Thursday, December 22, 2016

സംഘടനാ ചരിത്രം. 5

സംഘടനാ ചരിത്രം. 5

.    തിരു-കൊച്ചിയും മലബാറും ചേർന്ന് 1-11-56 ൽ ഏകീകൃത സംസ്ഥാനം നിലവിൽ വന്നത് സിവിൽ സർവ്വീസിൽ ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമായി .അടിസ്ഥാന വികസന മേഖലകളിൽ  വികസനം ,വിദ്യാഭ്യാസം ജീവിത നിലവാരം ഉൾപ്പെടെ  എല്ലാ അർത്ഥത്തിലും ഇരു  ഭൂപ്രദേശങ്ങളും വ്യത്യസ്തങ്ങളായിരുന്നു. സർവ്വീസ് മേഖലയിലും ഇത് പ്രകടമായിരുന്നു. വകുപ്പുകൾ ,അടിസ്ഥാന ശമ്പളം , ഇൻക്രിമെന്റ് ,പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ  അന്തരമുണ്ടായിരുന്നു.മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഈ അന്തരം സർവ്വീസ് സംയോജനത്തിന് ആശയകുഴപ്പം സൃഷ്ടിച്ചു .ഇത് അക്കാലത്ത്  ജീവനക്കാരുടെ പൊതുവായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു് പിൻതള്ളപ്പെടുന്നതിനും കാരണമായി. വിവിധ വിഷയങ്ങളിൽ അഭിപ്രായ ഏകീകരണം ഉണ്ടാകാത്തതിൽ സർവീസ് സംഘടനകളും ചിന്താ കുഴപ്പത്തിലകപ്പെട്ടു.
.    സംസ്ഥാനത്ത് നടന്ന ആദ്യത്തെ തെരെഞ്ഞെടുപ്പിൽ ജനാധിപത്യ ക്രമത്തിലൂടെ CPI അധികാരത്തിലെത്തിയത് ചരിത്ര സംഭവമായി. 1957 ഏപ്രിൽ 5 ന് ഇ.എം.എസ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. വേദനിക്കുന്ന മനുഷ്യന്റെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കാൻ തുടങ്ങി. ഇത് സാമൂഹ്യ ജീവിതത്തിന് ഒട്ടേറെ മാറ്റങ്ങൾക്ക് വഴി തെളിച്ചു.അതോടൊപ്പം സിവിൽ സർവ്വീസിന്റെ മാറ്റത്തിനും കാരണമായി. മുമ്പ് സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പിരിച്ചുവിട്ട നേതാക്കന്മാരെ തിരിച്ചെടുക്കുകയും സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
    കുടിയൊഴിപ്പിക്കൽ നിരോധിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുകയും അത് നടപ്പിലാക്കാൻ റവന്യൂ വകുപ്പിന് അധികാരം നല്കുകയും ചെയ്തപ്പോൾ ചരിത്രത്തിലാദ്യമായി റവന്യൂ വകുപ്പ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. വിദ്യാഭ്യാസം , ആരോഗ്യം , ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നടപടികൾ തുടങ്ങിയപ്പോൾ സിവിൽ സർവ്വീസ് ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന ചിന്ത വ്യാപകമാകാൻ തുടങ്ങി. സർവ്വീസ് സംയോജനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര അഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി ചാറ്റർജി ചെയർമാനും ചീഫ് സെക്രട്ടറിയും സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സമിതിയെ സർക്കാർ നിയമിച്ചു . ധാരാളം പ്രശ്നങ്ങൾ പരിഹരിക്കാൻ  ഈ സംവിധാനം ഉപകരിച്ചു.1957 സെപ്തംബറിൽ ശംബള പരിഷ്കരണ കമ്മറ്റിയെ നിയമിച്ചു.1958 ജൂൺ 23ന്  ജീവനക്കാരുടെ സേവന വേതന വ്യവസ്തകൾ പരിഷ്കരിച്ച് ഉത്തരവ് ഉണ്ടായി. അന്നത്തെ LDC യുടെ ശമ്പളം 40-120 ആയിരുന്നു. ഈ സർക്കാരാണ് ജീവനകാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുന്നത്.
.   ഏകീകൃത സംസ്ഥാനവും ഏകീകൃത സിവിൽ സർവ്വീസും ഉണ്ടായതിനെ തുടർന്ന് ഏകീകൃത സർവ്വീസ് സംഘടനയും ആവശ്യമാണെന്ന ചിന്ത വ്യാപകമാവുകയും തുടർന്ന് വി ജെ റ്റി ഹാളിൽ വെച്ച് 1958 ഒക്ടോബർ 22 ന്  ഇ.ജെ.ഫ്രാൻസിസിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് സംഘടന ഉൾപ്പെടെ 14 സംഘടനകൾ ഒരുമിച്ച് ചേർന്ന് " കേരളാ സർവ്വീസ് സംഘടനാ ഫെഡറേഷൻ "എന്ന സംഘടനയ്ക് രൂപം കൊടുക്കുകയും ചെയ്തു.ചെയർമാനായി കെ. ചെല്ലപ്പൻ പിള്ളയും സെക്രട്ടറി ജനറലായി ഇ ജെ ഫ്രാൻസിസും തെരെഞ്ഞെടുക്കപ്പെട്ടു. (ഇന്നത്തെ സിവിൽ സർവ്വീസിന്റ തുടക്കം ഇതാണെന്ന് പറയാം) .1959 ആഗസ്റ്റിൽ പെരുമ്പുഴ ഗോപാലകൃഷ്ണൻ എഡിറ്ററായി കേരള സർവ്വീസ് മാസിക പ്രസിദ്ധീകരിച്ചു.
.      സർക്കാറിന്റെ കാർഷിക ,വിദ്യാഭ്യാസ പരിഷ്കാരവുമൊക്കെ തല്പരകക്ഷികളും ജാതി മത സംഘടനകളും വിവാദമാക്കി കൊണ്ടിരുന്നു ഇതിന് കോൺഗ്രസ്സ് പാർട്ടി ഒത്താശ ചെയ്യുകയും മാതൃഭൂമി ,മലയാള മനോരമ ,ദീപിക എന്നീ പത്രമാധ്യമങ്ങളും ഇതോടൊപ്പം (വിമോചന സമരം) സർക്കാറിനെ അട്ടിമറിക്കുന്നതിന് കൂട്ടു ചേർന്നു. 1959ൽ നിയമ സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കേരളസർക്കാറിനെ കേന്ദ്ര സർക്കാർ പിരിച്ച് വിട്ടു.ഇത് പാവപ്പെട്ട മനുഷ്യരെ വേദനിപ്പിച്ചു.വിദ്യാഭ്യാസകച്ചവടം എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ കഴിയുമായിരുന്ന വിദ്യാഭ്യാസബിൽ നടപ്പിലാക്കാതെ പോയി. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1960 ഫെബ്രുവരി 22 ന് പുതിയ മന്ത്രിസഭ അധികാരമേറ്റു.


No comments: