Tuesday, March 25, 2014

ആരാധന: വിശ്വാസ കച്ചവടത്തിലെ തുറുപ്പുചീട്ട്

ചവറു കണക്കിന് സഭകൾ!! കേരള കോണ്ഗ്രസ് പോലെ വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നു!! ആനന്ദ ലബ്ധി ക്കിനിയെന്തു വേണം? എത്ര പിളർന്നാലും ,ഉപദേശ വ്യത്യാസമുണ്ടെങ്കിലും എല്ലാവരും ചേർന്ന് സഹകരിച്ചു തെറ്റിച്ചൊരു പ്രമാണമുണ്ട്:ആരാധനയുടെ.
പശ്ചാത്തലം:
പാപ്പയുടെ ഇടയലേഖനം കഴിഞ്ഞിട്ടേ ദൈവവചനമുള്ളൂ എന്നുറച്ച കത്തോലിക്കനും പെറ്റമ്മയെ മറന്നാലും അന്തോഖ്യയെ മറക്കില്ലെന്ന് മുദ്രാ വാക്യം വിളിക്കുന്ന ചാക്കോയും ദേവലോകത്തോട് കളിച്ചാൽ പരലോകം കാണിക്കുമെന്നു മനോരമ-മുത്തൂറ്റ് ബലത്തിൽ വീമ്പിളക്കുന്ന മെത്രാനും ഉപദേശ ശുദ്ധീകരണം സംബന്ധിച്ച് യാക്കോബായ വിട്ടിട്ട് ഇപ്പോൾ നേതാക്കന്മാർ സഹിതം സൊദൊമിലെക്കു യാത്ര ചെയുന്ന തോമ്മായും സഭ വളക്കൂറുള്ള ബിസിനസ് ആണെന്നു പിൽക്കാലത്ത് മനസ്സിലാക്കിയ സീയെസ്സൈയും നഷ്ടപ്പെട്ട മേൽവിലാസത്തിനായി ഉത്തരത്തിൽ തപ്പുന്ന ഇവാന്ജലിക്കലും കാതിലെയും കഴുത്തിലെയും ഊരി വച്ചാൽ ആകെ മൊത്തം വേർപാട് ആയെന്നും ഇനി കർത്താവു ഇങ്ങു വന്നാൽ മതിയെന്നും ഭൂഗോള നെറ്റ് വർക്കുള്ള ഞങ്ങൾ മുന്തിയ സഭക്കാർക്ക് വേണ്ടിയാണ് കർത്താവ് വരുന്നതെന്നും റാഡോ വാച്ചും ഐഫോണും റേഞ്ച് റോവറും മുപ്പതിനായിരം ചതുരശ്രയടി വീടും വേദ പുസ്തകതിലില്ലെന്നും ആശ്വസിക്കുന്ന പാരമ്പര്യ പെന്തിക്കോസ്തുകാരനും പുതിയ നിയമ പൌരോഹിത്യം ലങ്കക്കാരന്റെ ചേലയിലും ചട്ടയിലും ആണ് വെളിപ്പെടെണ്ടതെന്നു ഉറച്ചിരിക്കുന്ന സിലോണും നമ്മൾ ഒറ്റക്ക് മതിയെന്ന് പരസ്യമായി പറഞ്ഞിട്ട് രഹസ്യത്തിൽ ആത്മീയ റീ ട്ടൈൽ ചെയിൻ സ്വപ്നം കാണുന്നതും വേർപാട് വിശുദ്ധി ഉപദേശം തുടങ്ങിയ മേഖലകളിൽ അട്ടപ്പാടി നിലവാരം മാത്രമുള്ള ആലുക്കാസ് എന്നു ഗൾഫിൽ മറുപേരുള്ള ഇണ്ടിപ്പെണ്ടനും, ആത്മീയ നേതാവിനെ തമിഴൻ എന്ന പോലെ ആരാധിക്കുന്ന, കാശുള്ള സ്പോണ്സർമാരുടെ മാത്രം മികവിൽ മുമ്പോട്ട് പോകുന്ന സകല അസ്കിതകളും അറഞ്ഞു തുള്ളിയാൽ മാറുമെന്നു പഠിപ്പിക്കുന്ന കരിസ്മാറ്റിക്കുകാരനും അവിയൽ ആണ് ഏറ്റവും നല്ല കൂട്ടാൻ എന്ന് രുചിച്ചറിഞ്ഞ എക്കുമെനിക്കലുകാരനും മീറ്റിങ്ങിനിടയിൽ മൊട്ടു സൂചി തറയിൽ വീഴുന്നത് കേൾക്കാൻ കാതോർക്കുന്ന, ബോളിയുണ്ടാക്കുന്ന ചായക്കടക്കാരൻ ഏത്തപ്പഴത്തോട് ചെയ്യുന്ന പോലെ വാക്യങ്ങളെ പരമാവധി കീറുന്ന ബ്രതർകാരനും എല്ലാം കൂടി അങ്ങനെ ദൈവിക ഉദ്ദേശങ്ങളെ തെറ്റിച്ചു കളയുന്നതിൽ അകലം പാലിച്ചുകൊണ്ട് തന്നെ കൈകോർക്കുന്നു!! ആരാധിച്ചു ജയമെടുക്കുന്നു!! ബലം പ്രാപിക്കുന്നു!!

എന്തല്ല ആരാധന?
എല്ലാവരും ഒരുമിച്ചു കൂടി പാട്ടും പ്രാര്ത്ഥനയും മറ്റു കർമങ്ങളും ചെയ്യുന്നതിൻറെ പേര് വേദ പുസ്തകതിലെങ്ങും ആരാധനയെന്നു കൊടുത്തിട്ടില്ല.
അതിൻറെ പേര് സഭാ യോഗമെന്നാണ്, അല്ലെങ്കിൽ കൂട്ടായ്മ എന്നാണ്.
”ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചു കൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു” (എബ്രായർ 10:24).
ഞായറാഴ്ച അഥവാ വെള്ളിയാഴ്ച നടക്കുന്നത് ഇമ്മിണി വലിയ സഭായോഗവും അല്ലാത്തതെല്ലാം ചെറു യോഗങ്ങളും എന്നില്ല (1 കൊരിന്തിയർ 14: 34 വായിക്കുക)
ദൈവമക്കൾ കൂടി വരുന്നതെല്ലാം ഒരേ പോലെ പ്രധാനമാണ്. യേശു വന്നിട്ടുണ്ടോ എന്നതാണ് വിശേഷ കാര്യം.
പക്ഷെ ദൗർഭഗ്യമെന്നു പറയട്ടെ, ദൈവ സഭക്കാർക്കു പോലും ഞായറാഴ്ച സഭായോഗമല്ല, “ആരാധനയാണ്”.
എപ്പോഴാണ് ആരാധനയെന്നു ചോദിച്ചാൽ മറുപടി ഉടൻ വരും: ”ഒമ്പത് തൊട്ടു പന്ത്രണ്ടര വരെ”
സിനിമാ നടനെയും സ്പോർട്സ് താരത്തെയും രാഷ്ട്രീയ നേതാവിനെയും ഒക്കെ ഒരുപാട് ആരാധിക്കുന്ന ആരും പക്ഷെ അവരുടെ മുൻപിൽ പോയി ആഴ്ചയിൽ രണ്ടു മണിക്കൂർ കസർത്ത് കാണിക്കാ ത്തതെന്താണ്? കാരണം അവർ ആരെ ആരാധിക്കുന്നുവോ ആ വ്യക്തിയെ എപ്പോഴും ഹൃദയത്തിൽ പേറുന്നു. എല്ലാറ്റിലും ഉപരി സ്നേഹിക്കുന്നു.ആ വ്യക്തിക്ക് വേണ്ടി വേണമെങ്കിൽ ജീവിതവും ജീവനും വെടിയാൻ തയ്യാറാണ്. അതെ, ഇതാണ് ശരിയായ ആരാധന.
ചുരുക്കിപ്പറഞ്ഞാൽ വെറും മൃഗ തുല്യനായ ജ ഡിക മനുഷ്യനാണ് ആരാധന എന്ന വാക്കിൻറെ അർഥം അറിഞ്ഞു ജീവിക്കുന്നവർ. അവരിൽ നിന്ന് ഇനിയെങ്കിലും സഭക്കാർ പഠിക്കട്ടെ.
ഇതും പോരാഞ്ഞിട്ട് സ്വർഗം കുനിഞ്ഞു നോക്കുന്ന, ആകാശം ചായ്ചിറങ്ങി വരുന്ന, അഗ്നിയഭിഷേകം അയക്കുന്ന വെറൈറ്റികൾ വേറെയും.
ഇന്നത്തെ ദുരവസ്ഥ:
കൂട്ടായ്മയിൽ കൂടുതൽ ചാടി കൂടുതൽ ശബ്ദത്തിൽ കാറിയാൽ കൂടുതൽ അനുഗ്രഹവും രോഗശാന്തിയും കിട്ടുമെന്ന കരിസ്മാറ്റിക്കുകാരൻറെ തന്ത്രത്തിന് അടിമ വേല ചെയ്യുന്ന ദാസന്മാർ അനേകർ ദൈവ സഭകളിലുണ്ട്.
കാരണം ദാവീദു പണ്ട് പെട്ടകത്തിന് മുൻപിൽ തുള്ളിയത്രേ . ജഡത്തിന്റെ പ്രവർത്തി യാലല്ല വിശ്വാസത്താലാണ് നീതികരണമെന്നും ഇനി ദൈവത്തെ പ്രസാദിപ്പിക്കാൻ ജഡത്തിന്റെ ഒരു പ്രവർത്തിയും ശേഷിക്കുന്നില്ലെന്നും ഇനിയും അറിയാത്ത പുതിയ നിയമത്തിന്റെ അടിസ്ഥാനം പോലുമറിയാത്ത മക്കുണന്മാർ ചാടിക്കുമ്പോഴൊക്കെക്കെ കുരങ്ങു കളിക്കുന്ന അയ്യോ പാവങ്ങൾ!!
രോഗ, കടഭാര, വന്ധ്യത വിഷയങ്ങൾ നന്നായി ആരാധിച്ചാൽ മാറുമെന്നു പറഞ്ഞു പറ്റിച്ചു ശാപത്തിന്റെ ശുശ്രൂഷ ചെയ്യുന്നവരെ ദൈവം തന്നെ കൈകാര്യം ചെയ്യട്ടെ. ”കരങ്ങളടിക്കൂ …ഉറക്കെ സ്തുതിക്കൂ”…ഇതെല്ലാം ”ആരാധനയെ” അനുഗ്രഹ മാക്കുമത്രെ. ശമുവേൽ പ്രവാചകൻറെ അമ്മ ഹന്നയെപ്പോലെ ആരെങ്കിലും അനങ്ങാതെ നിന്ന് ദൈവസന്നിധിയിൽ നിന്ന് കൊണ്ട് ഹൃദയം പകരുന്നത് കണ്ടാൽ ഇവർ കൊന്നു നിലവിളിക്കും. ഇവരുടെ തത്വമനുസരിച്ച് നന്നായി ”ആരാധിക്കാത്തത്” കൊണ്ട് ഈ ജന്മത്തിൽ മാത്രമല്ല അടുത്ത ജന്മത്തിലും ഹന്ന പ്രസവിക്കില്ല!!
ചുരുക്കം വാക്കുകൾ പ്രാർഥിച്ചു സ്വർഗത്തിൽ നിന്ന് തീയിറക്കുമാറാക്കിയ എലിയാവിനെക്കാൾ ഇവരുടെ ഇഷ്ട താരം ഉറഞ്ഞു തുള്ളി മിറക്കിൾബോയ് ആയ അവരുടെ ദൈവത്തെ ഇറക്കാൻ ശ്രമിച്ച ബാലിൻറെ പ്രവാചകന്മാരാനണത്രെ.
എല്ലാം അടക്കി ഒറ്റയ്ക്ക് ഭരിക്കുന്ന അൽഫയും ഒമേഗയുമായ ശുശ്രൂഷകന്റെ റോൾ പഴയ നിയമ പുരോഹിതന്റെതിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നെന്നു ചോദിച്ചാൽ വേണമെങ്കിൽ നിന്നാൽ മതി അല്ലാത്തവനൊക്കെ പോകാം എന്ന ഉഗ്രശാസനയാണ് ഫലം.
കർതൃമേശക്കു തൊട്ടു മുൻപ് ഇൻസ്റ്റന്റ് മാനസാന്തരം പഠിപ്പി ക്കുന്ന ഇക്കൂട്ടരിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി .
ആഴ്ചയിൽ ആറെമുക്കാൽ ദിവസവും എന്തു തോന്ന്യാസം കാണിച്ചു ജീവിച്ചാലും ഏഴാമത്തെ ദിവസം ഇവിടെ വന്നു ചവിട്ടിപ്പൊളിച്ചാൽ എല്ലാം ഓക്കെ ആകുമെന്ന് ഉളുപ്പില്ലാതെ കത്തിച്ചു വിടുമ്പോൾ ദൈവത്തിൻറെ ക്ഷമ കെടുന്നു: ”നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല” മലാഖി 1:10
ഇവർ പറയുന്ന വേറൊരു ന്യായം ദൈവം ചെയ്ത ഉപകാരങ്ങൾ ഓർത്തു ദൈവ സന്നിധിയിൽ സന്തോഷിക്കുന്നതാണത്രെ ഈ കാട്ടിക്കൂട്ടുന്നതെല്ലാം. എത്ര പ്രയാസപ്പെട്ടു ഈ സന്തോഷമെല്ലാം മനസ്സിൽ അടക്കിപ്പിടിച്ചു വെച്ചിട്ട് ആഴ്ചയിൽ ഒരു ദിവസം പെട്ടെന്ന് പുറത്തേക്കു വിടാൻ പ്രത്യേക സിദ്ധി തന്നെ വേണം!! ഇനി സന്തോഷം വരാത്തവരെ പിരി കേറ്റിയും സന്തോഷിപ്പിക്കും.
”ഞാനുമെന്റെ കുടുബവുമോ …ഞങ്ങളെ ദൈവം സേവിക്കും” എന്നതാണ് ഇവരുടെ പ്രമാണം.
പുതിയ നിയമ സഭയിൽ സങ്കീർത്തന ധ്യാനം ആകാം പക്ഷെ നിർബന്ധം ആക്കിയത് ആരാണ്, എന്നാണ് എന്നൊക്കെ ചോദിച്ചാൽ ബുദ്ധിയില്ലാത്തവന്റെ ഒരു മാതിരി ‘’ആക്കുന്ന’’ ചോദ്യമായി മാത്രമെയുടുക്കൂ.
ആരാധിച്ചു വിടുതലെടുക്കുന്നവരും ബലപ്പെടുന്നവരും വേറെയൊരു കൂട്ടം!! പൌലോസും ശിലാസും ആരാധിച്ചത് കണ്ടു ഇഷ്ടപ്പെട്ടിട്ടാണ് ദൈവം അവരുടെ കെട്ടു പൊട്ടിച്ചതത്രേ. കൂർക്കം വലിച്ചുറങ്ങിക്കിടന്ന പത്രോസിനെ വിടുവിച്ചു പുറത്തു കൊണ്ട് വന്നത് കൂർക്കം വലി ദൈവത്തിനു വളരെ ഇഷ്ടപ്പെട്ടിട്ടാണെന്ന് പ്രസംഗിച്ചാൽ അതിനും സ്തോത്രം പറയാൻ കീ ബോർഡിന്റെയും തമ്പേ റി ന്റെയും ആത്മാവിനനുസരിച്ചു നടത്ത പ്പെടുന്ന പടു ജന്മങ്ങൾ ഇഷ്ടം പോലെ!!
ഇതിൻറെയൊന്നും പേരല്ല ആരാധനയെങ്കിൽ പിന്നെന്താണ് ആരാധന?
കർത്താവിന്റെ വരവു വൈകിയാൽ അതടുത്ത ആഴ്ച ചർച്ച ചെയ്യാം.
http://www.spiritualauditing.com

No comments: