Wednesday, March 26, 2014

പാഠ്യപദ്ധതികൾ ആർക്കു വേണ്ടിയാണ് ?



  പാഠ്യപദ്ധതി രൂപീകരണത്തിന്റെ ചരിത്ര നാൾ വഴികളിൽ ഏറെ വ്യതിരിക്തമായതും ,വിദ്യാഭ്യാസ രംഗത്തിന്റെ സമൂലമായ പരിവർത്തനങ്ങൾ സാധ്യമായിട്ടുള്ളതുമായ പരിഷ്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് 1997 -98 കാലയളവിലാണ് .വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി 1980 കളിൽ തുടക്കമിട്ട ദേശീയ -അന്തർദേശീയ ചർച്ചകളും ,അതിന്റെ പ്രകാശനമെന്നോണം വിദ്യാഭ്യാസ ദർശനങ്ങളിലും ,സൈദ്ധാന്തിക തലങ്ങളിലും കടന്നു വന്ന മാറ്റങ്ങളും ,അതിനനുസൃതമായി രൂപം കൊടുത്ത നയ രേഖകളും 1997 -ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് സുഭദ്രമായ  അടിത്തറ പാകാൻ സഹായകമായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണങ്ങൾക്ക് ഏകീകൃതമായ ചില അടിസ്ഥാന തത്വങ്ങൾ ശുപാർശ ചെയ്തു കൊണ്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (National Curriculum Framework) 2005 ലും,അതിന്റെ ചുവടു പിടിച്ചു തനതു സാമൂഹ്യ ,സാംസ്ക്കാരിക,പാരിസ്ഥിതി സാഹചര്യങ്ങളോട് അനുയോജ്യമാകും വിധം ഓരോ സംസ്ഥാനവും അവരവരുടേതായ പാഠ്യപദ്ധതികളും രൂപപ്പെടുത്തുകയുണ്ടായി .കേരളത്തിൽ ആ വിധം പരിഷ്കരിക്കപെട്ട പാഠ്യപദ്ധതി രേഖയാണ്  2007 ൽ നിലവിൽ വന്ന കേരളപാഠ്യപദ്ധതി ചട്ടക്കൂട് (Kerala Curriculum Framework 2007 ).

2007 ലെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പഠന പ്രക്രിയകളും ,പാഠപുസ്തകങ്ങളും ആണ് ഇന്ന് വിദ്യാലയങ്ങളിൽ നിലവിലിരിക്കുന്നത് .ഈ വഴിയിൽ ഏറ്റവും ഒടുവിലായി  കേരള സ്കൂൾ പാഠ്യപദ്ധതി -2013 ന്റെ രൂപരേഖ ഓഗസ്റ്റു മാസത്തിൽ സമർപ്പിക്കപെട്ടിരിക്കുന്നു . അടുത്ത അധ്യയന വർഷത്തിലേക്കായി അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് പുതിയ പാഠ്യപദ്ധതി. ഇത്തരം സാഹചര്യത്തിൽ സ്വാഭാവികമായും നടപ്പു വർഷത്തിലെ  പാഠ്യപദ്ധതിയുടെ ജയ പരാജയങ്ങളും ,വരാനിരിക്കുന്ന പാഠ്യപദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകളും ,ആകുലതകളും വിശകലന വിധേയമാക്കേണ്ടതാണ് .


കേരളപാഠ്യപദ്ധതി ചട്ടക്കൂട് (K.C.F 2007 ).


ജ്ഞാന നിർമിതി വാദവും ,വിമർശനാത്മക ബോധനവും(Critical Pedagogy) അടിസ്ഥാന സമീപനങ്ങളായി സ്വീകരിച്ചു 2007 ൽ  നിലവിൽ  വന്ന  പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസത്തിന്റെ നിർവചനങ്ങൾക്കും ,പഠന പ്രക്രിയകൾക്കും ,അദ്ധ്യാപക -വിദ്ധ്യാർഥി ബന്ധങ്ങൾക്കും പുതിയ മാനങ്ങളും ,അർത്ഥ  തലങ്ങളും  നല്കിയിരുന്നു .അറിയാൻ പഠിക്കുക(Learning to Know) ,ചെയ്യാൻ പഠിക്കുക(Learning to Do) ,സഹജീവനത്തിനു പഠിക്കുക(Learning to Live Together) ,ആയിത്തീരാൻ പഠിക്കുക(Learning to Be)  എന്നീ ചതുർ സ്തംഭ വിദ്യാഭ്യാസ സങ്കൽപ്പത്തിൽ അധിഷ്ഠിതമായ പഠന പ്രക്രിയകൾ അത്രയും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു .കൂടാതെ ബഹുത്വ ബൌദ്ധികതയ്ക്കു(Multiple Intelligence) പ്രാധാന്യം നല്കുകയും ചെയ്തു .പിയാഷിയൻ ജ്ഞാതൃ വാദത്തെ സാമൂഹ്യ -ജ്ഞാതൃ വാദമാക്കി(social constructivism) പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായി പിന്നീട് സഹകരണാത്മക -സഹവർത്തിത്വ(Cooperative and Collaborative)  പഠനരീതികൾ പ്രാവർത്തികമാക്കി .ഇതിനായി തനിച്ചുള്ള പ്രവർത്തനത്തിനപ്പുറം ,സംഘ പ്രവർത്തനത്തിന് പ്രാമുഖ്യം നൽകുന്ന അധ്യയന തന്ത്രങ്ങൾ നിർദ്ദേശിക്കപ്പെട്ടു .

വിമർശനാത്മക ബോധനം ,പ്രശ്നാധിഷ്ടിത പഠന രീതിയിലൂടെ(Issue Based Learning) പ്രയോഗ തലത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും നടത്തി.വിദ്യാഭ്യാസത്തെ സമകാലിക സാമൂഹിക യാഥാർത്ഥ്യങ്ങളോട് അടുപ്പിച്ച്  ,സമൂഹത്തിലെ എല്ലാ വിധ അധീശത്വങ്ങളെയും ചോദ്യം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുക എന്ന വിപ്ലവകരമായൊരു ലക്ഷ്യം ഈ ബോധന രീതിയ്ക്കുണ്ടായിരുന്നു .അതിനായി കേരളം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെ കണ്ടെത്തി വിവിധ പ്രശ്ന മേഖലകളാക്കി തിരിച്ചു . ഈ പ്രശ്ന മേഖലകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ ,ഓരോ വിഷയത്തിലും ,ഓരോ പാഠഭാഗത്തിലും എത്തിച്ചേരേണ്ട നിശ്ചിതമായ ധാരണകളും ,മാനോഭാവങ്ങളും പട്ടികപ്പെടുത്തി . ഈ വിധം സമഗ്രമായ സിലബസ്സ് ഗ്രിഡ്കൾക്ക് രൂപം നല്കിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കപ്പെട്ടത് .ഒപ്പം അധ്യാപക സഹായി ,കൈ പുസ്തകങ്ങൾ ,നിരന്തരവും ,സമഗ്രവുമായ മൂല്യ നിർണയ ഉപാധികളും ,മറ്റു പഠന സാമഗ്രികളും ഒരുക്കിയിരുന്നു . ക്ലാസ് മുറികളിലെ എകാധിപതികൾ അഥവാ അറിവ് നിക്ഷേപകൻ എന്ന സ്ഥാനത്തു നിന്ന്  ''പ്രേരകർ'' ,''കൈത്താങ്ങ്‌ നൽകുന്നവർ'' എന്ന നിലയിലേക്ക് അധ്യാപകരുടെ റോൾ തിരുത്തി എഴുതപ്പെട്ടു .അധ്യാപക പരിശീലനത്തിനും ,മോണിറ്ററിംഗ് പ്രവർത്തനങ്ങൾക്കും ബന്ധപെട്ട അധികാര കേന്ദ്രങ്ങളെ നിയോഗിച്ചു .


ഈ വിധം കെട്ടുറപ്പോടെയും ,സൈദ്ധാന്തിക പിൻബലത്തോടെയുമാണ് 2007 ലെ പാഠ്യപദ്ധതി നടപ്പിൽ വന്നത് .വിദ്യാഭ്യാസ പരിവർത്തനങ്ങൾക്ക് വ്യക്തമായ ദിശാ ബോധമുണ്ടെന്ന് തെളിയിച്ച ഈ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് പക്ഷെ ചില പിഴവുകൾ പദ്ധതി നിർവഹണത്തിൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട് .


വിമർശനങ്ങളുടെ തുടക്കവും ,തുടർച്ചകളും :


1997 ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്ക്കരണം പ്രധാനമായും ലക്ഷ്യമിട്ടത് വലിയൊരു കാലഘട്ടം വിദ്യാഭ്യാസ രംഗത്ത് നില നിന്ന് പോന്ന വ്യവഹാര വാദത്തിൽ നിന്ന് പ്രക്രിയാധിഷ്ടിതവും ,ശിശു കേന്ദ്രീകൃതവുമായ ജ്ഞാന നിർമ്മിതി വാദത്തിലേക്കുള്ള സമൂലമായ മാറ്റമായിരുന്നു .ഈ മാറ്റം ദാർശനികവും ,മനശാസ്ത്രപരവുമായ 
അടിത്തറയോട് കൂടിയത് ആയിരുന്നെങ്കിലും അധ്യാപകരിലും ,രക്ഷിതാക്കളിലും തുടക്കത്തിൽ വലിയ ആശയകുഴപ്പങ്ങളും ,അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരുന്നു . ഡി .പി .ഇ പി  പാഠ്യപദ്ധതി ലോക ബാങ്ക് അജണ്ടയാണെന്നും ,കുട്ടികൾ അക്ഷരം പഠിക്കുന്നില്ല ,പരീക്ഷ ഇല്ല ,പഠനമില്ല ,കളികൾ മാത്രമേ ഉള്ളൂ എന്നു തുടങ്ങിയ ആരോപണങ്ങൾ അക്കാലത്തു ശക്തമായിരുന്നു .എങ്കിൽ കൂടിയും പരീക്ഷണങ്ങൾ ഏറ്റെടുക്കാൻ തയ്യാറായ അധ്യാപകരിലൂടെ വിമർശനങ്ങളുടെ തീവ്രത ക്രമേണ കുറഞ്ഞു വന്നു .ഹൈസ്കൂൾ തലത്തിലേക്ക് പുതിയ പാഠ്യപദ്ധതി രംഗ പ്രവേശം ചെയ്ത ഘട്ടത്തിലാണ് 2001 ൽ യു.ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത് .എട്ടാം തരത്തിലേക്ക് തയ്യാറാക്കിയ പാഠപുസ്തകങ്ങൾ പിൻവലിച്ചെങ്കിലും ,പിന്നീടു വീണ്ടും ചെറിയ മാറ്റങ്ങളോടെ അതെ പുസ്തകം പുറത്തിറക്കി .അതിനു ശേഷം അധികാരത്തിൽ വന്ന എൽ .ഡി .എഫ്‌ സർക്കാറിന്റെ കാലത്താണ് വിമർശനാത്മക ബോധനം അടിസ്ഥാന സമീപനമാക്കിയ പാഠപുസ്തകങ്ങൾ തയ്യാറാക്കപെട്ടത്‌.അങ്ങിനെ രൂപപ്പെടുത്തിയ 2008 ലെ ഏഴാം തരത്തിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ ''മതമില്ലാത്ത ജീവൻ '' എന്ന പാഠഭാഗത്തെ ചൊല്ലിയുണ്ടായ സമരങ്ങൾ കേരള ജനതയെ ഞെട്ടിക്കും വിധം അക്രമാസക്തമായി . ഈ സംഭവമാണ് പാഠപുസ്തക വിശകലനത്തിനായി കെ.എൻ .പണിക്കർ അദ്ധ്യക്ഷനായ വിദ്ധഗ്ത  സമിതി രൂപീകരണത്തിനുള്ള സാഹചര്യം സൃഷ്ട്ടിച്ചത് .പണിക്കർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും കേരള സ്കൂൾ പാഠ്യപദ്ധതി 2013 രൂപരേഖ ഉടലെടുത്തതെന്നാണ് പുതിയ കരിക്കുലം കമ്മിറ്റി അവകാശപ്പെടുന്നത് .ഈ പാഠ്യപദ്ധതിയും ഇതിനകം ആരോപണ വിധേയമായി കഴിഞ്ഞിരിക്കുന്നു .

പിഴവുകളും ,പാളിച്ചകളും ? 

മുൻകാല പരിഷ്കരണങ്ങളെ വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ 2007 ലെ പാഠ്യപദ്ധതി കൂടുതൽ മികച്ച തലങ്ങളിലേക്ക് പൊതു വിദ്യഭ്യാസ രംഗത്തിന്റെ നിലവാരം ഉയർത്തുന്നതിനു ഇടയാക്കിയിട്ടുണ്ട് എന്ന് തന്നെ പറയാവുന്നതാണ് .സ്വകാര്യ വിദ്യാലയങ്ങളോട് കിട പിടിക്കാൻ കഴിയും വിധം പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ മികവു തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട് .എന്നാൽ പദ്ധതി നിർവ്വഹണത്തിലെ പാളിച്ചകൾ ഈ പുരോഗതിയെ പലപ്പോഴും പുറകോട്ടടിച്ചു .

പുതിയ വിദ്യഭ്യാസ ദർശനങ്ങളെ കുറിച്ച് അധ്യാപകർ രൂപപ്പെടുത്തിയെടുത്ത അടിസ്ഥാന ധാരണകളിലും ,വീക്ഷണങ്ങളിലും സംഭവിച്ചുപ്പോയ പിഴവുകൾ ,പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തി അധ്യാപകരെ ആശയപരമായും ,പ്രായോഗിക പരമായും ശാക്തീകരിക്കുന്നതിൽ നേരിട്ട പരാജയവും ആയിരുന്നു പ്രധാന പ്രശ്നങ്ങൾ.ഇരുപതു ശതമാനം അധ്യാപകർ മാത്രമാണ് പുതിയ ദർശനങ്ങൾ  ശരിയായി സ്വാംശീകരിച്ചതെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പഠനം വെളിപ്പെടുത്തുന്നുണ്ട് .കാലങ്ങളായി ചേഷ്ട്ടാ വാദത്തോട് പഴകി വന്ന ഒരു വലിയ വിഭാഗം അധ്യാപകർ അതേ ''അസംബ്ലിംഗ് മോഡലിനോട് '' തന്നെ വിധേയത്വം തുടർന്ന് പോന്നു .പ്രശ്നാതിഷ്ടിത ബോധന മാതൃകയിൽ പാഠപുസ്തകങ്ങൾ തയ്യറാക്കിയപ്പോൾ ഉള്ളടക്കത്തിൽ അതിനു അനുയോജ്യമായ ചേരുവകൾ മാത്രമാണ് ഉൾപ്പെടുത്തിയത് എന്ന വിമർശനവും ഈ പാഠ്യപദ്ധതിക്കുണ്ടായി . സിലബസ്സ് നിർദ്ദേശിച്ച പ്രശ്ന മേഖലകളിലേക്ക് പാഠഭാഗങ്ങളെ സ്വാഭാവികതയോട് കൂടി സംക്രമിപ്പിക്കുന്നതിനു പല വിഷയങ്ങളിലും പ്രയാസം നേരിട്ടു .ഇതു പഠനത്തെ യാന്ത്രികമാക്കി .

സഹകരണാത്മക-സഹവർത്തിത്വ ബോധന തന്ത്രങ്ങൾ പലതും ഫലപ്രദമായി വിനിയോഗിക്കപെടാതെ പോയതും പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയ പഠനോദേശ്യങ്ങൾ നേടിയെടുക്കുന്നതിന് വിഘാതമായി .ക്ലാസ്സ്‌ മുറികളിൽ അരങ്ങേറിയ സംഘ പഠന പ്രവർത്തനങ്ങൾ പലപ്പോഴും ക്ലാസ്സിന്റെ ഘടന കൊണ്ടും ,നടത്തിപ്പിലെ അപാകതകൾ കൊണ്ടും ദയനീയമായി പരാജയപ്പെട്ടു .പഠനത്തിൽ ശരാശരി നിലവാരത്തിനേക്കാൾ താഴെ നിൽക്കുന്ന പഠിതാക്കൾ ജ്ഞാന നിർമ്മിതിയുടെ പരിധിക്കുള്ളിൽ ഇടപെടാനുള്ള ആർജ്ജവവും ,ആത്മവിശ്വാസവും കാണിക്കാതെ ,ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ പകർത്തിയെഴുത്തുകാർ മാത്രമായി മാറി സ്വയം ഉൾവലിയുകയോ , പഠന നിലവാരത്തിൽ കൂടുതൽ പുറകിലേക്ക് തഴയപ്പെടുകയോ ചെയ്തു .പാഠഭാഗങ്ങൾ എങ്ങിനെയെങ്കിലും എടുത്തു തീർക്കുകയാണ് പരമ പ്രധാനമായ ധർമ്മം എന്ന് കരുതുന്ന അധ്യാപകർ ഈ വിഭാഗത്തിന് നേരെ സൗകര്യ പൂർവ്വം കണ്ണടക്കുകയും ചെയ്തു .ഭാഷാ പഠനത്തിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു അവകാശപ്പെടുമ്പോഴും ,നല്ലൊരു ശതമാനം കുട്ടികൾക്കും വേണ്ടത്ര അക്ഷര ജ്ഞാനം ഇല്ലെന്നു അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നുണ്ട് .പരമ്പരാഗത ക്ലാസ്സ്‌ മുറികൾ ,പഠന സാമഗ്രികൾ ,പഠിതാക്കളുടെ എണ്ണം ഇവയെല്ലാം പലയിടത്തും പ്രതികൂല ഘടകങ്ങൾ ആയി എന്ന് പറയപ്പെടുന്നു .ഇത്തരത്തിൽ പാഠ്യപദ്ധതി നിർവ്വഹണത്തിൽ ഉയർന്നു വന്ന നിരവധി വിമർശനങ്ങളെയും ,കുറവുകളെയും വേണ്ട വിധം നേരിടുന്നതിനോ ,പരിഹരിക്കുന്നതിനോ സാധിക്കാതെ വന്നത് പരാജയത്തിന്റെ ആക്കം കൂട്ടി .



മേൽപറഞ്ഞ പല പിഴവുകളും പണിക്കർ കമ്മിറ്റി റിപ്പോട്ടും ചൂണ്ടി കാണിച്ചിട്ടുണ്ട് .പക്ഷെ ഈ റിപ്പോട്ടിൽ ഒരിടത്തും പാഠ്യപദ്ധതി മാറ്റണമെന്നോ,ബോധന രീതി തള്ളികളയണം എന്നോ നിർദേശിച്ചിട്ടില്ല .പാഠപുസ്തക നിർമാണത്തിലും ,പുനർ നവീകരണത്തിലും സ്വീകരിക്കേണ്ട ചില രീതികൾ ,കാലോചിതമായി പാഠപുസ്തകങ്ങൾ പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത .വിദ്യാഭ്യാസ ദർശനങ്ങളുടെ വിജയത്തിന് അധ്യാപകരും ,പാഠപുസ്തക ഉള്ളടക്കവും വഹിക്കുന്ന പങ്ക് ,പാഠപുസ്തകങ്ങൾ മോണിറ്റർ ചെയ്യുന്നതിന് പാഠപുസ്തക കമ്മീഷൻ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ പതിനേഴോളം നിർദേശങ്ങളാണ് പണിക്കർ കമ്മിറ്റി റിപ്പോട്ടിൽ ഉള്ളതെന്ന് പറയപ്പെടുന്നു .നിലവിലുള്ള പാഠ്യപദ്ധതിയുടെ പരാജയം പരിഹരിക്കാൻ മുതിരാതെ പണിക്കർ കമ്മിറ്റി റിപ്പോട്ടിലെ  ചുരുക്കം ചില നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയും ,ഒരു സർവ്വേ നടത്തി കിട്ടിയ നിഗമനങ്ങളെ മുൻ നിർത്തിയും ആണ് ഇപ്പോഴത്തെ  യു.ഡി.എഫ് സർക്കാർ  കേരള സ്‌കൂൾപാഠ്യപദ്ധതി 2013 രൂപരേഖ പുറത്തിറക്കിയത് എന്നതാണ് പുതിയ ചർച്ചാ വിഷയം .


കേരള സ്‌കൂൾ പാഠ്യപദ്ധതി 2013 



അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ആയ ഡോ .പി.കെ .അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കി സമർപ്പിക്കപെട്ട കേരള സ്‌കൂൾ പാഠ്യപദ്ധതി 2013 രൂപരേഖ ഇതിനകം തന്നെ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് .ഒരു പാഠ്യപദ്ധതി നിർമ്മിക്കപെടുമ്പോൾ സ്വീകരിക്കേണ്ട ശാസ്ത്രീയതയും ,അക്കാദമിക മാനദണ്‍ണ്ടങ്ങളും ആണ് ചർച്ചാ തന്തു .


2007 ലെ  പാഠ്യപദ്ധതി ചട്ടക്കൂട്  ലക്ഷ്യം നേടുന്നതിനു അനുയോജ്യമായ പഠന രീതികളല്ല സ്വീകരിച്ചിരിക്കുന്നത് ,പ്രശ്ന ബന്ധിതമായതിനാൽ പാഠപുസ്തക ഉള്ളടക്കത്തിന് നൈരന്തര്യമോ ,തുടര്ച്ചയോ ഇല്ല ,ദൈർഘ്യമേറിയ പഠന പ്രവർത്തനങ്ങൾ ,സ്വയം സമ്പൂർണ്ണമല്ലാത്ത പാഠപുസ്തകങ്ങൾ ,കലാപഠനം  ,കായിക വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പ്രാധാന്യ കുറവ് , ഭാഷാ പഠനത്തിനു ആവശ്യമായ 

വ്യാകാരണാടിത്തറ കുറവ് ,അധ്യാപകരുടെ സ്വത്വപരമായ പ്രതിസന്ധി തുടങ്ങിയ ദോഷങ്ങളാണ് നിലവിലുള്ള  പാഠ്യപദ്ധതിയ്ക്ക് ഉള്ളതെന്നാണ് അസീസ്‌ കമ്മിറ്റി പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത് .

Out come Based Learning എന്ന സമീപനമാണ് കേരള സ്‌കൂൾ പാഠ്യപദ്ധതി 2013 രൂപരേഖ വിഭാവനം ചെയ്യുന്നത് .പ്രമേയാധിഷ്ടിതമായ ഉദ്ഗ്രഥനമാണ് വേണ്ടതെന്നു രേഖ പറയുന്നു .അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ദർശനത്തിന് ഊന്നൽ നല്കാതെ ചേഷ്ട്ടാ വാദം ,ജ്ഞാന നിര്മ്മിതി വാദം എന്നിവ രണ്ടിനും പ്രത്യേകിച്ച് ഇടമുണ്ട് എന്ന് എടുത്തു പറയാതെ തന്നെ അവയ്ക്ക് കടന്നു വരാനുള്ള വിടവുകൾ ഒരുക്കിയിട്ടുണ്ട് പുതിയ രൂപരേഖയിൽ.ആദ്യ ഘട്ടമായി  ഈ രൂപരേഖ അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ 1 ,3 ,5,7 ,11 ക്ലാസ്സുകളിലേക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു .


മാതൃഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം എന്ന് പറയുന്നതോടൊപ്പം തന്നെ ,രക്ഷിതാക്കളുടെ നിരന്തരമായ അപേക്ഷ പ്രകാരം പ്രീ പ്രൈമറി  തലം തൊട്ടു തന്നെ സമാന്തരമായി ഇംഗ്ലീഷ് മീഡിയം ബാച്ചുകളും ,പാഠപുസ്തകങ്ങളും ശുപാർശ ചെയ്തിട്ടുണ്ട് .വിവര സാങ്കേതിക വിദ്യ ,വേറിട്ടല്ലാതെ എല്ലാ വിഷയങ്ങളിലൂടെയും പ്രാവർത്തികമാകും  വിധം ഉൾപ്പെടുത്താൻ ആണ് നിർദേശം .


കായിക -കലാ വിദ്യഭ്യാസം,ലൈംഗിക വിദ്യാഭ്യാസം,ദുരന്ത നിവാരണം,റോഡ്‌ സുരക്ഷ ,പ്രകൃതി സംരക്ഷണം ,ഭക്ഷ്യ സുരക്ഷാ നിയമ അവബോധം ..അങ്ങിനെ തുടങ്ങി പല മേഖലകളും പാഠ പുസ്തകങ്ങളിലേക്ക് നേരിട്ട് പഠനത്തിന്റെ ഭാഗമായി കടന്നു വരും എന്ന പ്രത്യേകതയും പുതിയ പാഠ്യപദ്ധതിയ്ക്കുണ്ട്.ഭാഷാ പഠനത്തിൽ ആശയ ഗ്രഹണം ,ആശയ പ്രകടനം എന്നിവയ്ക്ക് ഒപ്പം തന്നെ എഴുത്ത് ,വായന തുടങ്ങിയ ശേഷികൾക്കും കൂടുതൽ പരിഗണന നല്കണമെന്ന് രേഖയിൽ ശുപാർശയുണ്ട് .


അധ്യാപകൻ ഒരു മാതൃകയും ,വിദ്യാർത്ഥികളെ വാർത്തെടുക്കുന്നവനും,വിവിധ ബോധന രൂപങ്ങളെ ഉപയോഗിക്കുന്നവനും ,സ്വപ്നങ്ങൾ സൃഷ്ട്ടിക്കുന്നവനും ,നേതാവും ,സാഹസിക കൃത്യങ്ങൾ ഏറ്റെടുക്കുന്നവും ,സഹകരിക്കുന്നവനും ,പഠിതാവുമാകണമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു .അദ്ധ്യാപകൻ വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്ന ചേഷ്ടകൾ രൂപപ്പെടുത്തണം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു .   

അധ്യാപക ഗുണമേന്മ ഉറപ്പാക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് ബി.ആർ .സി യെയും ,ഡയറ്റിനെയും ഒഴിവാക്കിയിട്ടുണ്ട് .അധ്യാപക പരിശീലനം ഇനി മുതൽ വിദ്യാലയാടിസ്ഥാനത്തിൽ ആയിരിക്കും എന്ന നിർദേശവും റിപ്പോർട്ടിൽ ഉണ്ട് .

പുതിയ പാഠ്യപദ്ധതി രൂപരേഖയിലെ പല നിർദേശങ്ങളും ,ശുപാർശകളും പ്രതീക്ഷയോടെ നോക്കി കാണേണ്ടത് തന്നെയാണ് .വിഭാവനം ചെയ്യപ്പെടുന്ന വിധം ഓരോ പാഠ്യപദ്ധതിയും കാലത്തോട് സംവദിക്കുന്നത്  ആ കാലത്തിന്റെ ആവശ്യങ്ങളെ മുൻ നിർത്തിയാവും എന്ന പ്രതീക്ഷയാണ് അതിൽ മുന്നിട്ടു നില്ക്കുന്നതും .


മുൻപ് സൂചിപ്പിച്ച പോലെ ഇതിനകം തന്നെ ചില വിമർശനങ്ങളും ഈ പാഠ്യപദ്ധതിയ്ക്കു നേരെയും ഉയർന്നിട്ടുണ്ട് .ചില അവ്യക്തതകൾ പലയിടത്തും നിഴലിക്കുന്നുണ്ട് എന്നതാണ് പ്രധാന ആരോപണം .ഒരു പാഠ്യപദ്ധതിയിൽ  സാധാരണ ഗതിയിൽ വിശദമാക്കാറുള്ള പഠന പ്രക്രിയകളുടെ സ്വഭാവം ,പഠനാന്തരീക്ഷം ,പഠിതാവിന്റെ ആവശ്യങ്ങൾ ,പഠന സാമഗ്രികൾ എന്നിവയുടെ സ്വഭാവം ഒന്നും ഇവിടെ വ്യക്തമാക്കിയിട്ടില്ല .ഏതു വിദ്യാഭ്യാസ ദർശനത്തിനാണ് ഊന്നൽ നല്കേണ്ടത് എന്നും പറഞ്ഞിട്ടില്ല .ആവശ്യമായ നിരീക്ഷണങ്ങളോ,ശാസ്ത്രീയമായ പഠനങ്ങളോ ഇല്ലാതെ ,കൂടുതൽ ചർച്ചകൾക്ക് സമയം നൽകാതെ തിടുക്കപ്പെട്ടു സമർപ്പിക്കപ്പെട്ട  രൂപരേഖ യഥാർത്ഥ പാഠ്യപദ്ധതി നിർമ്മാണത്തിന്റെ അന്തസത്ത ഉൾകൊള്ളുന്നതല്ല എന്ന ആരോപണം ശക്തമാണ് .കരിക്കുലം കമ്മിറ്റി നടത്തി എന്ന് പറയുന്ന സർവ്വേയുടെ ആധികാരികതയെ കുറിച്ചും സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട് .

സ്കൂളുകളും ,ക്ലാസ്സ്‌ മുറികളും പൊതുവായി നേരിട്ട് കൊണ്ടിരിക്കുന്ന അടിസ്ഥാന സൌകര്യങ്ങളുടെ കുറവുകൾ  ,കുട്ടികളുടെ എണ്ണം, പഠന ശേഷിയിൽ പിന്നിൽ നില്ക്കുന്ന കുട്ടികളുടെ ആവശ്യങ്ങൾ എന്നിവ അടക്കമുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പുതിയ ഒരു പാഠ്യപദ്ധതി നടപ്പിലായാലും എത്ര മാത്രം വിദ്യാഭ്യാസ പുരോഗതി നമ്മുക്ക് നേടാൻ കഴിയും എന്നത് ചിന്തനീയമാണ് .

മേൽ പറഞ്ഞ വിമർശനങ്ങൾ വസ്തു നിഷ്ഠമായി വിശകലനം നടത്തി  ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ ശബ്ദങ്ങളുടെ മുൻനിരയിൽ ഉണ്ട് .നടപ്പിൽ വരുമ്പോൾ മാത്രമേ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്ന പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ ലഭ്യമാകുകയുള്ളൂ .



 പാഠ്യപദ്ധതികൾ ആർക്കു വേണ്ടിയാണ് ?


ഓരോ പാഠ്യപദ്ധതിയും അക്കാദമികവും ,ഒപ്പം തന്നെ രാഷ്ട്രീയപരവുമായ ഒരു രേഖയാണ് .ആ വിധം നോക്കുമ്പോൾ ഓരോ പാഠ്യപദ്ധതി പരിഷ്ക്കരണങ്ങൾ വരുമ്പോഴും ,പോകുമ്പോഴും ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട് .പാഠ്യപദ്ധതികൾ ആർക്കു വേണ്ടിയാണ് നിർമ്മിക്കപെടുന്നത് എന്ന ചോദ്യം .കേരളത്തിലെ മാറി മാറി വരുന്ന സർക്കാറുകളുടെ രാഷ്ട്രീയ അജണ്ടകൾക്ക് രംഗ പ്രവേശം ചെയ്യാനുള്ള 
ചട്ടക്കൂടുകളാണ് ഓരോ കരിക്കുലം കമ്മിറ്റിയിലും ഉടലെടുക്കുന്നത് എന്ന സംശയത്തിന്റെ സാധൂകരണത്തിന് നിദാനമായ തെളിവുകൾ അവശേഷിക്കുകയും ചെയ്യുന്നുണ്ട് എല്ലാ പാഠ്യപദ്ധതി പരിഷ്ക്കരണത്തിലും .അതൊട്ടും തന്നെ ആശാവഹമല്ല .കാലോചിതമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് അവശ്യം തന്നെ .ഏതു 
പാഠ്യപദ്ധതിയാണ്‌  ഭാവി വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഏറ്റവും അനുയോജ്യമായിരിക്കുക എന്ന ആശങ്കൾക്കുത്തരം  ,അത് കൊണ്ട് തന്നെ ആപേക്ഷികമായിരിക്കും ,എല്ലാ കാലവും . 
Sunday, December 29, 2013
http://ottachilambu.blogspot.in

No comments: