Thursday, December 22, 2016

സംഘടനാ ചരിത്രം ..7


കേരളത്തിലെ സർവ്വീസ് സംഘടനാ ചരിത്രം. 7
                                                               നാരായൺ കണ്ണോത്ത്.                                                                  അവലംബം സർവ്വീസ് സംഘടനാ ചരിത്രം  

 .    1962 ഒക്ടോബർ 20 ന് ഇന്ത്യാ-ചൈനാ യുദ്ധമാരംഭിക്കുകയും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.ഇതിന്റെ ചലനങ്ങൾ സിവിൽ സർവ്വീസിലുമുണ്ടായി. പുതുതായി രൂപം കൊണ്ട സംഘടന ജീവനക്കാർക്കിടയിൽ നല്ല രീതിയിൽ വേരുറപ്പിച്ചു.1964 മെയ് മാസത്തിൽ ആലപ്പുഴയിൽ വച്ച് നടന്ന സമ്മേളനം കെ. ചെല്ലപ്പൻ പിള്ളയെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. അന്ന് രാഷ്ട്രപതി ഭരണമാണെങ്കിലും സംഘടനാ തീരുമാന പ്രകാരം ജീവനക്കാർ പണിമുടക്ക് ബാലറ്റ് എടുക്കുകയും ബാലറ്റിന്റെ അടിസ്ഥാനത്തിൽ (89 % പേരും പണിമുടക്കിന് അനുകൂലമായിരുന്നു) ജീവനക്കാർ  പണിമുടക്കാൻ തീരുമാനിക്കുകയുമുണ്ടായി .
  സാഹചര്യത്തിൽ സർക്കാർ 7.50 മുതൽ 15 രൂപ വരെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുകയുണ്ടായി. 1965 ഫെബ്രുവരി 13 ന് ചേർന്ന എൻ.ജി. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രമേയം ഇതായിരുന്നു." കേന്ദ്ര ശംബള തോത് കേരളത്തിലും അനുവദിക്കുക , ശംബള കമ്മീഷനെ നിയമിക്കുക ,25 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിക്കുന്നു. എന്നാൽ തെരെഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാൽ പണിമുടക്ക് മാറ്റിവെക്കുന്നു."
 1964 ലാന്റ് അസൈൻമെന്റ് കേരള റൂൾ നിലവിൽ വന്നു.
.    1964 ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പ് തൊഴിലെടുക്കുന്നവർക്ക് ആകെയും പാവപ്പെട്ട മനുഷ്യർക്ക് ദുരന്തം വിതക്കുന്നതുമായിരുന്നു.CPI എന്ന കരുത്ത് നേടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിൽ നിന്ന് കുറെ നേതാക്കൾ രാജിവെച്ച് പുറത്ത് വരികയും CPM എന്ന പുതിയ പാർട്ടിക്ക് രൂപം നല്കുകയും ചെയ്തു. പിളർപ്പിന്റെ അലയൊലി കേരളത്തിലും ഉണ്ടായി ഉരുക്കു കോട്ട പോലെ ഒരുമിച്ച് നിന്നവർ രണ്ടായി വേർപിരിഞ്ഞു പോകുന്ന കാഴ്ച വേദനാജനകമായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളോടും അനുഭാവമുള്ളവർ എൻ.ജി. യൂണിയനിൽ ഉണ്ടായിരുന്നെങ്കിലും സംഘടനയിൽ യാതൊരുവിധ ഭിന്നിപ്പും ഉണ്ടാകാതിരിക്കാൻ നേതൃത്വം കരുതലോടെ നീങ്ങി. 1965 ഫെബ്രുവരി 27ന് കെ.എം ഉണ്ണിത്താൻ ചെയർമാനായി ശംബള കമ്മീഷനെ നിയമിച്ചു. 1965 മാർച്ച് മാസത്തിൻ കേരള നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ CPI ,CPM ,കോൺഗ്രസ്സ് തുടങ്ങി എല്ലാ പാർട്ടികളും ഒറ്റക്കൊറ്റയ്ക് മത്സരിച്ചു .ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. ആർക്കും മന്ത്രിസഭയുണ്ടാക്കാനും കഴിഞ്ഞില്ല . ജയിച്ചവർക്ക് ഒരു ദിവസം പോലും MLA ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. നിയമസഭ പിരിച്ചു വിടുകയും സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതി ഭരണം എർപ്പെടുത്തി.

  ഉണ്ണിത്താൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  1966 നടന്ന ശംബള പരിഷ്കരണം നിരാശാജനകമായിരുന്നു. രണ്ടു രൂപയുടെ ആനുകൂല്യം മാത്രമാണ് മിക്കവർക്കും ലഭിച്ചത്.ഇതിൽ പ്രതിഷേധിച്ച് പണിമുടക്കാൻ സംഘടനകൾ തീരുമാനിച്ചു. തുടർന്ന് ഗവർണർ സംഘടനകളുമായി ചർച്ച നടത്തുകയും ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്ത സാഹചര്യത്തിൽ പണിമുടക്ക് തൽക്കാലം മാറ്റിവെച്ചു

സംഘടനാ ചരിത്രം ..6

സർവ്വീസ് സംഘടനാ ചരിത്രം ..6

സർവ്വീസ് മേഖലയിൽ ഫെഡറേഷന്റെ പ്രവർത്തനം അത്ര ഗുണകരമായിരുന്നില്ല അതിനാൽ ശക്തമായ ഒരു സംഘടനാരൂപം ആവശ്യമാണെന്ന് നേതാക്കന്മാരിൽ ധാരണയുണ്ടായി . അന്ന് നിലവിലുണ്ടായിരുന്ന മറ്റ് സംഘടനകളുമായി കൂടിയാലോചന നടത്തി 36 സംഘടനകളുടെ സംയുക്ത കൺവെൻഷൻ 1961 ഫെബ്രുവരി 18, 19 തീയതികളിൽ തിരുവനന്തപുരത്ത് വി ജെ റ്റി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ചു.അന്നത്തെ പൊതുസമ്മേളനത്തിന് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി നേതാക്കളെ ക്ഷണിച്ചു. (MN ഗോവിന്ദൻ നായർ CPI, CK ഗോവിന്ദൻ നായർ കോൺഗ്രസ്സ് ,N ശ്രീകണ്ഠൻ നായർ RSP  CHമുഹമ്മദ് കോയ മുസ്ലീം ലീഗ്) ഇവർ പങ്കെടുക്കാൻ സമ്മതിച്ചു. സമ്മേളനം വിളിച്ചു ചേർത്തവർക്ക് പ്രത്യേക രാഷ്ട്രീയം ഇല്ലായിരുന്നു എന്നതിന് തെളിവായിരുന്നു ഇത്.
.     സർക്കാർ ജീവനക്കാർ റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന കാര്യമറിഞ്ഞ് മുഖ്യമന്ത്രി പട്ടം ക്രുദ്ധനാവുകയും പ്രകടനം നിരോധിക്കുകയും പ്രകടനത്തിൽ പങ്കെടുക്കുന്നവരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നല്കി. സമ്മേളനം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്റ്റാൻഡിങ്ങ് കമ്മിറ്റിയ ചുമതലപ്പെടുത്തി.  വെളുക്കുവോളം നടന്ന യോഗത്തിനൊടുവിൽ പ്രകടനം ഒഴിവാക്കി. കറുത്ത ബാഡ്ജ് ധരിച്ച് ജീവനക്കാർ യോഗത്തിൽ പങ്കെടുക്കുകയും അവിടെ കരിങ്കൊടി ഉയർത്തുകയും ചെയ്തു.
സമ്മേളനം 9പ്രമേയങ്ങൾ അംഗീകരിച്ചു .ശംബള കമ്മീഷനെ നിയമിക്കുക ,15 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക ,വീട്ട് വാടക അലവൻസ് അനുവദിക്കുക ,ക്ഷാമബത്ത ശമ്പളത്തിൽ ലയിപ്പിക്കുക ,വിലക്കയറ്റം കുറയ്ക്കുക എന്നിവ ഇതിൽ പ്പെടുന്നു. സമ്മേളനം കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനം ഭാവിയിൽ ജീവനക്കാരുടെ സംഘടനാരൂപം എങ്ങനെയായിരിക്കണം എന്ന് പഠിച്ച് റിപ്പോർട്ട് നല്കാൻ കെ.എം മദന മോഹൻ അദ്ധ്യക്ഷനും കെ.ചെല്ലപ്പൻ പിള്ള ,സി.എം കോശി ,എം .പി കുര്യൻ ,ഇ ജെഫ്രാൻസിസ് ,പി ഗോവിന്ദൻ നായർ ,എ രാധാകൃഷണൻ നായർ എന്നിവർ അംഗങ്ങളായുള്ള ഒരു കമ്മറ്റി രൂപീകരിച്ചു.
1962 മാർച്ചിൽ കെ.എം മദനമോഹനൻ കമ്മറ്റി റിപ്പോർട്ട് നല്കി .സർവ്വീസിലെ ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളിൽ വരുന്നവർ ,അദ്വാപക വിഭാഗത്തിൽ വരുന്നവർ ഈ രണ്ടിലും പെടാത്ത എൻ.ജി ഒ മാർ . ഇവർക്ക് വേണ്ടി മൂന്ന് സംഘടനകൾ രൂപീകരിക്കണമെന്നും ഈ മൂന്ന് സംഘടനകളുടെ പ്രവർത്തനങ്ങളെ കോർത്തിണക്കുന്ന ഒരു ഫെഡറേഷൻ രൂപീകരിക്കണമെന്നും മദന മോഹൻ കമ്മറ്റി റിപ്പോർട്ട് നല്കി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1962 ഒക്ടോബർ 27, 28 തീയതികളിൻ തൃശൂരിൽ വച്ചാണ് കേരള എൻ.ജി.ഒ.യൂണിയൻ ഉണ്ടാകുന്നത്. കെ.എം മദന മോഹനനെ പ്രസിഡന്റായും എ.രാധാകൃഷ്ണൻ നായരെ ജനറൽ സെക്രട്ടറിയായും തെരെഞ്ഞെടുത്തു. ഇ ജെ ഫ്രാൻസിസ് ആയിരുന്നു ജോയിന്റ് സെക്രട്ടറി. 135 അംഗ സംസ്ഥാന കൗൺസിലും തിരഞ്ഞെടുക്കപ്പെട്ടു.1964 ജനുവരി 11ന് ലോവർ ഗ്രേഡ് സർവ്വന്റ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. സർക്കാർ സ്വകാര്യ മേഖലകളിലായി നിരവധി അദ്യാപക സംഘടനകളും ഈ കാലഘട്ടത്തിൽ രൂപം കൊള്ളുകയുണ്ടായി.


സംഘടനാ ചരിത്രം. 5

സംഘടനാ ചരിത്രം. 5

.    തിരു-കൊച്ചിയും മലബാറും ചേർന്ന് 1-11-56 ൽ ഏകീകൃത സംസ്ഥാനം നിലവിൽ വന്നത് സിവിൽ സർവ്വീസിൽ ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമായി .അടിസ്ഥാന വികസന മേഖലകളിൽ  വികസനം ,വിദ്യാഭ്യാസം ജീവിത നിലവാരം ഉൾപ്പെടെ  എല്ലാ അർത്ഥത്തിലും ഇരു  ഭൂപ്രദേശങ്ങളും വ്യത്യസ്തങ്ങളായിരുന്നു. സർവ്വീസ് മേഖലയിലും ഇത് പ്രകടമായിരുന്നു. വകുപ്പുകൾ ,അടിസ്ഥാന ശമ്പളം , ഇൻക്രിമെന്റ് ,പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ  അന്തരമുണ്ടായിരുന്നു.മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഈ അന്തരം സർവ്വീസ് സംയോജനത്തിന് ആശയകുഴപ്പം സൃഷ്ടിച്ചു .ഇത് അക്കാലത്ത്  ജീവനക്കാരുടെ പൊതുവായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു് പിൻതള്ളപ്പെടുന്നതിനും കാരണമായി. വിവിധ വിഷയങ്ങളിൽ അഭിപ്രായ ഏകീകരണം ഉണ്ടാകാത്തതിൽ സർവീസ് സംഘടനകളും ചിന്താ കുഴപ്പത്തിലകപ്പെട്ടു.
.    സംസ്ഥാനത്ത് നടന്ന ആദ്യത്തെ തെരെഞ്ഞെടുപ്പിൽ ജനാധിപത്യ ക്രമത്തിലൂടെ CPI അധികാരത്തിലെത്തിയത് ചരിത്ര സംഭവമായി. 1957 ഏപ്രിൽ 5 ന് ഇ.എം.എസ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. വേദനിക്കുന്ന മനുഷ്യന്റെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കാൻ തുടങ്ങി. ഇത് സാമൂഹ്യ ജീവിതത്തിന് ഒട്ടേറെ മാറ്റങ്ങൾക്ക് വഴി തെളിച്ചു.അതോടൊപ്പം സിവിൽ സർവ്വീസിന്റെ മാറ്റത്തിനും കാരണമായി. മുമ്പ് സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പിരിച്ചുവിട്ട നേതാക്കന്മാരെ തിരിച്ചെടുക്കുകയും സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
    കുടിയൊഴിപ്പിക്കൽ നിരോധിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുകയും അത് നടപ്പിലാക്കാൻ റവന്യൂ വകുപ്പിന് അധികാരം നല്കുകയും ചെയ്തപ്പോൾ ചരിത്രത്തിലാദ്യമായി റവന്യൂ വകുപ്പ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. വിദ്യാഭ്യാസം , ആരോഗ്യം , ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നടപടികൾ തുടങ്ങിയപ്പോൾ സിവിൽ സർവ്വീസ് ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന ചിന്ത വ്യാപകമാകാൻ തുടങ്ങി. സർവ്വീസ് സംയോജനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര അഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി ചാറ്റർജി ചെയർമാനും ചീഫ് സെക്രട്ടറിയും സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സമിതിയെ സർക്കാർ നിയമിച്ചു . ധാരാളം പ്രശ്നങ്ങൾ പരിഹരിക്കാൻ  ഈ സംവിധാനം ഉപകരിച്ചു.1957 സെപ്തംബറിൽ ശംബള പരിഷ്കരണ കമ്മറ്റിയെ നിയമിച്ചു.1958 ജൂൺ 23ന്  ജീവനക്കാരുടെ സേവന വേതന വ്യവസ്തകൾ പരിഷ്കരിച്ച് ഉത്തരവ് ഉണ്ടായി. അന്നത്തെ LDC യുടെ ശമ്പളം 40-120 ആയിരുന്നു. ഈ സർക്കാരാണ് ജീവനകാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുന്നത്.
.   ഏകീകൃത സംസ്ഥാനവും ഏകീകൃത സിവിൽ സർവ്വീസും ഉണ്ടായതിനെ തുടർന്ന് ഏകീകൃത സർവ്വീസ് സംഘടനയും ആവശ്യമാണെന്ന ചിന്ത വ്യാപകമാവുകയും തുടർന്ന് വി ജെ റ്റി ഹാളിൽ വെച്ച് 1958 ഒക്ടോബർ 22 ന്  ഇ.ജെ.ഫ്രാൻസിസിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് സംഘടന ഉൾപ്പെടെ 14 സംഘടനകൾ ഒരുമിച്ച് ചേർന്ന് " കേരളാ സർവ്വീസ് സംഘടനാ ഫെഡറേഷൻ "എന്ന സംഘടനയ്ക് രൂപം കൊടുക്കുകയും ചെയ്തു.ചെയർമാനായി കെ. ചെല്ലപ്പൻ പിള്ളയും സെക്രട്ടറി ജനറലായി ഇ ജെ ഫ്രാൻസിസും തെരെഞ്ഞെടുക്കപ്പെട്ടു. (ഇന്നത്തെ സിവിൽ സർവ്വീസിന്റ തുടക്കം ഇതാണെന്ന് പറയാം) .1959 ആഗസ്റ്റിൽ പെരുമ്പുഴ ഗോപാലകൃഷ്ണൻ എഡിറ്ററായി കേരള സർവ്വീസ് മാസിക പ്രസിദ്ധീകരിച്ചു.
.      സർക്കാറിന്റെ കാർഷിക ,വിദ്യാഭ്യാസ പരിഷ്കാരവുമൊക്കെ തല്പരകക്ഷികളും ജാതി മത സംഘടനകളും വിവാദമാക്കി കൊണ്ടിരുന്നു ഇതിന് കോൺഗ്രസ്സ് പാർട്ടി ഒത്താശ ചെയ്യുകയും മാതൃഭൂമി ,മലയാള മനോരമ ,ദീപിക എന്നീ പത്രമാധ്യമങ്ങളും ഇതോടൊപ്പം (വിമോചന സമരം) സർക്കാറിനെ അട്ടിമറിക്കുന്നതിന് കൂട്ടു ചേർന്നു. 1959ൽ നിയമ സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കേരളസർക്കാറിനെ കേന്ദ്ര സർക്കാർ പിരിച്ച് വിട്ടു.ഇത് പാവപ്പെട്ട മനുഷ്യരെ വേദനിപ്പിച്ചു.വിദ്യാഭ്യാസകച്ചവടം എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ കഴിയുമായിരുന്ന വിദ്യാഭ്യാസബിൽ നടപ്പിലാക്കാതെ പോയി. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1960 ഫെബ്രുവരി 22 ന് പുതിയ മന്ത്രിസഭ അധികാരമേറ്റു.


സംഘടനാ ചരിത്രം .. 4

സംഘടനാ ചരിത്രം .. 4

.    ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടം താണുപ്പിള്ളയുടെ മന്ത്രിസഭയ്ക് നിവേദനം നല്കാൻ 1948 ൽ അസോസിയേഷൻ തീരുമാനിച്ചു. എന്നാൽ നിവേദനം വാങ്ങാനാകില്ല എന്ന നിലപാടാണ് പട്ടം സ്വീകരിച്ചത്. 1948 ഒക്ടോബർ 17 ന് പട്ടം മന്ത്രിസഭ രാജിവെക്കുകയും പകരം പറവൂർ ടി.കെ.നാരായണ പിള്ള ചുമതലയേൽക്കുകയും ചെയ്തു - ഈ ഘട്ടത്തിൽ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമായി.1949 ഏപ്രിൽ 27 ന്റെ യോഗത്തിൽ വേണ്ടിവന്നാൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തണമെന്നഭിപ്രായപ്പെട്ടു.
.      സമരത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് എം.കെ.എൻ ചെട്ടിയാർ , ആർ കൃഷ്ണവാരിയർ, പി.നാണു, പി സോമനാഥൻ , പി ചാക്കോ , ആർ രാഘവൻ നായർ എന്നിവരെ 1949 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് പുറത്താക്കി. എന്നാൽ ക്ഷാമബത്തയിലും ശംബളത്തിലും സർക്കാർ നേരിയ വർദ്ധനവ് വരുത്തി .
1951 ൽ തിരുകൊച്ചി എൻ.ജി ഒ ഫെഡറേഷൻ രൂപീകൃതമായി .1952ൽ കോട്ടയത്ത് നിന് എൻജിഒ മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. സി.ചാക്കോ ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത് .
പട്ടം താണുപിള്ള വീണ്ടും അധികാരത്തിലെത്തി. 1954ൽ ട്രാൻസ്പോർട്ട് വകുപ്പ് ജീവനക്കാർ പണിമുടക്കി. (1964 ലാണ് KSRTC രൂപീകരിക്കുന്നത് ) സമരത്തെ അതിക്രൂരമായി അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന ഈ സമരം ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമായിരുന്നു. വെട്ടിക്കുറച്ച ശംബളം പുന:സ്ഥാപിക്കുന്നതിന് 1955 ൽ മ്യൂസിയം ജീവനക്കാർ പണിമുടക്കി 155 ദിവസം നീണ്ടു നിന്ന ഈ സമരം വൻ വിജയമായിരുന്നു. 1955 ഡിസംബറിൽ തിരു-കൊച്ചി മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ രൂപം കൊണ്ടു. കാര്യമായ നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും 1955ൽ തിരു-കൊച്ചി ഗവൺമെന്റ് ജീവനക്കാരുടെ ശംബളം പരിഷ്കരിച്ച് ഉത്തരവ് ഇറങ്ങി.


സംഘടനാ ചരിത്രം ... 3


സംഘടനാ ചരിത്രം ... 3 .

                                                      നാരായൺ കണ്ണോത്ത്.                                                                  അവലംബം സർവ്വീസ് സംഘടനാ ചരിത്രം

 ഇന്നത്തെ രീതിയിലുള്ള സിവിൽ സർവ്വീസിന് ആരംഭം കുറിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്.1890 ജീവനക്കാരുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു. തൊഴിലാളി സംഘടനകളുമായി ഒത്തുചേരാൻ വൈറ്റ് കോളർ വിഭാഗക്കാരായ ജീവനക്കാർ ആദ്യം തയ്യാറായിരുന്നില്ല. 1920 മദ്രാസ് പ്രൊവിൻസിലിൽ ജീവനക്കാർ മദ്രാസ് എൻ ജി അസോസിയേഷന് രൂപം കൊടുത്തു.1924 ചില വ്യവസ്തകളോടെ ജീവനക്കാരുടെ സംഘടനയ്ക് അംഗീകാരം ലഭിച്ചു.1944 (രണ്ടാം ലോക മഹായുദ്ധ കാലം) ബ്രിട്ടീഷ് സർക്കാർ പട്ടാളക്കാർക്ക് പട്ടിണി കാഷ് അനുവദിച്ചു. അങ്ങനെയാണ് പിന്നീട് ജീവനകാർക്ക് ക്ഷാമബത്ത തത്വം നിലവിൽ വന്നത്. (ഇതാണ് ഇന്ന് ജീവനക്കാർ അനുഭവിക്കുന്നത് ) . 1947 സ്വാതന്ത്ര്യാനന്തരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എക്സ്ചേഞ്ച് കോമ്പൻസേഷൻ അലവൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ചപ്പോൾ ആനുകൂല്യങ്ങൾ തങ്ങൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് പ്രൊവിൻസിലെ ജീവനക്കാർ കണ്ണൻകുട്ടി മേനോന്റെ നേതൃത്വത്തിൽ 1947 ഡിസംബർ 15 മുതൽ 7 ദിവസം പണിമുടക്കി. സമരം സർക്കാറിന്റെ കുതന്ത്രത്തിന് മുൻപിൽ താല്കാലികമായി പരാജയപ്പെട്ടു. തിരുവിതാംകൂറിൽ തുച്ഛമായ വേതനം പറ്റിയിരുന്ന അഞ്ചൽ (തപാൽ ) വകുപ്പു ജീവനക്കാർ മെച്ചപ്പെട്ട ശംബളത്തിനായി 1947 ഡിസംബറിൽ അഖില തിരുവിതാംകൂർ അഞ്ചൽ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 145 ദിവസം പണിമുടക്കി. . 1947 സെപ്തംബർ 5ന് കെ വി സുരേന്ദ്രനാഥി (ആശാൻ ) ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പുളിമൂട്ടിൽ യോഗം ചേരുകയും ഇതിന്റെ തുടർച്ചയായി 10 ന് വിശാലമായ സമ്മേളനം വിക്ടറി ട്യൂട്ടോറിയലിൽ തീരുമാനിക്കുകയും സ്ഥലം തികയാതെ വന്നപ്പോൾ ചെങ്കൽച്ചൂള മൈതാനിയിൽ വെച്ച് നടക്കുകയും തിരുവിതാംകൂർ എൻ.ജി . അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും പ്രസിഡന്റായി മുണ്ടനാട് മാധവൻ പിള്ളയെ തെരെഞ്ഞെടുക്കുകയും ചെയ്തു . സമ്മേളനം നാലു മാസത്തെ ശംബളം ബോണസ്സായി അനുവദിക്കണമെന്നും ,വാർ അലവൻസ് വർദ്ദിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംഘടന ശക്തിപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ സർക്കാർ ഭീഷണിയുമായി രംഗത്തെത്തി.. സംഘടന പിരിച്ചുവിടാൻ നിർദേശിച്ചു.സംഘടനയിൽ അംഗങ്ങളാകുന്നവരെ പിരിച്ചുവിടുകയോ സസ്പെന്റ് ചെയ്യുകയോ ചെയ്യുമെന്ന ഭീഷണിയിൽ സംഘടനാ പ്രവർത്തനം ദുഷ്കരമായി. . 1947 ഡിസംബറിൽ തിരുവിതാംകൂർ NG0 അസോസിയേഷന്റെ അംഗീകാരം റദ്ദുചെയ്തു കൊണ്ടും അതിൽ അംഗത്വം തുടരുന്നവർ ക്കെതിരെ ശിക്ഷണ നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരായ പോരാട്ടങ്ങളെ തുടർന്ന് രാജഗോപാലൻ നായർ , ശ്രീധരക്കൈമൾ , താണുപിള്ള ,സി .ചാക്കോ എന്നിവരെ സർക്കാർ സർവ്വീസിൽ നിന്ന് പുറത്താക്കി.