സ:എം.ഗോപാലപിള്ള
സഖാവ് പിള്ളച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു 77 വർഷം നീണ്ട സംഭവബഹുലമായ ജീവിതത്തിനു 11-8-2014 പ്രഭാതത്തിൽ തിരശ്ശീല വീണിരിക്കുന്നു പോരാട്ടങ്ങളുടേയും വെല്ലുവിളികളുടേയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു ആ ജീവിതം. വർക്കലയിലെ ബാല്യകാലം മുതൽ അട്ടപ്പാടിയിലെ അന്ത്യ നിമിഷങ്ങളിൽ വരെ ആ പോരാട്ടം നീണ്ടു നിന്നു വ്യക്തികളോടും സമൂഹത്തോടും വിധിയോടു പോലും!രാജഭരണത്തിന്റേയും സ്വാതന്ത്ര്യസമരങ്ങളുടെയും കാലഘട്ടത്തിലായിരുന്നു ജനനം വറുതിയുടെ ഒരു കാലഘട്ടം കൂടിയായിരുന്നു അത് വിദ്യാഭ്യാസം പ്രാഥമിക തലത്തിലൊതുങ്ങി ജീവിതാഭ്യാസങ്ങളുടെ ആരംഭം അവിടെ തുടങ്ങി അന്നന്നത്തെ അന്നത്തിനു വേണ്ടി പല തൊഴിലാളി വേഷങ്ങളും കെട്ടി അങ്ങിനെയാണു കോഴിക്കോടു ജില്ലയിലെ കക്കയം ഡാം നിർമാണത്തിനു പോകുന്നത് തൊഴിലാളിവർഗ സംഘാടനത്തിന്റെയും സജീവരാക്ഷ്ട്രിയ പ്രവർത്തനത്തിന്റെയും ഒരു കാലഘട്ടമായിരുന്നു അത് ഇക്കാലത്ത് ഒരു ജീവിതസഖിയേയും അദ്ദേഹം കൂടെ കൂട്ടി തിരുവനന്തപുരം പൊറ്റയിൽ സ്വദേശി ബേബിയെന്ന് അദ്ദേഹം വിളിക്കുന്ന സരോജിനിയമ്മ അവർക്ക് രണ്ടാണ്മക്കളും പിറന്നു ഡാം നിർമാണം പൂർത്തിയായി പുതിയ തൊഴിലിടം കണ്ടെത്താനായി അടുത്ത യാത്ര അട്ടപ്പാടിയിലേക്ക് സൈലന്റ് വാലി ഡാം നിർമാണം ആരംഭിക്കുന്ന അവസരം മുക്കാലിയിലും പരിസരപ്രദേശങ്ങളിലുമായി തങ്ങിയ അനേകം തൊഴിലാളികൾക്ക് പിന്നീട് കേൾക്കാൻ കഴിഞ്ഞത് ജൈവവൈവിധ്യ സംരക്ഷണത്തിനായി ഡാം നിർമാണം ഉപേക്ഷിച്ച വാർത്ത! പലരും മടങ്ങിപ്പോയി സഖാവും സുഹൃത്തുക്കളും ആലോചിച്ചെടുത്ത തീരുമാനം ഈ മണ്ണിൽ കാലുറപ്പിച്ചു നില്ക്കാനായിരുന്നു അങ്ങിനെ കക്കുപ്പടിയിലെ ഭവാനിപ്പുഴയോരത്ത് അവർ ആറു പേർ കൂട് കൂട്ടി സഖാവിനെക്കൂടാതെ കെ എസ് ഇ ബി ജീവനക്കാരൻ സഹദേവൻ തുണിക്കട നടത്തിയിരുന്ന രാംദാസ് കൃഷിപ്പണിയുമായി നടന്ന ദാമോദരൻ തോമസ് തുടങ്ങിയവർ ആനകളും കുറുനരികളും കാട്ടുപന്നികളും വിഷപ്പാമ്പുകളും കടുവയും കരടിയും വരെ വിഹരിച്ചിരുന്ന നാട്ടിൽ പറക്കമുറ്റാത്ത പൊടിക്കുഞ്ഞുങ്ങളുമായി കൂടുവയ്ക്കുംബോൾ സഖാവിനു കൈമുതലായുണ്ടായിരുന്നത് ജന്മസിദ്ധമായ കരളുറപ്പ് മാത്രം.ഈശ്വരവിശ്വാസം പണ്ടെ സഖാക്കൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലൊ?
മരണംവരേയും സഖാവിന്റെ കിടയ്ക്കയ്ക്കു ചുറ്റും കാവലിരുന്നത് സഖ:എ കെ ജി യും കൃഷ്ണപിള്ളയും വി എസ്സും നായനാരും മാത്രമല്ല മാർക്സും ഏംഗൽസും ലെനിനും സ്റ്റാലിനുമെല്ലാം ആണു അടച്ചു കെട്ടിയ മുറികൾക്കുള്ളിലെ അരണ്ട വെളിച്ചത്തിലെ ദൈവങ്ങളെ അദ്ദേഹത്തിനു പഥ്യമല്ലായിരുന്നു ആപത്തുകാലത്ത് ഒരു കൈ സഹായിക്കുന്ന മനുഷ്യ ദൈവങ്ങളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ചങ്ങാത്തം.അദ്ദേഹം ഏതെങ്കിലും ഒരു ക്ഷേത്ര നടയിൽ കൈ കൂപ്പി നില്ക്കുന്നതു കണ്ടവരാരുമില്ല.അഥവാ അങ്ങിനെ ഒരു സാക്ഷിയുണ്ടെങ്കിൽ അത് ബേബിച്ചേച്ചിയായിരിക്കും ആറ്റുകാലമ്മയുടെയുടെ ഭക്തയായിരുന്നു പണ്ടുമുതലെ അവർ. തന്റെ ഈശ്വര വിശ്വാസത്തെക്കുറിച്ചു തർക്കിക്കുന്നവരോട് ശക്തമായി പ്രതികരിച്ചിരുന്ന സഖാവ് പക്ഷെ സഹധർമ്മിണിയുടെ പരിഹാസത്തെ ചെറുചിരിയോടെയാണു തള്ളിക്കളഞ്ഞിരുന്നത് കാലക്രമേണ അദ്ദേഹത്തിന്റെ നിലപാടിൽ മയം വന്നു. ഇളയമകന്റെ തുടർച്ചയായ ചികിത്സ അദ്ദേഹത്തെ തളർത്തിയിരുന്നു ചില പാർടി നേതാക്കളുടെ ക്ഷേത്ര ദർശനങ്ങളും ഈശ്വരാരാധന സഖാക്കളുടെ വ്യക്ത്തിപരമായവിശ്വാസമാണെന്ന പാർടിനിലപാടും ക്ഷേത്രങ്ങളുമായുള്ള അദ്ദേഹത്തിന്റെ അകലം കുറച്ചു.എങ്കിലും മനുഷ്യരെയാണു അദ്ദേഹം എന്നും വിശ്വാസത്തിലെടുത്തിട്ടുള്ളത്. സ്വന്തം ചങ്കുറപ്പായിരുന്നു അദ്ദേഹത്തിന്റെ ബലം. ആ ഒരു ബലമാണു കൊടിയ ചൂഷണങ്ങളുടേയും അതിക്രമങ്ങളുടേയും നാട്ടിൽ പോരാട്ടം നടത്താനും ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം മരണം വരെ ഉറച്ചു നില്ക്കാനും അദ്ദേഹത്തിനു തുണയായത് ഭൂപ്രഭുക്കന്മാർക്കും സ്ഥലത്തെ പ്രമാണിമാർക്കും എതിരെ വിരൽ ചൂണ്ടി സംസാരിക്കാൻ അദ്ദേഹത്തിനു ഒട്ടും മടിയുണ്ടായില്ല അതുവരെ ഓഛ്ചാനിച്ചു മാത്രം ശീലിച്ച ആദിവാസികൾക്കും തൊഴിലാളികൾക്കും തങ്ങളുടെ യജമാനന്മാരുടെ മുഖത്തു നോക്കി സംസാരിക്കാൻ അദ്ദേഹം പ്രേരണയായി ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം മുഖം നോക്കാതെ നിലപാടെടുത്തു ഒരു ചോദ്യത്തിനു അദ്ദേഹത്തിനു ഒരു ഉത്തരമെയുള്ളു പല ഉത്ത്തരങ്ങളില്ല ഇത് അദ്ദേഹത്തെ പല പ്രമുഖന്മാരുടെയും കണ്ണിലെ കരടാക്കി മാറ്റി എങ്കിലും പാർശ്വവല്കരിക്കപ്പെട്ട ജനതയ്ക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നു അവർ തങ്ങളുടെ അനിഷേധ്യ നേതാവായി അദ്ദേഹത്തെ അവരോധിച്ചിരുന്നു നേത്രുനിരയിൽ നില്ക്കുംബോളും അധികാരത്തിന്റെ വേലിക്കെട്ടുകൾക്കു പുറത്തായിരുന്നു അദ്ദേഹം വിരൽ ഞൊടിച്ചാൽ ലക്ഷങ്ങൾ കാല്കീഴിൽ വരുന്ന ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാൽ സംബത്തിന്റേയൊ അധികാര ജ്വരത്തിന്റെയൊ കണക്കു പുസ്തകമായിരുന്നില്ല ആ ജീവിതം അട്ടപ്പാടിയിൽ കാലുറപ്പിച്ചപ്പോൾ സ്വന്തമായ്ക്കിയ ഒരു പിടി മണ്ണല്ലാതെ മരണം വരെ വേറെ സംബാദ്യമൊന്നും അദ്ദേഹത്തിനില്ല പിന്നെയുള്ളതു നാലുമക്കൾ. ഒരു പാടു പേരെ സഖാവ് സഹായിച്ചിട്ടുണ്ട് ഒരു പാടു പേർ സഖാവിന്റെ സഹായം ചോദിച്ചു വാങ്ങിയിട്ടുണ്ട് അതിനൊന്നും സഖാവ് തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടില്ല അതുകൊണ്ടുകൂടിയാവാം തൈയ്ക്കാട് വൈദ്യുതശ്മശാനത്തിൽ അദ്ദേഹത്തെ ചിതയിലേയ്ക്കെടുക്കുംബോൾ സാക്ഷികളായുണ്ടായിരുന്നത് മക്കളും അടുത്ത ബന്ധുക്കളും മാത്രം പക്ഷെ പ്രകൃതി മനുഷ്യരെ പോലെയല്ല ആർത്തലയ്ക്കാൻ അതിനു മടിയേതുമില്ല സഖാവിനെ യാത്രയാക്കുംബൊൾ അട്ടപ്പാടിയിലെ പ്രകൃതി ആർത്തലച്ചു പെയ്യുകയായിരുന്നു മുൻപെങ്ങുമില്ലാത്തവണ്ണം!!
പാർടിപ്രവർത്തകന്റെ അച്ചടക്കം വ്യക്തിജീവിതത്തിലും പുലർത്തിയിരുന്ന ആളായിരുന്നു ഗോപാലപിള്ള.അദ്ദേഹം ശക്തനായൊരു കുടുംബനാഥനായിരുന്നു അദ്ദേഹം പറയുന്നതുപോലെയല്ലാതെ ആരും കാര്യങ്ങൾ ചെയ്യുമായിരുന്നില്ല.കഷ്ടപ്പാടുകൾക്കിടയിലും മക്കളെയെല്ലാം പ0ഇപ്പിച്ചു ബിരുദധാരികളാക്കി.രണ്ടു പേർ അച്ചന്റെ അതെ വകുപ്പിൽ അതെ ജോലിയിൽ പ്രവേശിച്ചു.ഒരു കെ എസ് ഇ ബി കുടുംബം അപാരമായ ഒരു മനസ്സാന്നിദ്ധ്യത്തിന്റെ കഥ കൂടിയാണത്.രണ്ട് ദശകങ്ങൾക്കു മുൻപ് ചെമ്മണ്ണൂർ കോവിലിനു സമീപമുള്ള ട്രാൻസ്ഫൊർമെർ കണക്ഷൻ റിപ്പയർ ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നിമിഷം ഷോക്കേറ്റു പിടഞ്ഞു ആ ശരീരം. ആശുപത്രിയിലെത്തിക്കുംബോൾ എല്ലാവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.ഒരു കൈ കത്തിക്കരിഞ്ഞിരിക്കുന്നു,ശരീരമാസകലം പൊള്ളലേറ്റിരിക്കുന്നു.പക്ഷെ സഖാവു തിരിച്ചു വന്നു.ഒരു കൈ നഷ്ടപ്പെട്ടിരിക്കുന്നു.ശരീരത്തിൽ പലയിടത്തും മാംസം വച്ചു പിടിപ്പിച്ചിരിക്കുന്നു. പെരിന്തൽ മണ്ണ മൗലാന ആശുപത്രിയിൽ പതിവായി സന്ദർശിക്കുംബോൾ ഒരാൾ ജീവിതത്തിലേയ്ക്ക് എങ്ങിനെ ശക്തമായി തിരിച്ചു വരുന്നു എന്നതു കണ്ട് വിസ്മയിച്ചിട്ടുണ്ട്. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കുത്തിക്കീറുന്ന വേദനയുടെ കണ്ണുനീരായിരുന്നു സഖാവിനു പിന്നീട് അടുപ്പമുള്ളവർ വരുംബോൾ ഒരിറ്റ് കണ്ണുനീർ. ഒരു വാക്ക്. “പറ്റിപ്പോയി.”അവിടെ തീർന്നു വിഷമങ്ങളെല്ലാം.പിന്നെ ഒരു പോരാട്ടം തുടങ്ങുകയായി.ജീവിതത്തിലേക്കുള്ള തേരോട്ടം.ആശുപത്രിക്കിടക്കയിലും ദേശാഭിമാനിയാണു പഥ്യം.സംസാരം മലബാറിലെ വിപ്ലവകാരികളെക്കുറിച്ചും ഇമ്പിച്ചിബാവയെയും ടി കെ ഹംസയെയുമെല്ലാം പലകുറി പറയും.അപകടത്തിന്റെ ഒന്നാം വാർഷികം ആയപ്പോൾ സഖാവ് തല ഉയർത്തിപ്പിടിച്ചു തന്നെ നിന്നു ഉണ്ണാനും ഉടുക്കാനും എനിക്ക് ഒരു കൈ തന്നെ ധാരാളം എന്നൊരു ധ്വനിയുണ്ടായിരുന്നു ആ നില്പിൽ.വർഷങ്ങൾക്കിപ്പുറം മക്കൾ രണ്ടു പേരും ഇതെ ജോലിയിൽ ചേരാനൊരുങ്ങുംബോൾ തടസ്സം നില്ക്കാൻ അമ്മ മാത്രം! അച്ചനു കുലുക്കമൊന്നുമില്ല.മക്കൾക്കതു ലവലേശമില്ല!!ഒരു മകളുണ്ടായിരുന്നതിനെ പറഞ്ഞുവിട്ടിരിക്കുന്നതു പട്ടാളക്കാരന്റെ കൂടെ അതുകൊണ്ട് മരുമകനും കുലുക്കമൊന്നുമില്ല! കണ്ടുനില്ക്കുന്ന നമ്മുടെ മുട്ട് കൂട്ടിയിടിക്കുന്നു. അതാണു ഈ കെ എസ് ഇ ബി കുടുംബം!!
സർക്കാർ ജോലി കിട്ടുന്നതിനു മുൻപും അതിനു ശേഷവും ഒരു തികഞ്ഞ കർഷകൻ കൂടിയായിരുന്നു അദ്ദേഹം പുലരും മുൻപെ പറമ്പിലേക്കിറങ്ങിയിരുന്ന അദ്ദേഹം നേരമിരുട്ടിയാലും കയറാൻ മടിച്ചിരുന്നു.ആറു പേരടങ്ങുന്ന കുടുംബത്തിനെ അന്നമൂട്ടാൻ അതല്ലാതൊരു വഴിയില്ലായിരുന്നു അന്ന്.ആ ശീലം ജീവിതാവസാനം വരേയും അദ്ദേഹം കൊണ്ടു നടന്നു പാർട്ടി പ്രവർത്തനമൊ മറ്റൊ ഉള്ളപ്പോൾ മാത്രമെ ഇതിനൊരു മാറ്റം വന്നിരുന്നുള്ളു.തന്റെ കൃഷിയിടത്തിൽ അദ്ദേഹം ചെയ്യാത്ത കൃഷിയില്ല.ഇഞ്ചി,മഞ്ഞൾ,കുരുമുളക്,അടക്ക,തെങ്ങ്,കാപ്പി ഏലം വാഴ ജാതി അങ്ങിനെ അങ്ങിനെ എന്തും അവിടെ വളർത്തും .കാച്ചിൽ,കൂർക്ക,കൂവ മധുരച്ചേമ്പ്,കരിമ്പ് തുടങ്ങി ചില പ്രത്യേക ഇനങ്ങൾ അവിടെയെ കാണാറുള്ളു കൊക്കൊച്ചെടികളും കക്കിരിക്കയും അവിടെ വളർത്തിനോക്കിയിട്ടുണ്ട്.ക്ഷീരകർഷകൻ കൂടിയായിരുന്നു അദ്ദേഹം മുക്കാലി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആദ്യകാലമെംബെർമാരിൽ ഒരാളായിരുന്നു അദ്ദേഹം പശു,എരുമ,ആട്,കോഴി,താറാവ്,മുയൽ,പട്ടി,പൂച്ച എന്നിങ്ങനെ ജീവജാല സംബന്നമായ ഒരു വീടായിരുന്നു സഖാവിന്റേത് നെല്കൃഷി ഉണ്ടായിരുന്ന കാലത്ത് നെല്ല് വീട്ടിലേക്കും വൈക്കോൽ പശുക്കൾക്കും എന്നതത്വത്തിലായിരുന്നു അദ്ദേഹം.അക്കാലത്ത് പാതിരാത്രിയില്പ്പോലും അയല്ക്കാരേയും കൂട്ടി വെള്ളം കൊണ്ടുവരാൻ പോകുവാൻ അദ്ദേഹത്തിനു മടിയേതുമുണ്ടായിരുന്നില്ല.എങ്ങിനെ അധ്വാനിച്ചു ജീവിക്കാമെന്നു മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം.അന്യന്റെ വിയർപ്പിന്റെ പങ്കു പറ്റരുതെന്നു അദ്ദേഹം യുവാക്കളെ പടിപ്പിച്ചു.അന്നത്തെ തലമുറ അതു പിന്തുടർന്നു കാരണം അവർക്ക് അദ്ദേഹം നല്ലൊരു മാതൃകയായിരുന്നു.അദ്ദേഹത്തെ മദ്യപിച്ചു കൊണ്ടൊ അല്ലെങ്കിൽ ചീട്ടു കളി സംഘത്തിലൊ കാണാൻ കഴിയുക അസാധ്യമായിരുന്നു.ഉണ്ടായിരുന്ന ഏക ദുശ്ശീലം എല്ലാ സഖാക്കൾക്കും ഉള്ളതു തന്നെ-ദിനേശ് ബീഡി,പരിപ്പുവട,കട്ടൻ ചായ--പുകവലിയെക്കുറിച്ചോർത്തു പിന്നീട് അദ്ദേഹം വിഷമിച്ചിട്ടുണ്ട്. ശക്തമായ ചുമയും ശ്വാസം മുട്ടും അലട്ടിയപ്പോൾ ഇതൊഴിവാക്കെണ്ടതായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു.ഒരു കാലത്ത് അദ്ദേഹം യുവാക്കളെ നയിച്ചിരുന്നു നിയന്ത്രിച്ചിരുന്നു.യുവാക്കളുടെ അഭിലാഷങ്ങൾക്ക് അദ്ദേഹം എതിരു നിന്നിരുന്നില്ല.അദ്ദേഹത്തിന്റെ മക്കളെല്ലാം നല്ല കായികതാരങ്ങളായിരുന്നു.ആദ്യ കാല ക്ളബ്ബുകളായ നവജീവന്റെയും എമറാൾഡിന്റെയും ഇപ്പോഴുള്ള ഫീനിക്സിന്റേയും പ്രവർത്തകരായിരുന്നു അവർ.എന്നാൽ യുവാക്കളുടെ അതിരുവിട്ട പെരുമാറ്റങ്ങളോടും വാക്കുകളോടുപോലും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.യുവാക്കളോടെന്നല്ല ആരോടും പദവിയും പ്രായവും നോക്കാതെ അദ്ദേഹം പ്രതികരിച്ചു.സഖാവിന്റെ കാഴ്ച്ചവട്ടത്തിനുള്ളിൽ നിന്നുകൊണ്ട് മോശമായി പെരുമാറാനൊ സംസാരിക്കാനൊ ആരും ധൈര്യപ്പെട്ടിട്ടില്ല അന്നും ഇന്നും. ഇപ്പോൾ കാലം മാറി ജീവിതസാഹചര്യങ്ങൾ മാറി യുവാക്കളുടെ കാഴ്ച്ചപ്പാടുകൾ മാറി ചരിത്രമറിയാത്ത ഒരു തലമുറയാണുള്ളത് ഇവിടെ സ്പന്ദിക്കുന്ന ചരിത്രമായി കുറച്ചു മനുഷ്യർ ജീവിച്ചിരുന്നു. അവരിൽ നിന്നും അനുഭവങ്ങളുടെ ആ മഹാസാഗരം ഏറ്റുവാങ്ങാൻ ആവാതെ പോയത് ജീവിതത്തിലെ തീരാനഷ്ടം.ആദ്യം പോയത് സഹദേവൻ ഒരുദശകങ്ങൾക്കിപ്പുറം രാംദാസ് ഒരു പതിറ്റാണ്ടിനിപ്പുറം ഇതാ അവസാന കണ്ണിയും വേർപെട്ടിരിക്കുന്നു, സഖാവ് ഗോപാലപിള്ള.
സഖാവ് ഗോപാലപിള്ളയുടെ അട്ടപ്പാടിയിലെ അരനൂറ്റാണ്ടുകാലത്തെ ജീവിതം അവിടുത്തെ മാർക്സിസ്റ്റ് പാർടിയുടെ ചരിത്രം കൂടിയാണു.സഖാവ് പ്രവർത്തിച്ചിരുന്ന മുക്കാലി ബ്രാഞ്ചിനെ അട്ടപ്പാടിയിലെ ഏറ്റവും ശക്തമായ ബ്രാഞ്ച് ആക്കി മാറ്റിയെടുത്തതിൽ സഖാവിനുള്ള പങ്ക് നിസ്തുലമാണു ഒരുവേളയിൽ അട്ടപ്പാടിയിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്നത് ഈ ബ്രാഞ്ചിൽ നിന്നുള്ളവരായിരുന്നു സഖാവിന്റെ പാദസ്പർശനമേല്ക്കാത്ത ഒരിടവും അട്ടപ്പാടിമണ്ണിൽ ഇല്ല ഭരണസിരാകേന്ദ്രമായ അഗളി മുതൽ ഉൾപ്രദേശങ്ങളായ ഷോളയൂർ,പുതൂർ,ഗലസി,ചിണ്ടെക്കി,പാലൂർ,കള്ളമല,കാരറ,ചിറ്റൂർ എല്ലായിടത്തും സഖാവെത്തിയിരുന്നു തികഞ്ഞ കേഡറിസത്തോടെ പാർടി കെട്ടിപ്പടുത്ത സഖാവായിരുന്നു അദ്ദേഹം.പാർടിയുടെ മുക്കാലി ബ്രാഞ്ചിലെ ആദ്യകാല പ്രവർത്തകനും പിന്നീട് അട്ടപ്പാടി ഏരിയസെക്രട്ടറിയുമായ സഖാവും കൂട്ടരും പാർടി വിട്ടപ്പോഴും സഖാവിനു പാർടിയിൽ തുടരാൻ സംശയമേതുമില്ലായിരുന്നു പാർടി നയപരിപാടികളെക്കുറിച്ച് സഖാവിനുണ്ടായിരുന്ന വ്യക്ത്തയായിരുന്നു കാരണം.ദേശാഭിമാനിയുടെ സ്ഥിരം വായനക്കാരനായിരുന്ന അദ്ദേഹം പാർടിപത്രം തലയിണയാക്കിയിരുന്ന പലരിൽനിന്നും വ്യത്യസ്ഥനായിരുന്നു രാവിലെത്തെ ഓട്ടപ്രദക്ഷിണത്തിനുശേഷം വൈകുന്നേരത്തിനായി പലതും മാറ്റിവയ്ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു ചിലപ്പോൾ രാത്രി ഒരുപാടു വൈകുവോളം മാറ്റിവച്ചവയുമായി സഖാവ് സംവദിച്ചിരുന്നു പാർടിയുടെ പിറവിയെക്കുറിച്ചും വളർച്ചയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനു തികഞ്ഞ അറിവുണ്ടായിരുന്നു സ:എ.കെ.ജി.യുടെയും കൃഷ്ണപിള്ളയുടെയും ഇ എമ്മിന്റെയുമെല്ലാം ജീവചരിത്രം അദ്ദേഹത്തിനു മനപ്പാ0മായിരുന്നു.അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പാർടിയെക്കുറിച്ചും അതിന്റെ നയപരിപാടികളെക്കുറിച്ചും ഇത്ര അറിവും ആർജ്ജവവും ഉള്ള വേറൊരാൾ അട്ടപ്പാടിയിൽ ഇല്ല എന്നു തന്നെ പറയാം പാർടി പിന്നീട് വളർന്ന് ഒരുപാട് ബ്രാഞ്ചുകളും എൽ.സി.കളും ഒക്കെ ആയപ്പോഴും സഖാവ് മുക്കാലിയിലെ സാധാ പ്രവർത്തകനായി തുടർന്നു.മരണം വരേയും അദ്ദേഹം സി.പി.എം കാരനായിരുന്നു.പാർടിയൊടും പാർടി സെക്രെട്ടറിയോടും വിധേയനായിരിക്കുംബോഴും പ്രതിപക്ഷ നേതാവിന്റെ നിലപാടുകളിലെ ശരി അദ്ദേഹം ചിലരോടെങ്കിലും വ്യക്തമാക്കിയിരുന്നു.പാർടിയുടെ മേല്ഘടകം മുതൽ താഴെത്തട്ടുവരെയുള്ളവയുടെ പ്രവർത്തനത്തിൽ വിഭാഗീയത സൃഷ്ടിച്ച മുരടിപ്പിൽ അദ്ദേഹം ഖിന്നനായിരുന്നു.അട്ടപ്പാടിയിലേക്കും അതിന്റെ അനുരണനങ്ങളെത്തിയപ്പോൾ അദ്ദേഹം പ്രവർത്തനങ്ങൾ കുറച്ചു.പ്രായത്തിന്റെ വെല്ലുവിളികളും ഒരു കാരണമായി.എങ്കിലും അദ്ദേഹം തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണു ഒരുപാട് വെല്ലുവിളികൾ നേരിട്ട പാർടിയാണു സി.പി.എം കൂടുതൽ ശക്തിനേടി അതു തിരിച്ചു വരും എന്നു അദ്ദേഹം ശക്തമായി വിശ്വസിച്ചു.മരണം വരേയ്ക്കും പാർടിയെയും പാർടിപത്രത്തേയും അദ്ദേഹം ചേർത്തു പിടിച്ചു.മരണത്തിലും അദ്ദേഹം ഏറ്റുവിളിക്കുന്നത് മുൻ ഗാമികളുയർത്തിയ മുദ്രാവാക്യം തന്നെ. സഖാക്കളെ.......
“മണ്ണിൽ പിറന്നു വീണവർ നമ്മൾ
മണ്ണിൽ പണിയെടുത്തു വളർന്നവർ നമ്മൾ
മരണം വന്നു വിളിക്കുംബോൾ
മണ്ണിലേയ്ക്കു മടങ്ങുന്നവർ നമ്മൾ
ചേറു പുരണ്ട കൈകളിത്
ചെങ്കൊടിയേന്തിയ കൈകളിത്
ചെഞ്ചോരയൊഴുകുംബോഴും
സഖാക്കളെ നാം ... മുന്നോട്ട്.......മുന്നോട്ട്.......!“
No comments:
Post a Comment