ്കില്‍ നമ്മുടെ റോഡുകള്‍ കാല്‍നടക്കാരുടെ ശ്മശാനങ്ങളായി മാറും.
ആത്യന്തികമായി റോഡ് കാല്‍നടക്കാരുടേതുകൂടിയാണെന്ന ധാരണ ഉണ്ടായിത്തുടങ്ങിയാല്‍ത്തന്നെ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ ഏണ്ണം ഗണ്യമായി കുറയും.
നഗരങ്ങളേക്കാള്‍ നഗരപ്രാന്തങ്ങളിലാണ് ഇപ്പോള്‍ ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നത്.
വാഹനത്തിരക്ക് വാഹനവേഗതയെ വലിയ തോതില്‍ നിയന്ത്രിക്കുന്നതുകൊണ്ടാണ് നഗരങ്ങളില്‍ അപകടങ്ങള്‍ കുറയുന്നത്.
എന്നാല്‍ പ്രാന്തപ്രദേശങ്ങളിലെ റോഡുകളില്‍ , പ്രത്യേകിച്ച് ദേശീയപാതകളിലാണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നത്.
റോഡുകളുടെ സ്ഥിതി മോശമാകുന്നതും വാഹനങ്ങളുടെ വേഗം കൂടുന്നതും ഈ മേഖലയിലാണ്.
കേരളത്തില്‍ വലിയ തോതിലുള്ള നഗരവത്കരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
2009ലെ കണക്കനുസരിച്ച് കേരളത്തില്‍ 60 ലക്ഷം വീടുകളാണ് ഉള്ളത്.
എന്നാല്‍ വാഹനങ്ങളുടെ എണ്ണം 49 ലക്ഷമായിരിക്കയാണ്.
ഓരോ 8 വര്‍ഷം കഴിയുമ്പോഴും വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുന്ന കാഴ്ചയാണ്.
ഈ പോക്ക് പോയാല്‍ 2015 ആകുമ്പോഴേക്ക് വാഹനങ്ങളുടെ എണ്ണം വീടുകളേക്കാള്‍ അധികമാകും.
ഇരുചക്ര വാഹനങ്ങളുടെ ഏണ്ണമാണ് ഏറ്റവും അധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.
റോഡുകളുടെ വിസ്തീര്‍ണത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന വാഹനസാന്ദ്രത കേരളത്തില്‍ 860 ആണ്.
ഇത് ലോകത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവാത്ത സ്ഥിതിവിശേഷമാണ്.
ഏറ്റവുമധികം വാഹനങ്ങളുള്ള അമേരിക്കയില്‍ പോലും വാഹന സാന്ദ്രത 240 ആണ്.
ജനസാന്ദ്രതയും വാഹനസാന്ദ്രതയും നമ്മുടെ റോഡുകളെ നരകതുല്യമാക്കിത്തീര്‍ത്തിരിക്കുന്നു.
സമയത്തിനും സൗകര്യത്തിനും എത്തുന്നതിനു വേണ്ടിയാണ് ജനങ്ങളെല്ലാം സ്വന്തം വാഹനങ്ങള്‍ വാങ്ങിക്കുന്നതെങ്കിലും, ഈ ആവശ്യങ്ങള്‍ മിക്കവാറും നിറവേറ്റപ്പെടാറില്ല.
കൃത്യമായി സമയം പാലിച്ച്, നല്ല സൗകര്യങ്ങള്‍ അടങ്ങിയ മെട്രോ പോലുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അടിയന്തരമായി സ്ഥാപിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
മദ്യപാനവും അപകടങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്.
അപകടകാരണങ്ങള്‍ അന്വേഷിച്ചതില്‍ 20 മുതല്‍ 25 ശതമാനം കേസുകളിലും മദ്യം നേരിട്ടോ അല്ലാതെയോ ഉള്ള ഒരു കാരണമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരത്തിനു ശേഷമുണ്ടാകുന്ന അപകടങ്ങള്‍ വളരെയധികമാണ്.
അതുപോലെ മാസാദ്യമുള്ള ദിവസങ്ങളിലും ഈ പ്രവണത കൂടിയിട്ടുള്ളതായി കാണാം.
ഈ കണക്കുകളൊക്കെ കാണിക്കുന്നത് മദ്യപിച്ചുള്ള വാഹനമോടിക്കല്‍ ഏറി വരുന്നതായിട്ടാണ്.
മദ്യപിച്ചുള്ള വാഹനമോടിക്കല്‍ കര്‍ശനമായി തടയുന്നതിനോടൊപ്പം തന്നെ ഈ പ്രവണത കുറയ്ക്കാനുള്ള സാമൂഹിക ഇടപെടലുകളും നടത്തേണ്ടതുണ്ട്.
മദ്യപിക്കുന്നതു കൊണ്ടല്ല അപകടങ്ങള്‍ ഉണ്ടാകുന്നത്, മറിച്ച് മദ്യപിച്ച് വാഹനം ഓടിക്കേണ്ടിവരുന്ന സാമൂഹികാവസ്ഥ നിലനില്ക്കുന്നതുകൊണ്ടാണെന്നുള്ള തിരിച്ചറിവ് ഇവിടെ വളരെ പ്രസക്തമാണ്.
മിക്ക വികസിത രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുള്ള സേഫ് െ്രെഡവ് സംവിധാനം ഇവിടെ എടുത്തുപറയേണ്ടതുണ്ട്.
വാഹനമോടിച്ച് ബാറിലെത്തുന്നവരെ അവരുടെ ചെലവില്‍ തന്നെ (മിതമായ ഫീസ് ഈടാക്കിക്കൊണ്ട്) മദ്യപിക്കാത്ത െ്രെഡവര്‍മാരുടെ സന്നദ്ധസംഘം വീടുകളില്‍ എത്തിക്കുന്നതാണ് സേഫ് െ്രെഡവ് സംവിധാനം.
ദുബായ്, സ്വീഡന്‍, ഇറ്റലി, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതിയാണിത്.
ഇതുവഴി മദ്യം മൂലമുണ്ടാകുന്ന അപകടങ്ങള്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞു എന്നാണ് കണക്ക്.
2009 ലെ കണക്കനുസരിച്ച് കേരളത്തില്‍ 35434 വാഹനാപകടങ്ങള്‍ ഉണ്ടാവുകയും അതില്‍ 3742 പേര്‍ മരിക്കുകയും ചെയ്തു.
പരിക്കേറ്റ 41226 പേരില്‍ ഏകദേശം 66 ശതമാനം പേര്‍ക്കും സ്ഥിരമായ അംഗവൈകല്യം ഉണ്ടായി.
അതായത് അപകടങ്ങളില്‍ മരിക്കുന്നവരുടെയും അംഗവൈകല്യം ഉണ്ടാകുന്നവരുടെയും എണ്ണത്തില്‍ കേരളം മുന്‍പന്തിയില്‍ തന്നെ.
ഇത് ഒരു പരിധിവരെ വാഹനാപകടക്കേസുകളിലെ ചികിത്സാസംവിധാനങ്ങളുടെ അപര്യാപ്തതയെ സൂചിപ്പിക്കുന്നു.
ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷത്തിലും ശരിയായ ട്രോമാ കെയര്‍ സംവിധാനങ്ങള്‍ നിലവിലില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
108 ആംബുലന്‍സ് സര്‍വീസ് സമീപഭാവിയില്‍ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നത് വളരെ ആശ്വാസകരമാണെങ്കിലും ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്താതെ മരണനിരക്കും അംഗവൈകല്യമുണ്ടാകുന്നതിന്റെ നിരക്കും കുറയ്ക്കാന്‍ കഴിയില്ല.
ഗുരുതരമായ പരിക്കുകളും അപകടങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ എമര്‍ജന്‍സി മെഡിസിന്‍ എന്ന ഒരു പുതിയ ചികിത്സാശാഖതന്നെ മറ്റ് സംസ്ഥാനങ്ങളിലെയും, മിക്ക രാജ്യങ്ങളിലെയും മെഡിക്കല്‍ കോളേജുകളില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഈ വിഭാഗം തുടങ്ങിയിട്ടുള്ളത്.
(ഡോ സന്തോഷ് കുമാര്‍ എസ് എസ് ) http://www.alakkucompany.com/18104-road-accidents-4.html
    


റോഡപകടങ്ങൾ പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല അതിനുള്ള പരിഹാരവും ശാശ്വതമാവണമെങ്കിൽ സമയമെടുത്തു ചെയ്യേണ്ടി വരും അല്ലാതെ ഒരു ദിവസം നേരം വെളുക്കുംബോൾ എല്ലാവരും സീറ്റ് ബെല്റ്റ് ഇട്ടാലൊ  ഹെല്മെറ്റ് വച്ചാലൊ തീരുന്നതല്ല. അങ്ങനെ വിചാരിക്കുന്നവരുടെ ലോകം വളരെ ചെറുത് ആണു മലയാളികളുടെ ലോകം വളരെ വലുത് ആണു പ്രായൊഗികമല്ലാത്തതും  യാത​‍ൂരു ഫലവും ഇല്ലാത്തതും ആയ    ഇത്തരം കടലാസു നിയമങ്ങൾ മലയാളികൾ  കുറെ കണ്ടതാണു ഈ കാടൻ നിയമങ്ങളുടെ പേരിൽ  പോലിസ് ഏമാന്മാരും ആർ ടി  ഒ മാരും ജനങ്ങളെ  നന്നായി ഒന്നു പിഴിയും അത്ര തന്നെ അല്ലാതെ യാത്രക്കാരുടെ ജീവനും സമയവുമെല്ലാം സംരക്ഷിക്കപ്പെടുമെന്നു ആരെങ്കിലും  കരുതുന്നുണ്ടൊ?   അതുകൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ അവധി നീട്ടുകയാണു നല്ലത് ചിന്തിക്കാൻ സമയംകിട്ടുമല്ലൊ?!!
Jayanattappadi.blogspot.com

No comments: