Saturday, August 02, 2014

ജസ്റ്റ് ഡിസംബർ ദാറ്റ്!!?

 

മുഖ്യമന്ത്രി പറയുന്നത്, ഓരോരുത്തരുടെയും നെഞ്ചത്തും വിമാനത്താവളം വേണമെന്നോ? ഉമ്മന്‍ചാണ്ടിക്കെതിരെയും പൊതുമരാമത്ത് മന്ത്രിക്കെതിരേയും വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി


കൊല്ലം: ആറന്മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്ന് സുരേഷ് ഗോപി ആരോപിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെയും സാംസ്‌കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കു കയായിരുന്നു അദ്ദേഹം.

പഠിച്ച് വിവരം ഇല്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വിവരം ഉളളവരുടെ അടുത്ത് നിന്ന് പഠിച്ച് അപഗ്രഥിച്ചതിന് ശേഷം മാത്രമാകണം ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍  ഭാവി തലമുറയ്ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന പ്രകൃതി ഉള്‍പ്പെടെ പലതും നമ്മള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.  അതേസമയം സുരേഷ് ഗോപിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. നരേന്ദ്ര മോദിയുടെ സ്തുതി പാഠകനായ സുരേഷ് ഗോപി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സിനിമയില്‍ ലഭിക്കുന്ന കൈയ്യടി ജീവിതത്തില്‍ ലഭിക്കുമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ഡീന്‍ കൂട്ടിചേര്‍ത്തു.

പൊതുമരാമത്ത് വകുപ്പിനെതിരേയും മന്ത്രിക്കെതിരേയും പ്രമുഖ മാധ്യമത്തില്‍ കുറിപ്പെഴുതിയതിനു പിന്നാലെയാണ് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. കൊച്ചിയില്‍ നിന്നാണ്, കോട്ടയത്തേക്കുള്ള യാത്രയില്‍ ഏറ്റുമാനൂര്‍ മുതലുള്ള ദുരിതയാത്രയില്‍ മനസു മടുത്ത അനുഭവo കുറിപ്പില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നത്. ഏറ്റുമാനൂരടുത്തതോടെ കാര്‍ ഇഴയാന്‍ തുടങ്ങി. കോട്ടയത്തെ റോഡുകളുടെ അവസ്ഥ മ്ളേഛം എന്നു പറയേണ്ടി വരും. കുഴികളില്‍ നിന്നു കുഴികളിലേക്കു വീണ് ഓരോ തവണയും കാര്‍ കുലുങ്ങി. ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന പണംകൊണ്ട് ഇത്തരം റോഡ് നിര്‍മിക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കേണ്ട കാലമായെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

15 വര്‍ഷത്തേക്ക് ഒരു കുഴപ്പവും വരാത്ത റോഡ് ഉണ്ടാക്കി കാണിക്കാമെന്നു പൊതുമരാമത്ത് മന്ത്രിയോടു താന്‍ ഒരിക്കല്‍ പറഞ്ഞതാണെന്നും സുരേഷ്‌ഗോപി പറയുന്നു. അതില്‍ ഒരു കിലോമീറ്റര്‍ റോഡ് സ്വന്തം ചെലവില്‍ നിര്‍മിച്ചു കാണിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ മന്ത്രി പ്രതികരിച്ചു പോലുമില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. അതതു പ്രദേശത്തെ ഭൂമിയുടെ അവസ്ഥയും അതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ സ്വഭാവവും അടിസ്ഥാനമാക്കി വേണം റോഡ് നിര്‍മിക്കാന്‍ എന്ന ഉപദേശവും താരം നല്‍കുന്നു.

ഓരോ തവണയും മെറ്റലും പാറപ്പൊടിയും വഴിപാടുപോലെ വിതറി റോഡു പണിയുമ്പോള്‍ റോഡിന് വെറുതെ ഉയരം വയ്ക്കുന്നു. കുറച്ചു നാള്‍ കഴിയുമ്പോള്‍ അതു വീണ്ടും ചെളിക്കുളമാകും. നല്ല റോഡു നിര്‍മിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ ചെയ്യില്ല. ഒന്നാംഘട്ടം മുതല്‍ ആരംഭിക്കുന്ന കയ്യിട്ടുവാരലും പങ്കുപറ്റലും അവസാനിപ്പിച്ചേ മതിയാകൂ. ദുബായ് പോലുള്ള വന്‍കിട നഗരങ്ങളില്‍ റോഡുകള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരും ജോലിക്കാരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments: