Wednesday, March 26, 2014

ആറങ്ങോട്ട് സ്വരൂപം

കൊങ്ങന്‍പ്പടയുടെ ആക്രമണം

തമിഴ് നാട്ടില്‍ നിന്ന് പലക്കാലങ്ങളിലായി പാലക്കാട് തുറസ്സിലൂടെ ചോളന്‍മാരുടെയും പാണ്ഢ്യന്‍മാരുടെയും സൈന്യങ്ങള്‍ കേരളത്തിലേക്ക് അധിക്രമിച്ച് കടന്നിട്ടുണ്ട്.ഈ കൊങ്ങന്‍ ആക്രമണം തുരത്താന്‍ സാമൂതിരിയും വള്ളുവക്കോനാതിരിയും കേരളത്തിലെ മറ്റ് നാടുവാഴികളും സംയുക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരദേശിസേനയെ തുരത്തുന്നതില്‍ പലപ്പോഴും അവര്‍ വിജയിച്ചു.പക്ഷേ അതിന്റെ അനന്തരഫലം വള്ളുവക്കോനാതിരിയെ പ്രതികൂലമായി ബാധിച്ചു.വള്ളുവക്കോനാതിരിക്ക് പല പ്രധാന സ്ഥലങ്ങളും നഷ്ടപ്പെട്ടു.സാമൂതിരി അവകയ്യടക്കുകയാണ് ഉണ്ടായത്.രണ്ട് സ്വരൂപങ്ങളും തമ്മിലുള്ള മത്സരം ഇതോടെ രൂക്ഷമായി.അതിന്റെ പ്രത്യക്ഷഫലമാണ് തിരുനാവായയില്‍ നടന്നിരുന്ന മാമാങ്കത്തില്‍ പ്രകടമായത്.

വള്ളുവക്കോനാതിരിയില്‍ നിന്ന് മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം സാമൂതിരി പിടിച്ചെടുത്തു. ഈ കാര്യത്തില്‍ മുസ്ലീംങ്ങളുടെ സഹായം സാമൂതിരിക്ക് ലഭിച്ചിരുന്നു.പിന്നീട് വള്ളുവക്കോനാതിരിയുടെ ശക്തി ക്രമേണകുറയുന്നതായിട്ടാണ് നാം കാണുന്നത്.

കൂറുമാറ്റം
ഈ സ്വരൂപത്തിന്റെ പലമന്ത്രിമാരും പടനായകന്‍മാരും പലരും പിന്നീട് സാമൂതിരി പക്ഷത്തുചേര്‍ന്നു.മണ്ണാര്‍ക്കാട് നായര്‍,കോങ്ങാട്ടുനായര്‍ തുടങ്ങിയവര്‍ കൂറുമാറ്റം നടത്തിയ സേനാനായകരില്‍പ്പെടുന്നു.മങ്കടയുടെ സമീപപ്രദേശമായ പാങ്ങിനും ചെറുകുളമ്പിനും ഇടയിലുള്ള പടപ്പറമ്പ് രണ്ട് സ്വരൂപങ്ങളും തമ്മില്‍ നടത്തിയിരുന്ന യുദ്ധത്തിന്റെ വേദിയായിരുന്നു.ഇന്ന് കോട്ടക്കല്‍ എന്നപ്പേരില്‍ അറിയപ്പെടുന്ന വെങ്കിട്ടക്കോട്ട വള്ളുവക്കോനാതിരിയില്‍ നിന്നും സാമൂതിരി പിടിച്ചടക്കിയതാണ്.മഞ്ചേരിക്കടുത്ത് പന്തലൂരാണ്
വള്ളുവക്കോനാതിരിയുടെ പഴയ ആസ്ഥാനം.ആ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷക്കാരെ സാമൂതിരി സ്വാധീനിക്കുകയും അവസാനം വള്ളുവക്കോനാതിരി പന്തലൂര്‍ ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു.ആസ്ഥാനം കടന്നമണ്ണയിലേക്ക് മാറ്റിയതും ഈ പാശ്ചാതലത്തിലാണ്. കടന്നമണ്ണ കോവിലകത്തു നിന്നും വേര്‍പിരിഞ്ഞ് പിന്നീട് അരിപ്ര,മങ്കട,ആയിരനാഴി,എന്നീകോവിലകങ്ങള്‍ ഉടലെടുത്തു. വള്ളാട്ടുക്കര രാജവംശം ഈ നാല് കോവിലകങ്ങളിലും പരിമിതമാണ്.

തമ്പുരാന്‍ രാജര്‍ഷി
ഈ കോവിലകങ്ങളിലെ തമ്പുരാക്കന്‍മാരില്‍ ഏറ്റവുംപ്രായംകൂടിയ ആളാണ് വള്ളുവകോനാതിരി.അദ്ദേഹം വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്നു.അദ്ദേഹം താമസ്സിക്കുക കുറുവയിലെ പ്രത്യേകഭവനത്തിലാണ്.വലിയതമ്പുരാന്‍ ജപത്തിലും പ്രാര്‍ത്ഥനയിലും സമയം ചെലവഴിക്കുന്നു.ഐഹിക ബന്ധങ്ങള്‍ എല്ലാം വിഛേദിച്ച് ആത്മീയകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന രാജര്‍ഷിയാണദ്ദേഹം.
മരുമക്കള്‍ അദ്ദേഹത്തിനു വേണ്ടി രാജ്യഭരണം നടത്തുന്നു. ഈ സ്വരൂപത്തിന്റെ ശക്തിക്ഷയത്തിനു ഇടവരുത്തിയതില്‍ ഈ സമ്പ്രദായം വഹിച്ച പങ്ക് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആറങ്ങോട്ടിരി എന്നപ്പേരിലാണ് വള്ളുവനാട്ട് രാജാവ് പഴയരേഖകളില്‍ അറിയപ്പെടുന്നത്.ആറിന് അപ്പുറത്തുള്ള രാജ്യത്തിന്റെ അധിപന്‍ എന്നാണ് വിവക്ഷ. ആറുകൊണ്ടുദ്ദേശിക്കുന്നത് പൊന്നാനി പുഴയെയാണ്.

ഹൈദരലിയുടെ ആഗമനം
ഹൈദരലിയും അതിനുശേഷം ടിപ്പുവും മലബാര്‍കീഴടക്കിയ കാലത്ത് വള്ളുവകോനാതിരിയുടെകീഴല്‍ അവശേഷിച്ച പ്രദേശങ്ങള്‍ ഇപ്പോഴത്തെ പെരിന്തല്‍മണ്ണതാലൂക്കുംമണ്ണാര്‍ക്കാട് താലൂക്കില്‍പ്പെട്ട എടത്തനാട്ടുക്കര,അലനല്ലൂര്‍ എന്നീ പ്രദേശങ്ങളും മാത്രമാണ്.തിരുനാവായ,കൊങ്ങാട്,മങ്കര,കവളപ്പാറ,പന്തലൂര്‍ എന്നിവ പാലക്കാട്ടുരാജാവും സാമൂതിരിയും പാലക്കാട്ടു രാജാവും കൈവശപ്പെടുത്തിയിരുന്നു.മൈസൂര്‍ ആക്രമമത്തിനു മുമ്പുതന്നെ വെള്ളാട്ടുകര സ്വരൂപം തങ്ങളുടെ ആസ്ഥാനമായ പന്തലൂര്‍മല ഉപേക്ഷിച്ച് കടന്നമണ്ണയിലേക്ക് പാലായനം ചെയ്തിരുന്നതായാണ് മനസ്സിലാകുന്നത്.

സാമൂതിരിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പാലക്കാട് രാജാവ് അഭ്യര്‍ത്ഥിച്ചിരുന്നതനുസരിച്ച് മൈസൂര്‍ സൈന്യാധിപനായ നവാബ് ഹൈദരലിഖാന്‍ ഒരു വലിയ സൈന്യത്തെ മലബാറിലേക്ക് അയച്ചത് 1757ലാണ്.അതുമുതല്‍1792വരെ മലബാറും കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും പലഭാഗങ്ങളും മൈസൂര്‍ഭരണത്തിന്‍ കീഴിലായിരുന്നു.1792ല്‍ ടിപ്പുവിന്റെ സൈന്യത്തെ ഇംഗ്ലീഷുകാര്‍ മലബാറില്‍ തോല്‍പ്പിക്കുന്നതുവരെ ഇതായിരുന്നു സ്ഥിതി.ടിപ്പുവിന്റെ മലബാര്‍ അധിനിവേശക്കാലത്ത് വള്ളാട്ടുക്കര രാജക്കന്‍മാര്‍ തിരുവിതാംകൂറില്‍ അഭയം തേടിയിയിരുന്നു.

കടന്നമണ്ണ പള്ളിയും ഖബര്‍സ്ഥാനവും

മങ്കട പഞ്ചായത്തിലെ ഏറ്റവും പുരാതന മുസ്ലീംകേന്ദ്രം കടന്നമണ്ണയാണ്.കടന്നമണ്ണപള്ളിക്ക് ഏകദേശം300ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.മൈസൂര്‍ അധിനിവേശം നടക്കുന്ന1757ന് മുമ്പ് ഈ പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.ഈ പള്ളിയുടെ നിര്‍മ്മാണത്തിന്റെ കഥ കൈപ്പുള്ളി വലിയാത്ര കോയക്കുട്ടിസാഹിബ് പറഞ്ഞതുപ്രകാരം ആലങ്ങാട്ട് സ്വരൂപവുമായി വെള്ളാട്ടുകര രാജാവ് സൗഹൃദ ബന്ധത്തില്‍ ആയിരുന്നതിനാല്‍ കുറെ മാപ്പിളമാരെ കടന്നമണ്ണയിലേക്കയക്കാന്‍ വെള്ളാട്ടിരി ആവശ്യപ്പെട്ടു.അത് അനുസരിച്ച് അവിടുന്ന് വന്ന മുസ്ലീംങ്ങള്‍ക്ക് വയലും ഭൂമിയും രാജാവ് നല്കി.അവര്‍ ആലങ്ങാടന്‍മാര്‍ എന്നപ്പേരില്‍ അറിയപ്പെട്ടു.ഇന്നും ഈ പ്രദേശത്തെ ഒരു പ്രബല കുടുംബമാണ് ആലങ്ങാടന്‍ തറവാട്.കടന്നമണ്ണ മുതല്‍ മങ്കട പള്ളിപ്പുറം വരെയുള്ള പ്രദേശത്തെ ഭൂമികള്‍ മിക്കതും ആലങ്ങാടന്‍ മാരുടെതാ-യിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.കടന്നമണ്ണകോവിലകമാണ് കടന്നമണ്ണ പള്ളിക്ക് ഭൂമിനല്‍കിയത്.ഇതു സംബന്ധിച്ച തിട്ടൂരം അരപ്പായകടലാസ്സില്‍ എഴുതിയിരുന്നത് താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്ന് കോയക്കുട്ടി സാഹിബ് പറഞ്ഞിട്ടുണ്ട്. ഈ തിട്ടൂരം അല്ലെങ്കില്‍ തിരുവെഴുത്ത് ആലങ്ങാടന്‍ കോട്ടയില്‍ ഇബ്രാഹിമിന്റെ പേരിലാണ്.42സെന്റ് ഭൂമിയാണ് പള്ളിക്ക് കോവിലകം കല്‍പ്പിച്ച് അനുവദിച്ചിരിക്കുന്നത്.ഇന്ന് കാണുന്ന വിശാലമായ കടന്നമണ്ണ ഖബര്‍സ്ഥാന്റെ പിന്നീട് പലകാലത്തായി പള്ളിഭരണാധികാരികള്‍ വാങ്ങിയതാണ്.വെള്ളാട്ടുകര സ്വരൂപതിന്റെ ആസ്ഥാനമായ കടന്നമണ്ണകോവിലകം അന്ന് സ്ഥിതിചെയ്തിരുന്നത് ഇപ്പോഴത്തെ മങ്കട പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നിന്നും ഏതാനും മീറ്റര്‍ പടിഞ്ഞാറ് പെരിന്തല്‍മണ്ണ-മഞ്ചേരി റോഡിന്റെ തെക്കേഭാഗത്തുള്ള ഒരു സ്ഥലത്തായിരുന്നു.ആ സ്ഥലം ഇപ്പോഴും കോലോത്തുംതൊടി എന്നപേരിലാണ് അറിയപ്പെടുന്നത്.അവിടെ നിന്ന് ചിലപുരാതന വസ്തുക്കള്‍ കാര്‍ഷികാവശ്യത്തിനായി കിളച്ചപ്പോള്‍ ലഭിച്ചതായി അറിയുന്നു.

കടന്നമണ്ണയിലെ കൈപ്പുള്ളി,പൂന്തോടന്‍,പട്ടിക്കാടന്‍, പള്ളിയാലില്‍, കാരളിയന്‍ എന്നീ കുടുംബങ്ങള്‍ ആലങ്ങാടന്‍ കുടുംബത്തിന്റ ശാഖകളാണ്.കടന്നമണ്ണപ്പള്ളിക്ക് ആദ്യംകുറ്റിതറച്ചത് ഇപ്പോള്‍ മാട്ടുമ്മത്തൊടിയില്‍ എന്നപ്പേരില്‍ അറിയപ്പെടുന്ന സ്ഥലത്താണ്.അവിടെ നിന്നും ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പിന്നീട് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്.

കമ്പനിഭരണം
1792ല്‍ മലബാറിന്റെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്ന സമയത്ത് വള്ളുവക്കോനാതിരിയുടെ സ്ഥിതി അസൂയാവഹമായിരുന്നില്ല.സാമ്പത്തികമായും രാഷ്ട്രീയമായും അദ്ദേഹം ദുര്‍ബലനായിരുന്നു.മൈസൂര്‍ ആധിപത്യക്കാലത്ത് ഈ സ്വരൂപത്തിലെ തമ്പുരാക്കന്‍മാര്‍ തിരുവിതാംക്കൂറിലേക്ക് രക്ഷപ്പെട്ടു.പിന്നീട് മൈസൂരിനെതിരെയുള്ള യുദ്ധത്തില്‍ ഇംഗ്ലീഷുക്കാരെ സഹായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അതിനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ആധിപത്യം സ്ഥാപിതമായപ്പോള്‍ അവര്‍ തിരിച്ചുവരികയുംബ്രിട്ടീഷുക്കാര്‍ അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യം തിരിച്ചുകൊടുക്കുകയും ചെയ്തു.പക്ഷേ കമ്പനിയുടെ കീഴില്‍ കമ്പനിയുടെ നിയമങ്ങള്‍ നടപ്പിലാക്കാനെ മറ്റുനാടുവാഴികളെപ്പോലെ അവര്‍ക്കും അധികാരം ഉണ്ടായിരുന്നുള്ളൂ.അവര്‍ നികുതി പിരിച്ച് കമ്പനിക്ക് അടച്ചുകൊള്ളണം.വെള്ളാട്ടിരിക്ക് നിശ്ചയിച്ചിരിക്കുന്ന കപ്പം 41594 ½രൂപയായിരുന്നു(മലബാര്‍ മാന്വല്‍ പേജ്.531).

നികുതി നിഷേധം

ഈ സംഖ്യ പിരിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മാപ്പിളമാരോട് നികുതി ചോദിച്ചാല്‍ അവര്‍ വാളെടുക്കും, നായന്‍മാരാകട്ടെ തങ്ങള്‍ ഇതുവരെ ആര്‍ക്കും നികുതി കൊടുത്തിട്ടില്ല,ഇനിയിപ്പോള്‍ ആര്‍ക്കും നികുതി കൊടുക്കുകയുംമില്ല എന്നു പറഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.നായന്‍മാര്‍ വെള്ളാട്ടിരിയുടെ സൈന്യത്തിന്റെ മുഖ്യ ഘടകമാണ്.അവരായിരുന്നു ചാവേര്‍പ്പടനടത്തി ചത്തും കൊന്നും തങ്ങളുടെ സ്വാമിയെ സേവിച്ചത്.അവര്‍ക്ക് പ്രതിഫലമായി രാജാവ് ഭൂമി നല്‍കിയിരുന്നു.അതിലെ വരുമാനം കൊണ്ടാണ് അവര്‍ ജീവിച്ചിരുന്നത്.അവരില്‍ നിന്ന് രാജാവ് കപ്പം പിരിച്ചിരുന്നില്ല.ടിപ്പുവിന്റെ പടയോട്ടം നായന്‍മാരുടെ മേധാവിത്വത്തിനേറ്റ കനത്ത പ്രഹരമായിരുന്നു.അവരില്‍ പലരും ജീവനും കൊണ്ടോടി നാടുവിട്ടു.

ഏതാണ്ട് നാല്പതു വര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കണ്ടകാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.മുസ്ലീംങ്ങള്‍ പലമേഖലകളിലും പ്രാബല്യം നേടിയിരുന്നു.കൃഷിയിലും കച്ചവടത്തിലും അവര്‍ വ്യക്തമായ മേധാവിത്ത്വം സ്ഥാപിച്ചിട്ടുണ്ട്.നായന്‍മാര്‍ക്ക് അവരുടെ പാരമ്പര്യതൊഴിലായ സൈനിക സേവനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
നായന്‍മാരും മാപ്പിളമാരും തമ്മില്‍ സ്പര്‍ദ്ധവര്‍ദ്ധിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷുക്കാരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു.
നികുതി നല്കിയില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ സ്ഥലം വിടുകയും ടിപ്പു തിരിച്ചുവരുമെന്ന കോവിലകം കാര്യസ്ഥന്‍മാരുടെ ഭീഷണിയൊന്നും നായന്‍മാരില്‍ അനുകൂലപ്രതികരണങ്ങളുണ്ടാക്കിയില്ല.ഏതായാലും നികുതി അടക്കാന്‍ അവര്‍ തയ്യാറായില്ല.

മാപ്പിളമാരാകട്ടെ ബ്രിട്ടീഷുക്കാര്‍ക്ക് ഗുണം ചെയ്യുന്ന സകലതിനും എതിരായിരുന്നു.നാടുവാഴിക്ക് നികുതികൊടുത്താല്‍ അത് എത്തുക കമ്പനിഫണ്ടിലേക്കാണന്നവര്‍ക്കറിയാം.ഇംഗ്ലീഷുക്കാര്‍ക്ക് എതിരായുള്ള പോരാട്ടം നടത്തിയിരുന്ന മഞ്ചേരി അത്തന്‍ കുരിക്കള്‍,ഉണ്ണിമൂസ മൂപ്പന്‍,ചെമ്പന്‍പോക്കര്‍ എന്നിവരുടെ താവളം വള്ളാട്ടുകരയുടെ അതിര്‍ത്തില്‍പ്പെട്ട പന്തലൂര്‍മലയാണ്. ഈ പന്തലൂര്‍ മലയുടെ തെക്കേചരിവ് ചേരിയന്‍മല എന്ന പേരില്‍ അറിയപ്പെട്ടു.ഈ ചേരിയം മലയില്‍ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരമാണ് കടന്നമണ്ണ കോവിലകത്തേക്കുള്ളത്.

രാജ്യപുരോഗതിക്ക് മാപ്പിള സാനിദ്ധ്യം

സാമൂതിരിയുടെ ശക്തിക്കും ഐശ്വര്യത്തിനും കാരണം മാപ്പിളമാരാണെന്ന് ധരിച്ച വെള്ളാട്ടിരി തന്റെ രാജ്യത്ത് അധിവസിക്കാന്‍ മാപ്പിളമാരെ പ്രേരിപ്പിച്ചു.സാമൂതിരി മുക്കുവരെ ഇസ്ലാമതം വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതുപോലെ ചെറുമരെ ഇങ്ങനെ ചെയ്യാന്‍ വെള്ളാട്ടിരിയും പ്രേരിപ്പിച്ചു.മുസ്ലീംങ്ങളുടെ സംഖ്യ അദ്ദേഹത്തിന്റെ രാജ്യത്ത് വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കി.പുത്തനങ്ങാടി,ചാപ്പനങ്ങാടി,കൂട്ടിലങ്ങാടി, കാപ്പില്‍,
കടന്നമണ്ണ, വലമ്പൂര്‍,മുള്ള്യാകുര്‍ശി,മങ്കടപള്ളിപ്പുറം എന്നീ സ്ഥലങ്ങള്‍ മുസ്ലീം കേന്ദ്രങ്ങളായത് ഇങ്ങനെയാണ്.സാമൂതിരിയുടെ നാട്ടിലെ തിരൂരങ്ങാടിപ്പോലുള്ള മുസ്ലീം കേന്ദ്രങ്ങള്‍ക്കുള്ള ബദലുകളായിരുന്നു ഇവ.ഇവിടെയൊല്ലാം പള്ളി നിര്‍മ്മിക്കാന്‍ നാടുവാഴി സ്ഥലം അനുവദിക്കുകയും അവര്‍ക്ക് ഖാസിമാരെ നിയമിക്കാന്‍ മഖ്ദൂം കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.ഈ സ്ഥലങ്ങളിലെല്ലാം മുസ്ള്യാരകങ്ങള്‍ എന്നപ്പേരില്‍ കുടുംബങ്ങളുണ്ടായത് ഇങ്ങിനെയാണ്.

മലപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും കുറേ മുസ്ലീങ്ങള്‍ കുടിയേറിപ്പാര്‍ത്തു.അവര്‍ കഠിനമായി അധ്വാനിച്ച് ആ സ്ഥലങ്ങളെ കൃഷിയോഗ്യമാക്കി.ആന,പന്നി,നരി,പാമ്പുകള്‍ തുടങ്ങിയവയോട് പൊരുതിയാണ് കാട്ടു പ്രദേശങ്ങളെ നാട്ടു പ്രദേശങ്ങളാക്കിയത്.മലമ്പനിയും മറ്റ് മഹാരോഗങ്ങളും അവരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു.മൈസൂര്‍ ഭരണകാലത്ത് രാജകുടുംബാംഗങ്ങളും ബ്രാഹ്മണരും സവര്‍ണ്ണരും നാട്ടു വിട്ടപ്പോള്‍ മുസ്ലീംകുടിയേറ്റം വര്‍ദ്ധിക്കുകയും ചെയ്തു.കാട് വെട്ടിതെളീയിച്ച് കൃഷിസ്ഥലവും വാസസ്ഥലവും നിര്‍മ്മിച്ചു.അങ്ങാടികളിലും നഗരങ്ങളിലും താമസ്സിക്കുന്ന മാപ്പിളമാരെപ്പോല സംസ്കാര സമ്പന്നരായിരുന്നില്ല ഇവര്‍.കൃഷിയും കന്നുകാലികളുമായിരുന്നു അവരുടെ പ്രധാന ചിന്താവിഷയം.ഇവരെ മറ്റുള്ളവര്‍ പരിഹാസത്തോടെ മാപ്പിളക്കാടന്‍, കാടന്‍മാപ്പിള,ജംങ്ക്ലിമാപ്പിള (ലോഗന്‍സ് മാന്വല്‍)എന്നു വിളിച്ചു.തിരൂരങ്ങാടിപ്പോലുള്ള പഴയ മുസ്ലീംനഗരവാസികള്‍ കിഴക്കരെന്നാണ് ഇവരെ വിശേഷിപ്പിച്ചത്.പരിഷ്കാരം കുറവായിരുന്നുവെങ്കിലും വിളഞ്ഞു നില്‍ക്കുന്ന അവരുടെ നെല്ലുംകുലച്ചു നില്‍ക്കുന്ന വാഴകളും തെങ്ങിന്‍ കമുങ്ങിന്‍ തോട്ടങ്ങളും ജന്മിമാരെയും അവരുടെ കാര്യസ്ഥന്‍മാരെയും അസൂയാലുക്കളാക്കാന്‍ പോന്നതായിരുന്നു.അവര്‍ പലദ്രോഹനടപടികളും കൈകൊണ്ടു.അമിത നികുതി,പാട്ടവും മിച്ചവാരവും ഇവരുടെ മേല്‍ ചുമത്തി.വിസമ്മതിച്ചവരെ ഉഭയത്തില്‍ നിന്നും ഒഴിപ്പിക്കല്‍ സാധാരണയായിരുന്നു.ഈ അനീതികരിക്കെതിരെ മാപ്പിളമാര്‍ പ്രതിഷേധിച്ചു.കായികമായി ചെറുത്ത അവസരങ്ങളുമുണ്ടായി.അത്തന്‍കുരിക്കള്‍,ഉണ്ണിമുസ,
ചെമ്പന്‍പോക്കര്‍ എന്നിവരുടെ വിപ്ലവാശയങ്ങള്‍ ഇവരെ സ്വാധീനിക്കുകയും ചെയ്തിരുന്നു.ഇങ്ങനെ നായന്‍മാരും മാപ്പിളമാരും നികുതി നല്കാന്‍ വിസമ്മതിച്ചപ്പോള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പമായി നിശ്ചയിച്ച തുക അടക്കുവാന്‍ വള്ളുവകോനാതിരിക്ക് കഴിഞ്ഞില്ല.അതിനാല്‍ ഭരണം ഏറ്റെടുക്കുകയും നികുതി നേരിട്ട് പിരിക്കാന്‍ ഉദ്ദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.എത്ര സംഖ്യയാണോ നാടുവാഴി കപ്പം കൊടുക്കേണ്ടിയിരുന്നത് അതിന്റെ20% ശതമാനമാണ് മാലിഖാനായി കമ്പനി അവര്‍ക്ക് കൊടുത്തു.ഈ മാലിഖാന്‍ ഇപ്പോഴും അവര്‍ക്ക് ലഭിക്കുന്നുണ്ട്.

മങ്കട കോവിലകം

1792ലാണല്ലോ ബ്രിട്ടീഷുക്കാര്‍ ടിപ്പുവില്‍നിന്നും മലബാര്‍ പിടിച്ചടക്കിയത്.അന്ന് കടന്നമണ്ണ കോവിലകം മാത്രമാണ് നിലനിന്നിരുന്നത്.മങ്കട കോവിലകവും ആയിരനാഴികോവിലകവും അരിപ്ര കോവിലകവും എപ്പോഴാണ് സ്വതന്ത്രങ്ങളായാത് എന്ന് അന്വേഷണങ്ങളില്‍ മനസ്സിലാവുന്നില്ല.മങ്കട കോവിലകത്തെ അംഗമായ എം.സി നന്ദകുമാരരാജ പറയുന്നത് കടന്നമണ്ണയില്‍ നിന്ന് ഭാഗം പിരിഞ്ഞ താവഴി ആദ്യം താമസിച്ചത് കടമ്പോട്ട് കോവിലകത്താണ്. പിന്നീടാണ് ഇപ്പോഴുള്ള സ്ഥലത്ത് കോവിലകം നിര്‍മ്മിച്ചത്.ഇതിന്റെ കാലയളവ് തിട്ടപ്പെടുത്താന്‍ രേഖകളൊന്നും ലഭ്യമല്ല.ഇപ്പോള്‍ കോവിലകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു നമ്പൂതിരി ഇല്ലവും അയ്യപ്പക്ഷേത്രവുമാണ് ഉണ്ടായിരുന്നത്.ഇല്ലത്തിന് അന്യംവന്നു. അയ്യപ്പക്ഷേത്രം കോവിലകം കോമ്പൗണ്ടില്‍ ഇപ്പോഴും നിലനില്കുന്നു.

മങ്കട സബ്ഡിവിഷന്‍

രാജ്യത്തെ ജില്ലകളും താലൂക്കുകളും ഫര്‍ക്കകളും അംശങ്ങളും ദേശങ്ങളും ആയി ബ്രിട്ടീഷുകാര്‍ വിഭജിച്ചു.1924 മുതല്‍ 26വരെ മലബാറിന്റെ സര്‍വെ നടത്തിയ ലെഫ്.വാര്‍ഡ്,ലെഫ.കേണല്‍ എന്നീ രണ്ടു ഇംഗ്ലീഷുക്കാര്‍ തയ്യാറാക്കിയ A Discriptive Memoir of Malabar എന്ന കൃതിയില്‍ മങ്കട സബ്ഡിവിഷനെപ്പറ്റി പ്രസ്ഥാവിച്ചിട്ടുണ്ട്.അതിലെ രണ്ട് അംശങ്ങള്‍ മങ്കട അംശവും പള്ളിപ്പുറം അംശവുമാണ്.അവയുടെ ക്രമ നമ്പര്‍ 14,15 ആണ്.

ആറുദേശങ്ങള്‍

മങ്കട അംശത്തിന് അതനുസരിച്ച് ആറുദേശങ്ങളുണ്ട്.അവ ക്രമനമ്പറുകളോടൊപ്പം 68മങ്കട,69വെള്ളില്ല,70കടന്നമണ്ണ,
71കര്‍ക്കിടകം,72ഞാറക്കാട്,73കൂട്ടിലായ്(പേജ് 171).ഈ പുസ്തകത്തില്‍ മങ്കടmanagaddaയാണ്.ഈഫര്‍ക്കക്ക് മങ്കട എന്ന പേര് ലഭിച്ചത് മറ്റ് മൂന്ന് കോവിലകങ്ങളെക്കാള്‍ മങ്കട കോവിലകത്തിന് ഉണ്ടായിരുന്ന പ്രാധാന്യം കൊണ്ടായിരിക്കണം.ദേശങ്ങള്‍ക്ക് നമ്പര്‍ കൊടുത്തിരിക്കുന്നത് ഭൂമിശാസ്ത്രപരമായ കിടപ്പ് അനുസരിച്ചല്ല എന്ന് വ്യക്തമാണ്.മങ്കടക്ക് ശേഷം ക്രമനമ്പറില്‍ കടന്നമണ്ണയും വെള്ളിലയും മുമ്പിലായത് ഇവിടെ സ്ഥിതിചെയ്യുന്ന കോവിലകങ്ങളുടെ പ്രാധാന്യം കൊണ്ടായിരിക്കണം.കൂട്ടിലായ ഇപ്പോഴത്തെ കൂട്ടിലാണ്.ആയിരനാഴി കോവിലകത്തിന്റെ സാനിദ്ധ്യമാണ് വെള്ളിലക്ക് പ്രാധാന്യം നല്കിയത്.ഇപ്പോള്‍ ഞാര്‍ക്കാട് ദേശമില്ലെന്നും ചേരിയം ദേശമാണ് ഉള്ളതെന്നും ശ്രദ്ധേയമാണ്.ഓരോ പ്രദേശത്തെയും പ്രധാനപ്പെട്ട കെട്ടിടങ്ങളും ക്ഷേത്രങ്ങളും പള്ളികളും കാവുകളും ഈ സര്‍വ്വെ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു.മങ്കട ദേശത്തെ മുഖ്യസ്ഥന്റെ വീട് പന്തലൂര്‍ മലയില്‍നിന്ന്2മൈല്‍ 31/4ഫര്‍ലോങ്ങ് അകലെയാണെന്നാണ് ആ രേഖ പറയുന്നത്.ആ മുഖ്യസ്ഥന്‍ മങ്കട കോവിലകത്തെ തമ്പുരാനായിരിക്കാനാണ് സാധ്യത.വെള്ളിലയിലെ ഒരു കാവിനെ പറ്റി(കോവ്)പ്രസ്ഥാവിക്കുന്നുണ്ട്.മൂന്ന് കോവിലകങ്ങളെ പറ്റിയും പരാമര്‍ശമില്ലെന്നത് അത്ഭുതകരമായിരിക്കുന്നു.

വള്ളാട്ടിരിയുടെ ആസ്ഥാനം അങ്ങാടിപ്പുറമാമെന്നാണ് പുസ്തകത്തില്‍ കാണുന്നത്.അവിടുത്തെ ക്ഷേത്രത്തെപറ്റിയും രേഖപ്പെടുത്തിടുണ്ട്. കോഴിക്കോട്-പാലക്കാട് റോഡും,മഞ്ചേരി-ആനകയം കര്‍ക്കിടകം വഴി പോകുന്നതായി പറയുന്നുണ്ടെങ്കിലും മങ്കടയെ ഈ വഴിയില്‍ കാണുന്നില്ല.മലപ്പുറത്ത് കൂടിയുള്ള കോഴിക്കോട്-പാലക്കാട് റോഡിനെ പറ്റി പരാമര്‍ശമില്ലെന്ന് മനസ്സിലാവുന്നത് ആ റോഡ് അന്ന് ഇല്ലായിരുന്നുവെന്നാണ്. 1800കാലത്ത് മലബാര്‍ സന്ദര്‍ശിച്ച ബുക്കാനന്റെ A journey from Madras എന്ന കൃതിയില്‍ മങ്കടയെ സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല.മങ്കടയിലെ നെല്‍വയലുകളെപറ്റി ബുക്കാനന്‍ രേഖപ്പെടുത്തീട്ടുണ്ടെന്ന് സര്‍ദാര്‍ കെ.എം പണിക്കരും ,ഡോ.സി.കെ കരീമും എഴുതിയത് മങ്കടയും മങ്കരയും തിരിച്ചറിയാത്തതിനാലാണ്.മങ്കര പാലക്കാടിനടുത്താണ്. പാലക്കാട്ടു നിന്നുള്ള അദ്ദേഹത്തിന്റെ സഞ്ചാരപഥത്തില്‍ മങ്കരയുണ്ടായിരുന്നു.മങ്കടയില്ലായിരുന്നു.പത്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തില്‍ കടന്നമണ്ണ കോവിലകം പരാമര്‍ശ വിധേയമായിട്ടുണ്ട്.AD1800നു മുമ്പുള്ള സംഭവങ്ങള്‍ പ്രതിപാദിച്ച ഒരു കൃതിയിലും മങ്കടയെകാണുന്നില്ല.എന്നാല്‍ കേരള ആര്‍ക്കൈവ്സ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പേജ് 26ല്‍ മങ്കടയെ സംബന്ധിച്ച് താഴെപറയുന്ന ഒരു പരാമര്‍ശമുണ്ട്.1792 ജൂലായ് 30ന് വെള്ളാട്ടുക്കര രാജാവ് ഇറ്റലിക്കാരായ മാര്‍ഷല്‍ഹീത്ത്,ജോര്‍ജ്ജ്നോര്‍ട്ടന്‍ എന്നിവര്‍ക്ക് മങ്കട ദേശത്തെ ഇരിങ്ങാട്ട് കുന്നിലും ,തച്ചമ്പാറ അംശത്തെ പൊടിവണ്ണിക്കുന്നിലും, അരക്ക്പറമ്പ് അംശത്തിലെ പട്ടുവക്കുന്നിലും പാണ്ടിക്കാട് അംശത്തിലെ തെയ്യംപാടികുന്നിലും വേങ്ങൂര്‍ദേശത്തെ നെല്ലിക്കുന്നിന്‍മേലും പൂന്താനം ദേശത്തെ ചെറിയപറമ്പ് കുന്നിലും തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കി.


മങ്കടചേരിയത്തുള്ള കുടുംബങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ താമസമാക്കിയത് ഇരുമ്പയിര്‍ ഖനനം ചെയ്യല്‍,ഉരുക്കല്‍ തുടങ്ങിയ തൊഴിലുകള്‍ക്ക് വേണ്ടിയായിരുന്നു.കരുവാരുകുണ്ട്,പാണ്ടിക്കാട് ഭാഗത്തുനിന്നാണ് അവര്‍ വന്നത്.

മങ്കട കോവിലകകാരുടെ ആഗമനത്തിനുമുമ്പ് മങ്കട ദേശത്ത് മുസ്ലീം സാനിദ്ധ്യം ഉണ്ടാകാനുള്ള സാധ്യതയില്ല.എന്നാല്‍ മുസ്ലീം കേന്ദ്രങ്ങളായ മുള്ള്യകുര്‍ശി,വലമ്പൂര്‍,കടന്നമണ്ണ എന്നിവയുമായുള്ള സാമീപ്യം കാരണത്താല്‍ കൂട്ടില്‍,ചേരിയം എന്നീ ദേശങ്ങളില്‍ മുസ്ലീം സാനിദ്ധ്യം നേരത്തെയുണ്ട്.
മങ്കടയില്‍ ഹൈന്ദവ സാനിദ്ധ്യം മുമ്പ് തന്നെയുണ്ട്.മാണിയോട്ട് അമ്പലം അഥവാ മാണിക്യേടത്ത് ക്ഷേത്രം നിര്‍മ്മിച്ചത്600വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ക്ഷേത്രത്തിലം ശിലാലിഖിതത്തിലുണ്ട്.വട്ടെഴുത്താണത്.മാമ്പറ്റകുമാരന്‍ നായരാണ് അത് നിര്‍മ്മിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തീട്ടുണ്ട്.ഏഴ് പുരാതന നായര്‍ തറവാടുകള്‍ കോവിലകത്തിനു മുമ്പ് തന്നെ ഇവിടെ സ്ഥിതി ചെയ്തിരുന്നതായി കേള്‍ക്കുന്നുണ്ട്.

മങ്കട എന്ന പേര്.

പടി‌‌ഞ്ഞാറ് പന്തലൂര്‍മലയും,വടക്ക് നെന്‍മിനി മലയുംകിഴക്ക് മുള്ള്യാകുര്‍ശി ചേര്‍ന്ന കേട്ടമല വെള്ളാരം കുന്നും,തെക്ക് പെരുംപറമ്പ്,പടുവില്‍കുന്ന്,മുത്തപ്പന്‍പാറ ഇവയ്കിടയിലാണ് മങ്കട സ്ഥിതി ചെയ്യുന്നത്.മങ്കട അംശത്തില്‍ ആറ് ദേശങ്ങളാണ് ഉണ്ടായിരുന്നത്മങ്കട,വെള്ളില,കര്‍ക്കിടകം,കടന്നമണ്ണ,‌ 
ഞാറക്കാട്ട്(ചേരിയം),കൂട്ടിലായ്(കൂട്ടില്‍)എന്നിവയായിരുന്നു അവ.
കിഴക്ക് ഭാഗത്തുള്ള പന്തലൂര്‍ മലയിലെ മാന്‍പേടകള്‍ കോവിലകത്തിനു കിഴക്കുള്ള തോടുകടന്നുവന്നതിനെ അനുസരിച്ച്"മാന്‍കടവ്"ലോപിച്ച് മങ്കടയായി മാറി എന്നൊരൈതീഹ്യമുണ്ട്.അതല്ല 'മണ്‍കട്ട 'എന്ന പദത്തില്‍ നിന്നും വന്നതാണെന്നും പറയുന്നു.'മന്‍'എന്ന അറബി വാക്കും 'കിട' എന്ന മലയാളംവാക്കും ചേര്‍ന്ന് ഉണ്ടായ 'മന്‍കിട'(ആര്‍കിട)കാലന്തരത്തില്‍ മങ്കടയായി തീര്‍ന്നതാവാം എന്നും കരുതുന്നുണ്ട്.ഈ പ്രദേശത്തെ 'മങ്കമാരെ 'തേടി മുന്‍കാലങ്ങളില്‍ നായന്‍മാര്‍ സംബന്ധത്തിനായി വന്നിരുന്നെന്നും അങ്ങനെ മങ്കമാരുടെ നാട് മങ്കടയായതായും വിശ്വസിക്കുന്നവരുണ്ട്.എന്തായാലും മതസൗഹാര്‍ദ്ധം കൊണ്ടു അനുഗ്രഹീതമാണ് ഈ നാട്.


കടപ്പാട്: മങ്കട ഓര്‍ഫനേജ് സുവനീര്‍.

1 comment:

Anonymous said...

ലേഖനം അപൂർണ്ണവും തെറ്റുകളുള്ളതും ആണ്. വള്ളുവനാടിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ പത്താം നൂറ്റാണ്ടോടെയാണ്, തമിഴരായ വല്ലഭന്മാര് കടന്ന് കയറിയത് മുതലാണ് വള്ളുവനാടിന്റെ ചരിത്രമായി മാറുന്നത്. അതിന് മുമ്പ് ഇവിടങ്ങളിലെല്ലാം ബുദ്ധന്മാരുടെ സ്വാധീനത്തിലായിരുന്നു. മങ്കടയും മക്കരപ്പറമ്പും തിരുമാന്ദാംകുന്നും തിരൂർക്കാടുമെല്ലാം ബുദ്ധന്മാരുടെ പ്രദേശങ്ങളായിരുന്നു, പന്തല്ലൂരിലൂടെ മാമാങ്ക ഉത്സവിത്തിന് വന്നിരുന്ന മാമാങ്ക ഇട വഴിയാണ്ട് മങ്കട ആയി മാറിയത്, പുത്തനങ്ങാടി ബുദ്ധനങ്ങാടി ആയിരുന്നു, ബുദ്ധരെ പുത്തരെന്നാണ് പറഞ്ഞിരുന്നത്, അവരായിയിരുന്നു തിരുമാന്ദാംകുന്നിന്റെ അധിപന്മാര് . അവരെ മൂപ്പന്മാരെന്ന് വിളിച്ചിരുന്നു, തിരുമാമാങ്കം കുന്നാണ് തിരുമാന്ദാം കുന്ന് ആയത്. ആ പ്രദേശത്തെ ആസ്ഥാനമാക്കി കൊണ്ടാണ് പുത്ത മൂപപന്മാര് നാട് വാണിരുന്നത്. ആ പ്രദേശം വല്ലഭന്മാര് കീഴടക്കി , ശേഷം പുത്ത മൂപ്പന്മാര് നാട് വിട്ട് പോവുകയും ഇസ്ലാം സ്വീകരിച്ചു തിരിച്ച് വരികയും ചെയ്തു. അവര് രാജ്യം തിരിച്ച് പിടിക്കുമോയെന്ന ഭയം വല്ലഭന്മാർക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവരെ നിരന്തരം വല്ലഭന്മാർ വേട്ടയാടിയിരുന്നു,