Wednesday, December 07, 2016

അമ്മാ...


തമിഴ് സിനിമയില്‍ എഴുപതുകളിലെ പൊന്‍താരകമായി തിളങ്ങി എംജിആറിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി തമിഴ്നാടിന്റെ അധികാര കേന്ദ്രമായ ജെ ജയലളിത അറുപത്തിയെട്ടാം വയസ്സില്‍ ആരാധാകരെ നിരാശരാക്കി വിടവാങ്ങി. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരമാമിട്ട് ജെ ജയലളിത അന്തരിച്ചു. ചെന്നൈയില്‍ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആശുപത്രി രാത്രി 12.10 ന് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
.
ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. മരണവാര്‍ത്ത പുറത്തു വിടും മുന്‍പേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവര്‍ ആശുപത്രി വിട്ടിരുന്നു. രാത്രി 11 മണിയോടെ അപ്പോളോ ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലേക്കുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതോടെ തന്നെ അശുഭകരമായ വാര്‍ത്ത പുറത്തു വരുമെന്ന സൂചന ശക്തമായിരുന്നു.

ഇതിനിടെ എഐഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുടെ അടിയന്തരയോഗം ചേര്‍ന്നു. പനീര്‍ സെല്‍വം അടക്കമുള്ള പ്രമുഖ മന്ത്രിമാരും നേതാക്കളും ആശുപത്രിയില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിച്ചു. ഇതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാര്‍ അടക്കമുള്ള വാഹനങ്ങള്‍ അപ്പോളോ ആശുപത്രിയില്‍ എത്തുകയും പുറപ്പെടുന്നതിന് സജ്ജമായി നില്‍ക്കുകയും ചെയ്തു. അപ്പോളോ ആശുപത്രി പരിസരത്തെ പൊലീസ് സാന്നിധ്യം ഇരട്ടിയാക്കി. എഐഡിഎംകെ പ്രവര്‍ത്തകരെ മുഴുവന്‍ സ്ഥലത്ത് നിന്ന് നീക്കി. തുടര്‍ന്ന് രാത്രി 12.10 ന് ജയലളിതയുടെ മരണവാര്‍ത്തയുമായി അപ്പോളോ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറങ്ങി.

ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയലളിത. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹൃദയാഘാതത്തെ തുടര്‍ന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഈ അവസ്ഥയെ മറികടക്കാന്‍ ജയലളിതയ്ക്ക് ആയില്ല. അത്യാധുനിക ചികില്‍സ നല്‍കിയും ബ്രിട്ടണിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയിലിയുടെ വിദഗ്ധ ഉപദേശവും അമ്മയെ രക്ഷിക്കുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനകളുമായി അവര്‍ കാത്തിരുന്നു.

പക്ഷേ ഒരു ഘട്ടത്തിലും തിരിച്ചുവരവിന്റെ സൂചനകള്‍ അമ്മ നല്‍കിയില്ല. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അമ്മ വിടവാങ്ങിയ വാര്‍ത്ത അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചു. ജയലളിത അതീവ ഗുരുതരമാണെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ എഐഎഡിഎം അണികള്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ മരണം തമിഴ്നാട്ടില്‍ കലാപാന്തരീക്ഷം ഉണ്ടാക്കുമെന്ന വിലയിരുത്തലുകളുണ്ട്

ഞായറാഴ്ച രാത്രിയാണ് ഏവരേയും അമ്പരപ്പിച്ച്‌ ജയലളിതയുടെ ഹൃദയാഘാത വാര്‍ത്ത അപ്പോളോ ആശുപത്രി പുറത്തുവിട്ടത്. രണ്ട് മാസം ആശുപത്രിയില്‍ കിടക്കുമ്ബോഴും ഒരിക്കലും അമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അപ്പോളോ ആശുപത്രി പറഞ്ഞിരുന്നില്ല. രോഗം വിവരം പോലും മിണ്ടിയില്ല. അതുകൊണ്ട് തന്നെ ജയലളിതയുടെ ആരോഗ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ബോധ്യപ്പെട്ടു. ഇതോടെ ആശുപത്രിയിലേക്ക് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒഴുകി. വീണ്ടും പ്രാര്‍ത്ഥനയിലായി തമിഴകം.

പക്ഷേ അണ്ണാ ഡിഎംകെ നേതാക്കള്‍ പോലും അമ്മയുടെ തിരിച്ചുവരവ് അസാധ്യമെന്ന പോലെ പ്രതികരിച്ചു. ഇതിനിടെയില്‍ തമിഴ് ടിവി ചാനലുകളില്‍ മരണവാര്‍ത്ത മിന്നിമറഞ്ഞു. അണ്ണാ ഡിഎംകെ ആസ്ഥാനത്തുകൊടി താഴ്ത്തിക്കെട്ടി. ഇതോടെ ആരാധകര്‍ കൈവിട്ട കളിക്കും മുതിര്‍ന്നു. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ അവരെ ശാന്തരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഉടനെ ആശുപത്രി പത്രക്കുറിപ്പ് ഇറക്കി. അമ്മയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന്. ഇതോടെ വീണ്ടും പ്രാര്‍ത്ഥനകള്‍. പക്ഷേ അതും അധിക സമയം നീണ്ടു നിന്നില്ല. ഒടുവില്‍ അമ്മയുടെ മരണ വാര്‍ത്ത അപ്പോളോ ആശുപത്രിയും അണ്ണാ ഡിഎംകെയും സ്ഥിരീകരിച്ചു.

വെള്ളിത്തിരയിൽ എംജിആറിന്റെ പിന്‍ഗാമിയാവാനായിരുന്നു ജയലളിത രാഷ്ട്രീയത്തിലെത്തിയത്. 1982ല്‍ അണ്ണാ ഡി.എം.കെ. അംഗമായാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമെങ്കിലും തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ  പ്രൊപ്പഗാൻഡ സെക്രട്ടിയായി ഉയര്‍ത്തപ്പെട്ടു. അതേവര്‍ഷം നടന്ന തിരുച്ചെന്തൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കാന്‍ ജയയെ എം.ജി.ആര്‍. നിയോഗിച്ചു. തെരഞ്ഞെടുപ്പിലെ വിജയം ജയയുടെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി. ജയയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞാണ് രാജ്യസഭാംഗത്വത്തിലേക്ക് അവരെ പരിഗണിക്കാന്‍ എം.ജി.ആറിനെ പ്രേരിപ്പിച്ചത്. 1984ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയലളിത 1989 വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. എം.ജി.ആറിന്റെ തണലില്‍ പാര്‍ട്ടിനേതൃത്വത്തിലേക്ക് ഉയര്‍ന്ന ജയയ്ക്കു കനത്തവെല്ലുവിളി ഉയര്‍ത്തിയത് ജാനകി രാമചന്ദ്രനാണ്.

എട്ടു തവണ നിയമസഭയിലേക്കു മത്സരിച്ച ജയ ഒരിക്കല്‍മാത്രമാണു തോല്‍വി അറിഞ്ഞത്. 1989ല്‍ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍നിന്നാണ് ജയ ആദ്യമായി നിയമസഭയിലെത്തിയത്. 54.5 ശതമാനം വോട്ട് സ്വന്തം പെട്ടിയിലാക്കിയ ജയ ഡി.എം.കെയിലെ മുത്തുമനോകരനെയാണു കന്നിപോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. അത്തവണ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ അനുഭവം ജയയ്ക്കുണ്ടായതും അക്കാലത്താണ്.  തമിഴ്നാട് നിയമസഭയ്ക്കുള്ളില്‍വച്ച്‌ അവര്‍ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നില്‍വച്ച്‌ ഡി.എം.കെ. അംഗങ്ങള്‍ പ്രതിപക്ഷനേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച്‌ അപമാനിച്ചത് രാജ്യത്തെ ജനാധിപത്യസംവിധാനത്തെയാണെ നാണിപ്പിച്ച സംഭവമായിരുന്നു.

'മുഖ്യമന്ത്രിയായല്ലാതെ ഞാന്‍ ഈ സഭയില്‍ ഇനി പ്രവേശിക്കില്ല'എന്നു പ്രഖ്യാപിച്ചാണ് അന്നു ജയലളിത നിയമസഭ വിട്ടത്. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ. മികച്ച വിജയംനേടി. പിന്നാലെ 1991ല്‍ തുടര്‍ന്ന് 1991ല്‍ ബര്‍ഗൂരില്‍നിന്നും കങ്കയാമില്‍നിന്നു വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച്‌ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. അഴിമതി ആരോപണങ്ങള്‍ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു 1996ലെ തെരഞ്ഞെടുപ്പ്. അത്തവണ ബര്‍ഗൂരില്‍നിന്നു മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി. സുഗാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തേയും അവസാനത്തെയും തെരഞ്ഞെടുപ്പു പരാജയമായിരുന്നു അത്.

2001ല്‍ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഝാന്‍സി ഭൂമിഇടപാടുകളില്‍ ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കപ്പെട്ടു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും സുപ്രീം കോടതിവിധിയെത്തുടര്‍ന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നു മത്സരിച്ച്‌ വിജയിച്ചു. 2006ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നും 2011ല്‍ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി. എന്നാല്‍, 2015ല്‍ ആര്‍.കെ. നഗറില്‍നിന്നു വീണ്ടും നിയമസഭയില്‍.

പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച്‌ അസുഖങ്ങള്‍ അമ്മയെ കീഴടക്കി. ആരുടേയും പ്രാര്‍ത്ഥനകളും അമ്മയ്ക്ക് തുണയായില്ല. അറുപത്തിയെട്ടാം വയസ്സില്‍ ജയലളിത വിടവാങ്ങുകയാണ്. പക്ഷേ ജയലളിത ഉയര്‍ത്തി 'അമ്മ' എന്ന വികാരം അരാധകരുടെ മനസ്സില്‍ തീരാദുഃഖമായി അവശേഷിക്കും.


No comments: